പഴുതാര സഞ്ചരിക്കുന്നതെങ്ങിനെ ?

ഒരു പട്ടാള ടാങ്ക്
നിറയെ കോപ്പുകളുമായി
നിരങ്ങി നീങ്ങുന്നതുപോലെ ?

പ്ലാറ്റ് ഫോ‍മിലേക്ക്
അടുക്കുന്ന തീവണ്ടിപോലെ
കിതച്ചു കിതച്ച്?

കരിന്തിരി പുക
പടരുന്നത് പോലെ

കവിളുകളിലൂടെ
കണ്ണീര്‍ അരിച്ചിറങ്ങുന്നപോലെ ?
വിതുമ്പുന്ന ചുണ്ടുകള്‍ പോലെ

കൈത്തണ്ട മുറിച്ച ചോര
ആരെയോ തിരയുന്നപോലെ ?

വീണുപോയ ഇലകള്‍ക്കും
തരിശു നിലത്തിനും മീതെ
മഞ്ഞുറഞ്ഞു കൂടുന്നത് പോലെ ?

വിലാപഗാനത്തിനോപ്പം
ചുവടു വയ്ക്കുന്നവരെപോലെ ?

നിരാശാ യാമത്തില്‍ വിരിയുന്ന
നിശാഗന്ധിയുടെ ഇതളിളക്കം പോലെ ?

ആരുടെതെന്നറിയാതെ
ഇഴഞ്ഞു കയറുന്ന വിരലുകള്‍ പോലെ

കാണെകാണെ അടഞ്ഞു പോകുന്ന
കണ്ണിമകള്‍ പോലെ

ഡയറിയില്‍ അറച്ചറച്ചു നീങ്ങുന്ന
കുമ്പസാരം പോലെ ..?
നഗരക്കടത്തിണ്ണയില്‍
പുതപ്പ് പൊക്കി നോക്കുന്ന
തണുപ്പ് പോലെ ?

പറയു ഞാന്‍ ഇനി
എങ്ങിനെ സഞ്ചരിക്കണം ?

Generated from archived content: poem1_jan13_14.html Author: sivaprasad_palod

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English