ചായ വേണോ ചായ

മലയാളിയുടെ പ്രഭാതങ്ങള്‍ പൊട്ടിവിടര്‍ന്നിരുന്നത് പണ്ട് ചായക്കടകളിലായിരുന്നു .ആകാശ വാണി വാര്‍ത്തകളും , പത്രവായനയും ,നാട്ടു ചര്‍ച്ചകളും രാഷ്ട്രീയവും എല്ലാം കാലിച്ചായയുടെ രുചിയോടെയാണ് ആരംഭിച്ചിരുന്നത് .പഴയ കാലിളകുന്ന ബെഞ്ചും ഡസ്കും മുറിബീഡിയും ,ചായക്കോപ്പയും ,ചായസഞ്ചിയും ,സമാവര്‍ എന്ന ചായപ്പാത്രവും ഓര്‍ക്കാത്തവര്‍ ആരുണ്ട്‌ .?സമോവരിനുള്ളില്‍ ഇട്ട നാണയത്തുട്ട് വെള്ളം തിളക്കുന്നതിനോപ്പം തുള്ളിക്കളിച്ചു പാത്രത്തിന്റെ സംഗീതം തീര്ത്തിരുന്നത് ഇന്നലെ കേട്ടപോലെ . സമോവര്‍ ഒരു മാജിക്‌ പാത്രം ആയാണ് ചെറുപ്പത്തില്‍ തോന്നിയിരുന്നത് .കാരണം ഇതിന്റെ മേല്മൂടി തുറന്നു കടക്കാരന്‍ വെള്ളം നിറക്കുന്നു .അതെ ഭാഗത്ത് കൂടി തന്നെ ഇന്ധനം ആയ കരിയും നിക്ഷേപിക്കുന്നു .ഇത് രണ്ടും തമ്മിലുള്ള യുക്തി ബാല്യത്തില്‍ പിടികിട്ടിയിരുന്നില്ല .മുകളില്‍ തന്നെ ചായ പ്പൊടി നിറച്ച സഞ്ചിയും പാല്‍ ചൂടാക്കാനുള്ള പാത്രവും.മുതിര്‍ന്നവര്‍ക്കൊപ്പം കടയില്‍ പോകുമ്പോഴും ,വല്ലപ്പോഴും പൂരത്തിനോ മറ്റോ പോകുമ്പോള്‍ കിട്ടുന്ന ഇത്തിരി അധിക സ്വാതന്ത്ര്യം കടം എടുക്കുംപോളോ ഈ അത്ഭുത പാത്രത്തെ നോക്കി നിന്നിട്ടുണ്ട് . ഓടു കൊണ്ടോ ചെമ്പു കൊണ്ടോ ഉണ്ടാക്കിയ ഈ ലോഹപ്പാത്രത്തിന്റെ ജന്മദേശം റഷ്യ ആണ് .സെല്‍ഫ്‌ ബോയിലര്‍ എന്നാണു സമാവര്‍ എന്ന റഷ്യന്‍ വാക്കിന്റെ അര്‍ഥം .റഷ്യയില്‍ ഇവ വീടുകളില്‍ ധാരാളം ആയി ഉപയോഗിക്കപ്പെട്ടിരുന്നു .ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ മുഴുവന്‍ അംശവും പാഴാകാതെ ഉപയോഗിക്കാം എന്നതും,ചൂട് നഷ്ടപ്പെടുന്നില്ല ,വെള്ളം പാഴാകുന്നില്ല എന്നതൊക്കെ ഇതിന്റെ മേന്മകള്‍ ആണ്.ഒരേ സമയം ഈ പ്രയോജനങ്ങള്‍ ഉള്ളത് കൊണ്ടാകാം ചായക്കടകളില്‍ ഇവ സ്വീകാര്യം ആയത് . രസികന്‍ സമോവര്‍ കഥകള്‍ നാട്ടിന്‍ പുറത്ത് ഉണ്ട് .അതിലൊന്ന് ഒരു കള്ളന്റെ കഥയാണ് .രാത്രി കക്കാന്‍ ഇറങ്ങി മൂപ്പര്‍ക്ക് ഒത്തത് ഒരു സമവര്‍ ആണ് .അത് കൊണ്ട് രാത്രി വച്ച് പിടിച്ചു .കിട്ടിയ വഴിയെ നടന്നു .പുലര്‍ച്ചെ ആയപ്പോള്‍ ഒരിടത്ത് എത്തി .ഒരു മുക്കവല, ധാരാളം പേര്‍ ഒരു കടക്കു ചുറ്റും കൂടി നില്‍ക്കുന്നു .ആള്‍ക്കൂട്ടം കണ്ട കള്ളന്‍ സമോവര്‍ അവിടെ തലയില്‍ നിന്നും ഇറക്കി,അതവിടെ വിറ്റു കാശാക്കാന്‍ വിചാരിച്ചു .പെട്ടെന്നാണ് സംഗതി പാളിയത് .ഇതാ നമ്മുടെ സമവര്‍ എന്ന് പറഞ്ഞു കടക്കാരന്‍ പുറത്തേക്ക് വന്നു. കള്ളന് സംഗതി മനസിലായി. മോഷ്ടിച്ച ശേഷം നടന്നു നടന്നു പിന്നെയും എത്തിയിരിക്കുന്നത് പഴയ സ്ഥലത്ത് തന്നെ ആണ്. ഭൂമി ഉരുണ്ടാതാണല്ലോ .കളവു നടന്നതറിഞ്ഞു രാവിലെ കൂടിയവര്‍ക്കിടയിലേക്ക് കള്ളന്‍ തൊണ്ടി മുതലുമായി എത്തിയാല്‍ പിന്നെ എന്തുണ്ടാകുമെന്ന് പറയേണ്ടതില്ലല്ലോ .

മറ്റോരു കഥ പൂരത്തിന് പോയ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒരു കടയില്‍ കയറിയതാണ് .ഒരാള്‍ക്ക്‌ വേണ്ടത് പൊടിച്ചായ ,വേറെ ഒരാള്‍ക്ക്‌ വെള്ളം കമ്മി, മറൊരാള്‍ക്ക് പൊടിക്കട്ടന്‍, വേറെ ഒരാള്‍ക്ക്‌ പാല്ചായ ,ഒരാള്‍ക്ക്‌ പഞ്ചാര വേണ്ട, ഒരാള്‍ക്ക്‌ കാപ്പി ,ഒരാള്‍ക്ക്‌ കടുപ്പം ,ഒരാള്‍ക്ക്‌ കടുപ്പം വേണ്ട. ആകെ കടയില്‍ ഉള്ളതോ ഒരാളും . മൂപ്പര്‍ സംഘത്തെ നോക്കി ഇങ്ങിനെ പറഞ്ഞെത്രേ ..

ദാ .. ഈ പാത്രത്തില്‍ നിന്നും സഞ്ചിയില്‍ നിന്നും ഒരു ചായ വരും അത് എല്ലാര്‍ക്കും തരും .അല്ലാതെ തരാ തരാം വേണം എന്ന് പറഞ്ഞാല്‍ ഇവിടെ നടക്കില്ല ..

ഇവിടെ ചായയേ ഇല്ല എന്ന് പറഞ്ഞു കയര്‍ത്തു സമോവരിലെ കരി ഇട്ടു കത്തിക്കുന്ന ഭാഗത്ത് വെള്ളം ഒഴിച്ച് തീ കെടുത്തിയതായും കഥക്ക് മറു ചൊല്ല് ഉണ്ട് . വേറൊരു കഥ നാടന്‍ ചായക്കടയില്‍ കയറിയ സായ്പിനെ പറ്റിയാണ് . ചായക്കോപ്പ ഉയര്‍ത്തി താഴെ ഉള്ള ഗ്ലാസിലേക്ക് പതപ്പിച്ചുഒഴിക്കുകയാണ് ചായക്കാരന്‍ .ആളുകള്‍ വാങ്ങി കുടിക്കുന്നു .പണം കൊടുക്കുന്നു .ആ ഒഴി കണ്ടു സായ്പ് രണ്ടു മീറ്റര്‍ ചായക്ക് ഓര്‍ഡര്‍ ചെയ്തത്രേ .

വേറൊരു കഥ ഇങ്ങിനെ .ചായക്കടക്കാരന്‍ നാട്ടിന്‍ പുറത്ത് കാരനായ ഒരാളോട് കടയിലേക്ക് രണ്ട് നാഴി പാല്‍ കൊണ്ട് വരാന്‍ ആവശ്യപ്പെട്ടു .പാല്‍ കൊടുത്തയക്കുന്നത് ഒരു കുട്ടിയുടെ കയ്യില്‍ ആണ് .വഴിയില്‍ വച്ച് കുറച്ചു പാല്‍ കുട്ടിയുടെ കയ്യില്‍ നിന്ന് തുളുമ്പി പ്പോയി .കടയില്‍ അളവ് കുറഞ്ഞാല്‍ അച്ഛന്റെ കയ്യില്‍ നിന്നും അടി കിട്ടും എന്ന് പേടിച്ച കുട്ടി തൊട്ടടുത്തെവയലില്‍ നിന്നും കുറച്ചു വെള്ളം എടുത്തു പാത്രത്തില്‍ ഒഴിച്ച് അളവ് കൃത്യം ആക്കി .കടക്കാരന്‍ പാല്‍ എടുത്തു ഒഴിച്ചപ്പോള്‍ പാലില്‍ നിന്നും ഒരു പരല്‍ മീന്‍ പുറത്ത് ചാടി .ഇത് കണ്ട ഫലിത പ്രിയന്‍ ആയ കടക്കാരന്‍ കുട്ടിയോട് ഇങ്ങിനെ പറഞ്ഞത്രേ . “നാളെ ഒരു നാരായം പാല്‍ തരാന്‍ അച്ഛനോട് പറയണം. എന്നാല്‍ എനിക്ക് ഉച്ചക്ക് കറിവക്കാന്‍ ഉള്ള നാല് കണ്ണന്‍ (വരാല്‍)മീനുകളെ കിട്ടുമോ എന്ന് നോക്കാന്‍ ആണ് .”

പുതിയ പാത്രങ്ങളുടെയും സ്ടൌ എന്നിവയുടെ വരവോടെ സമവര്‍ വിട വാങ്ങി. നാട്ടിന്‍ പുറങ്ങളിലെ അപൂര്‍വം ചില കടകളില്‍ മാത്രമാണ് ഇന്ന് സമവര്‍ ഉപയോഗിക്കുന്നത് .ചായക്കടകള്‍ ഒക്കെ രീതി മാറി ഫാസ്റ്റ്‌ ഫുഡ്‌ ഹബ്ബുകള്‍ ആയി,തട്ടുകടകളിലും സമാവര്‍ ഇല്ല .ഇവ നല്ല വില നല്‍കി ശേഖരിക്കുന്ന പുരാവസ്തു പ്രേമികളും ഉണ്ട് .എങ്കിലും ഇന്നും പഴമക്കാര്‍ തേടുന്നത് ആ സമാവര്‍ ചായ തന്നെ ആണ്

Generated from archived content: essay1_mar29_14.html Author: sivaprasad_palod

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here