നാറാണത്ത് ഭ്രാന്തനും ഗ്രീക്ക് തത്വചിന്തയും ഒരു താരതമ്യം

തത്വങ്ങളും ദര്‍ശനങ്ങളും കാലദേശങ്ങള്‍ക്കു അതീതമാണല്ലോ. എല്ലായിടത്തും സമാനമായ ആത്മീയ ചിന്തകളും ദര്‍ശനങ്ങളും ശാസ്ത്ര ചിന്തകളും കലാ ദര്‍ശനങ്ങളും, ആഘോഷങ്ങളും ആചാരങ്ങളും നിലനിന്നുരുന്നതായി കാണാം. ചിലവയ്ക്ക് പ്രചാരം കൈവന്നു. ചിലവയാകട്ടെ അതാതിന്റെ ഭൂമികയില്‍ ചുറ്റിപ്പിണഞ്ഞു കിടന്നു. ചില മിത്തുകള്‍ ദേശങ്ങള്‍ക്കു അപ്പുറവും എഴുതപ്പെട്ടത് അങ്ങിനെയാണ്. ചില പ്രദേശങ്ങളുടെ സ്വകാര്യമായി ചില മിത്തുകള്‍. എങ്കിലും ഇവയെ പറ്റി കൂടുതല്‍ അറിയുമ്പോള്‍ സമാനമായി ഇതര ദേശങ്ങളിലെ മിത്തുകളുമായി സമാനതകള്‍ കാണാം. ചില വൈരുധ്യങ്ങള്‍ ഉണ്ടാകുമ്പോഴും ദര്‍ശനങ്ങളിലെ സമാനത ഇവയെ ഒന്നിപ്പിക്കുന്നു.

ഗ്രീക്ക് പുരാണത്തിലെ Sisyphus എന്ന കഥാപാത്രവുമായി നാറാണത്ത് ഭ്രാന്തന്‍ എന്ന കേരളീയ മിത്തിനെ വേണമെങ്കില്‍ സാദൃശ്യപ്പെടുത്താം, രണ്ടും തമ്മില്‍ ഒരു പാട് വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും. മരണം അടുത്തപ്പോള്‍ സ്വന്തം ഭാര്യയെ പരീക്ഷിക്കുന്നതിനായി തന്റെ ഭൗതികശരീരം പൊതുസ്ഥലത്ത് ചങ്ങലകളില്‍ പൊതിഞ്ഞു പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെന്ന Sisyphus. ഭാര്യക്ക് തന്നോടുള്ള സ്നേഹം മനസ്സിലാക്കുന്നതിനായി ആയിരുന്നെത്രേ ഈ പരീക്ഷണം, ദൈവശാപത്തിന്റെ ഭാഗമായി പാതാളവാസത്തിനു ശിക്ഷിക്കപ്പെടുകയും ചെയ്തു. പാതാളത്തില്‍ വച്ച് ഭാര്യയുടെ പ്രവൃത്തിയില്‍ പ്രതികാരബുദ്ധിയോടെ മോചനം ആവശ്യപ്പെട്ട Sisyphus നോട് ദൈവം മറ്റൊരു പരീക്ഷണം നല്‍കുകയായിരുന്നു എന്നും പറയപ്പെടുന്നു. തിരിച്ചു ഭൂമിയില്‍ എത്തുന്ന Sisyphus പക്ഷെ മലയും പുഴയും കാടും സാഗരങ്ങളും നിറഞ്ഞ ഭൂമിയെ ആസ്വദിച്ചു നടക്കുന്നു. പാതാളത്തിലേക്ക് തിരിച്ചു ചെല്ലുന്നില്ല. അവസാനം മെര്‍ക്കുറി ദേവന്‍ Sisyphus നെ ബലമായി പാതാളത്തിലേക്ക് തിരിച്ചു കൊണ്ട് പോകുന്നു. പാതാളത്തില്‍ ഒരു വലിയ പാറക്കല്ലിനെ കുന്നിന്‍ മുകളിലേക്ക് ചുമന്നോ ഉരുട്ടിയോ കയറ്റി മുകളില്‍ എത്തുമ്പോള്‍ താഴേക്കു ഉരുട്ടി വിടണം. ഇതാണ് Sisyphus ന് വീണ്ടും ലഭിക്കുന്ന പരീക്ഷണം. വീണ്ടും താഴെ എത്തി പഴയ കല്ലിനെ മുകളിലേക്ക് കയറ്റണം. ഈപ്രവൃത്തി ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കണം….മനുഷ്യജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മ, ജീവിതത്തിനു മേല്‍ ദൈവികശക്തികളുടെ പ്രഭാവം, എന്നിവയാണ് ഈപ്രവൃത്തിയിലൂടെ അനാവൃതമാകുന്നത്. കേവലമായ മനുഷ്യര്‍ ദിനം ദിനം ലൗകികസുഖങ്ങള്‍ക്കായി ക്ലേശപ്പെടുകയും മത്സരിക്കുകയും ചെയ്യുന്നു. അവസാനം കുന്നില്‍ നിന്നും താഴേക്കു ഉരുട്ടിവിടുന്ന കല്ലുപോലെ മരണം വന്നെത്തുന്നു…. ഇങ്ങിനെ മനുഷ്യജീവിതത്തിന്റെ കേവലാത്മ്കത കാണിച്ചു തരുന്ന അസംബന്ധ നാടകപ്രവര്‍ത്തനം ആണ് Sisyphus എന്ന കഥാപാത്രത്തിന്റേത്. ഗ്രീക്ക് നാടക ആശയങ്ങളുടെ മറ്റൊരു തലം. ഇവിടെ ഒരു ശിക്ഷയുടെ ഭാഗമായി, ദൈവത്തിന്റെ ഉത്തരവ് നടപ്പാക്കുന്ന കഥയാണ് Sisyphus ന്റേത്. ഭാരത്തെ കുന്നു കയറ്റുംമ്പോള്‍ നാളെയില്‍ ഉള്ള പ്രതീക്ഷകള്‍ ആണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. മുകളില്‍ നിന്നും കല്ല്‌ താഴേക്കു ഉരുട്ടി താന്‍ ഇത്രസമയം ചെയ്ത പ്രവൃത്തിയെ ഉപേക്ഷിക്കുമ്പോള്‍ ഉള്ള മാനസികമായ ദുഃഖം അനുഭവിപ്പിക്കലാണ് ദൈവശിക്ഷ. ഇവിടെ താഴേക്കുകല്ല്‌ ഉരുട്ടിയിടുമ്പോള്‍ Sisyphus അനുഭവിക്കുന്നത് നിരാശയാണ്. വീണ്ടും താഴെ പോയി കല്ല്‌ ഉരുട്ടണം എന്ന ശാപം അയാളെ പിന്തുടരുകയും ചെയ്യുന്നു. ആയാസം, ഉപേക്ഷിക്കല്‍,നിരാശ, ആയാസത്തിന്റെ ആവര്‍ത്തനം, ദൈവഹിതത്തിനു മനുഷ്യാവസ്ഥകളില്‍ ഉള്ള സ്വാധീനം, നിത്യജീവിതത്തിന്റെ അസംബന്ധത ഇതൊക്കെയാണ് ഗ്രീക്ക് പുരാണ കഥയുടെ Sisyphus ആശയം. ഒരിക്കല്‍ ആയാസപ്പെട്ട്‌ കയറ്റിയ കല്ലിനെ താഴെക്കിട്ട് വീണ്ടും അതിനെ മുകളിലേക്ക് കയറ്റാന്‍ നിശ്ചയത്തോടെ ആത്മവിശ്വാസത്തോടെ കുന്നിറങ്ങുന്ന Sisyphus വിധിക്ക് എതിരെ പോരാടാന്‍ ഉള്ള മനുഷ്യന്റെ കല്ലിനെ തോല്‍പ്പിക്കുന്ന ദൃഡ നിശ്ചയത്തെ കാണിക്കുന്നതായി മറ്റൊരു ദര്‍ശനവും ചില ചിന്തകള്‍ പങ്കിടുന്നുണ്ട്‌.

നാറാണത്ത് ഭ്രാന്തന്‍ എന്ന മിത്തിനെ സമീപിക്കുമ്പോള്‍ വാകീറിയിട്ടുണ്ടെങ്കില്‍ അന്നം ദൈവം നല്‍കിയിരിക്കും എന്ന വരരുചി വരത്തിന്റെ ഭാഗമായി അദ്ദേഹം പുഴക്കരയില്‍ ഉപേക്ഷിക്കപ്പെടുന്നു. ദൈവഹിതം ആണെങ്കിലും ശാപം അല്ല. ദൈവ നിശ്ചയത്തെ അനുസരിക്കലാണ് ഇവിടെ. ഏതു ഗോത്രത്തില്‍ പിറന്നാലും വ്യക്തിയുടെ കുലം രൂപപ്പെടുന്നത് ആര് വളര്‍ത്തുന്നു എവിടെ വളരുന്നു എന്നതിന് അനുസരിച്ചാണല്ലോ. അങ്ങിനെ ബ്രാഹ്മണ കുലക്കാരാല്‍ എടുത്തു വളര്‍ത്തപ്പെടുന്ന ഉണ്ണി വേദം അഭ്യസിക്കപ്പെടുന്നു. കേവല മനുഷ്യര്‍ക്ക് ഭ്രാന്തന്‍ എന്ന് വിശേഷിപ്പിക്കാന്‍ തോന്നുന്ന വിധം പ്രവൃത്തികള്‍ ചെയ്യുന്നു. ചെറുപ്പത്തില്‍ തന്നെ ജീവിതം കൊണ്ട് തന്നെ തന്റെ ആശയങ്ങളെ ദര്‍ശനങ്ങളെ ബാഹ്യപ്രേരണ കൂടാതെ പ്രകാശിപ്പിക്കുന്നു. ഇവിടെ കല്ലുരുട്ടല്‍ സന്തോഷത്തോടെ ആണ്. ഗ്രീക്ക് കഥയിലെ പോലെ ശാപത്തിന്റെ ഭാഗമായി താന്‍ ചെയ്യുന്ന പ്രവൃത്തി എന്ന ചിന്തയില്ല. തന്റെ ജീവിതദൗത്യം പോലെയാണ് ഈ ഏറ്റെടുക്കല്‍. അത് പോലെ തന്നെ കല്ല്‌ താഴേക്കു ഉരുട്ടി വിടുമ്പോള്‍ ദുഖമല്ല അലൗകികമായ പൊട്ടിച്ചിരി ആണ് കുന്നില്‍ മുഴങ്ങുന്നത്. സ്വന്തം ജീവിതം ത്യജിക്കുംമ്പോള്‍ താന്‍ എന്തായിരുന്നു എന്താണ് എന്താകും എന്നതിനെ പറ്റി കൃത്യമായ കാഴ്ചപ്പാടില്‍ നിന്നാണ് ഈ ചിരി വേണം എങ്കില്‍ ഒരു കഥാപാത്രം മാത്രം ഉള്ള പ്രപഞ്ചത്തെ മൊത്തം കാണികള്‍ ആക്കുന്ന നാടകം ആയി ഇതിനെ കാണാം. ജീവിതത്തെ ഇത്ര ലഘുവായി അതിനു വേണ്ടി എടുക്കുന്ന കഷ്ടപ്പാടുകളെ എത്രമേല്‍ കഠിനം എങ്കിലും ദൈവഹിതം അനുസരിക്കുന്ന ലാഘവത്തോടെ, മരണത്തെ ഇത്രമേല്‍ പൊട്ടിച്ചിരിയോടെ നേരിടാന്‍ ഉള്ള ദര്‍ശനം. ഇത് ഭ്രാന്തല്ല ദര്‍ശനമാണ്. കേവലജീവിതങ്ങള്‍ ഭ്രാന്തായി മുദ്രകുത്തുന്നു എന്ന് മാത്രം. ഒരുതരത്തില്‍ എല്ലാരുടെയും ഉള്ളില്‍ ചികഞ്ഞു നോക്കിയാല്‍ ഈ അനുഭവം കാണുകയും ചെയ്യാം. ആശകള്‍ക്ക് മീതെ, അക്കങ്ങളുടെ മേലെ അടയിരിക്കുന്ന നമുക്കെല്ലാം, അതൊക്കെ ഉപേക്ഷിക്കുന്നത് ദുഃഖം ആയിരിക്കുമ്പോള്‍ ഇതെല്ലാം ഇത്രയേ ഉള്ളൂ..എന്ന ചിന്ത, നാളേയെ പറ്റിയുള്ള വ്യാകുലത, ഇല്ലായ്മ എന്നതെല്ലാം കഥാപാത്രത്തിന്റെ വ്യത്യസ്തതകളാകുന്നു. ചെറിയ നഷ്ടങ്ങള്‍ക്ക് പോലും നിരാശയുടെ പടുകുഴിയില്‍ വീണു പോകുന്ന സാധാരണ ജന്മങ്ങള്‍ക്ക്, ജീവിതത്തെ ഇതിലും മനോഹരമായി എങ്ങിനെ കാണിച്ചു കൊടുക്കും? പ്രവൃത്തി ചെയ്യുമ്പോള്‍ ഉള്ള മാനസികമായ ഉല്ലാസമാണ്, ഉന്മാദമാണ് ഇവിടെ കാണാനാവുക. ഉരുട്ടല്‍ ഗുരുത്വാകര്‍ഷണത്തിനു വിപരീത പ്രവൃത്തിയും ഉരുട്ടിയിടല്‍ അതിനു കീഴ്പ്പെടുന്ന പ്രവൃത്തിയും. അങ്ങോട്ട്‌ ആയാസപ്പെട്ട്‌ കയറ്റിയ ദ്രവ്യം താഴേക്കു എത്ര ലളിതമായി ഉരുണ്ടു പോകുന്നു എന്ന കാഴ്ചയാണ് ചിരിപ്പിക്കുന്നത്..പ്രകൃതിക്ക് വിപരീതമായി എന്തെങ്കിലും ചെയ്യാനാണ് ആയാസം. മറിച്ചു പ്രകൃതിക്ക് വിധേയമായി മാറുമ്പോള്‍ ലാഘവം ആയി മാറുന്ന പരിസ്ഥിതി ദര്‍ശനം.

സര്‍ഗാത്മകമാണ് ഭ്രാന്തന്റെ പൊട്ടിച്ചിരി കുന്നില്‍ മുഴങ്ങുന്നത്. കല്ല്‌ തട്ടി തട്ടി താഴേക്കു ഉരുണ്ടു പോകുമ്പോള്‍ ഒരു ശിശുവിനെ പോലെ നിഷ്കളങ്കമായ ചിരി. അങ്ങിനെ മനസ്സിനെ നിര്‍മലമാക്കുന്നത് ഒന്നും ആരുടേയും സ്വന്തം അല്ല ലഭിക്കുമ്പോളും ത്യജിക്കുംമ്പോളും ഒരേ പോലെ തന്നെ കാണണം. സ്വന്തം ജീവന്‍ പോലും ഒന്നും ഇല്ലായ്മയാണ് പൊട്ടിച്ചിരിയുടെ ഭൂമിക. എല്ലാം ഉള്ളവന് ഉള്ളില്‍ അതിന്റെ ഘനം ഉണ്ടാകും. ചിരിക്കാന്‍ ആകില്ല ആധുനികഭാഷയില്‍ ടെന്‍ഷന്‍ ഒന്നും ഇല്ലാത്തവന് ടെന്‍ഷന്‍ ഇല്ലല്ലോ. അതില്‍ നിന്നും മാത്രമേ അനാദിയായ, നിര്‍മലമായ ചിരി ഉയരൂ.. ഉള്ളിലെ ഘനം ഇല്ലാതാകൂ. അവന്‍ ഒന്നും കൊണ്ടുവന്നിട്ടില്ല ഒന്നും കൊണ്ട് പോകുന്നില്ല.

ഊര്‍ജ തന്ത്ര പ്രകാരം ചരിവുതലം പ്രവൃത്തി ലഘൂകരിക്കാന്‍ ഉള്ള മാര്‍ഗമാണ്. അത് പോലെ തന്നെ സിസിഫസ് കല്ലിനെ ചുമന്നു കൊണ്ടുപോകുമ്പോള്‍ നാറാണത്ത് ഭ്രാന്തന്‍ കല്ലിനെ ഉരുട്ടി കയറ്റുകയാണ്. ഘര്‍ഷണത്തെ അതിജീവിക്കാന്‍ ഉരുട്ടല്‍ ആണ് ഫലപ്രദം. ചുമന്നു കയറ്റുന്നതിനേക്കാള്‍ ഉരുട്ടി കയറ്റുക എന്ന യുക്തിയും ഇവിടെ ഉപയോഗിച്ചിരിക്കുന്നതായി കാണാം. ഉയര്‍ന്ന സ്ഥാനത്ത് എത്തുന്ന കല്ലിനു ലഭിക്കുന്ന സ്ഥിതികോര്‍ജവും താഴേക്കു വരുമ്പോള്‍ അതിനു കിട്ടുന്ന ഗതികോര്‍ജവും. ഒരു തരത്തിലെ ഊര്‍ജം മറ്റൊരു തരത്തിലേക്ക് മാറുന്നു. ഇങ്ങിനെ ഈ തന്ത്രത്തെ ശാസ്ത്രപ്പെടുത്താം ഇത്തിരികേവലമായി ചിന്തിച്ചാല്‍ ഭ്രാന്താണ് പ്രകൃതിക്ക് ഏറ്റവും കീഴ്പ്പെടുന്ന വികാരം. ഭ്രാന്തുള്ളവര്‍ക്ക് ലൗകികജീവിതത്തോടു ആര്‍ത്തിയില്ലല്ലോ. സ്വന്തം ശരീരത്തെ പ്രകൃതിക്ക്സ്വാഭാവികമായി നിലനിര്‍ത്തുക എന്നത് മാത്രം. മഴ വെയില്‍ പ്രകൃതിഭാവങ്ങള്‍ ഒക്കെ അനുഭവിച്ചുള്ള ജീവിതം. രോഗഭീതിയില്ല,മരണഭീതി തെല്ലുംഇല്ല. ഒന്നിനെയും പേടിയില്ല ആരോടും കടപ്പാടില്ല, ഉണ്ടാക്കുന്നുമില്ല, ചുറ്റുപാടിന് ഒരു കോട്ടവുംഉണ്ടാക്കുന്നില്ല, അഥവാ ചുറ്റുപാടിനെ ബഹുമാനിക്കുന്നു. ഈ ലോകം എല്ലാവരുടേതും ആണ്. ചെറിയ ജീവിക്കും വലിയ ജീവിക്കും ഒരേപോലെ. ഈ ഭൂമി എല്ലാവരുടേതും ആണ്. ഉറുമ്പുകളെ എണ്ണുക എന്ന നാറാണത്ത് ഭ്രാന്തന്‍ പിന്തുടര്‍ന്നിരുന്ന മറ്റൊരു പ്രവുത്തിക്കും ഇങ്ങിനെ ഒരു തലം കാണാം. സൂക്ഷ്മമായതിനെ കൂടി ദര്‍ശിക്കുന്ന തലം. ഒരു ദിവസം എണ്ണിക്കൊണ്ടിരിക്കുംമ്പോള്‍ ഒരു വഴിപോക്കന്‍ ഇപ്പോള്‍ എത്ര എണ്ണം ആയി എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ ഒരെണ്ണം കുറഞ്ഞു എന്ന മറുപടിയില്‍ ഒരു ദിവസം കഴിയുമ്പോള്‍ ആയുസ്സില്‍ നിന്നും ഒരു ദിവസം ആണ് കുറഞ്ഞു പോകുന്നത് എന്ന ആശയം കണ്ടെടുക്കാം.

Sisyphus കല്ലുരുട്ടുന്നത് പാതാളത്തില്‍ ആണെങ്കില്‍ നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടുന്നത് ലോകത്തിന്റെ മുന്നില്‍ സാധാരണ ജീവിതങ്ങള്‍ക്ക് മുന്നില്‍ ആണ്. ഗ്രീക്ക് മിത്ത് ഒരു പുരാണ കഥയായി അവശേഷിക്കുമ്പോള്‍ നാറാണത്ത് ഭ്രാന്തന് കുറച്ചുകൂടി ചരിത്ര പരിവേഷം ലഭിക്കുന്നു. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായതായി പറയപ്പെടുന്ന സ്ഥലങ്ങള്‍, വരരുചി കഥയിലെ ഇതര സഹോദര കഥാപാത്രങ്ങള്‍, അവരുടെ എല്ലാം പിന്‍മുറക്കാര്‍ എന്നിവയെ പറ്റി ഇപ്പോളും അന്വേഷണത്തിന് മുതിരാവുന്ന കാലഗണന നമുക്ക് മുമ്പില്‍ ഉണ്ടായിരിക്കുമ്പോള്‍. വിശ്വാസം ഭക്തി എന്നിവയ്ക്ക് അപ്പുറവും ഭ്രാന്തനെ വേണം എങ്കില്‍ കാണാം. ദൈവത്തെ അദ്ദേഹം അങ്ങോട്ട്‌ ആരാധിച്ചിരുന്നോ, ദൈവത്തില്‍ വിശ്വസിച്ചിരുന്നോ എന്ന് പോലും സംശയം തോന്നാം. തന്നില്‍ തന്നെയാണ് ദൈവം എന്നതാണ് അദ്ദേഹത്തിനു ചേരുന്ന മതം. അതാണല്ലോ ലോകത്തില്‍ ദൃഡമായ എല്ലാ മത ചിന്തകളും അവസാനം എത്തി നില്‍ക്കുന്നതും. ഭ്രാന്തന്‍ ശരിക്കും പച്ചയായ മനുഷ്യന്‍ ആണ്. മനുഷ്യന്‍ ആയി ജീവിച്ച്,മനുഷ്യനായി നിന്ന് കൊണ്ട് തന്നെ അതിമാനുഷമായ പ്രവൃത്തികളും ചിന്തകളും ദര്‍ശനങ്ങളും ലളിതമായി സംവേദിക്കുകയാണ് ഇവിടെ. വേദം പഠിച്ചിട്ടുണ്ടെങ്കിലും അതിന്റെ സത്ത ലോകത്തിനു പകരുന്ന രീതി ലളിതമാണ്. എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ ഗ്രീക്ക് മിത്ത് കഥാപാത്രത്തെ ദൈവം ശിക്ഷിക്കുംമ്പോള്‍ ഭ്രാന്തന് ദേവി ഇഷ്ട വരമാണ് നല്‍കുന്നത്. ഭ്രാന്തന് ദേവീദര്‍ശനം എന്നതില്‍ ഉപരി ദേവിക്ക് ഭ്രാന്തന്റെ ദര്‍ശനം കിട്ടിയ പോലെ ചിന്തിക്കാം. പ്രത്യക്ഷപ്പെടുന്ന ദേവിതന്റെ വിളയാട്ടത്തിനു തടസ്സമാകുന്ന സ്ഥലത്ത് നിന്നും ഒഴിഞ്ഞു പോകാന്‍ ഇങ്ങോട്ട് ആവശ്യപ്പെടുന്നതിനെ ഭ്രാന്തന്‍ ചോദ്യം ചെയ്യുന്നുണ്ട്. വരമായി ആദ്യം ചോദിക്കുന്നത് തന്റെ ആയുസ്സ് എത്രയാണ് എന്നാണു. അത് കല്പിക്കാന്‍ ദേവിക്ക് ആകുന്നില്ല. ആയുസ്സിന്റെ മേല്‍ ദേവിക്ക് പോലും നിയന്ത്രണംഇല്ല.. പിന്നെ ചോദിക്കുന്നത് ആയുസ്സില്‍ നിന്നും ഒരു ദിവസം കൂട്ടാനോ കുറയ്ക്കാനോ പറ്റുമോ എന്നാണു. അതിലും ദേവി തോല്‍ക്കുന്നു. ദേവിക്കും മീതെയുള്ള പ്രപഞ്ചശക്തിയുടെ ഉത്തരവിനെ എങ്ങിനെ ദേവി തിരുത്താനാണ്. അഥവാ ഈശ്വര ചൈതന്യം കുടികൊള്ളുന്നത് അവനവനില്‍ തന്നെ ആയിരിക്കുമ്പോള്‍..? തത്വമസി എന്ന ദര്‍ശനം ഇവിടെ മിന്നിമറിഞ്ഞു പോകുന്നു. മനുഷ്യന്‍ പഞ്ച ഭൂതങ്ങളില്‍ നിന്നും ഉണ്ടായതാണ്. പഞ്ചഭൂതങ്ങളില്‍ കുടികൊള്ളുന്നത് പ്രപഞ്ചമാണ്‌. ഈശ്വര ശക്തിയാണ്. ആ ഈശ്വരാംശം ഓരോ വ്യക്തിയിലും കുടികൊള്ളുന്നു എന്ന ദര്‍ശനം. അപ്പോള്‍ ആര്‍ക്കും ആരെയും ഇല്ലാതാക്കാന്‍ കഴിയില്ല എന്ന് കാണാം. ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റാനാണ് ഭ്രാന്തന്‍ വരം ചോദിക്കുന്നത്… പ്രപഞ്ചത്തില്‍ ഒന്നും പുതുതായി സൃഷ്ടിക്കാനോ നശിപ്പിക്കാനോ സാധിക്കുന്നില്ല. ഒരു രൂപത്തിലുള്ള ഊര്‍ജത്തെ മറ്റൊരു രൂപത്തില്‍ ആക്കി മാറ്റാന്‍ മാത്രമേ കഴിയു എന്ന ഊര്‍ജസംരക്ഷണ നിയമം പോലും ഇവിടെ പറയാതെ പറയുന്നു എന്ന് കല്പിക്കാം. ഗ്രീക്ക് പുരാണകഥയെക്കാള്‍ ഔന്നത്യം ഉള്ള ഭാവനയാണ്, ഐതിഹ്യമാണ്‌ നാറാണത്ത് ഭ്രാന്തന്റെത് എന്ന് കാണാം. ഭക്തിപരമായ ഭാരതീയ ദര്‍ശനങ്ങള്‍ എല്ലാം ഈ മിത്തില്‍ ഒളിഞ്ഞു കിടക്കുന്നതായി കാണാം.കൂടുതല്‍ ആഴത്തില്‍ ഉള്ള പഠനം ആവശ്യമുള്ള വിഷയം.

Generated from archived content: essay1_apr28_15.html Author: sivaprasad_palod

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here