പ്രസിദ്ധീകരണങ്ങള്‍ക്ക് ഇന്ന് മലയാളത്തില്‍ പഞ്ഞമില്ല. ചുരുക്കം ചിലവയില്‍ ഒഴിച്ച് ബാക്കി എല്ലാറ്റിലും നിരവധി കവിതകള്‍ പുറത്തിറങ്ങുന്നു. പുസ്തക പ്രസിദ്ധീകരണവും പഴയ കാലത്തെക്കാള്‍ എളുപ്പം ആയി. സൈബര്‍ മേഖല സാഹിത്യമാധ്യമം ആയതോടെ സ്വയം പ്രസാധകര്‍ ആയ സാഹിത്യ തല്പരരുടെ എണ്ണവും കൂടി. ഒരു തരത്തില്‍ എഴുത്തിന്റെ ജനാധിപത്യ വത്കരണം. പക്ഷെ ശ്രദ്ധിക്കപ്പെടുന്ന രചനകള്‍ രചയിതാക്കള്‍ കുറവ് തന്നെ. കെട്ടിയ കുറ്റിക്ക് ചുറ്റും മേയുന്ന പശുവിനെ പോലെ നിയതമായ വട്ടത്തില്‍ വലിയ പുതുമകള്‍ സൃഷ്ടിച്ചു എടുക്കാന്‍ കഴിയാതെ തന്റെ ശബ്ദം വേറിട്ട് കേള്‍പ്പിക്കാന്‍ ആകാതെ ആത്മരതിയില്‍ ഒതുങ്ങുന്നില്ലേ നവകാല സാഹിത്യ യുവത്വം? ചര്‍ച്ച ചെയ്യപ്പെടെണ്ടതാണ്..
ശിവപ്രസാദ് കാരക്കുന്നത്ത് എന്ന യുവ കവിയുടെ കത്തുന്ന മഴ എന്ന കവിത സമാഹാരം കയ്യിലെടുക്കുമ്പോള്‍ ഈ ചിന്ത മനസ്സില്‍ ഉണ്ടായിരുന്നു.. പക്ഷെ അനുഭവങ്ങളുടെ കയ്യൊപ്പുള്ള കവിതയുടെ തീയുള്ള രചനകള്‍, വായനക്കാരനും അനുഭവപ്പെടുന്ന രചനാരീതി എന്നിവയും എടുത്താല്‍ പൊങ്ങുന്ന ഇതിവൃത്തം കൊണ്ടുള്ള കളിയും, അതെസമയം കാലത്തെ വായിച്ചെടുക്കാനുള്ള ശ്രമവും കത്തുന്ന മഴയെ വ്യത്യസ്തമാക്കുന്നു എന്നതാണ് ഈ കുറിപ്പിന്റെ പിന്നിലെ മനോഗതി.
നേര്‍ക്കാഴ്ച എന്ന ആദ്യ കവിത. ഒറ്റയ്ക്ക് നിന്നാല്‍ ഒരു ദിവസം കൊണ്ട് കൊന്നു തിന്നപ്പെടും എന്നാ വ്യഥയോടെയാണ് ഭൂമി നിലനില്‍ക്കുന്നത് എന്ന് വരച്ചിടുന്നു. അതെ സമയം ആ ഭീതിയെ മറികടക്കാന്‍ ഭൂമി തന്റെ ഉടലിനെ സര്‍വ ചരാചരങ്ങള്‍ക്കുമായി വീതിച്ചു നല്‍കുകയും ചെയ്യുന്ന ചിത്രം. ഒരേ സമയം വിധിക്ക് കീഴങ്ങുന്നു എന്നും അതെ സമയം വിധിയെ തോല്‍പ്പിച്ച് അതിനെ അതിജീവിക്കുകയും ചെയ്യുന്ന കവിത,. എത്ര കബളിപ്പിക്കപ്പെട്ടാലും സ്നേഹിക്കാന്‍ മാത്രം അറിയുന്ന ചിലര്‍ ഉണ്ട്. ചതി ആണെന്നു അറിഞ്ഞും ചതിയില്‍ പെടുന്നവര്‍, എത്ര കെണിയില്‍ വീണാലും വീണ്ടും അടുത്ത കെണിയിലേക്കു വലിച്ചടുപ്പിക്കപ്പെടുന്നവര്‍.. പക്ഷെ അപ്പോളും ചരിത്രം ഒരു പക്ഷെ വിഡ്ഢികള്‍ എന്ന് മുദ്ര കുത്തുംമ്പോളും സ്നേഹത്തിന്റെ പോട്ടാനൂലുകള്‍ മനസ്സില്‍ പേറുന്ന ഈ ജന്മങ്ങള്‍ ആണ് ലോകത്തെ ഇത്രയെങ്കിലും ആര്‍ദ്രമായി നില നിര്‍ത്തുന്നത് എന്ന് ഉത്ഘോഷിക്കുന്നതാണ് നൂല്‍ എന്നാ കവിത.
സ്വന്തം ഉടല്‍ ശവമാക്കുന്ന, പ്രാണന്‍ പോകുന്നതുവരെ തിരിഞ്ഞു നോക്കാതെ യാന്ത്രികമായി മരണമെത്തുന്ന നേരത്ത് മാത്രം കടന്നുവരുന്ന പെണ്ണ്, ഇവ രണ്ടും മറ്റു രണ്ടു കവിതകളില്‍ നിന്നും മാറി നിന്ന് കേവല കാഴ്ചകള്‍ ആയി മാറുന്നു. ശില്പ ഭദ്രത അല്പം ചോര്‍ന്നു പോകുന്നതായി നാല് പെണ്ണുങ്ങള്‍ എന്ന കവിത. പക്ഷെ വാചാലതയുടെ കസര്‍ത്ത് ഇല്ലാത്തത് കൊണ്ട് ശരാശരി വായന നല്‍കുകയും ചെയ്യുന്നുണ്ട്.
കീഴടങ്ങല്‍ പൊരുത്തപ്പെടല്‍, ദൈന്യത ഈ മൂന്നും ചേര്‍ത്ത് എഴുതിയതാണ് നഗ്ന ചിത്രങ്ങള്‍ എന്ന കവിത. രണ്ടാം വായനയില്‍ മാത്രം വെളിപ്പെടുന്ന നീയും ഞാനും ബിംബങ്ങളുടെ ഭാവം കവിതയുടെ സൗന്ദര്യമായി മാറുന്നു.
കനല്‍ തിന്നുള്ള ഉറക്കം ആയതിനാല്‍ സ്വപ്നങ്ങള്‍ക്ക് മരണത്തിന്റെ ഗന്ധമാണ്. അവിടെയാണ് വ്യക്തി ഓര്‍മകളെ തേടുന്നത്. വാര്‍ധക്യത്തിന്റെ വ്യഥകളെ വ്യക്തമാക്കുന്ന കവിത ആണിത്. പറഞ്ഞു തേഞ്ഞ ഇതി വൃത്തങ്ങളെ കൊതിപ്പിക്കുന്ന രീതിയിലേക്ക് പറിച്ചു എഴുതാന്‍ കവിക്ക് ആകുന്നുണ്ട്. കണ്ടുമുട്ടല്‍ എന്ന കവിതയിലൂടെ. കാഴ്ചകളുടെ ഭീകരത, നിസ്സംഗത കാണിച്ചു തരുന്ന ക്യാമറ കണ്ണു എന്ന കവിത. പുതുകാലത്തിന്റെ മാധ്യമം ഒരു പക്ഷെ കാഴ്ചകള്‍ ആണ്. പ്രണയവും പ്രസവവും രതിയും യുദ്ധവും, എന്തും ഏതും കാഴ്ചകള്‍ ആയി വിളമ്പി തരുന്ന ലോകം. ഈ ശാപത്തെ കാണിച്ചു തരുന്ന കവിത.
സമാഹാരത്തിന്റെ പേരായി തന്നെ മാറിയ കത്തുന്ന മഴ എന്ന കവിത. ഒരു നോവലിന്റെയോ കഥയുടെയോ ഇതിവൃത്തം ആക്കാവുന്ന പ്രമേയം. മുണ്ടൂരിന്റെ മൂന്നാമത് ഒരാള്‍ എന്ന പ്രസിദ്ധ കഥയുടെ ഭാവം. ഒരാളുടെ ഇല്ലായ്മയില്‍ ആണ് അയാള്‍ സൃഷ്ടിക്കുന്ന ശൂന്യതയില്‍ ആണ് നമ്മള്‍ ആ വ്യക്തിയെ ശരിക്കും അറിയാന്‍ ശ്രമിക്കുന്നത്. തന്റെ എല്ലാ മര്‍ദ്ദനങ്ങള്‍ക്കും വിനീത വിധേയ ആയി കഴിയുന്ന ഭാര്യ മരിച്ചു കഴിയുമ്പോള്‍ പഴയ വിവാഹ ഫോട്ടോ നെഞ്ചില്‍ അടക്കിപ്പിടിച്ചു കരയുന്ന ഒരു കാലത്ത് മദ്യപന്‍ ആയിരുന്ന ഭര്‍ത്താവിന്റെ ചിത്രം ആ മൂന്നാമത് ഒരാള്‍ക്ക് കത്തുന്ന മഴ കൊണ്ട് കണ്ണീരു കൊണ്ട് ഉള്ള അര്‍ച്ചന ആയി മാറുന്നു.
കൊടി എന്ന കവിതക്ക് ഒരു കറുത്ത ഹാസ്യത്തിന്റെ സ്വഭാവം ഉണ്ട്. മിക്കവാറും എല്ലാ പതാകകളും പ്രത്യക്ഷ നിറങ്ങള്‍ മാറ്റി വച്ചാല്‍ ഉള്ളില്‍ ഒരേ നിറം പേറുന്ന, നിറം കാണിച്ചു പ്രലോഭിപ്പിക്കുംപോലും നിറം ഇല്ലായ്മയുടെ ശൂന്യതയുടെ പതാകകള്‍ കണ്ടു അതില്‍ മയങ്ങിപ്പോകുന്ന കേവല സമൂഹമാണ് കവിയുടെ മനസ്സില്‍.
കത്തി ഒരു ഭഗ്ന പ്രണയത്തിന്റെ ബാക്കി പത്രമാണ്. തന്നെ തിരിച്ചറിയാതെ പോയ കാമുകിക്ക് മൗനം കൊണ്ട് പ്രതികാരം തീര്‍ക്കുന്ന പ്രണയി. ആകാശം പോലെത്തേ കത്തി ഹൃദയത്തില്‍ കുത്തുന്ന വേദന എന്റെ മൗനം കൊണ്ട് അവള്‍ അറിയണം എന്ന ആത്മശാപം. എല്ലാം ഒരു നടിപ്പു മാത്രം ആയി ചുരുങ്ങി പോകുന്ന ഇക്കാലത്ത് പ്രണയം എന്ന വാക്കിന്റെ അര്‍ഥം പോലും പൊളിച്ചെഴുത്തപ്പെടുന്ന ഇക്കാലത്ത് ഒരു പക്ഷെ ഒന്നും തിരച്ചറിയപ്പെടും എന്ന് പ്രതീക്ഷ കവിതയും പുലര്‍ത്തും എന്ന് തോന്നുന്നില്ല.
കണ്ണീരു വീണു വെന്ത കഞ്ഞി, നിശബ്ദമാക്കപ്പെടുന്ന വിശപ്പ്, ആര്‍ത്തി മാറാത്തവരുടെ സ്വര്‍ഗം എന്നീ പ്രയോഗം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നതായി കാഴ്ച ഇല്ലാത്തവന്റെ സ്വര്‍ഗം എന്ന കവിത. ആരും കാണാത്ത ആഘോഷ രാത്രികളുടെ പിന്നാമ്പുറം കാണിച്ചു തരുന്നതാണ് ക്രിസ്തുമസ് രാത്രി എന്ന കവിത. ആഘോഷിക്കാന്‍ അമ്മയെ വരെ കൂട്ടിക്കൊടുക്കുന്ന നവകാലത്തെ കളിയാക്കുകയും കുരിശില്‍ തറക്കുകയും ചെയ്യുന്ന കവിത. അടുക്കള എന്ന കവിത അവസാനിക്കുന്നത് അറിവ് ഒരു പച്ച തെറിയാണ് എന്ന അറിവോടെ ആണ്. തെറി ആണല്ലോ ഏറ്റവും വികാരികമായ സംവേദന ക്ഷമത ഉള്ള ഭാഷ. അളവ് എന്നാ കവിത ഒരാളെ അളക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നതാണ്. അളവുകള്‍ ആപേക്ഷികം ആണ്, ആര്‍ക്കും ആരെയും അളക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അത് കൊണ്ട് തന്നെയാണ് കവിതയ്ക്ക് അളവ് തെറ്റുന്നത്.
വേദനിക്കുന്ന മരങ്ങളുടെ ഭാഷ, ഇനിയും നാം പശ്ചാത്തപിക്കേണ്ടി വരും എന്നുള്ള ശാപം എന്നിവ കൊണ്ട് അടയാളം എന്ന കവിത പതിവ് പരിസ്ഥിതി കവിതകളുടെ ഓരം ചേര്‍ന്ന് പോകുന്നു.. എല്ലാ രാത്രികളിലും വന്നു കതകില്‍ മുട്ടി പോകുന്ന ഓര്‍മ്മകള്‍.. കവിക്കും കവിതക്കും പുറത്ത് വായനക്കാരനും അനുഭവപ്പെടുന്ന വരികള്‍ ആണ് അവസാനത്തെ അത്താഴം എന്ന കവിത.
ചുവന്ന മണ്ണ്, ഘടികാര ഉടല്‍ എന്നീ കവിതകള്‍ അടക്കം വായനക്കാരന്റെ മനസ്സില്‍ കുറച്ചു കാലത്തേക്കെങ്കിലും മുറിവുകള്‍ ഉണ്ടാക്കാന്‍ പോന്ന കൂര്‍പ്പുള്ള കുറച്ചു കവിതകള്‍ ആണ് ശിവപ്രസാദിന്റെ കത്തുന്ന മഴയത്ത് ..വായനക്കാര്‍ മതിവരെ നനയട്ടെ.. എല്ലാ ആശംസകളും
Generated from archived content: book1_may13_15.html Author: sivaprasad_palod
Click this button or press Ctrl+G to toggle between Malayalam and English