ചിശ്… താഴെ വീട്ടുടമയുടെ അടുക്കളയില്‍ നിന്നും ആട്ടിറച്ചി പാകമായെന്ന് കുക്കര്‍ വിളിച്ചറിയിക്കുന്നത് മുകളിലേ വാടകമുറിയില്‍ നിന്നും അയാള്‍ കേട്ടു. വായില്‍ നിന്നും ഒരു പെരിയാര്‍ ഉദരത്തിലേക്ക് ഒഴുകി. ജനല്‍ കമ്പികള്‍ക്കിടയിലൂടെ തെല്ലുദൂരെയായി കാണുന്ന റെയില്‍വേ പാലം നോക്കി ഇരിക്കുകയായിരുന്നു അയാള്‍. അതിനടുത്തുള്ള ബീവറേജസില്‍ നിന്ന് ഇല്ലാത്ത കാശു മുടക്കി വാങ്ങിയ അര ലിറ്ററിനെ കുറിച്ചോര്‍ത്തു അയാള്‍ക്ക് കുറ്റബോധം തോന്നി. ആ പൈസ ഉണ്ടായിരുന്നെങ്കില്‍ രണ്ടു നേരം ചോറെങ്കിലും തിന്നാമായിരുന്നു. വാഹനങ്ങളുടെ ഹോണടികളും മുരള്‍ച്ചയും കേട്ടുകൊണ്ടായാള്‍ വയറിന്റെ മൂളലും ഞെരുക്കവും മറന്നു. അതല്ലെങ്കില്‍ കേട്ടില്ലെന്നു നടിച്ചു.
‘ഇവിടെ എത്തിയിട്ട് 20ദിവസം ആയി. സാലറി കിട്ടാന്‍ ഇനിയും ഒരാഴ്ച; ഹോ!!’ താമസിക്കാന്‍ ആ ഒറ്റമുറിയെങ്കിലും കിട്ടിയതില്‍ അയാള്‍ മനസ്സില്‍ ആശ്വസിച്ചു. അയാള്‍ മുറിയുടെ മൂലയ്ക്കുള്ള ചില്ലലമാരയിലേക്ക് നോക്കി. ഒഴിഞ്ഞ മോഡേണ്‍ ബ്രെഡിന്റെ കവറില്‍ ഉറുമ്പുകള്‍ സദ്യവട്ടം ഒരുക്കുന്നു. വരിവരിയായി സദ്യകഴിക്കാന്‍ പോകുന്ന ഉറുമ്പും കൂട്ടങ്ങളെ കണ്ടപ്പോള്‍ ഇന്നലെ ബീവറേജസിന്റെ മുന്നിലെ നീണ്ട ക്യുവില്‍ അക്ഷമനായി ക്ഷമയോടെ നിന്നത് അയാള്‍ ഓര്‍ത്തു. ഉറുമ്പുകളെ അയാള്‍ ശല്യപ്പെടുത്തിയില്ല. ഉറക്കം അയാളെ കരവലയത്തില്‍ ഒതുക്കിയതായിരുന്നു. ശല്യം; വയറു വിളിക്കുന്നു. “എടോ മനുഷ്യാ എന്റെ വിളി താനിനി കേട്ടില്ലെങ്കില്‍ ശരിയാകില്ല; എനിക്കെന്തെങ്കിലും തന്നോ, ആട്ടിറച്ചിയായാല്‍ ഹായ് എന്ത് സ്വാദായിരിക്കും.പോയി വാങ്ങാമോ തനിക്ക്?”.. അയാള്‍ക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി. ഇങ്ങനെ തന്നെ മനസിലാക്കാത്ത തന്റെബുദ്ധിമുട്ടുകളെ അറിയാത്ത വയറിനെ ശരീരത്തില്‍ കൊണ്ട് നടക്കേണ്ടി വരുന്നതില്‍. അയാള്‍ ആട്ടിറച്ചിയിലേക്കുള്ള ദൂരത്തെ പറ്റി ചിന്തിച്ചു. അത് ഭൂമിക്കും അപ്പുറം ചന്ദ്രമണ്ഡലത്തിലേക്ക് പോകുന്നത് പോലെ ആണെന്നയള്‍ക്ക് തോന്നി. അയാള്‍ രോഷത്തോടെ വയറിനോട് പറഞ്ഞു.” എടാ പടുവ വയറേ എന്റെ അപ്പനല്ല അവിടെ ആടിനെ വെച്ചിരിക്കുന്നത് മനുഷ്യന്റെ കയ്യില്‍ ഇവിടെ ഒരു സിഗററ്റ് വലിക്കാന്‍ പോലും കാശില്ല!”.. വയറു അടങ്ങി.പക്ഷെ മൂക്ക് അടങ്ങുന്നില്ല നശിച്ച മണം അത് വലിച്ചെടുക്കുന്നു.പാവം വയറിനെ കൊതിപ്പിക്കുന്നു. അയാള്‍ക്ക് വയറിനോട് വല്ലാത്ത സഹതാപം തോന്നി, ഒപ്പം മൂക്കിനോട് എന്തെന്നില്ലാത്ത ദേഷ്യവും. കോപത്തോടെ മൂക്ക് മുറിച്ചു കളയാനായി അയാള്‍ ഇമകള്‍ തുറന്നെഴുന്നേറ്റു.. കണ്ണുകള്‍ അയാള്‍ക്ക് അപ്രതീക്ഷിതമായത് കാട്ടികൊടുത്തു. മുന്‍പില്‍ ആട്ടിറച്ചിയും പത്തിരിയും. ആവി പോലും അതില്‍ നിന്നും പോകാന്‍ മടിക്കുന്നു. പെരിയാറിന്‍റെ ഒഴുക്കിനു ശക്തി പ്രാപിച്ചു. “ഉമ്മിച്ചി ഇതിവിടെ തരാന്‍ പറഞ്ഞു ഇന്ന് ഞങ്ങട പെര്ന്നാളല്ലേ”.. അമ്പരന്നു നിന്ന അയാള്‍ ആ പത്തുവയസ്സുകാരന്‍റെ പറ്റെവെട്ടി ഒതുക്കിയ കുറ്റിമുടി തലയില്‍ വാല്‍സല്യത്തോടെ, നന്ദിയോടെ തലോടി.
Generated from archived content: story1_july7_12.html Author: sivakumar