അവിവാഹിത
വാക്കും
മുളുകും
ചേർത്തുഴിഞ്ഞ്
അടുപ്പിലിട്ട
കവിതയിൽ നിന്നും
സം-ദുഷ്ടദാമ്പത്യം
പൊട്ടിപ്പൊരിയുമ്പോൾ
പാളംതെറ്റിയ
എക്സ്‌പ്രസ് വണ്ടിയിൽ
നിന്നുമൊരു
പാൻട്രികാർ മാത്രം
വൃത്തത്തെച്ചൊല്ലി
വ്യാകുലപ്പെടുന്നു…
“ഹെന്റെ വ്യാകുലമാതാവേ…”
കവയിത്രി
വ്യാമോഹക്കാഴ്‌ചകളുടെ
സൂര്യനൊപ്പം
നീതിയൊഴിയാത്ത
വേനൽവില്ലുകൾ
നെറുകയെത്തുളച്ച്
വാരിയെല്ലും തേടി
താഴോട്ട്
താഴോട്ട്
താഴോട്ട്…
ക്ഷീണത്തിന്റെ
മാലാഖമാർക്കൊപ്പം
സ്വപ്നങ്ങളെ
ആട്ടിയോടിച്ച്
സാന്ത്വനത്തിന്റെ
ഡയസിപ്പാം നുണഞ്ഞ്
ഞാനിനിയെങ്ങോട്ടൊക്കെ
തിരിഞ്ഞു കിടക്കണം…
കമിഴ്‌ന്നോ
മലർന്നോ
അതോ…
വിശുദ്ധ
നുകർന്ന
വാഴക്കൂമ്പുകളിലു-
ണങ്ങിയൊട്ടുന്നൊരു
അണ്ണാറക്കുറുമ്പ്..
ചുണ്ടുകളുടെ
നാനാർത്ഥങ്ങളിൽ
നാക്കിൻതുമ്പത്തൊരു
ഉടയാമുത്തം..
കാറ്റിലൊഴുകിപ്പരക്കുന്നൂ
നിർവൃതിയുടെ
സമുദ്രപ്പടർപ്പുകൾ…
വാനത്തിന്നറ്റത്തു
വിടർന്ന
മിൻസാരക്കുട-
യൊടുവിലഴിച്ച് വച്ച്
മയങ്ങുമ്പോൾ
കാഴ്‌ചയുടെ
ഖജൂരാഹോ പൂർണ്ണിമ…
രതിയുടെ
കൃഷ്ണനിലാവ്…
നിശ്ചലം…
നിരന്തം…
Generated from archived content: poem_moonnukavitha.html Author: sivakami