കുടുംബ ബന്ധങ്ങളിലെ കാണാച്ചരടുകള്‍‍

കുടുംബം കുടുംബമായി തീരുന്നത് ചില നിയമങ്ങളുടെ കാണാച്ചരടുകളിലൂടെയാണ്. മാതാപിതാക്കളും കുട്ടികളും അനുഷ്ഠിക്കേണ്ട നിയമങ്ങളുണ്ട്. മാതാപിതാക്കള്‍ അവരുടെ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് കുട്ടികള്‍ക്ക് വേഗം മനസ്സിലാകും. അതുകൊണ്ടു തന്നെ കുടുംബങ്ങളില്‍ കുഞ്ഞുങ്ങള്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുമുണ്ട്.

മാതാപിതാക്കള്‍ തങ്ങള്‍ക്ക് മാതൃകയല്ലെന്ന് കാണുമ്പോള്‍ കുട്ടികള്‍ നിയമം തെറ്റിക്കാന്‍ തുടങ്ങും. അതറിയാതെ കുട്ടികളെ തിരുത്താന്‍ ചെന്നാല്‍ കുഞ്ഞുങ്ങള്‍ അന്തം വിട്ടു കരയും. ആ കരച്ചിലിന്റെ പിന്നില്‍ കുട്ടിക്ക് കോപമുണ്ടെന്നറിയാതെ അമ്മ സഹതപിക്കുന്നു. ചിലപ്പോള്‍‍ വികാരം മൂര്‍ച്ഛിച്ച് കുഞ്ഞുങ്ങളുടെ ശിരസ്സില്‍ കുത്തിയും ഇടിച്ചും ദണ്ഡനമേല്‍പ്പിക്കുന്നു. അത് ഒന്നാന്തരം ശിക്ഷണമാണെന്ന് മാതാപിതാക്കള്‍ വിശ്വസിക്കുന്നു. ഇത്തരം ശിക്ഷകള്‍ കൊണ്ട് കുഞ്ഞുങ്ങള്‍ മോശക്കാരായിട്ടേയുള്ളു.

കുട്ടി അനുസരിക്കാത്തവനും ബഹുമാനമില്ലാത്തവനുമാണെങ്കിലും അമ്മ ശാന്തയും മൃദുല സ്നേഹത്തിന്റെ ഉടമയുമായി അവനെ തിരുത്തണം. കുട്ടികളുടെ തന്നിഷ്ടത്തിനു കീഴടങ്ങിക്കൂട. കുട്ടികളെ തിരുത്തുമ്പോള്‍ കുട്ടികള്‍ അവരുടെ ബുദ്ധി വൈഭവവും തന്ത്രവും സൂത്രവുമൊക്കെ പുറത്തെടുക്കുമെന്ന് മാതാപിതാക്കള്‍ തിരിച്ചറിയണം. കരച്ചിലാണ് കുഞ്ഞുങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രം. അവരുടെ വഴിക്കു തന്നെ പോകാന്‍ അവര്‍ കരഞ്ഞു കൊണ്ടേയിരിക്കും. നഴ്സറി സ്കൂളിലേക്ക് ആദ്യം വരുന്ന കുഞ്ഞുങ്ങളില്‍ പലര്‍ക്കും ഈ പ്രശ്നമുണ്ട്. ചില അമ്മമാര്‍ കുട്ടി കരഞ്ഞാലുടന്‍ തിരിച്ച് വീട്ടിലേക്കു കൊണ്ടൂ പോകും. മറ്റു ചിലര്‍ കരഞ്ഞാലും യാതൊന്നും അറിയാത്ത മട്ടില്‍ കുഞ്ഞിനെ സ്കൂളില്‍ ഉപേക്ഷിച്ചു പോകും. ഇതു രണ്ടും നന്നല്ല.

‘’ അയ്യയ്യോ എന്റെ കുഞ്ഞു കരഞ്ഞാല്‍ അതിന് ഏങ്ങല്‍ ഉണ്ടാകും. വായ് പിന്നെ അടക്കില്ല. നെറ്റി ചുളിക്കും. തുറിച്ചു നോക്കും. ശരീരം ഇളക്കും ചുഴലി പോലെ കാണിക്കും ‘’ അമ്മയെ ഭീക്ഷണിപ്പെടുത്തുന്ന കുഞ്ഞുങ്ങളുടെ ഈ അടവുകളെ അമ്മമാര്‍ ആരോഗ്യകരമായി മനസ്സിലാക്കേണ്ടതുണ്ട്.

കുഞ്ഞുങ്ങള്‍ കരയുന്നത് നല്ലതാണ്. കരയുന്നതു വഴി ശ്വാസകോശത്തിന്റെ ശക്തി കൂടുകയേയുള്ളു. കരഞ്ഞു കരഞ്ഞ് കുഞ്ഞ് മനസിലാക്കാന്‍ തുടങ്ങും. ആദരിക്കാനും അനുസരിക്കാനും തനിക്ക് ചില നിയമങ്ങള്‍ ഉണ്ടെന്ന്. താന്‍ പിടിക്കുന്നിടം ജയിക്കാന്‍ പോകുന്നില്ലെന്നും അനുഭവത്തില്‍ നിന്നും മനസിലാകും.

സ്വന്തം കാര്യം കാണാന്‍ കരയുന്ന കുട്ടി അതിലൂടെ ജയിച്ചാല്‍ അവരെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ പ്രയാസമായിരിക്കും. തക്കസമയത്ത് അറിയിച്ചു കൊടുക്കേണ്ടത് കൊടുത്തില്ലെങ്കില്‍ അവര്‍ മാതാപിതാക്കള്‍ക്കെതിരെ പ്രതികരിച്ചെന്നു വരും. തക്ക സമയത്ത് സമുചിതമായി മാത്രം നല്‍കേണ്ട ഒന്നാ‍ണ് ശിക്ഷണം.

ഏതു ശാസ്ത്രീയാടിസ്ഥാനത്തിലാണെന്നൈഞ്ഞു കൂടാ കുഞ്ഞുങ്ങളെ ശാസിക്കേണ്ട, പരീക്ഷിക്കേണ്ട, പഠിപ്പിക്കേണ്ട, സ്കൂളുകളില്‍ ആരേയും തോല്പ്പിക്കേണ്ട എന്നൊക്കെയുള്ള പുതിയ പരിഷ്ക്കാരം കൊണ്ടു വന്നിരിക്കുന്നത് . പരിണിതഫലം ഇപ്പോള്‍ തന്നെ കാണുന്നുണ്ട്. ഗവണ്മെന്റ് എയ്ഡഡ് സ്കൂളുകളില്‍ ഒന്നാം ക്ലാസ്സില്‍ കുട്ടികള്‍ ചേരുന്നതേയില്ല. കുഞ്ഞുങ്ങളെ കയറൂരിവിടാന്‍ ബോധമുള്ള മാതാപിതാക്കള്‍ സമ്മതിക്കുകയില്ല. മൃഗസമാനമായ ശിശുവിനെ മാനുഷികതയിലേക്കു വളര്‍ത്തുക എന്ന ശ്രമകരമായ പരിശീലനം ഓരോ കുട്ടിക്കും കമ്പ്യൂട്ടര്‍ കൊടുത്ത് നേടാവുന്നതല്ല. അത്തരം വിദ്യാഭ്യാസം മനസാക്ഷിക്കു മേല്‍ 51 വെട്ടുകളല്ല നൂറു വെട്ടുകൊണ്ട് അറഞ്ഞു വീഴ്ത്തുന്ന കിരാതന്മാരെ സൃഷ്ടിക്കാനേ ഉതകൂ.

ക്വട്ടേഷന്‍ സംഘം എന്ന പേരില്‍ അറിയപ്പെടുന്നവരില്‍ അധികവും യുവാക്കളാണ്. അമ്മമാരില്‍ നിന്നു ജനിച്ചവരാണ് അവര്‍ . എന്തുകൊണ്ട് അധോലോകത്തിലും മതതീവ്രവാദികളുടെ വലയിലും‍ അവര്‍ പെട്ടു പോകുന്നു.

കെട്ടുറപ്പും ഭദ്രതയുമില്ലാത്ത കുടുംബമാണ് അവരെ അവിടെ എത്തിക്കുന്നതെന്ന് ഒറ്റവാചകത്തില്‍ പറയാം. തങ്ങള്‍ ജനിപ്പിച്ചു വളര്‍ത്തുന്ന കുഞ്ഞുങ്ങള്‍ മാതാപിതാക്കളുടെ നിരോധനാജ്ഞകളും ശാസനകളും കല്‍പ്പനകളും അനുസരിക്കാന്‍ തക്കവിധം സ്നേഹത്തിലും ആരോഗ്യകരമായ ചുറ്റുപാടുകളിലുമാണ് വളരേണ്ടത്. അത്തരം ചുറ്റു പാടുകളില്‍ വളര്‍ത്തിക്കൊണ്ടു വന്നാല്‍ ഭാവിയില്‍ അവര്‍ മാതാപിതാക്കളെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യും. തങ്ങളെ നന്നായി വളര്‍ത്തിക്കൊണ്ടു വരാന്‍ ത്യാഗമനുഷ്ഠിക്കുകയും ക്ഷമയോടെ വര്‍ത്തിക്കുകയും ചെയ്യുന്ന മാതാപിതാക്കളെക്കുറിച്ച് അഭിമാന പുളകിതരാവുകയും ചെയ്യും.

Generated from archived content: essay1_july26_13.html Author: sister_merijain

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English