ഒരാള്‍ മറ്റൊരാളോടൂ പറഞ്ഞു ‘’ നീ വല്ലാതെ ക്ഷീണിച്ചു പോയല്ലോ’‘ ഞൊടിയിടയില്‍ അയാളുടെ നാഢീ ഞരമ്പുകളില്‍ അത് രേഖപ്പെടുത്തി. അതിന്റെ ആവേഗം അയാളുടെ ശരീരമാസകലം വ്യാപിച്ച് തളര്‍ച്ച ബാധിച്ചു.
ഒരു പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ‘’ നിങ്ങളുടെ പരിപാടി എക്സ്ട്രാ ഫൈന്‍ ആയിരുന്നു കോട്ടോ’‘ എന്ന അഭിന്ദനം. ആ പ്രത്യയന ശക്തികള്‍ക്കും അയാള്‍ ഇരയായി പെട്ടന്ന് മനസ്സില്‍ സന്തോഷത്താല്‍ നിറഞ്ഞു.
പുറത്തുണ്ടാകുന്ന ഏതൊരു ഉദ്ദീപനവും ഭീമാകാരമായ പര്‍വ്വതം പോലെ അല്ലെങ്കില്‍ കടലിലെ തിരമാല പോലെ വളര്‍ന്നേക്കാം. നമുക്കെല്ലാം അനുഭവമുള്ളതാണ് ഇതെല്ലാം.
നമ്മുടെ കേന്ദ്ര നാഡീവ്യൂഹമായ തലച്ചോറിലെ കോശങ്ങളിലാണ് സര്‍വ്വവിചാരങ്ങളുടേയും ഉണരല്‍ പ്രക്രിയ സംഭവിക്കുന്നത്. ഈ നാഡീവ്യവസ്ഥ ശരീരത്തിന്റെ ഓരോ അണുകോശങ്ങളിലും അവയവങ്ങളിലും കൂടിക്കിടക്കുന്നു. അതുകൊണ്ട് ശിരസിലുണ്ടാകുന്ന എല്ലാ തരംഗങ്ങളും ശരീരം ആസകലം ബാധിക്കുന്നു. ഓരോ അണുകോശങ്ങള്‍ക്കും അതിന്റേതായ ചെറിയ അവബോധമുണ്ട്. അതുകൊണ്ട് നമ്മുടെ തലച്ചോറില്‍ നിന്ന് ആരോഗ്യത്തിന്റെയും പൂര്‍ണ്ണതയുടെയും ചിന്തകള്‍ സംപ്രേക്ഷണം ചെയ്താല്‍ അത് ശരീരത്തിലുള്ള ഓരോ കോശത്തേയും, സ്വാധീനിക്കുകയും ഗുണപരമായ ഉത്തേജനം നമ്മില്‍ ഉളവാക്കുകയും ചെയ്യുന്നു.
ഓരോ നാഢീകോശത്തിലും നാഡി അവബോധമുണ്ട്. അതുകൊണ്ട് നമ്മുടെ ചിന്തകള്‍ക്ക് ശരീരമാസകലം വ്യാപിക്കാനും സ്വാധീനിക്കാനും ബാധിക്കാനും കഴിവുണ്ട് എന്നു മനസിലാക്കുക. ചിന്തകള്‍ സാത്വികമാകുന്തോറും നമ്മുടെ അവബോധം ഉന്നത തരംഗ മണ്ഡലത്തിലേക്ക് ഉയരും. എന്നാല്‍ മറിച്ചായാലോ?
ഒരു കേസ് ഓര്‍മ്മയില്‍ തെളിയുന്നു. ആസ്തമ രോഗിയായ ഒരു പത്തുവയസുകാരനെ ചികിത്സിച്ചു മടുത്ത മാതാപിതാക്കള്‍ കുട്ടിയെ ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറെ കാണിച്ചു. ഓപ്പറേഷന്‍ വേണം. ഹാര്‍ട്ടിനാണ് പ്രശ്നം എന്ന് അദ്ദേഹം കണ്ടു പിടിച്ചു. മരുന്നു കഴിക്കുക മൂന്നുമാസത്തിനുള്ളില്‍ ഓപ്രേഷന്‍ നടത്തണം എന്ന് നിര്‍ദ്ദേശിച്ച് പറഞ്ഞയച്ചു.
കുട്ടി മരുന്നു കഴിച്ചുകൊണ്ടിരുന്നു. മരുന്ന് കുറച്ച് ആശ്വാസം നല്‍കി. ഒരു ദിവസം രാത്രി അച്ഛനും അമ്മയും തമ്മില്‍ ഒരു സംഭാഷണം നടന്നു ‘’ നമ്മുടെ മോന് ഹാര്‍ട്ട് ഓപ്രേഷന്‍ ചെയ്യാന്‍ നമുക്കെവിടെ പണം? ഈ വീടും കൂടും വിറ്റാല്‍ പോലും പണം തികയില്ല. എന്നു മാത്രമല്ല ഓപ്രേഷന്‍ വിജയിക്കും എന്നതിന് എന്താണുറപ്പ്’‘?
കുട്ടി ഉറങ്ങിയിരുന്നില്ല. അവന്‍ മാതാപിതാക്കളുടെ ഈ സംസാരം കേട്ടു. ശാന്തമായി കിടന്നിരുന്ന അവന്റെ ശ്വാസം മുട്ടല്‍ വര്‍ദ്ധിച്ചു. നേരം പുലരും മുന്‍പേ അവനെയും കൊണ്ട് വീണ്ടും ഹോസ്പിറ്റലില്‍ പോകേണ്ടി വന്നു. കുട്ടിയെ ഐ. സി. യു വില്‍ പ്രവേശിപ്പിക്കപ്പെട്ടു.
മാതാപിതാക്കളുടെ നിഷേധാത്മക ചിന്തകള്‍ വാഗ് രൂപമായി കുട്ടിയുടെ അവബോധ തലങ്ങളിലേക്ക് തുളച്ചു കയറി. നിയന്ത്രണമില്ലാതെ അത് ചലിച്ചു. അതവന്റെ അന്തസത്തയെ പോലും ബാധിച്ചു. അത് രോഗമൂര്‍ച്ഛയ്ക്ക് കാരണമായി. ജീവിക്കാന്‍ ഇനി സാധ്യതയില്ല. സുഖപ്പെടാന്‍ മാര്‍ഗ്ഗമില്ല. ചികിത്സിക്കാന്‍ പണമില്ല. സഹായിക്കാന്‍ ആരുമില്ല. ഇത്തരം നിഷേധ ചിന്തകള്‍ എത്രയധികമായി ഉള്ളിലൂടെ കടന്നു പോകുന്നുവോ അത്രയും കൂടുതല്‍ ഊര്‍ജ്ജം സ്വീകരിച്ച് അത് വളര്‍ന്നു കൊണ്ടിരിക്കും.
ചിന്തകളെ മനസിലിട്ട് ഓരോ തവണയും താലോലിക്കുമ്പോള്‍ ഓരോ വാങ്മയ ചിത്രവും വളരുകയും അതൊരു വലിയ ഊര്‍ജ്ജമണ്ഡലമായി തീരുകയും ചെയ്യുമെന്ന കാര്യം നാം അറിയാതെ പോകരുത്. നിന്റെ വീഴ്ചയ്ക്ക് കാരണം കര്‍ത്താവാണെന്ന് പറയരുത്.
നമ്മുടെ എത്രമാത്രം ചിന്തകള്‍ സാത്വികമാകുന്നുവോ അത്രമാത്രം നമ്മുടെ അന്തരാത്മാവും ശരീരവും ശുദ്ധീകരിക്കപ്പെടും. ചിന്ത എപ്പോഴും ഭാവാത്മകമാകണമെന്നില്ല. ഭാവാത്മകമാക്കുവാന്‍ അത്ര എളുപ്പവുമല്ല. ആരോഗ്യകരമായ ജീവിതത്തിന് അങ്ങനെ ചെയ്തേ പറ്റു. അതിന് ഒത്തിരി ഇച്ഛാശക്തിയും ധ്യാനവും വേണം. നമ്മില്‍ കുടി കൊള്ളുന്ന ദൈവിക ചൈതന്യത്തെ നാം ആരാധിക്കണം. ഈ ബഹുമാനം നമ്മുടെ ഇരുപ്പിലും നടപ്പിലും ചേഷ്ഠകളിലുമെല്ലാം പ്രതിഫലിക്കണം. എന്റെയുള്ളില്‍ ദൈവമുണ്ട്, ഞാന്‍ ദൈവപുത്രനാണ്/ പുത്രിയാണ് എന്റെ നാമം ദൈവത്തിന്റെ ഉള്ളം കയ്യില്‍ കോറിയിട്ടിരിക്കുന്നു നീ എനിക്ക് പ്രിയങ്കരനും ബഹുമാന്യനും അമൂല്യനുമാണ് നീ എന്റെ പ്രിയങ്കരനും ബഹുമാന്യനും അമൂല്യനുമാണ്. നീ എന്റേതാണ് എന്റെ സ്വന്തം ഇങ്ങനെ എത്രയോ മനോഹരമായ വാക്യങ്ങള്‍ ഉണ്ട് ബൈബിളില്‍. അവ ഹൃദിസ്ഥമാക്കുകയും അത് ബോധപൂര്‍വ്വം ഉരുവിടുകയും ചെയ്യുമ്പോള്‍ അറിയാതെ നമ്മിലെ ആന്തരികഘടന സമതുലിതമാകുന്നതും ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതും നാം അറിയും.
നാം രോഗിയാണ് ദുര്‍ബലനാണ് ബലഹീനനാണ് കഴിവില്ല ശക്തിയില്ല പാപിയാണ് തുടങ്ങിയ നിഷേധനിലപാടുകളിലാണ് നാം ഉറച്ചു വിശ്വസിക്കുകയും പറയുകയും ചെയ്യുന്നതെങ്കിലോ, സ്വന്തം അസ്തിത്വം തന്നെയും ദൗര്‍ലബ്യങ്ങളുടേയും തെറ്റു കുറ്റങ്ങളുടേയും ഒരു ചവറ്റുകൂടയായി തീരുന്നു.
നാം ദൈവത്തിന്റെ പുത്രനാണ്/ പുത്രിയാണ് എന്ന അവബോധം നമ്മില്‍ സജീവമായാല്‍ നാം ആ മഹോന്നത സ്നേഹ ശക്തിയില്‍ നിലനില്‍ക്കും. മനസ്സിലും വാക്കിലും കര്‍മ്മത്തിലും അത് പ്രതിഫലിക്കും. അപ്പോള്‍ നാം കൂടുതല്‍ ഊര്‍ജ്ജ്വസലരും ശക്തരുമാകും. ശരീരകോശങ്ങളില്‍ തന്നെ വ്യതിയാനമുണ്ടാകും. രോഗത്തിന്റെ സ്ഥാനത്ത് ആരോഗ്യമുണ്ടാകും. കഷ്ടതകളുടെ ഗുഹകളില്‍ നിന്ന് സാവധാനം നാം മോചിതരാവുകയും ചെയ്യും.
Generated from archived content: essay1_feb15_13.html Author: sister_merijain