ഉണ്ടോ നമുക്ക് ധൈര്യം?

ശ്വാസം കഴിച്ചും ഭക്ഷണം കഴിച്ചും വെറുതെ നടക്കുന്നവരുണ്ട്. ആത്മീയമായി മരിച്ചവരാണ് അവര്‍. ജീവിതത്തില്‍ ചെറിയ പ്രശ്നമുണ്ടായാല്‍ അതുപോലും കൈകാര്യം ചെയ്യാതെ അങ്ങുനടക്കും. ഇവരെ ഭീരുക്കള്‍ എന്നു വിളിക്കാമെന്നു തോന്നുന്നു. ക്രിസ്തുവിന്റെ അനുയായികള്‍ ഭീരുക്കളാകുന്നതാണ് ഇന്നത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം.

ഒരു പഴമൊഴിയുണ്ട്. പ്രകൃതി നിന്റെ നേര്‍ക്ക് ഒരു വാള്‍ എറിയുന്നു. ആ വാള്‍ നിനക്ക് രണ്ടുവിധത്തില്‍ പിടിച്ചെടുക്കാം. ഒന്നുകില്‍ വാളിന്റെ ബ്ലേഡില്‍. അതല്ലങ്കില്‍ ‍ കൈപ്പിടിയില്‍. കൈപ്പിടിയില്‍ പിടിച്ചു വാള്‍ സ്വന്തമാക്കിയാല്‍ പ്രയോജനകരമായ ഒരു ഉപകരണമാക്കാം. അതില്‍ ഒരു സാഹസികതയുണ്ട്. ബ്ലേഡിലാണ് പിടിക്കുന്നതെങ്കില്‍ കൈമുറിയും.

ക്രിസ്തുവിന്റെ സൗന്ദര്യത്തിലും ക്രിയാത്മകതയിലുമാണ് ക്രിസ്ത്യാനി പങ്കു ചേരേണ്ടത്. ആര്‍ദ്രഭാവനായ ക്രിസ്തുവിന്റെ ഒരു സവിശേഷതയാണ് ക്രിയാത്മകത. ഒരാളുടെ മിടുക്കും സാമര്‍ഥ്യവും കൊണ്ട് സഹജമായി എന്തെങ്കിലും നന്മ ചെയ്യുക എന്ന അര്‍ത്ഥത്തിലല്ല ക്രിയാത്മകതയെ കാണേണ്ടത്. അത് അയാളുടെ ഭാവനയും ഉള്‍ക്കാഴ്ചയും ആന്തരികപ്രചോദനങ്ങളും സംശ്ലേഷിക്കുന്നതിനുള്ള കഴിവാണ്. ഇത് ദൈവിക പ്രവൃത്തിയുടെ ഫലവും ഹൃദയത്തിന്റെ നിലപാടുമാണ്.

ദൈവത്തിന്റെ ക്രിയാത്മക പ്രവര്‍ത്തനത്തില്‍ കൂട്ടാളിയാകുവാന്‍ അതിശക്തമായ ഒരു ഭാവാത്മക ഉപകരണമാണ് ധൈര്യം. അതൊരു ആത്മീയഗുണം തന്നെയാണ്. ബാഹ്യ ചുറ്റുപാടുകള്‍ക്കതീതമായി അവരുടെ ഉള്ളിലെ വിശ്വാസപ്രമാണങ്ങളില്‍ അഗാധമായി വിശ്വസിക്കുന്നു. ജീവിതത്തിന്റെ എന്തെങ്കിലും എവിടെയെങ്കിലും എത്തിക്കുന്നതും ആത്മാവിന്റെ വിശിഷ്ടദാനമായ ധൈര്യം കൊണ്ടാണ്. ധൈര്യം സാഹസികത ഏറ്റെടുക്കുന്നു. എന്തും വരട്ടെ എന്നു കരുതി അറിഞ്ഞുകൂടാത്തതിലേക്കും ഇറങ്ങിച്ചെല്ലുന്നു. തടസ്സങ്ങളുണ്ടാകാം. എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഉണ്ടാകാം അവയെ ആത്മവിശ്വാസത്തോടെ നേരിടും.

ധൈര്യത്തിന്റെ ഒരുപാടു മുഖങ്ങളുണ്ട്. സ്വപ്നം കാണുന്ന മുഖം , യാഥാര്‍ത്യങ്ങളെ നേരിടുന്ന മറ്റൊരു മുഖം അത് ദയ കാണിക്കുകയും സം രക്ഷിക്കുകയും ചെയ്യുന്നു. പഠിക്കുന്ന മുഖവും പഠിപ്പിക്കുന്ന മുഖവുമതിനുണ്ട്. അഭിമുഖീകരിക്കുകയുംചെയ്യും അഭിമുഖീകരിപ്പിക്കുകയും ചെയ്യും ദേഷ്യപ്പെടുകയും മാപ്പുചോദിക്കുകയും ചെയ്യുന്ന മറ്റൊരു മുഖം. ബോധ്യങ്ങളില്‍ ഉറപ്പും തെറ്റായ ബോധ്യങ്ങളെ വെല്ലുവിളിക്കുകയും ചെയ്യും. അത് സംസാരിക്കുകയും ഒപ്പം ശ്രവിക്കുകയും ചെയ്യും. സ്നേഹിക്കുന്ന മുഖവും അവഗണിക്കപ്പെടുന്ന മുഖവും ധൈര്യത്തിനുണ്ട്. യഥാര്‍ത്ഥ വിമര്‍ശനങ്ങളെ നേരിടാനുള്ള കഴിവിനേയും ധൈര്യമെന്നു വിളിക്കാറുണ്ട്. നമ്മുടെ സ്വത്വത്തെ പരിമിതപ്പെടുത്തുന്ന വിശ്വാസസംഹിതകള്‍ , തെറ്റായ ബോധ്യങ്ങള്‍, തിളയ്ക്കുന്ന സ്വാര്‍ത്ഥത, ഒഴികഴിവുകള്‍, ദോഷൈക ദൃഷ്ടി, തുടങ്ങിയവയെ വെല്ലുവിളിക്കാനും കീഴ്പ്പെടുത്താനും ധൈര്യത്തിനേ കഴിയു. തനിച്ചു നില്‍ക്കേണ്ടിവന്നാലും സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുവാന്‍ യഥാര്‍ത്ഥ ധൈര്യം സഹായിക്കുന്നു.

ക്രിസ്തുവിന്റെ അനുയായി എന്ന നിലയില്‍ ജീവിക്കുവാന്‍ ഒരു പടയാളിയുടെ ധൈര്യം തന്നെ വേണം . ധീരോത്തരായ ആളുകളുടെ പെരുമാറ്റങ്ങള്‍ ആരെയാണ് ആകര്‍ഷിക്കാത്തത്? പരസ്പരം ചെളി വാരിയെറിയുന്ന ഇന്നത്തെ ചാനല്‍ ‍ധൈര്യക്കാരെയല്ല ഉദ്ദേശിക്കുന്നത്. യേശുക്രിസ്തുവിനെ, മഹാത്മഗാന്ധിയെ, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെയൊന്നും ആരും തള്ളിപ്പറയില്ല. അനീതിക്കും ഹിംസക്കുമെതിരെ ജീവന്‍ ഹോമിച്ച അവര്‍ ജനഹൃദയങ്ങളില്‍ ഇന്നും ആരാധനയായി നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ ക്രിസ്തു പോലും ക്രൈസ്തവനെ സ്വാധീനിക്കാതെ പോകുന്നു. കാരണം ക്രിസ്തുവിന്റെ രക്ഷ അനുഭവിച്ചിട്ടില്ല എന്നതു തന്നെ. ഇപ്പോഴും അരക്ഷിതാവസ്ഥയിലാണ്. ക്രിസ്തുവല്ല: ഭീരുത്വമാണ് നമ്മെ ഭരിക്കുന്ന ത്. അധികാരവും ബലവും പ്രയോഗിക്കുന്നതും നിഷ്കളങ്കരെ അടിച്ചമര്‍ത്തുന്നതും ധൈര്യം കൊണ്ടല്ല . സ്വന്തം അരക്ഷിതാവസ്ഥ മൂടി വയ്ക്കാനുള്ള തന്ത്രമാണ്. അതാകട്ടെ, ഭീരുത്വവും. ക്രിസ്തുവില്‍ മുന്നോട്ടു പോകണമെങ്കില്‍ ധൈര്യമെന്ന ആത്മീയ ഗുണം ആര്‍ജ്ജിച്ചെടുക്കണം. അതൊരിക്കലും ഒരു മരീചികയല്ല. ജീവിതത്തെ സമഗ്രതയില്‍ കൊണ്ടുപോകുവാന്‍ അത് ഒരുവനെ ശക്തിപ്പെടുത്തുന്നു. ധൈര്യവും തീരുമാനമെടുക്കാനുള്ള കഴിവും അവനെ ഡ്രൈവറുടെ സീറ്റിലിരുത്തുന്നു. ജീവിതത്തെ മുന്നോട്ടു നയിച്ചുകൊണ്ടുപോകുവാന്‍ നിങ്ങള്‍ യോഗ്യരാണെന്ന് വിശ്വസിക്കണം. ധൈര്യമില്ലാത്ത മനുഷ്യരെ ആരും ആദരിക്കുകയില്ല. സ്വന്തം അഭിമാനം നഷ്ടപ്പെട്ടതായി അനുഭവപ്പെടും ജിവിതത്തിന്റെ ചുറ്റുപാടുകളില്‍ അവരുടെ പ്രതികരണങ്ങള്‍ ഭീരുവിന്റേതായിരിക്കും. ഒരാത്മ പരിശോധന നമുക്കാവശ്യമാണ്. ക്രൈസ്തവര്‍ക്ക് പ്രതികരണശേഷി കുറഞ്ഞു വരുന്നു. സമകാലീക സമൂഹം ക്രൈസ്തവരെ എങ്ങനെകാണുന്നു ? നമ്മുടെ ആത്മശക്തി, ധൈര്യം എന്നിവയ്ക്ക് സാക്ഷ്യമെങ്ങനെ? ഏതൊരുവിശ്വാസപ്രമാണങ്ങളും സ്വാധീനിക്കപ്പെട്ടാല്‍ വിജയകരമായി മുമ്പോട്ടുകൊണ്ട് പോകാന്‍ ധൈര്യം ആവശ്യമാണെന്നു വീണ്ടും ആവര്‍ത്തിക്കട്ടെ. ജീവിതത്തില്‍ പ്രതികൂലങ്ങളും അശാന്തങ്ങളുമായ സാഹചര്യങ്ങളെ നേരിടാന്‍ ധൈര്യം കൂടെ വേണം. ആ ധൈര്യം അവനെ ക്ഷമാശീലനാക്കും

പതിവുശീലങ്ങളും ചട്ടങ്ങളും ചടങ്ങുകളുമായി ജീവിക്കുന്നവര്‍ക്ക് ധൈര്യം ആവശ്യമില്ല. അവര്‍ക്ക് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ മനസിലാക്കാനോ അംഗീകരിക്കാനോ കഴിയുന്നതല്ല. യാഥാര്‍ത്ഥ്യങ്ങളെ നേരിടേണ്ടി വരുമ്പോള്‍ അത് കീഴ്മേല്‍ മറിച്ചേക്കാം. ബുദ്ധിമുട്ടുണ്ടാക്കിയേക്കാം . പക്ഷെ അവിടെയൊക്കെ ധൈര്യപൂര്‍വം നേരിടുന്ന ഒരു സ്വഭാവം ബോധപൂര്‍ വം സൃഷ്ടിച്ചെടുക്കുന്നില്ലെങ്കില്‍ ക്രിസ്ത്യാനിയാണെന്ന സ്വാഭിമാനം നഷ്ടപ്പെടും. ജീവിതം പരാജയത്തിന്റെ ദൂഷിത വലയത്തില്‍ പെടുമെന്ന് ഉറപ്പാണ്.

ഭയം, അപകടം, അനീതി, ദൗര്‍ഭാഗ്യം എന്നിവയെ കീഴടക്കുന്ന ധൈര്യമെന്ന ആത്മീയ ശക്തിയില്ലാത്തതു കൊണ്ടല്ലേ അരക്ഷിതാവസ്ത്ഥകളുണ്ടാകുമ്പോഴേ നാളിതുവരെ കാത്തുപോന്നിരുന്ന സകല വിശ്വാസങ്ങളില്‍ നിന്നും വ്യതി ചലിക്കുന്നത്. എത്രയോ നാളായി എന്റെ മോന്‍ മാറാരോഗത്താല്‍ ക്ലേശിച്ചിരുന്നു. എന്റെ ഭര്‍ത്താവിന്റെ കടബാധ്യതയും ഞങ്ങള്‍ ആ സാറിന്റെ ഈ സാറിന്റെയൊക്കെ പ്രാര്‍ത്ഥനകള്‍ക്ക് പോയി.എന്റെ മോന്റെ രോഗവും മാറി ഞങ്ങളുടെ കടബാദ്ധ്യതയും നീങ്ങി. ഞാനും എന്റെ കുടുംബവും അമ്പതു വര്‍ഷക്കാലം വിശ്വസിച്ചിരുന്ന പ്രമാണങ്ങളും ആ സമൂഹവും ഉപേക്ഷിക്കുന്നു. ഇതിന്റെ പേരാണോ ധൈര്യം? ഇന്ന് സഭാമക്കള്‍ക്ക് ലഭിക്കുന്ന ഇത്തരം ധൈര്യം ദൈവത്തില്‍ നിന്നോ അതോ സാത്താനില്‍ നിന്നോ ? ജീവിതത്തിന്റെ ഏത് അവസ്ഥകളിലും അരക്ഷിതാവസ്ഥയുണ്ടാകും വ്യതിചലിക്കാതെ നില്‍ക്കാന്‍ ദൈവദത്തമായ ധൈര്യം പരിശീലിക്കണം. പതിവുശീലങ്ങളും ചട്ടങ്ങളും ചടങ്ങുകളുമായി ജീവിക്കാന്‍ ധൈര്യം ആവശ്യമില്ല. അവര്‍ക്ക് ജീവിതത്തിന്റെ പച്ച യാഥാര്‍ത്ഥ്യങ്ങളെ മനസിലാക്കാനോ അംഗീകരിക്കാനോ കഴിയുന്നതല്ല. യാഥാര്‍ത്ഥ്യങ്ങളെ നേരിടേണ്ടി വരുമ്പോള്‍ അത് കീഴ്മേല്‍ മറിച്ചേക്കാം. ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. പക്ഷെ, അവിടെയൊക്കെ ധൈര്യപൂര്‍വ്വം നേരിടുന്ന സ്വഭാവം ബോധപൂര്‍വ്വം സൃഷ്ടിച്ചെടുക്കുന്നില്ലെങ്കില്‍ നമ്മുടെ സ്വാഭിമാനം നഷ്ടപ്പെടും. ജീവിതം പരാജയത്തില്‍ കൂപ്പുകുത്തുമെന്നതും ഉറപ്പ്.

Generated from archived content: essay1_dec23_11.html Author: sister_merijain

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English