നിശബ്ദതാഴ്വരയുടെ വൈവിധ്യങ്ങളിലൂടെ

നനവ് വഴിയുന്ന വഴിയേ നനുത്ത കാറ്റ് വീശുന്നു. വിവാദങ്ങളാകെ നിശബ്ദമാക്കിയ താഴ്വരയില്‍ നിന്നാണത് നാട് ശ്വസിക്കുന്നതിനു കാരണമാകുന്നൊരു കാട്. നിത്യഹരിതനായകനായ സൈലന്റ് വാലി ദേശീയോദ്യാനം പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട്ടു നിന്ന് അട്ടപ്പാടി റൂട്ടില്‍ മുക്കാലിയിലേക്കുള്ള ദൂരം 20 കിലോ മീറ്റര്‍. പ്രകൃതിയുടെ സുന്ദരദൃശ്യങ്ങളെ കണ്‍കുളിര്‍ക്കെ ആസ്വദിച്ച് വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡിലൂടെ മുക്കാലി ഫോറസ്റ്റ് ഓഫീസിലെത്തുമ്പോള്‍ കാറുകള്‍ക്ക് ഇനി വനസൗന്ദര്യം കാണുവാന്‍ ഭാഗ്യമില്ലെന്നു വിളിച്ചോതിക്കൊണ്ട് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വക ജീപ്പ് കാത്തുകിടപ്പുണ്ടാകും. മുക്കാലി ഫോറസ്റ്റ് ഓഫീസില്‍ നിന്നും സൈലന്റ് വാലിയിലേക്കുള്ള 23 കിലോമീറ്റര്‍ യാത്ര ജീപ്പിലാണ്.

പ്രകൃതിയുടെ മനോഹര ദൃശ്യാനുഭവത്തിനായി പ്രവേശനപാസ്സെടുത്ത് മുന്നോട്ടു പോകുമ്പോള്‍ ആദ്യം കാണുന്നതു വനപ്രദേശമല്ല. കരുവാരക്കോളനിയും , ഫാമുകളും, കാപ്പി, യൂക്കാലി, തേക്ക് തോട്ടങ്ങളും സമാന്തരമായി തെക്കോട്ടു ചരിഞ്ഞിറങ്ങുന്ന രണ്ട് നദീതാഴ്വാരങ്ങളാണ് സൈലന്റ് വാലിയുടെ പ്രധാനഭാഗം . ഭവാനിപ്പുഴയുടെ താഴ്വാരമാണ് കിഴക്ക്, പടിഞ്ഞാറ് കുന്തിപ്പുഴയുടെ താഴ്വാരം. കിലോമീറ്ററുകള്‍ പിന്നിട്ട് കൊടും കാട്ടിലൂടെ അനേകകാതം മുന്നേറിയിട്ടും യഥാര്‍ത്ഥ സൈലന്റ് വാലി ആയിട്ടില്ല. ഇതൊക്കെ ബഫര്‍സോണിന്റെ പരിധിയില്‍ വരുന്ന പുറം കാടുകള്‍ . ഇവിടെയെത്തുമ്പോള്‍ കിളികളുടെ കളകൂജനവും വെള്ളച്ചാട്ടത്തിന്റെ ഇരമ്പലുമെല്ലാം കാതുകള്‍ക്കിമ്പമാകുന്നു. ശ്രവണത്തിന്റെ മധുരിമയില്‍ മുമ്പോട്ടു നീങ്ങുമ്പോള്‍ നയമനോഹരമായ കാഴ്ച പ്രകൃതി ജലത്തുള്ളികളുടെ പെരുമയില്‍ നമുക്കായി ഒരുക്കുന്നു. ഇരുപത്തിമൂന്നു വെള്ളച്ചാട്ടമെന്നാണ് പേര്‍ . അങ്ങ് മുകളില്‍ നിന്ന് മലകളെ തഴുകി വരുന്നൊരു കുളിര്. വെള്ളത്തുള്ളികള്‍ മുഖത്തേക്കിറ്റിക്കുമ്പോള്‍ പ്രകൃതിയുടെ നനവ് ഹൃദയം തൊടുന്നു. കാട്ടിടവഴിയിലൂടെ മുമ്പോട്ടുള്ള യാത്രയില്‍ വഴിയിലാകെ മുള്ളന്‍ ചക്കയുടെ അവശിഷ്ടങ്ങള്‍. സിംഹവാലന്‍ കുരങ്ങുകളുടെ ഇഷ്ടഭക്ഷണമാണിത്. ആനക്കൂട്ടം പോയതിന്റെ അടയാളങ്ങളും കാണാം. വല്ലവിധേനേയും വള്ളികളിലൊക്കെ പിടിച്ച് ബാലസ് ചെയ്ത് വെള്ളച്ചാട്ടത്തിന്റെ അരികിലെത്തുമ്പോള്‍ , ജീവിതകാലം മുഴുവന്‍ ഇതു കണ്ടു ചുമ്മാ നിന്നാലെന്തെന്നു വരെ തോന്നിപ്പോകും വശ്യവസൗന്ദര്യം അത്രയേറെ. മഴക്കാലത്താണെങ്കില്‍ വിശ്വരൂ‍പം പേടിപ്പിക്കുന്നതാകും. ഇരു കര മുറ്റി കുത്തിയൊഴുകിയൊരു വരവുണ്ട്… പുറം കാട് അവസാനിക്കാറായി ഇനി സൈലന്റ് വാലിയുടെ കോര്‍ ഏരിയായിലേക്കു പ്രവേശിക്കുകയാന്.

സ്വാഗതം , സൈലന്റ് വാലിയിലേക്ക്

സൈലന്റ് വാലിയിലേക്കുള്ള സ്വാഗതകമാനം ഇരുവശത്തും കാടുവളര്‍ന്ന് ഇപ്പോള്‍‍ റോഡിലേക്ക് ഇറങ്ങി വരുമെന്നു തോന്നും. പ്രകൃതിയുടെ ശാന്തപ്രകൃതം ഉറയുന്നൊരു കാലാവസ്ഥ. ഈ ദേശീയോദ്യാനത്തിനു നിറം മാറുന്ന സ്വഭാവമില്ല എന്നും പച്ച പുതച്ചു നില്‍ക്കും. മഴക്കാടുകളുടെ മായാജാലം. ഇല പൊഴിഞ്ഞു നിലത്തു വീണതിനു ശേഷം മാത്രമേ ഉണരൂ ഇവിടെ നിന്നും സൈരന്‍ഡ്രിയിലേക്ക് ഒരു കിലോ മീറ്റര്‍ ദൂരം. . ഇവിടെ നിന്നാണ് സൈലന്റ് വാലിയുടെ പ്രധാന ഭാഗം തുടങ്ങുന്നത്. നീട്ടിയൊരു ശബ്ദം സഹജീവികള്‍ക്കു മലയണ്ണാന്‍ വക മുന്നറിയിപ്പാണ്. അപരിചിതര്‍ നമ്മുടെ വീട്ടിലേക്കു വന്നിട്ടുണ്ട് ജാഗ്രത. ആ വിരുതനെയൊന്നു കാണാമെന്നു വിചാരിച്ചു നോക്കിയാല്‍ മരത്തിന്റെ ശിഖിരത്തിലും മറ്റുമായി തൂങ്ങിക്കിടന്ന് ശാപ്പാട് അടിക്കുന്ന നിരവധി മലയണ്ണാന്‍മാരെ കാണുവാന്‍ കഴിയും. കുറച്ചു കൂടി മുമ്പോട്ടു ചെല്ലുമ്പോള്‍ മരങ്ങളില്‍ വല്ലാത്തൊരിളക്കം. സിംഹവാലന്മാരുടെ വിളയാട്ടമാണ്. ബഹളം വയ്ക്കരുത്. ചിലപ്പോള്‍ സ്ഥലം വിട്ടുകളയും. നിറം ഇരട്ട തവിട്ടും , കറുപ്പും മുഖത്ത് വെള്ളനിറത്തിലുള്ള കുഞ്ഞു രോമങ്ങള്‍ ഇവന്‍ ആളൊരു സിംഹം. ക്ഷമിക്കണം സിംഹവാലന്‍ തന്നെ. മുള്ളന്‍ ചക്ക കൂടാതെ പുഷ്പങ്ങളും ഇഷ്ടമെനുവില്‍ പെടും. വിശേഷാവസരങ്ങളില്‍ ഷഡ്പദങ്ങളേയും അകത്താക്കും. മനുഷ്യരെ അത്ര പേടിയില്ലാത്ത കൂട്ടരാണ് സിംഹമെന്നത് പേരില്‍ മാത്രമാണെന്നു ഉറപ്പുള്ളതുകൊണ്ട് സഞ്ചാരികള്‍ക്ക് ഇവയെ പേടിയില്ല കരിങ്കുരങ്ങുകളും ഇഷ്ടം പോലെയുണ്ട് ഇവിടെ. ബഫര്‍ സോണ്‍ തുടങ്ങുമ്പോള്‍ തന്നെ കരിങ്കുരങ്ങുകളെ ധാരാളം കാണാം. നാലു ഭാഗങ്ങളായി തിരിച്ചാണ് താഴ്വരയുടെ സംരക്ഷണം. സൈരന്‍ഡ്രി, പൂച്ചിപ്പാറ, നീലിക്കല്ല്, വാളക്കാട്. സൈരന്‍ഡ്രിയില്‍ നിന്നും പൂച്ചിപ്പാറയിലേക്ക് ആറു കിലോമീറ്ററും നീലിക്കല്ലിനു പത്തും, വാള‍ക്കാടിനു ഇരുപതു കിലോമീറ്ററും ദൂരം ഇവിടെയെല്ലാം വനം വകുപ്പിന്റെ ഗാര്‍ഡുമാരും വാച്ചര്‍മാരും ഷെഡുകളില്‍ താമസിച്ച് കാടിനെ അനുദിനം സംരക്ഷിക്കുന്നു.

സൈരന്‍ഡ്രിയിലുള്ള വാച്ച് ടവറില്‍ കയറി സൈലന്റ് വാലിയുടെ ഭംഗി ആസ്വദിക്കുമ്പോള്‍ മനസിലാകും കിളികള്‍ എന്തുകൊണ്ടാണ് പാട്ടുപാടുന്നതെന്ന്. മുപ്പതു മീറ്റര്‍ ഉയരമുള്ള വാച്ച് ടവറില്‍ നിന്നു നോക്കുമ്പോല്‍ മലമടക്കുകളുടെ മനം മയക്കുന്ന മനോഹാരിത; ഓ! അതെത്ര സുന്ദരം. വെള്ളിത്തിളക്കത്തില്‍ കുന്തിപ്പുഴ തെളിഞ്ഞൊഴുകുന്നു.

പശ്ചിമഘട്ടത്തില്‍ നീലഗിരി മലകളുടെ തെക്കുപടിഞ്ഞാറേ കോണിലെ പീഠഭൂമിയായ സൈലന്റ് വാലിയുടെ ഹൃദയം ഇവിടെ നിന്നാല്‍ ദൃശ്യമാകും. കുന്തിപ്പുഴയില്‍ ജലവൈദ്യുത പദ്ധതിക്കായി അണക്കെട്ടു നിര്‍മ്മിക്കാനുള്ള നീക്കം വിവാദമായി കാട്ടു തീ പോലെ പടര്‍ന്ന കാലം. അണക്കെട്ടുകള്‍ പ്രകൃതിക്കു വരുത്തുന്ന ആഘാതങ്ങല്‍ എങ്ങും ചര്‍ച്ചയായി . പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും പ്രകൃതിസ്നേഹികളും പോരാട്ടം നടത്തി. ഒടുവില്‍ എല്ലാ പ്രശ്നങ്ങളും ശിലപോലെയുറഞ്ഞ് സൈലന്റ് വാലിയെ ദേശീയോദ്യാനമാക്കിക്കൊണ്ട് 1984 നവംബര് ‍15 നു പ്രഖ്യാപനം വന്നു. 1985 സെപ്റ്റംബര്‍ ഏഴിനു പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ് വാലിയിലെത്തി ഉദ്യാനം രാജ്യത്തിനു സമര്‍പ്പിച്ചു.

ഇംഗ്ലീഷുകാരാണ് 1847 -ല്‍ ഈ വനവിസ്മയത്തിന് സൈലന്റ് വാലി എന്ന് പേരിട്ടത്. ചീവീടുകള്‍ ഇവിടെയില്ലാത്തതിനാലാണ് ഈ പേരു വന്നെതെന്നാണ് ഐതിഹ്യം. വനത്തിനുള്ളില്‍ ബ്രട്ടീഷുകാര്‍ നിര്‍മ്മിച്ച ബംഗ്ലാവുമുണ്ടിവിടെ.

കാടിനുള്ളില്‍ കാലാവസ്ഥ പെട്ടന്നു മാറും. പെട്ടന്നായിരിക്കും ഒരു മൃഗത്തിന്റെ പ്രത്യക്ഷപ്പെടല്‍ , അല്ലെങ്കിലൊരു പെരുമഴ. സൈലന്റ്വാലി അങ്ങനെയാണ് സ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നപോലെ ; ഒരു തോന്നല്‍ ചില പ്രതികരണങ്ങള്‍, പേടിപ്പിക്കാനല്ല, വിസ്മയിപ്പിക്കാനൊരു വിദ്യ.

സൂക്ഷിക്കണേ… ഇത് അരികമ്പാറ

അരികമ്പാറയിലേക്കൊരു മലകയറ്റം. കാടുകയറാന്‍ തുടങ്ങുമ്പോഴേ പ്രകൃതിയുമായുള്ള രക്തബന്ധം തിരിച്ചറിയാം. ചോര കുടിച്ച് അട്ടകള്‍ കാലില്‍ പറ്റിച്ചേര്‍ന്നിരിക്കും. മലകയറി ക്ഷീണിക്കുമ്പോള്‍ ഒരു നിമിഷം നില്‍ക്കാമെന്നു തോന്നിയാല്‍പ്പോലും ഏതെങ്കിലും പാറക്കഷണത്തിലോ , വീണുകിടക്കുന്ന മരത്തടിയിലോ ചവുട്ടി വേണം നില്‍ക്കാന്‍. അല്ലെങ്കില്‍ അട്ടകളെല്ലാം കൂടി കൂട്ടത്തോടെ ആക്രമിക്കും. അരിമ്പാറയിലേക്കുള്ള വഴിയില്‍ ശരിക്കും ഉള്‍ക്കാടിന്റെ നിഗൂഢത ഉള്‍ഭയമുണ്ടാക്കും. ആനകളുടെ സഞ്ചാരവഴിയാണിത്.

ഒറ്റയടിപ്പാതകളിലെ ഇലപ്പുതപ്പില്‍ കാല്‍ പതിയുമ്പൊള്‍ ചെറിയൊരു ഇലയനക്കം പോലും പേടിക്കണം. കാരണം, രാജവെമ്പാലകളുടെ സുഖവാസസ്ഥലമാണിവിടം. മുപ്പതിലേറെ തരം പാമ്പുകളുള്ള കാടാണ്. പറക്കും പാമ്പിനേയും സൂക്ഷിക്കണം. ദേശാടനപക്ഷികളുള്‍പ്പെടെ ഇരുന്നൂറില്‍ പരം ഇനത്തില്‍ പെട്ട പക്ഷികളുണ്ട് സൈലന്റ് വാലിയില്‍. ഉടുമ്പും ആമകളും ധാരാളം.

ജൈവസാന്ദ്രതയുടെ വലിയ പങ്ക് ഷഡ്പദങ്ങളാണ്. അത്യ അപൂര്‍വ സസ്യങ്ങളുടെ വന്‍ ശേഖരം വേര്‍, ആനവിരട്ടി , കൊടിത്തൂവ തുടങ്ങിയ മരങ്ങളുടെ ഇലകളില്‍ തൊടുന്നവര്‍ ചൊറിച്ചിലിന്റെ വ്യകരണം തിരിച്ചറിയും. ഔഷധസസ്യങ്ങളുടെ അപൂര്‍വശേഖരത്തേയും കണ്ടു മുട്ടാം. പാടക്കിഴങ്ങ്, നറുനീണ്ടി, നെല്ലി, പുളിയാറല്‍, കാന്തള്‍, അത്തി, ചെറുചൂണ്ടി, ആലം, വെളുത്ത കുന്തിരിക്കം, കലൂര്‍ വഞ്ചി, നറുംവെണ്ണ അങ്ങനെ എത്രയോ….

മാന്‍കൂട്ടങ്ങള്‍ സഞ്ചാരികള്‍ക്കു മുന്നില്‍ പെടുന്നതു പതിവാണ്. പശുവിന്റെ അത്രയും വലിപ്പമുള്ള കലമാന്‍ ധാരാളം. സൈലന്റ്വാലിയില്‍ പുള്ളിമാനുകളില്ല. കാട്ടിലെ രാജാവായ സിംഹവുമില്ല. അങ്ങു മുകളില്‍ അരികമ്പാറയിലെത്തുമ്പോള്‍ , മഴക്കൂടുകളുടെ ഭംഗി തൊട്ടരുകിലെത്തുന്ന കാഴ്ച. താഴെക്കാണുന്ന മൊട്ടക്കുന്ന് ആനകളുടെ ചുറ്റിയടി കേന്ദ്രമാണ് കരടി, ചെന്നായ, പുള്ളിപ്പുലി, കരിമ്പുലി, കാട്ടി എന്നി മൃഗങ്ങളും സുഖമായി വാഴുന്നു. മുന്നൂറ്റി പതിനഞ്ച് ഇനം മൃഗങ്ങളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുന്നൂറോളം പക്ഷികളേയും അത്യപൂര്‍വമായ 25 ഇനം തവളകള്‍ , 225 ഇനം വണ്ടുകള്‍ , ഒച്ചുകള്‍ … നൂറിലധികം പൂമ്പാറ്റകളും ഇരട്ടിയിലേറെ നിശാശലഭങ്ങളും കാടിനു ചിത്രവര്‍ണ്ണം പകരുന്നു. സൈലന്റ് വാലിയില്‍ ഒരേക്കറില്‍ 85 വ്യത്യസ്ത സസ്യജനുസ്സുകള്‍‍ ഉണ്ടെന്നാണ് കണക്ക്. ഇരുന്നൂറിലധികം ആല്‍ഗകളും 107 ഇനം ഓര്‍ക്കിഡുകളും 56 ഇനം പുല്‍വര്‍ഗ്ഗ സസ്യങ്ങളുമുണ്ട്. നീരാല്‍ ഉള്‍പ്പെടെ അപ്രത്യക്ഷമാകുന്ന അറുപതിനങ്ങള്‍ വേറേയും.

കുന്തിപ്പുഴയുടെ തെളിമയില്‍

കോടമഞ്ഞിന്റെ പുതപ്പു മാറ്റി നേരം പുലരുമ്പോള്‍ സൈലന്റ് വാലി കൂടുതല്‍ സുന്ദരിയാണ്. കുമ്മട്ടം തോട് കഴിഞ്ഞ് കാട്ടിടവഴിയിലൂടെ നടക്കുമ്പോഴേ കാണാ‍ം കുന്തിപ്പുഴ. വെള്ളത്തിലൊരു അന്‍പതുപൈസ തുട്ട് കിടപ്പുണ്ടെങ്കില്‍ എത്ര മുകളില്‍ നിന്നും കാണാവുന്ന തെളിമ. തൂക്കുപാലത്തില്‍ കൂടി നടന്ന് അക്കരെയെത്തുമ്പോള്‍ വേറെ ഏതോ ലോകത്തെത്തിയ പോലെ പുഴയും നമ്മളും മാത്രം. വടക്കു നിന്ന് തെക്കോട്ടാണ് പുഴയുടെ പോക്ക്. കരിമ്പുഴ, കുന്തന്‍ ചോല, കുമ്മട്ടം തോട്, ഈറമല, കരിങ്ങാത്തോട്, വലിയ പാറത്തോട് എന്നിവയുടെ വഴികളും കുന്തിക്കു കുളിരാകുന്നു. സൈലന്റ് വാലിയില്‍ കുന്തിപ്പുഴ മനുഷ്യസ്പര്‍ശനമില്ലാതെ 25 കിലോമീറ്റര്‍ ദൂരം ഒഴുകുകയാണ്. വഴുക്കുന്ന പാറയില്‍ ചവുട്ടിയിറങ്ങി ഒരു കുമ്പിള്‍ വെള്ളം കുടിക്കുക. ലോകത്തൊരു മിനറല്‍ വാട്ടറിലും കിട്ടാത്ത പച്ചവെള്ളത്തിന്റെ രുചി. എത്രയോ ഔഷധസസ്യങ്ങളുടെ തലോടലേറ്റു വരുന്നൊരു കുളിര്‍ കണികകള്‍. പതിമൂന്നു ഇനം മത്സ്യങ്ങളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. കോടിക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യവും പേറി സഹ്യന്റെ മടിത്തട്ടില്‍ പരിലസിക്കുന്ന നിശബ്ദ താഴ്വര തന്നിലുള്ള ജൈവ സമ്പന്നതയില്‍ അത്രയൊന്നും നിശബ്ദയല്ലന്ന് അടുത്തറിയുമ്പോള്‍ തിരിച്ചറിവാകുന്നു.

Generated from archived content: essay1_apr21_12.html Author: sister.silvi_varghese

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here