തത്തമ്മ

കാഞ്ചനകൂട്ടിൽ തടവിലാണെങ്കിലും

തത്തമ്മക്കേറെ ചരിത്രമുണ്ട്‌,

തൂവലിൽ പച്ചനരച്ചുപോയി

മാലയും മങ്ങിപ്പൊലിഞ്ഞുപോയി,

മൊഴിയിലെ തേനും പുളിച്ചുപോയി.

മൊഴിയുന്ന നാവും കുഴഞ്ഞുപോയി,

കണ്ണിൽത്തിളക്കവും കെട്ടുപോയി

ചുണ്ടിലെ ചോപ്പും കറുത്തുപോയി,

കാലമതേറെക്കഴിഞ്ഞെന്നാലും

കാതരമോർമ്മകളത്രയെത്ര!

ചില്ലയിലൂഞ്ഞാലാടിക്കളിച്ചും

പാട്ടുകൾ പാടിരസിച്ചിരുന്നു,

പുത്തരിപ്പാടത്ത്‌ അരിവാളുചൂടി

കൊയ്‌ത്തുൽസവത്തിനുപോയിരുന്നു,

ഞെറിവുകളുള്ളോരു പച്ചപ്പാവാടയിൽ

ചടുലമായ്‌നർത്തനം ചെയ്‌തിരുന്നു,

ചൂടുള്ള മാനമകലുവാനായ്‌

പച്ചക്കുപ്പായമണിഞ്ഞിരുന്നു,

പാറിപ്പറന്നൂകളിച്ചകാലം

പൊന്നിന്റെ കൂടുകൊതിച്ചുപോയി,

ഇക്കൂട്ടിലെത്തിയന്നാദ്യമായി

പാരതന്ത്ര്യത്തിന്റെ കയ്‌പ്പറിഞ്ഞു,

ചന്തത്തിൽ മിന്നുന്നപൊന്നുമാല

ബന്ധക്കുരുക്കിന്റെ കണ്ണിയായി,

ഉയരുവാനുള്ള ചിറകുകളെ

കൂട്ടിന്നുടയോൻ അറുത്തൊതുകി,

കൂട്ടിലെ തത്തമ്മയ്‌ക്കന്നുമിന്നും

കൂട്ടായിനിന്നതീപാട്ടുമാത്രം,

മുട്ടകളെല്ലാം പറക്കമുറ്റി

അമ്മേ മറന്നു പറന്നകന്നൂ

പാറിപ്പറന്നുള്ളോരോർമ്മകളിൽ

പോയകിനാവുകൾ നിറഞ്ഞുനിന്നു,

അടുക്കളപ്പുകയേറ്റ്‌ കണ്ണെരിഞ്ഞു

തിന്നുമദിച്ചവർ ആർത്തുചിരിച്ചു,

കിളിമൊഴികേട്ടു വളർന്നോരെല്ലാം-

കഥയും പൊരുളുമറിഞ്ഞോരെല്ലാം

ചിറകുകൾ പൊക്കിതിമിർത്തുതുള്ളും

ചാനൽപകിട്ടിൽ മയങ്ങിപ്പോയി,

തത്തമ്മചൊല്ലിച്ച ചുണ്ടിലെഭാഷയെ

ചായങ്ങൾ തേച്ചുവികൃതമാക്കി,

തത്തമ്മപ്പാട്ടിലുറങ്ങിയവരിന്നു

പട്ടിണിക്കിട്ടു ഉറക്കുന്നു,

തത്തമ്മയെന്നൊരു ചൊല്ലുകേട്ട്‌

ആണ്ടുകളേറെക്കഴിഞ്ഞുവല്ലോ,

ഒറ്റവടിമേലെ ഉഴലുന്നജീവിതം,

ആടിയുലഞ്ഞുമടുക്കുന്നു,

കൂട്ടിനകത്ത്‌ ഈച്ചയാർക്കുന്നു

ചോറ്റുപാത്രത്തിലുറുമ്പരിച്ചു,

തേങ്ങിക്കരഞ്ഞുതളരുന്നതൊന്നും

കാണാത്തഭാവത്തിലാണെല്ലാരും,

വാതിൽപ്പഴുതിൽ തുറിച്ചുനോട്ടം

നെഞ്ചിൽ തുളച്ചു കയറുമ്പോൾ-

ഒന്നിരുളെത്താൻ നിനച്ചുപോയി-

ഇരുളിലൊളിക്കാൻ കൊതിച്ചുപോയി.

Generated from archived content: poem1_jun7_11.html Author: sisil_c_koovode

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English