ജന്തുസ്ഥാനിലെ മൃഗങ്ങളെല്ലാം ചെമ്പൻ കരടിയെ പരിഹസിച്ചു. കുരങ്ങന്മാർ അവന്റെ നേർക്ക് ചീഞ്ഞ പഴങ്ങളും, ഉണങ്ങിയ കായ്‌കനികളും വലിച്ചെറിഞ്ഞു. കുറുക്കന്മാർ വട്ടമിട്ട് കൂവി. ചെന്നായ്‌ക്കൾ ചുറ്റും നിന്ന് ഓരിയിട്ടു. പാവം ചെമ്പൻ നാണിച്ചു തലയും താഴ്‌ത്തി നടന്നു.
കാരണമെന്തെന്നോ? ചെമ്പന്റെ ഒരു ചെവി നഷ്‌ടപ്പെട്ടിക്കുന്നു! അവനിപ്പോൾ ഒറ്റച്ചെവിയനാണ്. അതെങ്ങിനെ സംഭവിച്ചുവെന്നല്ലേ? അതൊരു രസകരമായ കഥയാണ്.
തേനീച്ചക്കൂട്ടിൽ നിന്ന് തേനെടുത്ത് കുടിക്കുന്നത് കരടികൾക്കെല്ലാം വലിയ ഇഷ്‌ടമാണ്. തേനീച്ചകളുടെ കടിയും കുത്തുമെല്ലാം അവർ സഹിച്ചുകൊളളും. ചെമ്പൻ തേൻ കുടിക്കുന്ന കാര്യത്തിൽ ബഹുവിരുതനായിരുന്നു.
ഒരിക്കൽ ചെമ്പൻ പതിവുപോലെ മരങ്ങളുടെ മുകളിൽ കയറി തേനീച്ചക്കൂടുകൾ എടുത്തു പിഴിഞ്ഞു. ധാരാളം തേൻ കിട്ടി. അതു മുഴുവൻ അവൻ കുറേശ്ശെയായി കുടിച്ചുതീർത്തു. കുടിച്ച് കുടിച്ച് ചെമ്പന് മത്തുപിടിച്ചു. നടക്കാൻ വയ്യ! കാലുകൾ വേച്ചുവേച്ചു വീഴുമെന്ന മട്ടായി.
അപ്പോൾ ചെമ്പൻ പടർന്നു പന്തലിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ ചെന്നു മലർന്നു കിടന്നു. ഉറങ്ങിപ്പോയത് അറിഞ്ഞതേയില്ല. കൂർക്കം വലിച്ചുളള നല്ല ഉറക്കം! കയ്യിലും കാലിലും മൂക്കിലും ചെവിയിലുമൊക്കെ തേൻ പുരണ്ടിരുന്നു. തേനിന്റെ മണം കേട്ട് ചെമ്പന്റെ മേലാകെ ഈച്ച പൊതിയാൻ തുടങ്ങി.
അപ്പോഴാണ് വികൃതിയായ ഒരു പുളളിപ്പുലി ആ വഴിക്കു വന്നത്. ചെമ്പൻകരടിയുടെ കിടപ്പ് കണ്ട് പുളളിപ്പുലിയ്‌ക്ക് നല്ല രസം തോന്നി.
പുളളിപ്പുലി പതുക്കെ ചെമ്പന്റെ അടുത്തുചെന്ന് ഒന്ന് മണത്തുനോക്കിഃ ഹാ! ഒന്നാം തരം തേനിന്റെ മണം!!
ചെമ്പന്റെ തേൻ പുരണ്ട ചെവി കണ്ടപ്പോൾ പുളളിപ്പുലിയുടെ നാവിൽ വെളളമൂറി. പിന്നെ ഒന്നും ചിന്തിച്ചില്ല. ഇടത്തേ ചെവിയും കടിച്ചുകൊണ്ട് പുളളിപ്പുലി ഓടെടാ ഓട്ടം!
അയ്യോ!……. എന്റെ ചെവി പോയേ; എന്നെ രക്ഷിക്കണേ!……എന്ന നിലവിളിയോടെ ചെമ്പൻകരടി ചാടിയെഴുന്നേറ്റു. പക്ഷേ അപ്പോഴേയ്‌ക്കും പുളളിപ്പുലി പമ്പ കടന്നിരുന്നു.
അതോടെ ജന്തുസ്ഥാനിലെ കരടികളും പുളളിപ്പുലികളും തമ്മിൽ വല്ലാത്ത വഴക്കായി. വഴക്ക് മൂത്ത് അടിപിടിയും കടിയും മാന്തുമൊക്കെയുണ്ടായി. ബഹളത്തിൽപ്പെട്ട് രണ്ട് പെണകരടികളും ഒരു പുളളിപ്പുലിയും ചത്തു. അങ്ങിനെ ചെവി കടി സമരം! താൽക്കാലികമായി അവസാനിച്ചു.
എങ്കിലും ചെമ്പൻകരടിക്ക് പുറത്തിറങ്ങി നടക്കാൻ നാണക്കേട് തോന്നി. കാട്ടിലെ ചങ്ങാതികളൊക്കെ അവനെ ഒറ്റചെവിയൻ എന്നു വിളിച്ചു കളിയാക്കാൻ തുടങ്ങി.
ഒറ്റച്ചെവിയനെന്ന വിളി ചെമ്പനെ വല്ലാതെ വേദനിപ്പിച്ചു.
നാണക്കേടുമൂലം ഒരു ദിവസം രാവിലെ ചെമ്പൻ അവിടെനിന്നും ഒളിച്ചോടി.
കുന്നും മലകളും കയറിയിറങ്ങി ചെമ്പൻ കാട്ടിലൂടെ അലഞ്ഞു. വഴിയ്‌ക്കുവെച്ച് ഒരു മലമ്പാമ്പ് ചെമ്പനെ കടിച്ചു. കടിയേറ്റ കാല് നീരുവന്നു വീങ്ങി. എങ്കിലും ഇഴഞ്ഞും നീന്തിയും നിരങ്ങിയും അവൻ അകലെയുളള മറ്റൊരു കാട്ടിലെത്തി.
ആ കാട് അവന് ഒട്ടും പരിചയമില്ലാത്തതായിരുന്നു. ഒരു കുറ്റിക്കാടിന്റെ അരികിൽ കിടന്ന് ചെമ്പൻ വേദനകൊണ്ട് ഞരങ്ങി. പാമ്പുകടിയേറ്റ കാല് അനക്കാൻ വയ്യ! വയറ്റിൽ കത്തിക്കാളുന്ന വിശപ്പ്! എന്താണ് ചെയ്യുക? ഇവിടെക്കിടന്നു ചത്തതുതന്നെ. ചെമ്പൻ കുറേനേരം മുഖമമർത്തിക്കിടന്നു കരഞ്ഞു.
അൽപം കഴിഞ്ഞ് ഒരു വലിയ ശബ്‌ദം കേട്ട് ചെമ്പൻ തലയുയർത്തിനോക്കി; മുമ്പിൽ ഒരു വലിയ കൊമ്പനാന നിൽക്കുന്നു!
അവന്റെ ശരീരമാകമാനം വിറച്ചു. ഭയംകൊണ്ട് അവന് കണ്ണുപോലും കാണാതായി.
കൊമ്പനാന തുമ്പിക്കൈകൊണ്ട് ചെമ്പനെ പൊക്കിയെടുത്തു നേരെ പൊന്തക്കാട്ടിലേക്ക് നടന്നു. ഇതോടെ തന്റെ കഥ കഴിയുമെന്ന് ചെമ്പൻ ഉറപ്പായി വിശ്വസിച്ചു.
പക്ഷേ കൊമ്പനാന അവനെ ഉപദ്രവിച്ചില്ല. ഒരു പോറൽപോലും പറ്റാതെ ചെമ്പനെ ആന ഒരു മരത്തണലിൽ കൊണ്ടുപോയി കിടത്തി. പാമ്പു കടിയേറ്റ മുറിവിൽ എന്തോ പച്ച മരുന്നുകൾ തേച്ചു. പിന്നെ എവിടെ നിന്നോ ഒരു കുല വാഴപ്പഴം കൊണ്ടുവന്ന് ചെമ്പന്റെ നേരെ നീട്ടി.
ചെമ്പൻ ആർത്തിയോടെ പഴം തോലുരിച്ചു തിന്നു. ആനയുടെ ഈ പെരുമാറ്റം ചെമ്പനെ വല്ലാതെ അത്ഭുതപ്പെടുത്തി. ആനകളുടെ നേതാവായ വീരപ്പനാനയായിരുന്നു അത്.
വീരപ്പനാന പിറ്റേന്ന് രാവിലെ ചെമ്പൻ കരടിയെ പൊക്കിയെടുത്ത് തന്റെ പുറത്തിരുത്തി. എന്നിട്ട് ദൂരെയുളള പുഴക്കരയിലേക്കു നടന്നു. വീരപ്പനാന മെല്ലെ പുഴയിലൂടെ നീന്തി അക്കരെയെത്തി.
അക്കരെ ധാരാളം പ്ലാവുകളും മാവുകളും ഇടതിങ്ങി നില്‌ക്കുന്നത് ചെമ്പൻ കണ്ടു. വീരപ്പനാന തുമ്പിക്കൈ നീട്ടി പഴുത്ത ഒരു വരിക്കച്ചക്ക പറിച്ചെടുത്ത് നാലു കഷണമായി ചീന്തി ചെമ്പനെ ഏല്‌പിച്ചു. അവർ രണ്ടുപേരും കൂടി അല്‌പം സമയത്തിനുളളിൽ ചക്ക മുഴുവൻ തിന്നുതീർത്തു.
അന്ന് മുതൽ വീരപ്പനാനയും ചെമ്പൻ കരടിയും ഉറ്റ ചങ്ങാതിമാരായിത്തീർന്നു. രണ്ടുപേരും ഒന്നിച്ചു സഞ്ചരിക്കുകയും ഇര തേടുകയും ചെയ്‌തു വന്നു.
വീരപ്പനാനയ്‌ക്കു എന്തുകിട്ടിയാലും അതിൽ ഒരു പങ്ക് ചെമ്പൻ കരടിയ്‌ക്ക് കൊടുക്കും. അതുപോലെ ചെമ്പൻ തനിക്കു കിട്ടുന്നതിൽ പാതി വീരപ്പന് വേണ്ടിയും കാത്തുവെയ്‌ക്കും.
ഈ കൂട്ടുകെട്ട് വീരപ്പനാനയുടെ എതിരാളിയായ ശങ്കരനാനയ്‌ക്കു പിടിച്ചില്ല.
ഒരുദിവസം ശങ്കരനാന ചെമ്പനോടു ചോദിച്ചുഃ
“എടാ ചെമ്പാ, നീ എന്തിനാണ് ആ വീരപ്പന്റെ കൂടെ നടക്കുന്നത്?”
“വീരപ്പൻ നല്ലവനാണ്. അദ്ദേഹം എനിക്കു പല ഉപകാരങ്ങളും ചെയ്‌തു തന്നിട്ടുണ്ട്. ചെമ്പൻ കരടി പറഞ്ഞു.
”ഹൊ! നല്ലവൻ!…..നീയല്ലാതെ അവനെ വിശ്വസിക്കുമോ? അവനെപ്പോലെ ചതിയൻ ഈ ജന്തുസ്ഥാനില വേറെയില്ല.“ ശങ്കരനാന തട്ടിവിട്ടു.
”ങ്‌ഹേ, അങ്ങിനെയാണോ?“
ചെമ്പൻ കരടിക്കു പരിഭ്രമമായി.
അതെ അവൻ നിന്നെ താമസിയാതെ ഏതെങ്കിലും പുലിക്കോ സിംഹത്തിനോ പിടിച്ചു കൊടുക്കും! ശങ്കരനാന ചെമ്പനെ ഭയപ്പെടുത്തി.
”എന്റെ ദൈവമേ, എന്നെ രക്ഷിക്കണേ!“ ചെമ്പൻ നെഞ്ചത്തു കൈവെച്ചു പ്രാർത്ഥിച്ചു.
ശങ്കരനാന തന്ത്രപൂർവ്വം പറഞ്ഞുഃ
”ചെമ്പൻ ഇനിയെങ്കിലും അവനെ ഉപേക്ഷിച്ചേക്കൂ. ഞാൻ നിന്നെ സഹായിച്ചോളാം. നമുക്ക് രണ്ടുപേർക്കുംകൂടി ഒരു നല്ല കരിമ്പിൻ തോട്ടത്തിൽ കഴിഞ്ഞുകൂടാം. നിനക്ക് വേണ്ടതൊക്കെ ഞാൻ തന്നോളാം. പക്ഷേ…….ഒരു കാര്യം നീ എനിക്ക് ചെയ്‌തുതരണം.“
എന്തുകാര്യമാണ് ചേട്ടാ? ചെമ്പൻ അന്വേഷിച്ചു.
നീ വീരപ്പനാനയുടെ കണ്ണു രണ്ടും കുത്തിപ്പൊട്ടിക്കണം. ശങ്കരനാന അറിയിച്ചു.
”അയ്യോ ചേട്ടാ, അതു ഞാൻ ചെയ്യില്ല. ചെമ്പൻ കരടി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. ശങ്കരനാന വീണ്ടും പ്രോത്സാഹിപ്പിച്ചു.
“എടാ ചെമ്പാ, നീ ഇതു ചെയ്‌തില്ലെങ്കിൽ അവൻ നമ്മളെട കൊല്ലും. കണ്ണുപൊട്ടിക്കാനുളള ഒരു എളുപ്പവിദ്യ ഞാൻ പറഞ്ഞുതരാം”.
“എന്തുവിദ്യയാണ്?” ചെമ്പൻ ആരാഞ്ഞു.
“നീ വളരെ സ്‌നേഹത്തിൽ അവന്റെ കൊമ്പിൽ കയറി നിൽക്കണം ഞാൻ നേരത്തെ രണ്ടു കൂർത്ത കൊമ്പുകൾ തന്നേക്കാം. അതുകൊണ്ട് ഉന്നം തെറ്റാതെ ഓരോ കുത്തു കൊടുക്കണം.” ശങ്കരനാന ചെമ്പനെ നോക്കി മന്ദഹസിച്ചു.
“അതു അക്രമമല്ലേ ശങ്കരൻചേട്ടാ?” ചെമ്പൻ വീണ്ടും ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.
ശങ്കരനാന പറഞ്ഞു.
“ഒരാക്രമവും ഇതിലില്ല. ചുണയുണ്ടെങ്കിൽ നീയിതു ചെയ്യണം!”
ചെമ്പൻകരടി ശങ്കരനാനയുടെ വാക്കുകളിൽ കുടുങ്ങി. ഇനിയും കൂടുതൽ ആനന്ദത്തോടെ ജീവിക്കാമെന്ന ദുർമ്മോഹം അവനുണ്ടായി. തന്റെ നല്ലവനായ കൂട്ടുകാരനെ ചതിക്കാൻ തന്നെ അവൻ തീരുമാനിച്ചു. വീരപ്പനാന പോയാലും വമ്പനും കരുത്തനും മിടുക്കനുമായ ശങ്കരനാനയെ തനിക്കു കൂട്ടുകാരനായി കിട്ടുമല്ലോ എന്ന് അവൻ ആശ്വസിച്ചു.
ശങ്കരനാന പറഞ്ഞതുപോലെ വീരപ്പനാനയുടെ കണ്ണുകൾ കുത്തിപ്പൊട്ടിക്കാൻ ചെമ്പൻ തയ്യാറായി.
വീരപ്പനാന പതിവുപോലെ തന്റെ പൊന്നുചങ്ങാതിയെ നോവിക്കാതെ തുമ്പിക്കൈകൊണ്ട് വാരിയെടുത്ത് പുറത്ത് കയറ്റി. ചെമ്പൻകരടി വീരപ്പനാനയുടെ കൊമ്പത്തു കയറി നിന്നു.
ചെമ്പൻ വീരപ്പന്റെ ചെവിയിലും നെറ്റിയിലുമൊക്ക സ്‌നേഹഭാവേന തടവിക്കൊടുത്തു. വീരപ്പന് വളരെ സന്തോഷമായി.
വീരപ്പനാന കാട്ടുപൊന്തയിൽ നിന്നു ഈന്തൽത്തളിരുകൾ അടർത്തിത്തിന്നുന്ന തിരക്കിലായിരുന്നു. ഈ തക്കം നോക്കി ചെമ്പൻ തന്റെ കയ്യിൽ ഒളിച്ചുവെച്ചിരുന്ന കൂർത്ത കമ്പുകൾ വീരപ്പന്റെ കണ്ണിനുനേരെ നീട്ടി. ഉന്നം നോക്കി രണ്ടുകണ്ണിനും ഓരോ കുത്ത്!
വീരപ്പനാന നിന്ന നിൽപ്പിൽ ഒന്നു പുളഞ്ഞു. ഇതിനിടയിൽ ചെമ്പൻകരടി ചാടിയോടി രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു.
വീരപ്പനാനയുടെ ഒരു കണ്ണ് ശരിക്കും പൊട്ടി. മറ്റേ കണ്ണിന്റെ കോണിൽ നിന്നും ചോര വാർന്നൊഴുകി. എങ്കിലും അതു പൊട്ടിയിരുന്നില്ല.
വീരപ്പനാന സങ്കത്തോടും ദേഷ്യത്തോടും കൂടി ഉറക്കെ അലറി. അലർച്ച കേട്ട് കാടും പരിസരവും ഞെട്ടിവിറച്ചു.
പിറ്റെദിവസം വീരപ്പനാന ചെമ്പനെ അന്വേഷിച്ച് കാട്ടിലെങ്ങും അലഞ്ഞു. ഒടുവിൽ ശങ്കരനാനയുടെ താവളത്തിനടുത്തുവെച്ച് കണ്ടുമുട്ടി. ശങ്കരനാനയും ചെമ്പനും കൂടി എന്തോ തമാശ പറഞ്ഞു ചിരിച്ചു രസിക്കുകയായിരുന്നു.
ശങ്കരനാനയേയും ചെമ്പൻകരടിയേയും ഒന്നിച്ചു കണ്ടപ്പോൾ വീരപ്പനാനയുടെ കോപം ഇരട്ടിച്ചു. വീരപ്പനാന കൊമ്പ് കുലുക്കിക്കൊണ്ട് അങ്ങോട്ട് പാഞ്ഞുചെന്നു.
ആദ്യം ശങ്കരനാനയുടെ വയറിന് ആഞ്ഞൊരു കുത്ത് കൊടുത്തു. തുളഞ്ഞവയറുമായി ശങ്കരനാന വെപ്രാളത്തോടെ ഓടി മറഞ്ഞു.
വീരപ്പൻ ചെമ്പനെ തിരഞ്ഞു. ചെമ്പൻ ഇതിനിടയിൽ ഒരു മരത്തിന്റെ ഉയർന്ന കൊമ്പിൽക്കയറി ഒളിച്ചുകഴിഞ്ഞിരുന്നു.
വീരപ്പൻ തുമ്പിക്കൈകൊണ്ട് മരം കുലുക്കി താഴെയിട്ടു. താഴെ വീണ ഉടനെ ശക്തിയായി ഒരു കുത്ത് കൊടുത്തു. ചെമ്പൻ ആനക്കൊമ്പിൽ കുടുങ്ങി. ദേഷ്യം തീരാത്ത വീരപ്പൻ ചെമ്പനെ തുമ്പിക്കയ്യിൽ തൂക്കിയെടുത്ത് അകലെയുളള പാറക്കെട്ടിലേയ്‌ക്ക് വലിച്ചെറിഞ്ഞു.
പിറ്റെദിവസം ജന്തുസ്ഥാൻ ടൈംസിൽ ഇങ്ങനെ ഒരു വാർത്ത ഉണ്ടായിരുന്നു.
ചങ്ങാതിയെ ചതിച്ചവന് കൊമ്പ്‌കൊണ്ട് നാശം
ജന്തുസ്ഥാൻ ഫെബ്രുവരി ഃ 1
സ്വന്തം ചങ്ങാതിയായ വീരപ്പന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഒറ്റച്ചെവിയൻ ചെമ്പൻ കരടിയെ ഇന്നു രാവിലെ 7.30ന് വീരപ്പൻ കുത്തിക്കൊന്നിരിക്കുന്നു.
വീരപ്പന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചശേഷം ശങ്കരനാനയുടെ വസതിയിൽഒളിവിൽ കഴിയുകയായിരുന്ന ചെമ്പനെ വളരെ തിരഞ്ഞശേഷമാണ് കണ്ടെത്തിയത്.
ശങ്കരനാനയ്‌ക്കും സാരമായ പരിക്കുകളേറ്റിട്ടുണ്ട്.
Generated from archived content: veerappanana.html Author: sippi-pallippuram
Click this button or press Ctrl+G to toggle between Malayalam and English