ചെണ്ട പൂവിന്റെ കല്യാണം

ചെണ്ട

കണ്ടാലഴകില്ല; മണ്ടയില്ലാ;

ചെണ്ടയ്‌ക്കു വായും വയറുമില്ലാ.

രണ്ടിറ്റു ചോരയും നീരുമില്ല;

പാണ്ടനു തിന്നാനിറച്ചിയില്ലാ.

മുണ്ടില്ല; കോട്ടില്ല; സൂട്ടുമില്ലാ;

തണ്ടില്ല മണ്ടന്റെ മട്ടുതന്നെ!

മിണ്ടാട്ടമില്ല തനിച്ചിരുന്നാൽ

മിണ്ടണമെങ്കിലോ തല്ലുവേണം!

ചെണ്ടകരയുന്നൊരൊച്ചയല്ലോഃ

‘ഡിണ്ടിണ്ടി ഡിണ്ടിണ്ടി ഡിണ്ടിഡിണ്ടി!’

പൂവിന്റെ കല്യാണം

കാടറിയാതെ, മേടറിയാതെ

കന്നിപ്പൂവിനു കല്യാണം

കൊട്ടില്ലാതെ, കുഴലില്ലാതെ

കാവിനകത്തൊരു കല്യാണം!

കറുത്തകോട്ടും സൂട്ടുമണിഞ്ഞൊരു

കരിവണ്ടാണേ മണവാളൻ.

ചുവന്നപട്ടും പൊട്ടുമണിഞ്ഞൊരു

ചെമ്പനിനീർപ്പൂ മണവാട്ടി!

കല്യാണത്തിനു കേക്കും വൈനും

തേനീച്ചകളുടെ സമ്മാനം.

മധുരം നുളളാൻ പഞ്ചാരത്തരി

കാക്കയെറുമ്പിൻ സമ്മാനം!

നാണത്താലേ തുടുത്തുനില്‌ക്കും

പനിനീർപ്പൂവിനു ചാഞ്ചാട്ടം;

കളളൻ വണ്ടിൻ മൂളലുകേൾക്കേ

കരളിനകത്തൊരു മയിലാട്ടം!

Generated from archived content: kuttikavitha1.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here