നാടൻ കലകളുടെയും നാടൻകളികളുടെയും നാടൻപാട്ടുകളുടെയും മടിശ്ശീല കിലുങ്ങുന്ന സന്ദർഭമാണ് നമ്മുടെ പൊന്നോണക്കാലം!
കുമ്മാട്ടിക്കളി, കുമ്മികളി, കോൽക്കളി, കൊറത്തികളി, പുലികളി, തുമ്പിതുളളൽ, അമ്മാനാട്ടം, മുടിയാട്ടം, ഓണവില്ല് തുടങ്ങിയ നാടൻകലകൾ ഓണക്കാലത്ത് നമ്മുടെ ഗ്രാമീണാന്തരീക്ഷത്തെ പുളകം കൊളളിച്ചിരുന്നു. ഇന്നും ചില ഓണം കേറാമൂലകളിലെങ്കിലും ഈ കലാരൂപങ്ങൾ ജീവിക്കുന്നു എന്നത് അഭിമാനകരമാണ്.
പഴയ ഓണക്കാലത്ത് നാടൻ കലകൾക്കു മാത്രമല്ല നാടൻ കളികൾക്കും പ്രധാന സ്ഥാനമുണ്ടായിരുന്നു. നാടൻപന്ത്, കിളിത്തട്ട്, കുട്ടിയും കോലും, ഊഞ്ഞാലാട്ടം, ഓണത്തല്ല്, ഉപ്പുകളി, പകിടകളി, വളളംകളി തുടങ്ങിയവ അക്കൂട്ടത്തിൽ പെടുന്നു.
ഈ നാടൻ കലകളേക്കാളും നമ്മുടെ ഗ്രാമീണജനങ്ങളെ ആകർഷിച്ചതും ഹരം പിടിപ്പിച്ചതും അന്നത്തെ ഓണപ്പാട്ടുകളായിരുന്നു. തുമ്പിതുളളൽപ്പാട്ടുകൾ, പൂപ്പാട്ടുകൾ, കുമ്മിപ്പാട്ടുകൾ, കുമ്മാട്ടിപ്പാട്ടുകൾ മാവേലിപ്പാട്ടുകൾ, വഞ്ചിപ്പാട്ടുകൾ, ഊഞ്ഞാൽപ്പാട്ടുകൾ എന്നിങ്ങനെ ഓണപ്പാട്ടുകൾതന്നെ പലവിധത്തിലുണ്ട്. നാവിലും ചുണ്ടിലും മനസ്സിലും മധുരം കോരി നിറയ്‌ക്കുന്നവയാണ് നമ്മുടെ ഓണപ്പാട്ടുകൾ. പിറന്ന മണ്ണിന്റെ ഗന്ധവും സൗന്ദര്യവും അവയിലുടനീളം തങ്ങിനിൽക്കുന്നു.
കൈത്തണ്ടയിൽ ഇലകൊണ്ടുളള പൂക്കുട കോർത്തിട്ട് ആർപ്പും കുരവയുമായി പൂപ്പാട്ടുകളുടെ അകമ്പടിയോടെയാണ് അന്നത്തെ കുട്ടികളും പെൺകൊടിമാരും പൂ നുളളാൻ പോയിരുന്നത്. പാടത്തും പറമ്പിലും തൊടിയിലുമൊക്കെ അവർ കൂട്ടമായി അലഞ്ഞുതിരിയുമായിരുന്നു.
‘തുമ്പപ്പൂവേ പൂത്തിരുളേ
നാളേയ്‌ക്കൊരു വട്ടി പൂതരണേ
ആയ്‌ക്കില ഈയ്‌ക്കില ഇളംകൊടി പൂക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ?
കാക്കപ്പൂവേ പൂത്തിരുളേ
നാളേയ്‌ക്കൊരു വട്ടിപ്പൂതരണേ
ആയ്‌ക്കില ഈയ്‌ക്കില ഇളംകൊടി പൂക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ?
അരിപ്പപ്പൂവേ പൂത്തിരുളേ
നാളേയ്‌ക്കൊരുവട്ടി പൂതരണേ
ആയ്‌ക്കില ഈയ്‌ക്കില ഇളംകൊടിപ്പൂക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ?
പൂവായപൂവെല്ലാം പിളേളരറുത്തു
പൂവാംകുരുന്നില ഞാനുമറുത്തു
പിളേളർടെ പൂവെല്ലാം കത്തിക്കരിഞ്ഞു
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു
പൂവേപൊലി പൂവേപൊലി പൂവേ പൊലി പൂവേ
പൂവേപൊലി പൂവേപൊലി പൂവേ പൊലി പൂവേ!
പൂനുളളിക്കൊണ്ടിരിക്കുന്ന വേളയിൽ ചോദ്യോത്തരരൂപത്തിൽ കൂട്ടം ചേർന്ന് പാടിയിരുന്ന ഒരു പാട്ടാണിത്. എന്നാൽ ഉത്തര കേരളത്തിൽ പാടിവന്നിരുന്ന ചില പൂപ്പാട്ടുകളിൽ ജൻമി-കുടിയാൻ ബന്ധത്തിന്റെ അകൽച്ച കാണിക്കുന്ന പല പ്രതിപാദനങ്ങളും ഉളളതായി കാണാം.
’അപ്പന്റെ മുറ്റത്തൊരു
തുമ്പമുളച്ചൂ
തുമ്പകൊണ്ടമ്പതു
തോണിയും കുത്തി
തോണിക്കിളംതല
ചുക്കാനും വെച്ചു
ചുക്കാനെടുത്തൊരു
വാഴയ്‌ക്കു ചാരി
വാഴക്കുലച്ചങ്ങു
തെക്കോട്ടുവീണു
തെക്കേലെതമ്പുരാൻ
കൊത്തിക്കൊണ്ടോടി
പൂവേപൊലി പൂവേ പൊലി
പൂങ്കാവിലമ്മേ
പൂവേ പൊലി പൂവേ പൊലി
പൂങ്കാവിലച്ചോ!
പാവപ്പെട്ടവൻ നട്ടുണ്ടാക്കിയ വാഴക്കുല-ഒരുപക്ഷെ ഓണമാഘോഷിക്കാനുളള വാഴക്കുല-ജൻമിത്തമ്പുരാൻ കൊത്തിക്കൊണ്ട് കടന്നുകളഞ്ഞുവെന്നാണ് ഇതിലെ സൂചന.
കർഷകത്തൊഴിലാളികൾ ഓണക്കാലത്ത് പാടിയിരുന്ന പാട്ടുകളിൽ ഓണം വന്നപ്പോൾ അവർക്കുണ്ടാകുന്ന ആഹ്ലാദങ്ങളും ഓണം സമത്വത്തിന്റെ പ്രതീകമാണെന്ന ധ്വനിയും മുഴക്കുന്നുണ്ട്. ഇതാ അത്തരത്തിലൊരു പാട്ടു ശ്രദ്ധിക്കൂ.
കാടായകാടൊക്കെ-പൂചൂടി നിന്നേയ്
തിത്തയ്യം തകതെയ്യം തിന്തിന്നം താരാ!
കോതയും കോമനും കോടിയുടുത്തേയ്
തിത്തയ്യം തകതയ്യം തിന്തിന്നം താരാ!
ചാലന്റെ മുറ്റത്തും -പൂക്കളം കണ്ടേയ്
തിത്തയ്യം തകതയ്യം തിന്തിന്നം താരാ!
എല്ലാർക്കുമെല്ലാർക്കും-പൊന്നോണം വന്നേയ്
തിത്തയ്യം തകതയ്യം തിന്തിന്നം താരാ!
കോതയ്‌ക്കും കോമനും മാത്രമല്ല, നാട്ടിലെല്ലാർക്കും ഓണം വന്നിരിക്കുന്നു എന്ന സങ്കൽപ്പം എത്ര മഹത്തരമായിരിക്കുന്നുവെന്ന് നോക്കൂ.
ഓണസദ്യ എങ്ങനെ ഉണ്ണണം എന്നതിനെപ്പറ്റി ഭിന്നാഭിപ്രായങ്ങൾ പുറപ്പെടുവിക്കുന്ന നർമ്മരസം കലർന്ന ഒരു പാട്ടുണ്ട്.
ഓണം വന്നോണം വന്നെന്നൊരാള്
എങ്ങനെയുണ്ണണമെന്നൊരാള്
ഇലവെച്ചിട്ടുണ്ണണമെന്നൊരാള്
കുല വെട്ടീട്ടുണ്ണണമെന്നൊരാള്
ഒരാൾ ഇല വെച്ചിട്ടുണ്ണണം എന്നു പറയുമ്പോൾ മറ്റൊരാൾ കുലവെട്ടിയിട്ട് ഉണ്ടാൽ മതി എന്നാണ് അഭിപ്രായപ്പെടുന്നത്. ഓണസദ്യയുടെ കേമത്തമാണ് ഇതിൽ തെളിഞ്ഞുനിൽക്കുന്നത്.
ഓണത്തിന്റെ ഒരുക്കം പൂർത്തിയാവും മുമ്പേ മാവേലി വന്നതിലുളള സൗന്ദര്യപ്പിണക്കം സൂചിപ്പിക്കുന്ന ഒരു പാട്ടുണ്ട്.
അമ്മാവൻ വന്നീല; പത്തായം തുറന്നീല
എന്തെന്റെ മാവേലി ഓണം വന്നേ
അമ്മാവി വന്നീല; നെല്ലൊട്ടും തന്നീല
എന്തെന്റെ മാവേലി ഓണം വന്നേ
കാർന്നോരു വന്നീല; കോടി മുറിച്ചീല
എന്തെന്റെ മാവേലി ഓണം വന്നേ
പൊന്നളിയൻ വന്നീല; ഉപ്പേരി വറുത്തീല
എന്തെന്റെ മാവേലി ഓണംവന്നേ!
വിപരീതാർത്ഥത്തിലാണെങ്കിലും ഓണത്തിന്റെ മേൻമ ഈ പാട്ടിൽ നിറഞ്ഞുനിൽക്കുന്നു.
സാധാരണഗതിയിൽ ഓണത്തിന് മീൻകറി ഉപയോഗിക്കാറില്ലെന്നാണ് നമ്മുടെ ധാരണ. എന്നാൽ ആലപ്പുഴ ജില്ലയിൽ ഇന്നും പാടി വരാറുളള ഒരോണപ്പാട്ടിൽ ഓണസദ്യയൊരുക്കാൻ മീൻപിടിക്കാൻ പോയ രസകരമായ ഒരു രംഗം ചിത്രീകരിക്കുന്നുണ്ട്.
‘അത്തത്തിനുച്ചയ്‌ക്കൊരു പച്ചക്കണവെട്ടി
ഏഴാക്കിച്ചീന്തീട്ടൊരൊറ്റാലും കെട്ടി
ആപ്പാഞ്ചിറയില് മീനൂറ്റാൻ പോയി
മീന് വലിയൊരു വാലേട്ട കിട്ടീ
വാലുപിടിച്ചു വരമ്പത്തടിച്ച്
വെട്ടിനുറുക്കി ചെതുമ്പല് കുത്തി
ചിറ്റുളളി, ജീരകം മൂഴക്കരച്ച്
വയനാടൻ മഞ്ഞള് ആഴക്കരച്ച്
കറിവെന്ത്, കറിയുടെ മണവും പരന്ന്
അതുകേട്ടു പതിനെട്ടു പെണ്ണങ്ങാ വന്ന്
ഉപ്പ്വോക്കി പുളിനോക്കി എരിവൊന്ന നോക്കി
ഓണത്തിനുണ്ണുവാൻ കൂട്ടാനുമില്ലേയ്!..
മീൻകറിയുടെ സ്വാദൂറുന്ന മണം കേട്ട്, ഉപ്പുനോക്കാൻവന്ന പതിനെട്ടു പെണ്ണുങ്ങൾ ഉപ്പും പുളിയും എരിവും പരിശോധിച്ചുവന്നപ്പോൾ കൂട്ടാൻ മുഴുവൻ തീർന്നുപോയെന്നാണ് ഈ പാട്ടിൽ സൂചിപ്പിക്കുന്നത്.
ഓണക്കാലത്ത് ’തുമ്പിതുളളലി‘ന് ഉപയോഗിച്ചുവരുന്ന പാട്ടുകളും പലതുണ്ട്.
’ഒന്നാം കുന്നിൻമേലോരിലക്കുന്നിൻമേ
ലൊന്നല്ലോ മങ്കമാർ പാലനട്ടൂ
പാലയ്‌ക്കിലവന്നു; പൂവന്നു; കാവന്നു;
പാലയ്‌ക്കു നീർകൊട് വാർകുഴലീ
ഞാനല്ല പൈങ്കിളി; താമരപൈങ്കിളി
താനിരുന്നാടുന്ന പൊന്നോല
ചുണ്ടുകറുപ്പനും തൂവൽചൊമപ്പനും
മഞ്ഞച്ചിറക്കിളി കൂടണഞ്ഞു
ഒന്നാം തുമ്പിയുമവൾ പെറ്റ മക്കളും
പോക തലപ്പിളളീൽ തുമ്പിതുളളാൻ
പന്തലിൽ പൂക്കുല പോരാഞ്ഞിട്ടോ
എന്തെന്റെ തുമ്പീ തുളളാത്തൂ?..
പെൺകിടാങ്ങൾ വട്ടമിട്ടിരുന്ന് ഈണത്തിലും താളത്തിലും ഈ പാട്ട് നീട്ടിപ്പാടും. ഒരു പെൺകുട്ടി നടുവിലിരിക്കും. അവളാണ് തുമ്പി.
picture2
ആ തുമ്പി ഉറഞ്ഞു തുളളുന്നതുവരെ രണ്ടാംകുന്നിൻമേൽ, മൂന്നാംകുന്നിൻമേൽ എന്നിങ്ങനെ ആവർത്തിച്ചു പാടിക്കൊണ്ടിരിക്കും.
‘ഊഞ്ഞാലാട്ടം’ ഒരു ഓണവിനോദമാണെന്ന് നേരത്തെ പറഞ്ഞല്ലോ. ഊഞ്ഞാലാടുമ്പോൾ പാടിയിരുന്ന ‘ഊഞ്ഞാൽപ്പാട്ടുകളും’ ഏറെ രസകരമാണ്.
‘ഊഞ്ഞാലോ… മക്കാണീ
ഉരിയനെല്ലേ…. പാച്ചോറേ
ഉണ്ടൂണ്ടേയിരിക്കുമ്പം-ഓണംവന്നു മുട്ടൂട്ടേ
മുട്ടൂട്ടേ മുട്ടൂട്ടേ-മൂക്കറ്റം മുട്ടൂട്ടേ!“
ഊഞ്ഞാലാട്ടത്തിനിടയിൽത്തന്നെ ഓണത്തെ സ്വാഗതം ചെയ്യുകയാണ് ഈ പാട്ടിലൂടെ. മിക്കവാറും എല്ലാ ഓണക്കളികൾക്കും ഓണപ്പാട്ടുകളുമായി ബന്ധമുണ്ടെന്നു കാണാം. ’ഓണത്തല്ല്‘ എന്ന വിനോദത്തിനുമുണ്ട് പാട്ട്. അഭ്യാസമുറകൾ താളത്തിലും ഈണത്തിലും വിവരിക്കുന്ന സ്വഭാവമാണ് ഇത്തരം പാട്ടുകൾക്കുളളത്.
”അയ്യയ്യാ!….തകിടമറി
അയ്യയ്യാ!… വലതിലടി
വന്നല്ലോ… കുറുക്കിയടി
നീട്ടിയടിച്ചും… കടംപിടി!’
കടം പിടി…. കടംപിടി…പിടി!“
ഇവയ്‌ക്കു പുറമെ ഹാസ്യത്തിന്റെ തേൻപുരണ്ട ചില കുസൃതിപ്പാട്ടുകളും ഓണത്തിനു പാടാറുണ്ട്.
‘നേന്ത്രപ്പഴം തിന്ന് തൃക്കാക്കരയപ്പന്റെ
കോന്ത്രപ്പല്ലൊക്കെ കൊഴിഞ്ഞുപോയി’
എന്നു തുടങ്ങുന്ന പാട്ടും
‘ഓണത്തപ്പാ കുടവയറാ
ഓണക്കറികള് എന്തെല്ലാം?
ചേനത്തണ്ടും ചെറുപയറും
ചേരേം കൂരീം പാമ്പിച്ചീം!..’
എന്നുളള പരിഹാസകവനവും ഇതിന് ഉദാഹരണങ്ങളാണ്.
പണ്ടത്തെ ഓണാഘോഷത്തിന്റെ ‘ഊടും പാവു’മായിരുന്ന ഇത്തരം നാടോടിഗാനങ്ങൾ എന്ന് ഒരു നഷ്‌ടവസന്തത്തിന്റെ ഓർമ്മയായി മാറുകയാണ്. ഇവയെ നമ്മുടെ തലമുറയ്‌ക്ക് പരിചയപ്പെടുത്തിക്കൊടുക്കാൻ അക്കാഡമികളോ, സാംസ്‌കാരിക പ്രസ്ഥാനങ്ങളോ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. ഇത്തരം പാട്ടുകളിലാണ് നമ്മുടെ സാംസ്‌കാരിക പൈതൃകം കുടികൊളളുന്നതെന്ന യാഥാർത്ഥ്യവും പലർക്കുമറിഞ്ഞുകൂടാ. ഇവയിൽ തുടിക്കുന്ന ഗ്രാമീണ സൗന്ദര്യവും ആചാരമര്യാദകളും കാവ്യസൗകുമാര്യവുമൊക്കെ അവർണനീയമാണ്. നാവോടു നാവു പകർന്ന്, കാതോടു കാതു പകർന്ന് ഇന്നും നമ്മുടെ ഗ്രാമാന്തരീക്ഷങ്ങളൽ നിലനിൽക്കുന്ന ഈ പാട്ടുകൾ സംരക്ഷിക്കേണ്ടത് കേരളത്തെ സ്‌നേഹിക്കുന്നവരുടെ കടമയാണ്.
Generated from archived content: essay4_aug31_06.html Author: sippi-pallippuram