മലയാളിയുടെ സ്വന്തം ഓണം

നാടന്‍കലകളുടേയും നാടന്‍കളികളുടേയും നാടന്‍പാട്ടുകളുടേയും മടിശ്ശീല കിലുങ്ങുന്ന സന്ദര്‍ഭമാണ് നമ്മുടെ പൊന്നോണക്കാലം.

കുമ്മാട്ടിക്കളി, കുമ്മികളി, കോല്‍ക്കളി, കൊറത്തികളി, പുലികളി, കരടികളി, തുമ്പിതുളളല്‍, മുടിയാട്ടം, അമ്മാനാട്ടം, ഓണവില്ല്, ഓണത്താര്‍, ഓണതുളളല്‍ തുടങ്ങിയ നാടന്‍കലകള്‍ ഓണക്കാലത്ത് നമ്മുടെ ഗ്രാമാന്തരീക്ഷത്തെ പുളകം കൊളളിച്ചിരുന്നു. ഇന്നും ചില ”ഓണം കേറാമൂല”കളിലെങ്കിലും ഈ കലാരൂപങ്ങള്‍ ജീവിക്കുന്നു എന്നത് അഭിമാനകരമാണ്.

പഴയ ഓണക്കാലത്ത് നാടന്‍കലകള്‍ക്കുമാത്രമല്ല; നാടന്‍കളികള്‍ക്കും പ്രധാന സ്ഥാനമുണ്ടായിരുന്നു. നാടന്‍പന്ത്, കിളിത്തട്ട്, കുട്ടിയും കോലും, ഊഞ്ഞാലാട്ടം, ഓണത്തല്ല്, ഉപ്പുകളി, പകിടകളി, വളളംകളി തുടങ്ങിയവ അക്കൂട്ടത്തില്‍ പെടുന്നു.

ഓണക്കാലത്ത് നമ്മുടെ ഗ്രാമീണജനങ്ങളെ ആകര്‍ഷിച്ചിരുന്ന ധാരാളം പാട്ടുകള്‍ നിലവിലുണ്ടായിരുന്നു. തുമ്പിതുളളല്‍പ്പാട്ടുകള്‍, പൂപ്പാട്ടുകള്‍, കുമ്മിപ്പാട്ടുകള്‍, കുമ്മാട്ടിപ്പാട്ടുകള്‍, വളളംകളിപ്പാട്ടുകള്‍, മാവേലിപ്പാട്ടുകള്‍, ഊഞ്ഞാല്‍പ്പാട്ടുകള്‍, ഓണവായ്ത്താരികള്‍ എന്നിങ്ങെന ഓണപ്പാട്ടുകള്‍തന്നെ പലവിധത്തിലുണ്ട്. നാവിലും ചുണ്ടിലും മനസ്സിലും മധുരം കോരി നിറയ്ക്കുന്നവയാണ് നമ്മുടെ ഓണപ്പാട്ടുകള്‍ല്‍ പിറന്ന മണ്ണിന്റെ ഗന്ധവും സൗന്ദര്യവും അവയിലുടനീളം തങ്ങിനില്‍ക്കുന്നു.

‘ അമ്മാവന്‍ വന്നില്ല; പത്തായം തുറന്നില്ല; എന്തെന്റെ മാവേലീ ഓണം വന്നേ അമ്മായി വന്നില്ല; നെല്ലൊട്ടും തന്നില്ല എന്തെന്റെ മാവേലി ഓണം വന്നേല്‍ കാര്‍ന്നോരു വന്നില്ല; കച്ച മുറിച്ചില്ല; എന്തെന്റെ മാവേലി ഓണം വന്നേല്‍ പൊന്നളിയന്‍ വന്നില്ല; പൊന്നാര്യന്‍ കൊയ്തില്ല എന്തെന്റെ മാവേലീ ഓണം വന്നേല്‍’ -ഒരുങ്ങിത്തീരും മുമ്പേ തിടുക്കത്തില്‍ ഓണം വന്നുപോയതിന്റെ സങ്കടമാണ് ഈ പഴയ പാട്ടില്‍ മുഴങ്ങിക്കേള്‍ക്കുന്നത്.

ഓണക്കാലത്തു പാടിവന്ന പൂപ്പാട്ടുകളുടെ കാവ്യഭംഗിക്ക് ഇന്നും കുറവുവന്നിട്ടില്ല. പാടത്തേക്കും പറമ്പിലേക്കും പൂനുളളാന്‍ പോയിരുന്ന പെണ്‍കൊടിമാരും കുട്ടികളും പാടിയിരുന്ന പാട്ടുകളാണ് ഇവ. അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയുടെ ചിത്രവും ഇത്തരം പാട്ടുകളില്‍ തെളിഞ്ഞുകാണാം. ഉത്തരകേരളത്തില്‍ പാടിവന്നിരുന്ന ഒരു പൂപ്പാട്ട് ശ്രദ്ധിക്കൂ:

‘ അപ്പന്റെ മുറ്റത്തൊരു- തുമ്പ മുളച്ചൂ തുമ്പകൊണ്ടമ്പതു-തോണിയും കുത്തീ തോണിക്കിളംതല- ചുക്കാനുംവച്ചൂ ചൂക്കാെനടുത്തൊരു- വാഴമേല്‍ ചാരി വാഴ കുലച്ചങ്ങ്-തെക്കോട്ടുവീണു തെക്കേലെത്തമ്പുരാന്‍-കുലയും കൊണ്ടോടില്‍ പൂവേപൊലി-പൂവേപൊലി-പൂങ്കാവിലമ്മേ പൂവേപൊലി-പൂവേപൊലി-പൂങ്കാവിലച്ചാല്‍’ – ഓണസദ്യയ്ക്കുവേണ്ടി പാവപ്പെട്ട പണിയാളന്‍ നട്ടുണ്ടാക്കിയ വാഴക്കുല ജന്മിത്തമ്പുരാന്‍ ബലമായി തട്ടിക്കൊണ്ടുപോയ വിശേഷമാണ് ഈ പാട്ടില്‍ പ്രതിപാദിച്ചിട്ടുളളത്.

ഓണക്കാല വിനോദങ്ങളിലൊന്നായ തുമ്പിതുളളലിന്റെ പാട്ട് താളാത്മകവും രസപ്രദവുമാണ്.

‘ ഒന്നാംകുന്നിന്മേലോരിലക്കുന്നിന്മേല്‍ ഒന്നല്ലോ മങ്കമാര്‍ പാല നട്ടൂ പാലയ്ക്കിലവന്നു; പൂവന്നു കാവന്നു പാലയ്ക്ക് നീര്‍കൊട് കാര്‍കുഴലീ ഞാനല്ല പൈങ്കിളി-താമരപ്പൈങ്കിളി താനിരുന്നാടുന്ന പെന്നോലല്‍ ചുണ്ടുക്കറുപ്പനും തൂവല്‍ ചുകപ്പനും മഞ്ഞച്ചിറക്കിളി കൂടണഞ്ഞൂ ഒന്നാം തുമ്പിയുമവള്‍പെറ്റ മക്കളും പോക തലപ്പിളളീല്‍ തുമ്പിതുളളാന്‍. പന്തലില്‍ പൂക്കുല പോരാഞ്ഞിട്ടോ എന്തെന്റെ തുമ്പി തുളളാത്തൂ?’

– ഈ പാട്ട് മുറുകി വരുമ്പോഴാണ് തുമ്പിയായി സങ്കല്പിച്ച് കളത്തിന്റെ നടുവില്‍ കയ്യില്‍ പൂക്കുലയും നല്‍കി ഇരുത്തിയിട്ടുളള പെണ്‍കുട്ടി പയ്യെ പയ്യെ തുളളാന്‍ തുടങ്ങുന്നത്.

ഓണവുമായി ബന്ധപ്പെട്ട നിരവധി പഴഞ്ചൊല്ലുകള്‍ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ട്. വളരെ അര്‍ത്ഥസംപുഷ്ടമായ ഈ ചൊല്ലുകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് മലയാളത്തെ സ്‌നേഹിക്കുന്ന ഏവരുടേയും കടമയാണ്. ചില ഓണച്ചൊല്ലുകള്‍ ശ്രദ്ധിക്കൂ:

1. കാണം വിറ്റും ഓണമുണ്ണണം 2. ഓണം വരാെനാരു മൂലം 3. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനുകുമ്പിളില്‍ കഞ്ഞി 4. ഓണമുണ്ടവയറേ ചൂളേം പാടികിട 5. അത്തം പത്തോണം 6. ഉണ്ടെങ്കിലോണം; ഇല്ലെങ്കി പട്ട്ണി 7. ഓണക്കറിയില്‍ കാളന്‍ മുമ്പന്‍ 8. ഓണത്തിനിടയില്‍ പുട്ടുകച്ചോടം 9. അത്തം കറുത്താന്‍ ഓണം വെളുക്കും. 10. മൂന്നാം ഓണം മുക്കീം മൂളീം, നാലാമോണം നക്കീം തോര്‍ത്തീം 11. ഓണം വന്നിട്ടും നാണിക്കു നാവേറ് 12. ഓണം വന്നൊപ്പൊ കോതയ്ക്കും കോടില്‍

ഇവയെല്ലാം ഓണത്തിന്റെ പ്രത്യേകതകള്‍ വിളിച്ചറിയിക്കുന്ന ചൊല്ലുകള്‍ തന്നെ. പക്ഷേ ഇന്ന് ഓണവിനോദങ്ങളും ഓണപ്പാട്ടുകളും ഓണച്ചൊല്ലുകളുമെല്ലാം മലയാളികള്‍ മറന്നുകൊണ്ടിരിക്കുകയാണ്. ഓണപ്പാട്ടുകളേക്കാള്‍ ഇന്ന് ”അറുബോറന്‍” പാരഡികാസറ്റുകളും, വളിച്ചു നാറുന്ന മിമിക്രി കാസറ്റുകളുമൊക്കെയാണ് പുതിയ തലമുറയ്ക്ക് കൂടുതല്‍ ഇഷ്ടം.

പണ്ടൊക്കെ ”അത്തം” തുടങ്ങിയാല്‍ തിരുവോണം വരെ മലയാളികളുടെ വീട്ടുമുറ്റത്തെല്ലാം ഹൃദയം കവരുന്ന ഓണപ്പൂക്കളങ്ങള്‍ കാണുമായിരുന്നു. പക്ഷേ ഇപ്പോള്‍ ഓണക്കാലത്തു വിരിയുന്ന പൂക്കളുടെ പേരുപോലും നമ്മുടെ കുട്ടികള്‍ക്ക് ശരിയായി അറിഞ്ഞുകൂടാ. അവര്‍ക്ക് ”ഓര്‍ക്കിഡും”, ”ആന്തൂറിയ”വും ”ഗ്ലാഡ് റാക്‌സും”, ”സണ്‍ ഫ്‌ളവറു”മൊക്കെയാണ് ഇന്ന് സുപരിചിതം.

ഓണക്കാലത്ത് കണ്ണുംകരളും കവരുന്ന എത്രയെത്ര പൂക്കളാണ് നമ്മുടെ മണ്ണില്‍ വിരിഞ്ഞിരുന്നത്; കാക്കപ്പൂവ്, കണ്ണാന്തളിപ്പൂ, തുമ്പപ്പൂ, മുക്കുറ്റിപ്പൂ, ചിറ്റാടപ്പൂ, ചെത്തിപ്പൂ, ചേമന്തിപ്പൂ, കദളിപ്പൂ, അരളിപ്പൂ, ഇലഞ്ഞിപ്പൂ, അല്ലിപ്പൂ, െനല്ലിപ്പൂ, മല്ലിപ്പൂ, വെന്തിപ്പൂ, വെളളാമ്പല്‍പ്പൂ, നന്ത്യാര്‍വട്ടം, കോളാമ്പിപ്പൂ എന്നിങ്ങെന പറഞ്ഞാലും പറഞ്ഞാലും തീരാത്ത പൂക്കള്‍ കാണാമായിരുന്നു. പക്ഷേ ഇന്നത്തെ തലമുറയ്ക്ക് ഇത്തരം പൂക്കളോടുതന്നെ പുച്ഛമാണ്ല്‍ വീട്ടുമുറ്റത്ത് പൂക്കളമുണ്ടാക്കുന്ന സമ്പ്രദായവും വളരെകുറഞ്ഞു. അതിനുപകരം പലയിടത്തും പൂക്കളമത്സരമാണ് ഇന്നു നടക്കുന്നത്. എന്തിനും ഏതിനും മത്സരം നടക്കുന്ന നമ്മുടെ നാട്ടില്‍ ഇതും ഒരു മത്സരമാക്കുന്നതാണ് നല്ലതെന്ന് തോന്നിയിട്ടുണ്ടാകാം.

മഹാബലിയെക്കുറിച്ചുളള ഐതിഹ്യത്തിനും ചിലര്‍ ഇന്ന് മങ്ങലേല്പിക്കുന്നുണ്ട്. മഹാബലിയെ താഴ്ത്തിക്കെട്ടാനും വാമനെന ഉയര്‍ത്തിപ്പിടിക്കാനുമുളള ശ്രമങ്ങള്‍ പലരും നടത്തുന്നുണ്ട്.

ഓണത്തെക്കുറിച്ചും മഹാബലിയെക്കുറിച്ചും നൂറ്റാണ്ടുകളായി നാം മനസ്സിലാക്കിയ ഐതിഹ്യം ആര്‍ക്കും മൂടിവയ്ക്കാന്‍ കഴിയില്ല. ഒരിക്കല്‍ക്കൂടി നമുക്ക് ആ ഐതിഹ്യത്തിലേക്ക് കടന്നുചെല്ലാം.

പണ്ട് പണ്ട് കേരളം വാണിരുന്ന മഹാബലി എന്നു പേരുളള ചക്രവര്‍ത്തി. അദ്ദേഹം നീതിമാനും ദയാലുവും സത്യസന്ധനുമായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് നാടൊരു സ്വര്‍ഗ്ഗം തന്നെയായിരുന്നു. കളളപ്പറയില്ല; ചെറുനാഴിയില്ല; കളളവും ചതിവുമില്ല. നാട്ടില്‍ തട്ടിപ്പുകാരോ വെട്ടിപ്പുകാരോ ഒന്നുമില്ല. പ്രജകളെല്ലാം മാവേലിത്തമ്പുരാെന ദൈവത്തെപ്പോലെ ആരാധിക്കാന്‍ തുടങ്ങി.

ഇതുകണ്ടപ്പോള്‍ സ്വര്‍ഗ്ഗത്തിലെ ദേവന്‍മാര്‍ക്ക് അസൂയമൂത്തു. അവര്‍ കൂട്ടം ചേര്‍ന്ന് മഹാവിഷ്ണുവിന്റെ തിരുമുന്നിലെത്തി പരാതി പറഞ്ഞു:

‘ ഹേ, ഭഗവാന്‍ല്‍ ഭൂമിയില്‍ മാവേലി എന്നൊരു രാജാവ് നമ്മെക്കാളും നന്നായി ഭരണം നടത്തുന്നുവത്രെല്‍ ഈ നിലതുടര്‍ന്നാല്‍ ദേവന്‍മാരായ നമ്മുടെ കാര്യം അവതാളത്തിലാകും.’

‘ ങ്‌ഹേല്‍… എന്താണീക്കേള്‍ക്കുന്നത്? സ്വര്‍ഗത്തേക്കാള്‍ നന്നായി ഭൂമിയില്‍ ഭരണം നടക്കുന്നുണ്ടെന്നോ?’ – മഹാവിഷ്ണു ആരാഞ്ഞു.

‘ അതെ തിരുമേനി അതെല്‍.. ഞങ്ങളെ രക്ഷിക്കണം’ – ദേവന്‍മാര്‍ ഒരേസ്വരത്തില്‍ ആവശ്യപ്പെട്ടു.

‘ ശരിശരി; നിങ്ങള്‍ ഒട്ടും പേടിക്കേണ്ട. നിങ്ങളുടെ സങ്കടത്തിന് നാം നിവൃത്തിയുണ്ടാക്കാം.’ – മഹാവിഷ്ണു വാക്കുകൊടുത്തു. ദേവന്‍മാര്‍ സന്തോഷത്തോടെ പിരിഞ്ഞുപോയി.

ആ നിമിഷം മുതല്‍ മഹാവിഷ്ണു ആലോചനതുടങ്ങി. മഹാബലിയെ എങ്ങെനയാണ് ഭൂമിയില്‍ നിന്നും കെട്ടുകെട്ടിക്കുക? ഇതായിരുന്നു ആലോചനാവിഷയം.

ഒടുവില്‍ മഹാവിഷ്ണു ഒരുപായം കണ്ടുപിടിച്ചു. വളരെ പൊക്കം കുറഞ്ഞ ഒരു ബ്രാഹ്മണകുമാരന്റെ വേഷത്തില്‍ അദ്ദേഹം ഭൂമിയില്‍ മഹാബലിത്തമ്പുരാന്റെ പക്കലെത്തി. വാമനന്‍ എന്നായിരുന്നു ആ കുമാരന്റെ പേര്.

അപ്പോള്‍ മാവേലിത്തമ്പുരാന്‍ ഒരു യാഗം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. വാമനകുമാരെന മാവേലിത്തമ്പുരാന് നന്നേ ഇഷ്ടമായി. അദ്ദേഹം വളരെ ആദരവോടും സന്തോഷത്തോടും കൂടി ആ ബാലനോട് ചോദിച്ചു.

‘ ഉണ്ണീ, നീ എന്തിനാണ് നമ്മെത്തേടി വന്നിരിക്കുന്നത്? പൊന്നും പണവും യാചിക്കാനാണോ? അതോ പട്ടുംവളയും നേടിയെടുക്കാനോ?’

ഇതുകേട്ട് മുനികുമാരന്‍ പറഞ്ഞു: അടിയന് പൊന്നും പണവും ഒന്നും വേണ്ട; തപസ്സുചെയ്യാന്‍ വെറും മൂന്നടി മണ്ണ് ദാനമായി തരണം; അത്രമാത്രംല്‍’

തപസ്സിരിക്കാന്‍ മൂന്നടി മണ്ണ് യാചിക്കുന്ന പാവം വാമനകുമാരനോട് മാവേലിത്തമ്പുരാന് എന്തെന്നില്ലാത്ത അലിവു തോന്നി. എന്നാല്‍ വാമനകുമാരന്റെ ഈ സംസാരവും പെരുമാറ്റവും ശ്രദ്ധിച്ചുകൊണ്ട് ഒരാള്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. രാജഗുരുവായ ശുക്രാചാര്യരായിരുന്നു അത്. ഈ പയ്യന്‍ തട്ടിപ്പുക്കാരനാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഇയാള്‍ക്ക് ഭൂമി കൊടുക്കുന്നത് തമ്പുരാന് ആപത്തുവരുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി. പക്ഷേ അതൊന്നും മാവേലിത്തമ്പുരാന്‍ വകവച്ചില്ല. അദ്ദേഹം വാമനകുമാരനോടു പറഞ്ഞു:

‘ വെറും മൂന്നടി മണ്ണല്ലേ? അത് വേഗം അളന്നെടുത്തോളൂ’

ഇതുകേള്‍ക്കേണ്ട താമസം ഭൂമി അളന്നെടുക്കാനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഭൂമി ദാനം ചെയ്യുന്നതിന്റെ മുന്നോടിയായി മാവേലിത്തമ്പുരാന്‍ ഒരു കുടത്തില്‍ വെളളമെടുത്ത് ജലദാനം നടത്താെനാരുങ്ങി.

ആ സമയത്ത് ശുക്രാചാര്യര്‍ ഒരു കരടിന്റെ രൂപത്തില്‍ കുടത്തിന്റെ വക്കില്‍ വന്നിരുന്ന് ജലദാനത്തിന് തടസ്സമുണ്ടാക്കാന്‍ ശ്രമിച്ചു.

ഇതു മനസ്സിലാക്കിയ വാമനകുമാരന്‍ ഒരു കൂര്‍ത്ത പുല്ലെടുത്ത് കരടിനിട്ടുകുത്തി. പുല്ലിന്റെ മുന ശുക്രാചാര്യരുടെ കണ്ണിലാണ് കൊണ്ടത്. അതോടെ ആ കണ്ണ് പൊട്ടിപ്പോയില്‍ അദ്ദേഹം അന്നുമുതല്‍ ഏകനേത്രനായിത്തീര്‍ന്നുല്‍

ഇതൊന്നും അറിഞ്ഞതായി ഭാവിക്കാതെ വാമനകുമാരന്‍ ഭൂമി അളക്കാനാരംഭിച്ചു. അത്ഭുതംല്‍ കുമാരന്‍ പെട്ടെന്ന് വളര്‍ന്ന് വലുതാകാന്‍ തുടങ്ങി. നിമിഷങ്ങള്‍കൊണ്ട് ആ രൂപം ആകാശം മുട്ടേ വളര്‍ന്നു.

ഒന്നാമത്തെ അടി അളന്നപ്പോള്‍ ഭൂമി മുഴുവനും തീര്‍ന്നു. രണ്ടാമത്തെ അടിയ്ക്ക് സ്വര്‍ഗ്ഗവും തീര്‍ന്നു. ‘ മൂന്നാമത്തെ അടി അളക്കാന്‍ സ്ഥലമെവിടെ?’ – വാമനകുമാരന്‍ അന്വേഷിച്ചു.

ഇനി സ്ഥലമില്ലെന്നു മനസ്സിലാക്കിയിട്ടും മാവേലിത്തമ്പുരാന്‍ പറഞ്ഞവാക്കില്‍ നിന്ന് പിന്‍മാറിയില്ല.

ഒരു മാര്‍ഗ്ഗവും കാണാതായപ്പോള്‍ തമ്പുരാന്‍ മുനികുമാരന്റെ മുന്നില്‍ ശിരസ്സുകുനിച്ചുനിന്നു; എന്നിട്ടു പറഞ്ഞു.

‘ കുമാരാ, ഒട്ടും ശങ്കിക്കേണ്ട; മൂന്നാമത്തെ അടി എന്റെ ശിരസ്സില്‍ പാദം വച്ച് അളന്നോളൂ’ .

കുമാരന്‍ തന്റെ പാദം തമ്പുരാന്റെ തലയില്‍വച്ചു. പിന്നെ മെല്ലെമെല്ലെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താന്‍ തുടങ്ങി.

താണുപോകുന്നതിനിടയില്‍ തമ്പുരാന്‍ അപേക്ഷിച്ചു: ‘ കുമാരാ, ആണ്ടിലൊരിക്കല്‍ ഈ കേരളക്കരയില്‍ വരാനും, നമ്മുടെ വത്സലരായ പ്രജകളെ കാണാനും അങ്ങെന്നെ അനുവദിക്കണം.’

തമ്പുരാന്റെ ഈ അപേക്ഷ വാമനകുമാരന്‍ സ്വീകരിച്ചു. അതനുസരിച്ച് ആണ്ടിലൊരിക്കല്‍ അദ്ദേഹം തന്റെ പ്രജകളെ കാണാന്‍ മലയാളക്കരയില്‍ വരുന്നു. ആ ദിവസമാണ് നാം തിരുവോണമായി കൊണ്ടാടുന്നത്.

‘ അത്തം” തുടങ്ങിയാല്‍ പത്താം ദിവസമാണ് തിരുവോണം. ഇതു സൂചിപ്പിക്കുന്ന ഒരു കവിതയിതാ:-

‘ അത്തം വന്നൂ; ചിത്തിര വന്നൂ നൃത്തം വയ്ക്കിന്‍ മാളോരേല്‍ മോടിയിലങ്ങെന ചോതിയണഞ്ഞൂ കോടിയുടുക്കിന്‍ മാളോരേല്‍ വൈശാഖക്കിളി പാറിയണഞ്ഞൂ വൈകാതുണരിന്‍ മാളോരേല്‍ അനിഴം വന്നൂ മണ്ണില്‍പ്പോലും പവിഴം വിതറീ മാളോരേല്‍ തൃക്കേട്ടത്തിരി തെളിയുന്നല്ലോ തൃക്കണിവയ്ക്കിന്‍ മാളോരേല്‍ മൂലം വന്നൂ; കൈകളിലെല്ലാം താലമെടുക്കിന്‍ മാളോരേല്‍ പൂരാടപ്പൂ മണമുതിരുന്നൂ പൂക്കണിവയ്ക്കിന്‍ മാളോരേല്‍ ഉത്രാടപ്പൊന്നമ്പിളിയെത്തീ ഒത്തുകളിപ്പിന്‍ മാളോരേല്‍ തിരുവോണത്തിന്‍ വരവായല്ലോ ഒരുമിച്ചുണ്ണാം മാളോരേല്‍’

ഓണം മലയാളമണ്ണിന്റെ മഹോത്സവമാണ്. എത്രയെത്ര മാറ്റങ്ങള്‍ വന്നാലും, എത്രയെത്ര പരിഷ്‌ക്കാരങ്ങള്‍ ഇവിടെ അഴിഞ്ഞാടിയാലും മലയാളിയുടെ മനസ്സില്‍ നിന്ന് ഒരിക്കലും ഓണത്തിന്റെ ചൈതന്യം ചോര്‍ന്ന് പോവുകയില്ല. ഓണക്കോടിയും ഓണനിലാവും, ഓണപ്പാട്ടും, ഓണക്കളിയും, ഓണപ്പൂക്കളും, ഓണസ്സദ്യയും ഓണത്തപ്പനുമെല്ലാം മേളിക്കുന്ന കേരളത്തിന്റെ ഈ ദേശീയോത്സവം നമ്മുടെ ഒരുമയുടേയും ഐശ്വര്യത്തിന്‍േറയും പ്രതീകമായി എന്നെന്നും ഇവിടെ നിലനില്‍ക്കട്ടെല്‍ എവിടെ മലയാളിയുണ്ടോ അവിടെയെല്ലാം ഓണം പൊടിപൊടിക്കട്ടെല്‍ ”കാണംവിറ്റും ഓണമുണ്ണുന്ന” കേരളീയന്റെ അന്തസ്സ് ഒരിക്കലും അണയാതിരിക്കട്ടെല്‍

Generated from archived content: essay2_agu22_15.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English