ഓണ ചരിതങ്ങൾ

ഓണം കേരളീയ സംസ്‌കൃതിയുടെ ഒരു പരിച്ഛേദമാണ്‌. ഓണവുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങളും നാടൻപാട്ടുകളും ചൊല്ലുകളും നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട്‌. ഓണക്കോടിയും ഓണനിലാവും ഓണചന്തയും ഓണസദ്യയുമൊക്കെ എന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓണക്കാല സങ്കല്പങ്ങളാണ്‌. ‘എവിടെ മലയാളിയുണ്ടോ അവിടെ ഓണവുമുണ്ട്‌ എന്ന്‌ പ്രശസ്ത സഞ്ചാരസാഹിത്യകാരനായ എസ്‌.കെ.പൊറ്റക്കാട്‌ അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങളിൽ പലയിടത്തും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

മലയാളി എവിടെയുണ്ടോ അവിടെ ഓണവുമുണ്ട്‌

പൊന്നിൻചിങ്ങം പൊട്ടി വിടർന്നാൽ മലനാട്ടിൽ പൊന്നോണത്തിന്റെ കൊട്ടും കുരവയും കുഴൽവിളിയും ഉയർന്നു പൊങ്ങാൻ തുടങ്ങും. തൊടികളിൽ കാക്കപ്പൂവും കണ്ണാന്തളിപ്പൂവും ചെത്തിയും ചേമന്തിയും മല്ലിയും മഞ്ഞമുക്കുറ്റിയും തുമ്പയുമെല്ലാം പുഞ്ചിരിച്ചു നില്‌ക്കും. പാടിപ്പതിഞ്ഞ പഴയ ഓണപ്പാട്ടുകൾ വീണ്ടും അന്തരീക്ഷത്തിൽ അലയടിച്ചുയരും! എന്തിനു പറയുന്നു; മലയാളിക്ക്‌ ഓണത്തെക്കാൾ വലിയ മഹോത്സവം വേറെയില്ല.

ഓണത്തിന്റെ മൂലം

വളരെക്കാലം മുമ്പുതന്നെ കേരളീയർ ഓണം ആഘോഷിച്ചു വന്നിരുന്നതായി സൂചനകളുണ്ട്‌. ഏഡി നാലാം നൂറ്റാണ്ടിൽ രചിച്ച ’മധുരൈക്കാഞ്ചി‘ എന്ന തമിഴ്‌കൃതിയിൽ ഓണാഘോഷത്തെക്കുറിച്ചുളള വർണ്ണനകളുണ്ട്‌. ഉളളവരും ഇല്ലാത്തവരുമെല്ലാം ഒരുമയോടെ ഓണം കൊണ്ടാടിയിരുന്നുവെന്ന്‌ ’മധുരൈക്കാഞ്ചി‘ സൂചിപ്പിക്കുന്നു. ഓണക്കോടിയെക്കുറിച്ചും ഓണസദ്യയെക്കുറിച്ചും ഓണത്തല്ലിനെക്കുറിച്ചുമെല്ലാം ഈ കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്‌.

ഏഡി ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ കവിയായ തിരുജ്ഞാന സംബന്ധർ അദ്ദേഹത്തിന്റെ പല കൃതികളിലും ഓണത്തെക്കുറിച്ച്‌ വിവരിച്ചിട്ടുണ്ട്‌. ഓണക്കാലത്ത്‌ നിരവധി നാടൻ കലാരൂപങ്ങൾ പ്രദർശിപ്പിച്ചു വന്നിരുന്നതായും ഓണപ്പാട്ടുകൾ പാടിയിരുന്നതായും തിരുജ്ഞാന സംബന്ധർ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

ഏഡി ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ച പെരിയാഴ്‌വരുടെ ’പല്ലാണ്ട്‌‘ എന്ന കൃതിയിലും ഓണത്തിന്റെ മാഹാത്മ്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

ഓണത്തെക്കുറിച്ചുളള ആദ്യത്തെ ചരിത്രത്തെളിവ്‌ ’തിരുവാറ്റുവായ്‌ ശാസന‘മാണ്‌. ’സ്ഥാണുരവി‘ എന്ന പേരുകേട്ട ചക്രവർത്തിയുടെ പതിനേഴാം ഭരണവർഷം തികഞ്ഞത്‌ ഏഡി 856-ലായിരുന്നു. അക്കാലത്ത്‌ ചക്രവർത്തി പുഞ്ചപ്പാടത്ത്‌ ചേന്നൻ ചങ്കരൻ എന്നൊരാൾക്ക്‌ ’ആവണിയോണം‘ ആഘോഷിക്കുവാൻ എഴുതി കൊടുത്ത കച്ചം അഥവാ കരാറുകളാണ്‌ ഈ ശാസനത്തിൽ അടങ്ങിയിരിക്കുന്നത്‌.

പഴയ ഓടനാട്ടിൽപ്പെട്ട പ്രദേശമായിരുന്നു ’തിരുവാറ്റുവായ്‌‘. ഈ ഓടനാടാണ്‌ പിൽക്കാലത്ത്‌ കായംകുളമായും ഓണാട്ടുകരയായും പരിണമിച്ചത്‌. ഓണം ആടുന്ന കരയാണത്രെ ’ഓണാട്ടുകര‘. ഓണം ബുദ്ധമത ആഘോഷമാണെന്ന്‌ വാദിക്കുന്ന ചരിത്രകാരന്മാരും വിരളമല്ല.

ഓണത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ ’തൃക്കാക്കര‘യെപ്പറ്റി പറയാതെ പോകുന്നത്‌ ശരിയല്ല. വാമനൻ മഹാബലിയെ ’തൃക്കാക്കര‘യിൽ വച്ച്‌ പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്‌ത്തിയെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. വിഷ്‌ണുവിന്റെ തൃക്കാൽ പതിഞ്ഞ സ്ഥലം എന്ന അർത്ഥത്തിലാണ്‌ ’തൃക്കാക്കര‘യെന്ന പേര്‌ ഈ പ്രദേശത്തിന്‌ ലഭിച്ചതത്രെ. ഇവിടത്തെ പ്രതിഷ്‌ഠ വാമനനായ മഹാവിഷ്‌ണുവിന്റേതാണ്‌. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളാണ്‌ തൃക്കാക്കരക്ഷേത്രം പണികഴിപ്പിച്ചത്‌.

തിരുവോണക്കാലത്താണ്‌ ഈ ക്ഷേത്രത്തിലെ ഉത്സവം കൊണ്ടാടുന്നത്‌. ചിങ്ങമാസത്തിലെ അത്തം നാളിലാരംഭിക്കുന്ന മഹോത്സവം തിരുവോണനാളിൽ സമാപിക്കും. തൃക്കാക്കരയിൽ ആഘോഷിക്കുന്ന ഈ ഉത്സവം പിൽക്കാലത്ത്‌ എല്ലാ വീടുകളിലും കൊണ്ടാടാൻ തുടങ്ങിയെന്നും ഇതാണ്‌ ഓണമായി മാറിയതെന്നും പറയപ്പെടുന്നുണ്ട്‌. ഇതുമായി ബന്ധപ്പെട്ട ഐതിഹ്യം ഇങ്ങനെയാണ്‌.

കേരളത്തിൽ പെരുമാക്കന്മാർ നാടുവാഴുന്ന കാലം. പെരുമാക്കന്മാരെല്ലാം തന്നെ തൃക്കാക്കരയപ്പന്റെ വലിയ ഭക്തരായിരുന്നു. രാജ്യത്തെ പ്രജകൾ സർവ്വരും തിരുവോണനാളിൽ ഇവിടെ എത്തിച്ചേരണമെന്നും വാമനോത്സവത്തിൽ പങ്കെടുക്കണമെന്നും കല്പിച്ചത്രെ. ഈ കല്പന പ്രകാരം തിരുവോണനാളിൽ ആയിരക്കണക്കായ പ്രജകൾ ഇവിടെ വന്ന്‌ ഉത്സവം കൂടുകയും എല്ലാവരും ഒരുമിച്ച്‌ സദ്യയുണ്ട്‌ പിരിയുകയും ചെയ്‌തിരുന്നത്രെ. ഈ പതിവ്‌ കുറെക്കാലം തുടർന്നു. എന്നാൽ കാലാന്തരത്തിൽ പലർക്കും ഉത്സവക്കാലത്ത്‌ തൃക്കാക്കരയിൽ എത്തിച്ചേരാൻ കഴിയാതെയായി. അങ്ങനെയുളളവർ തിരുവോണനാളിൽ വീട്ടുമുറ്റത്ത്‌ മണ്ണുകൊണ്ടുളള വാമനരൂപമുണ്ടാക്കിവച്ച്‌ പൂജിക്കണമെന്നും ഓരോ കുടുംബക്കാരും വീട്ടിൽ ഒത്തുകൂടി ഓണമാഘോഷിക്കണമെന്നും പെരുമാൾ വിളംബരം പുറപ്പെടുവിച്ചു. അത്തം മുതൽക്കാണത്രെ വീട്ടുമുറ്റത്ത്‌ വാമനനെയുണ്ടാക്കിവച്ച്‌ ഓണമാഘോഷിക്കാൻ തുടങ്ങിയത്‌.

ഓണപ്പാട്ടുകളുടെ മാധുര്യം

ഓണക്കാലം നാടൻപാട്ടുകളുടെ മടിശ്ശീല കിലുങ്ങുന്ന സന്ദർഭം കൂടിയാണ്‌. പൂപ്പാട്ടുകൾ, ഊഞ്ഞാൽപ്പാട്ടുകൾ, തുമ്പിതുളളൽപ്പാട്ടുകൾ, വളളംകളിപ്പാട്ടുകൾ, കുമ്മിയടിപ്പാട്ടുകൾ, കുമ്മാട്ടിപ്പാട്ടുകൾ, കുസൃതിപ്പാട്ടുകൾ, പാണപ്പാട്ടുകൾ, മഹാബലിചരിതം എന്നിങ്ങനെ ഓണവുമായി ബന്ധപ്പെട്ട നാടോടി ഗാനങ്ങൾ നിരവധിയാണ്‌.

“അങ്ങേക്കര ഇങ്ങേക്കര

കണ്ണാന്തളി-മുറ്റത്തൊരു

തുമ്പ മുളച്ചേ!

തുമ്പകൊണ്ടമ്പതു തോണി ചമച്ചേ

തോണിത്തലയ്‌ക്കലൊരാലു മുളച്ചേ.

ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നേ!

ഉണ്ണിക്കു കൊട്ടാനും- ഉണ്ണിക്കു പാടാനും

തുടിയും തുടിക്കോലും പറയും പറക്കോലും!

പൂവേ പൊലി-പൂവേ പൊലി

പൂവേ പൂവേ……..

കേരളത്തിൽ പാടിവരുന്ന പൂപ്പാട്ടുകളിൽ ഒന്നാണിത്‌. ഓണപ്പൊന്നൂഞ്ഞാലുമായി ബന്ധപ്പെട്ട ഊഞ്ഞാൽപ്പാട്ടുകളും കുറവല്ല.

”ഊഞ്ഞാലോ-ചക്കിയമ്മ

ചക്കിയമ്മ-മുട്ടയിട്ടേ

മുട്ട തോണ്ടി-തോട്ടിലിട്ടേ

തോടുവെട്ടി-കൈതനട്ടേ

കൈതയൊരു-പൂവുതന്നെ

പൂവുകൊണ്ടു-പന്തലിട്ടേ

പന്തലിന്മേൽ-കൂൺമുളച്ചേ

കൂണെടുത്ത്‌-തൂണുമിട്ടേ.

തൂണൊടിഞ്ഞ്‌-ആനചത്തേ!

കരയാതെൻ-കുഞ്ഞുമാളൂ

ആന വെറും-കുഴിയാന!

ഊഞ്ഞാലോ-ചക്കിയമ്മ

ചക്കിയമ്മ-മുട്ടയിട്ടേ!…..

ഓണക്കാലത്തിന്‌ കൊഴുപ്പു കൂട്ടുന്ന ധാരാളം കുസൃതിപ്പാട്ടുകളും പ്രചാരത്തിലുണ്ട്‌. പ്രധാനമായും കുട്ടികളുടെ നാവിൽതുമ്പിലാണ്‌ അത്തരം പാട്ടുകൾ തത്തിക്കളിച്ചിരുന്നത്‌.

“തൃക്കാക്കരയപ്പന്നൊരു വിഡ്‌ഢിത്തം പറ്റി

നേന്ത്രപ്പഴം തിന്ന്‌ പല്ലെല്ലാം പോയി.

ഏട്ടത്തല തിന്നപ്പം പല്ലെല്ലാം വന്നേ

പൂവേ പൊലി പൂവേ പൊലി പൂങ്കാവിലമ്മേ!”

ഒരുക്കങ്ങളെല്ലാം തീരുംമുമ്പ്‌ ഓണം ഓടിവന്നതിന്റെ പരിഭവം അറിയിക്കുന്ന പാട്ടുകളും രസകരങ്ങളാണ്‌. ഇതാ ഒരു പാട്ട്‌ ശ്രദ്ധിക്കൂഃ

“ചന്തത്തിൽ മുറ്റം ചെത്തിപ്പറിച്ചീല

എന്തെന്റെ മാവേലി ഓണംവന്നേ?

ചന്തയ്‌ക്കുപോയീലാ-നേത്രക്കാ വാങ്ങീല

എന്തെന്റെ മാവേലി ഓണം വന്നേ?

പന്തു കളിച്ചീലാ-പന്തലുമിട്ടീല

എന്തെന്റെ മാവേലി ഓണം വന്നെ?

അമ്മാവൻ വന്നീല-സമ്മാനം തന്നീല

എന്തെന്റെ മാവേലീ ഓണം വന്നേ?

പൊന്നളിയൻ വന്നീല-പൊന്നാര്യൻ കൊയ്‌തീല

എന്തെന്റെ മാവേലീ- ഓണം വന്നേ?

കുഞ്ഞേലിപ്പെണ്ണിന്റെ മുഞ്ഞി കറുക്കുന്നു

എന്തെന്റെ മാവേലീ ഓണം വന്നേ?

പാടിയാലും പാടിയാലും തീരാത്തത്ര ഓണപ്പാട്ടുകൾ നമുക്കുണ്ട്‌. പക്ഷേ എന്തുകാര്യം? പുതിയ തലമുറയ്‌ക്ക്‌ ഇത്തരം പാട്ടുകൾ പാടുന്നതിലോ, കണ്ടെടുത്തു സൂക്ഷിക്കുന്നതിലോ ഒന്നും വലിയ താല്പര്യമില്ല.

ഓണച്ചൊല്ലുകൾ

ഓണവുമായി ബന്ധപ്പെട്ട അനേകം പഴഞ്ചൊല്ലുകളും ശൈലികളും പ്രചാരത്തിലുണ്ട്‌. അത്തം പത്തോണം, അത്തം കറുത്താൽ ഓണം വെളുക്കും, കാണം വിറ്റും ഓണമുണ്ണണം, ഓണത്തിനിടയ്‌ക്കു പൂട്ടുകച്ചോടം, ഓണമുണ്ട വയറേ ചൂളേം പാടിക്കെട, ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര, ഓണം പോലെയാണോ തിരുവാതിര?, ഓണം പിറന്നാലും ഉളളി പിറന്നാലും കോരനു കുമ്പിളിൽ കഞ്ഞി, ഓണം വരാനൊരു മൂലം, ഓണക്കറിയിൽ കാളൻ മുമ്പൻ എന്നിങ്ങനെ അർത്ഥ സംപുഷ്‌ടവും രസകരവുമായ നിരവധി ഓണച്ചൊല്ലുകളും ശൈലികളും ഇന്നും നമ്മുടെ വായ്‌മൊഴിയിൽ മായാതെ കിടക്കുന്നുണ്ട്‌.

’കാണം വിറ്റും ഓണം ഉണ്ണണം‘ എന്ന പഴഞ്ചൊല്ലിന്റെ പൊരുൾ മനസ്സിലായോ? കൈവശമുളള ഭൂമി വിറ്റിട്ടായാലും ഓണം കെങ്കേമമാക്കണം എന്നാണ്‌ ഇതിന്റെ സൂചന. ’ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ കഞ്ഞി‘ എന്ന ചൊല്ല്‌ പാവപ്പെട്ടവന്‌ എക്കാലവും നേരിടേണ്ടിവരുന്ന ദൈന്യാവസ്ഥയെയാണ്‌ കാണിക്കുന്നത്‌. എത്രയ്‌ക്ക്‌ വലിയ മഹോത്സവം വന്നാലും താഴെക്കിടയിലുളളവന്റെ ജീവിതം സാധാരണമട്ടിൽ തന്നെ എന്നാണ്‌ ഇതിന്റെ അർത്ഥം. ഇങ്ങനെ നോക്കിയാൽ ഓണച്ചൊല്ലുകളിലും ശൈലികളിലും ജനമനസ്സിന്റെ തുടിപ്പുകളാണുളളതെന്ന്‌ കാണാൻ കഴിയും.

പച്ചപ്പരിഷ്‌ക്കാരികൾക്ക്‌ ചെന്നെത്താൻ പ്രയാസമുളള ചില കുഗ്രാമങ്ങൾ ഇന്നും നമ്മുടെ നാട്ടിലുണ്ട്‌. അവയെ ’ഓണകേറാമൂല‘ എന്നാണ്‌ വിശേഷിപ്പിക്കുക. നല്ല നിലയിൽ കഴിഞ്ഞുവന്ന ഒരാൾക്ക്‌ പെട്ടെന്നൊരു പതനമുണ്ടായാൽ ആളുകൾ പറയുംഃ ’ഓണമുണ്ട വയറേ ചൂളേം പാടിക്കെട‘ എന്ന്‌. ഇത്രനാൾ സമൃദ്ധിയായിക്കഴിഞ്ഞതല്ലേ? ഇനി കുറെനാൾ അടങ്ങിയൊതുങ്ങിക്കിടന്നോളൂ’ എന്ന ഉപദേശം കൂടി ഈ പഴഞ്ചൊല്ലിലുണ്ട്‌.

ഓണക്കാല വിനോദങ്ങൾ

ഓണക്കാലത്തുമാത്രം അരങ്ങേറുന്ന നിരവധി കലാരൂപങ്ങളും കളികളും നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട്‌. ‘ഓണത്താർ’ ഉത്തരകേരളത്തിലും ഓണപ്പൊട്ടൻ വളളുവനാട്ടിലും കണ്ടുവരുന്ന അനുഷ്‌ഠാന കലാരൂപങ്ങളാണ്‌. ഓണപ്പൊട്ടന്റെയും ഓണത്താറിന്റേയും കോലം കെട്ടി വീടുകൾ തോറും കയറിയിറങ്ങി കലാപരിപാടികൾ അവതരിപ്പിക്കും. മിണ്ടാട്ടമില്ലാത്ത ‘തെയ്യ’മായതുകൊണ്ടാണ്‌ ഓണപ്പൊട്ടൻ എന്ന പേരുവന്നത്‌.

ഓണപ്പന്ത്‌, ഓണത്തല്ല്‌, ഓണവില്ലടി, കുമ്മികളി, കുമ്മാട്ടിക്കളി, തുമ്പിതുളളൽ, ഓണത്തുളളൽ, പുലികളി, വളളംകളി, കിളിത്തട്ട്‌ എന്നിങ്ങനെ നിരവധി വിനോദങ്ങൾ ഓണക്കാലത്ത്‌ അവതരിപ്പിക്കപ്പെട്ടിരുന്നു. ഇന്നും കേരളത്തിലെ പല ഗ്രാമങ്ങളിലും ഇവ നിലനില്‌ക്കുന്നു എന്നത്‌ നമ്മെ സന്തോഷിപ്പിക്കുന്ന ഒരു യാഥാർത്ഥ്യമാണ്‌.

കുന്നംകുളം ഭാഗത്ത്‌ ഓണത്തല്ല്‌ ഇന്നും സജീവമാണത്രെ. തൃശൂരും പരിസരപ്രദേശങ്ങളിലും രണ്ടാം ഓണദിവസം നടക്കുന്ന പുലികളി വളരെ പ്രസിദ്ധമാണ്‌. ഓരോ ഗ്രാമങ്ങളിലും നിന്നും തൃശൂർ നഗരത്തിലെത്തുന്ന ഓണപ്പുലികൾ തപ്പുമേളത്തിന്റേയും തകിലുമേളത്തിന്റേയും അകമ്പടിയോടെ ചാടിമറിഞ്ഞു കളിക്കുന്നതു കാണാൻ ആയിരക്കണക്കായ ജനങ്ങൾ തിങ്ങിക്കൂടാറുണ്ട്‌.

ഓണക്കാലത്ത്‌ കേരളത്തിലെ ജലാശയങ്ങളിൽ നടന്നുവരുന്ന വളളംകളിയും സജീവമാണ്‌. ആലപ്പുഴയിലെ നെഹ്രുട്രോഫി വളളംകളി, ആറന്മുളയിലെ ഉത്രട്ടാതി വളളംകളി, പായിപ്പാട്‌ വളളംകളി എന്നിവ വളരെ പേരുകേട്ടവയാണ്‌.

Generated from archived content: essay1_sep12_05.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English