ചവിട്ടുനാടകം ചരിത്രത്തിന്റെ ഒരടയാളം

“കേരളത്തിലെ ആദ്യത്തെ യഥാർത്ഥ ദൃശ്യനാടക രൂപമെ‘ന്ന്‌ നാടകാചാര്യനായ സി.ജെ.തോമസ്‌ വിശേഷിപ്പിച്ച ചവിട്ടുനാടകം ഇന്ന്‌ ഏകദേശം മൃതാവസ്ഥയിലാണ്‌. ’മൃതസ ഞ്ജീവനി‘യുമായി ആരെങ്കിലും മുന്നോട്ടു വന്നില്ലെങ്കിൽ ഈ കലാരൂപം കാലയവനികയ്‌ക്കുളളിൽ മറയുമെന്ന കാര്യം നിസ്‌ തർക്കമാണ്‌.

കേരളത്തിലെ ക്രൈസ്തവർ നമ്മുടെ കലാവേദിക്കു സംഭാവന നൽകിയ അനന്യ സാധാരണമായ ഒരു ദൃശ്യകലാരൂപമാണ്‌ ചവിട്ടുനാടകം.

”വാസ്‌കോഡഗാമയുടെ കൂടെ വന്ന പറങ്കികൾ ഇവിടെ വച്ച്‌ മിശ്രവിവാഹം ചെയ്‌തുണ്ടായ ജനതയിൽ നിന്നാണ്‌ ’ച വിട്ടുനാടകം‘ എന്ന കേരളത്തിലെ ആദ്യത്തെ വിജയകരമായ നാടകവേദി ഉടലെടുത്തത്‌“ എന്നാണ്‌ സി.ജെ. തോമസ്‌ തന്റെ ’ഉയരുന്ന യവനിക‘ എന്ന പഠനഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നത്‌.

”ക്രിസ്‌തീയ പ്രേക്ഷകർക്ക്‌ രസിക്കത്തക്കവിധത്തിൽ ബൈ ബിൾ കഥകൾക്ക്‌ രംഗാവതരണം നൽകിയിരിക്കുകയാണ്‌ ച വിട്ടുനാടകത്തിൽ“-എന്നാണ്‌ പ്രശസ്ത ചരിത്രകാരനായ എ.ശ്രീധ രമേനോൻ തന്റെ ’കേരളചരിത്ര‘ത്തിൽ ചൂണ്ടിക്കാണിച്ചിട്ടു ളളത്‌.

”ക്രിസ്‌ത്യാനികളുടെ ചവിട്ടുനാടകം ചില കേരളീയ കല കളുടേയും യൂറോപ്യൻ ’ഓപ്പറെ‘ യുടെയും സമ്മേളിതരൂപമാണെന്ന്‌ ’കേരളത്തി ന്റെ സാംസ്‌ക്കാരിക ചരിത്രം‘ എന്ന ഗ്ര ന്ഥത്തിൽ പി.കെ. ഗോപാലകൃഷ്‌ണനും എടുത്തു പറഞ്ഞിട്ടുണ്ട്‌.

ചവിട്ടുനാടകങ്ങളുടെ മുഖമുദ്രകൾ

കേരളത്തിലെ കഥകളി, കൂടിയാട്ടം എ ന്നീ കലാരൂപങ്ങളോടും യൂറോപ്യൻ ഓപ്പ റെയോടും അടുത്ത ബന്ധം പുലർത്തു ന്ന ഒരു പ്രാചീന കലാപ്രസ്ഥാനമാണ്‌ ചവിട്ടുനാടകം. പാട്ടും പയറ്റും നൃത്തനൃത്യങ്ങളും അഭിനയവുമെല്ലാം മനോഹരമായി ഈ കലാരൂപത്തിൽ ഇഴുകിച്ചേർന്നിരിക്കുന്നു.

തമിഴ്‌നാട്ടിലെ ’തെരുക്കൂത്തി‘നോടും കർണ്ണാ ടകത്തിലെ ’യക്ഷഗാന‘ത്തോടും ശ്രീലങ്കയിലെ ’നാടഗമ‘യോടും വളരെയേറെ സാദൃശ്യം ചവിട്ടു നാടകത്തിനുണ്ട്‌. ഭാരതീയ ക്ലാസിക്കൽ കലയുടെ സത്ത ഉൾക്കൊണ്ടിട്ടുളള ഒരു സെമിക്ലാസിക്കൽ ശൈലിയാണ്‌ ചവിട്ടുനാടകത്തിൽ സ്വീകരിച്ചിട്ടു ളളത്‌. കഥകളിയുടെയും മറ്റും ശുദ്ധ ക്ലാസിക്കൽ ശൈലി ഉൾക്കൊളളാൻ കഴിയാതിരുന്ന സാധാര ണ ജനവിഭാഗത്തിന്‌ കൂടുതൽ ഉണർവ്വും ആനന്ദവും പ്രദാനം ചെയ്യാൻ ഈ കലാരൂപത്തിനു കഴിഞ്ഞു.

ക്രൈസ്തവ സന്മാർഗ്ഗിക കഥകൾ, ചരിത്രകഥ കൾ, ബൈബിൾ കഥകൾ, അമാനുഷികാഖ്യാ നങ്ങൾ എന്നിവ നാടകരൂപത്തിൽ അക്ഷരാഭ്യാസ മില്ലാത്ത ഗ്രാമീണ ജനങ്ങളിലേക്ക്‌ പകരാനുളള തീവ്രയത്നമാണ്‌ ചവിട്ടുനാടക രൂപീകരണത്തിന്‌ കളമൊരുക്കിയത്‌.

ചവിട്ടുനാടകകൃതികളെ ’ചുവടികൾ‘ എന്നാണ്‌ പറയുക. ആദ്യകാല ’ചുവടി‘കളെല്ലാം താളിയോല യിലാണ്‌ എഴുതപ്പെട്ടത്‌. ചുവടികളിൽ നിർദ്ദേശിച്ചിട്ടുളള പ്രകാരം അരങ്ങിലെത്തുന്ന വിവിധ കഥാപാത്രങ്ങളും ’കട്ടിയ ക്കാര‘നും (സൂത്രധാരൻ) പിൻപാട്ടുകാരും ആശാനുമെല്ലാം ചേർന്നാ ണ്‌ നാടകം കൊഴുപ്പിക്കുന്നത്‌. ചവിട്ടുനാടകം സംഗീതപ്രധാനം മാത്രമല്ല; നൃത്തപ്രധാനം കൂടിയാണ്‌. സംഗീതത്തിനൊപ്പിച്ചുളള ചുവടുകൾക്കാണ്‌ ’ചവിട്ട്‌‘ എന്നു പറയുന്നത്‌. ഈ ചവിട്ടുകളാണ്‌ നാടകത്തിന്റെ ജീവൻ. അതുകൊണ്ടു തന്നെയാണ്‌ ഇതിന്‌ ’ചവിട്ടുനാടകം‘ എന്നു പേരുവന്നത്‌.

ആദ്യകാലത്ത്‌ 100-120 അടി നീളമുളള വലിയ തട്ടുകളിലാണ്‌ ചവി ട്ടുനാടകം അവതരിപ്പിച്ചിരുന്നത്‌. അമ്പതും അറുപതും പേർ പങ്കെടു ക്കുന്ന യുദ്ധരംഗങ്ങൾ, രാജാക്കൻമാരുടെ കുതിരപ്പുറത്തുളള യാത്ര, ചക്രവർത്തിയും സാമന്തരാജാക്കൻമാരും പരിവാരങ്ങളും ചേർന്നുളള എഴുന്നളളത്ത്‌, രാജാക്കളും അനുചരന്മാരും ചേർന്നുളള നായാട്ട്‌ തുടങ്ങി യവയെല്ലാം ജീവസ്സുറ്റ രീതിയിൽ അരങ്ങിൽ പ്രദർശിപ്പിച്ചിരുന്നു. ഒരു ചവിട്ടുനാടകത്തിൽ വ്യത്യസ്ത സംഗീത ശൈലിയിലുളള നൂറിൽപ്പരം പാ ട്ടുകളുണ്ടായിരിക്കും. നാടകത്തിന്റെ കഥയേയും വിവിധ സംഭവങ്ങളെയും കൂട്ടിയിണക്കുന്ന ’കട്ടിയക്കാരൻ‘ (സൂത്രധാരൻ) ചവിട്ടുനാടകത്തിലെ സുപ്രധാന കണ്ണിയാണ്‌. നാടകത്തിന്‌ കൊഴുപ്പു കൂട്ടുന്ന രീതിയിലുളള സന്ദർഭോചിതമായ തമാശകളും ഹാസ്യാത്മകമായ വിമർശനങ്ങളും പൊടിക്കൈകളും കൊണ്ട്‌ സദസ്യരെ ഇളക്കിമറിക്കാൻ കഴിവുളള നാടൻ കലാകാരനെയാണ്‌ ’കട്ടിയക്കാര‘നായി നിയോഗിച്ചിരുന്നത്‌. കൊട്ടുംപാട്ടും ചവിട്ടും വാൾപ്പയറ്റും ദ്വന്ദയുദ്ധവും നൃത്തനൃത്ത്യങ്ങളും കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനങ്ങളുമെല്ലാം കണ്ടും കേട്ടും ജനങ്ങൾ പ്രഭാതംവരെ മൈതാ നത്ത്‌ കണ്ണും തുറന്നിരിക്കും. നാലും അഞ്ചും ദിവസം കൊണ്ടാണ്‌ പല കഥകളും അവതരിപ്പിച്ചു തീർത്തിരുന്നത്‌. ഗുരുകുല മാതൃകയിൽ ആശാനെ ’വഴങ്ങി‘ (ദക്ഷിണ വച്ച്‌)യാണ്‌ നടന്മാർ നാടക റിഹേഴ്‌സലിന്‌ തുടക്കം കുറിച്ചിരുന്നത്‌.

ചവിട്ടുനാടകത്തിന്റെ ഉദയവികാസങ്ങൾ

കഥകളിയുടെ ആവിർഭാവത്തിനു ഉദ്ദേശം ഒരു നൂറ്റാണ്ടുമുമ്പ്‌, പതിനാ റാം ശതകത്തോടെയായിരുന്നു കേരളത്തിൽ ചവിട്ടു നാടകത്തിന്റെ ഉ ദയം. അക്കാലത്ത്‌ യൂറോപ്പിൽ നിന്നും വന്ന ക്രിസ്‌ത്യൻ മിഷനറിമാരാണ്‌ ഈ കലാരൂപത്തിന്റെ ഉപജ്ഞാതാക്കൾ. സംസ്‌കൃത നാടകങ്ങളുടെ മലയാള വിവർത്തനങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം അരങ്ങേറാൻ തുടങ്ങിയ കാലത്തുതന്നെയായിരുന്നു ചവിട്ടുനാടകത്തിന്റെയും ആവിർഭാവം.

1599-ൽ നടന്ന ഉദയംപേരൂർ സുന്നഹദോസിനുശേഷം ആര്യബ്രാ ഹ്‌മണബന്ധമുളള കൂത്ത്‌, കൂടിയാട്ടം തുടങ്ങിയ കലാരൂപങ്ങൾ ക്രൈസ്‌ തവ ദേവാലയങ്ങളിൽ അവതരിപ്പിക്കുന്നതിന്‌ മേലധികാരികൾ വിലക്ക്‌ ഏർപ്പെടുത്തി. രാമായണ-ഭാരതാദി ഇതിഹാസങ്ങളുടെ പാരായണവും പളളി അങ്കണങ്ങളിൽ നിരോധിച്ചു. ഈ വിടവു നികത്താനും ക്രൈസ്‌ത വരുടെ കലാവാസനയെ പരിപോഷിപ്പിക്കാനും പുതിയ കലാരൂപങ്ങൾ കൂടിയേ തീരൂ എന്ന നിലവന്നു.

ഇക്കാലത്താണ്‌ പൂന്താനത്തിന്റെ ’ജ്ഞാനപ്പാന‘യുടെ ചുവടുപിടിച്ച്‌ ക്രിസ്‌ത്യൻ മിഷനറിമാരായ ചിലർ ഭക്തിരസപ്രധാനമായ ചില പാട്ടുകൾ രചിക്കാൻ തുടങ്ങിയത്‌. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധയാ കർഷിച്ചത്‌ അർണ്ണോസുപാതിരിയുടെ ’പുത്തൻപാന‘ എന്ന കൃതിയായി രുന്നു. ക്രിസ്‌തുദേവന്റെ ജീവിതകഥയെ ആസ്‌പദമാക്കി രചിച്ച ’പുത്തൻ പാന‘ അക്കാലത്ത്‌ മിക്ക ക്രിസ്‌ത്യൻ ഭവനങ്ങളിലും പാരായണം ചെയ്‌തി രുന്നു. ഈ അവസരത്തിൽ തന്നെയാണ്‌ റോമൻ കത്തോലിക്കാ മതത്തി ന്റെ ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ മിഷനറിമാർ ചവിട്ടുനാടകത്തിന്‌ ജന്മം നൽകിയത്‌. ഈ കലാരൂപത്തിന്റെ മൂല തറ വാടുകളായി പരിഗണിച്ചു വരുന്നത്‌ പോർട്ടുഗീസ്‌ സ്വാധീനവലയത്തി ലായിരുന്ന കൊച്ചിയും കൊടുങ്ങല്ലൂരുമാണ്‌. തമിഴ്‌നാട്ടിൽനിന്നും മട്ടാഞ്ചേരി യിലെത്തിയ ക്രിസ്‌ത്യൻ പണ്ഡിതന്മാരായ ചിന്നത്തമ്പി അണ്ണാവിയും വേദനായകവും കൊച്ചിയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ചില പരിപാടികൾ ആവിഷ്‌ക്കരിച്ചു. അതിനായി ചിന്നത്തമ്പി എഴുതിയുണ്ടാക്കിയ ’പ്രസ്‌തീന‘ എന്ന ചുവടിയാണ്‌ ആദ്യത്തെ ചവിട്ടുനാടകമായി രംഗത്തവതരിപ്പിക്കപ്പെട്ടതെന്ന്‌ കരുതപ്പെടുന്നു. എന്നാൽ റോമാ ചക്രവർത്തിയുടെ അപദാനങ്ങൾ പ്രകീർത്തിക്കുന്ന ’ജനോവ‘യാണ്‌ ആദ്യത്തെ ചവിട്ടു നാടകമെന്ന്‌ ഡീസി ബുക്‌സിന്റെ ’അഖില വിജ്ഞാന കോശ‘ത്തിൽ കാണുന്നു. ഇതു രണ്ടുമല്ല; ’കാറൾമാൻചരിത‘മാണ്‌ ആദ്യത്തെ ചവിട്ടു നാടക കൃതിയെന്ന്‌ ഇതേക്കുറിച്ച്‌ കൂടുതൽ പഠനം നടത്തിയിട്ടുളള സെബീനാ റാഫി തന്റെ ’ചവിട്ടുനാടകം‘ എന്ന കൃതിയിൽ വ്യക്തമാക്കുന്നു. എങ്ങനെയായാലും ’കാറൾമാൻചരിതം‘ ഇക്കൂട്ടത്തിൽ ഏറ്റവും മികച്ചു നിൽക്കുന്ന കൃതിയാണെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.

പളളിപ്പെരുന്നാളുകൾ, കല്യാണാഘോഷങ്ങൾ, ക്രിസ്‌മസ്‌, ഈസ്‌റ്റർ എന്നീ അവസരങ്ങളിലാണ്‌ പ്രധാനമായും ചവിട്ടു നാടകങ്ങൾ അരങ്ങേറി വന്നത്‌. ’അല്ലേശു നാടകം, ബൃശീനാ നാടകം, യൗസേപ്പുനാടകം, അൽഫോൺസ്‌ നാടകം, നെപ്പോളിയൻ നാടകം, ഗീവർഗീസ്‌ നാടകം, ദാവീദ്‌ വിജയം, പ്ലമേന ചരിതം, കത്രീനാനാടകം, ലുസീനാ ചരിതം, യാക്കോബ്‌ നാടകം, സന്നിക്ലോസ്‌ ചരിതം തുടങ്ങിയ വിശ്വാസ-വീരോജ്ജ്വല കഥകളും ജ്ഞാനസുന്ദരി, കോമളചന്ദ്രിക, സത്യപാലൻ, ധർമ്മിഷ്‌ഠൻ തുടങ്ങിയ സന്മാർഗ്ഗികകഥകളുമടക്കം ആദ്യകാലത്ത്‌ അമ്പതോളം ചുവടികളാണ്‌ പ്രചാരത്തിലുണ്ടായിരുന്നത്‌.

യൂറോപ്യൻ മിഷനറിമാർക്കും പോർട്ടുഗീസുകാർക്കും കൂടുതൽ സ്വാധീനമുണ്ടായിരുന്ന ഉത്തരകേരളത്തിലെ കണ്ണൂർ മുതൽ തെക്ക്‌ കൊല്ലം വരെയുളള തീരപ്രദേശത്താണ്‌ ചവിട്ടുനാടകം കൂടുതലായി പ്രചരിച്ചത്‌.

ഈ രംഗകലയ്‌ക്ക്‌ തകർച്ച നേരിട്ടതെങ്ങനെ?

ചവിട്ടുനാടക പ്രസ്ഥാനത്തിന്റെ ജീവനാഡികളായി പ്രവർത്തിച്ചിരുന്ന കത്തോലിക്ക മിഷനറിമാർ പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തോടെ കേരളത്തിൽ നിന്ന്‌ പിൻവാങ്ങിയത്‌ ഇതിന്റെ തളർച്ചയ്‌ക്കും തകർച്ചയ്‌ക്കും വഴിവച്ചു. ഇക്കാലത്തുണ്ടായ കഥകളിയുടെ വളർച്ചയും ഗദ്യനാടകങ്ങളുടെ വേലിയേറ്റവും ചവിട്ടു നാടകത്തിന്റെ നിലനില്പുതന്നെ ഇല്ലാതാക്കി. തമിഴ്‌ നാടകക്കമ്പനികൾ സ്ഥിരം നാടകവേദികളുമായി കേരളത്തിലുടനീളം ചുറ്റി സഞ്ചരിക്കാൻ തുടങ്ങിയതും ഈ കലാരൂപത്തിന്‌ വിനയായി.

നടന്മാരുടെ മദ്യപാനാസക്തി, ശിക്ഷണരാഹിത്യം, കഥാഗാത്ര ത്തെക്കുറിച്ചുളള അറിവില്ലായ്‌മ, അച്ചടക്കമില്ലായ്‌മ, പണശേഷി യുളളവർ പ്രധാന റോളുകൾ കയ്യടക്കുന്ന രീതി തുടങ്ങിയ അന്തസ്സില്ലാത്ത പ്രവൃത്തികൾ നാടകനടത്തിപ്പിൽ കടന്നുകൂടിയത്‌ ചവിട്ടുനാടകത്തിന്റെ വളർച്ചയ്‌ക്ക്‌ തടസ്സമായി. പിൻപാട്ടുകാരുടെ ശ്രദ്ധക്കുറവും കഴിവില്ലായ്‌മയും നാടകാവതരണത്തെ തളർത്തി. കാലോചിതമായ പുതിയ ‘ചുവടികൾ’ ഉണ്ടാകാതിരുന്നതും നാടകത്തിന്റെ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ദൈർഘ്യവും ആസ്വാദകരിൽ മടുപ്പുളവാക്കി. ഏറെക്കാലം ത്യാഗം സഹിച്ച്‌ നാടക പരിശീലനം നടത്താനുളള താല്‌പര്യവും പുതിയ തലമുറയ്‌ക്കില്ലാതായി. കരവിരുതോടെ നാടകചമയങ്ങൾ തയ്യാറാക്കുന്ന നാടൻ കലാകാരൻ മാർക്കും കുറവുവന്നു. വളരെക്കാലമായി കേട്ടുമടുത്ത ചെന്തമിഴ്‌ പാട്ടുകൾ വീണ്ടും കേട്ടിരിക്കാൻ ശ്രോതാക്കൾക്ക്‌ താല്പര്യമില്ലാതായി. അവർ ചവിട്ടുനാടകത്തെ കൈവെടിഞ്ഞ്‌ പ്രഹസനങ്ങളെയും മലയാള സംഗീതനാടകങ്ങളെയും നെഞ്ചേറ്റി ലാളിക്കാൻ തുടങ്ങി.

ഈ കലാരൂപത്തെ എങ്ങനെ രക്ഷിക്കാം?

ചവിട്ടുനാടകത്തെ മരണശയ്യയിൽ നിന്ന്‌ രക്ഷിക്കണമെങ്കിൽ ഈ രംഗത്ത്‌ നിരവധി കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്‌.

“തമിഴ്‌ ഭാഷയുടെ സ്വാധീനം കുറച്ചും ഓർക്കെസ്‌ട്രയുടെ അടിച്ചു പൊളി നിയന്ത്രിച്ചും നല്ല സംവിധായകരുടെ കീഴിൽ ചിട്ടപ്പെടുത്തി യും ചവിട്ടുനാടകത്തിന്‌ പുതുജീവൻ നൽകാമെന്ന്‌” പ്രശസ്ത നാടക പ്രവർത്തകനായ ചന്ദ്രദാസൻ അഭിപ്രായപ്പെടുന്നു. “ചവിട്ടു നാടകത്തെ പുനരുദ്ധരിക്കാൻ കൊച്ചി കേന്ദ്രമാക്കി ‘സെന്റർ ഫോർ ചവിട്ടു നാടകം’ എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിക്കേണ്ടത്‌ അനിവാര്യമാ”ണെന്ന്‌ പ്രശസ്ത നാടകകൃത്തും കേരള സംഗീത നാടക അക്കാഡമി മുൻ വൈസ്‌ ചെയർമാനുമായ ടി.എം. എബ്രഹാം ശക്തമായി ആവശ്യപ്പെടുന്നു. ഇതിന്‌ കേരള സംഗീത നാടക അ ക്കാഡമിയോ, കേരള കലാമണ്ഡലമോ കൂടുതൽ താല്പര്യമെടുക്കേണ്ടതുണ്ട്‌.

പരിചമുട്ടുകളിയും മാർഗ്ഗംകളിയും പൂരക്കളിയുമൊക്കെ മത്സര ഇനമാക്കിയതുപോലെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും യൂണിവേഴ്‌സിറ്റി കലോത്സവത്തിലും കേരളോത്സവത്തിലും ചവിട്ടു നാടകം ഉൾപ്പെടുത്തിയാൽ പുതിയ തലമുറയ്‌ക്ക്‌ ഇതു പഠിക്കാനും കാണാനും അവസരമുണ്ടാകും. എങ്ങനെയായാലും വീരരസപ്രധാനവും വർണ്ണോജ്ജ്വലവുമായ ഈ കലാരൂപം നിലനിൽക്കേണ്ടത്‌ കലയെ സ്‌നേഹിക്കുന്ന ഏവരുടെയും ആവശ്യമാണ്‌. ഇതിന്‌ ബന്ധപ്പെട്ടവർ മുന്നോട്ടു വരുമെന്ന്‌ പ്രത്യാശിക്കട്ടെ.

Generated from archived content: essay1_july7_06.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here