കണിക്കൊന്നകൾ പൂത്തുലഞ്ഞു! വേനൽക്കണ്ടങ്ങളിൽ കണിവെളളരികൾ മൂത്തുവിളഞ്ഞു. കുന്നലനാട്ടിൽ വിഷുവിന്റെ കൊട്ടും കുഴൽ വിളിയും ഉയർന്നു പൊങ്ങുന്നു. മാങ്കനികൾ തൂങ്ങിയാടുന്ന ചക്കരമാവിന്റെ കൊമ്പിലിരുന്ന് വിഷുപ്പക്ഷി ഉറക്കെപ്പാടുന്നുഃ
“വിത്തും കൈക്കോട്ടും
കളളൻ ചക്കേട്ടു
കണ്ടാൽ മിണ്ടണ്ട;
ചക്കയ്‌ക്കുപ്പില്ല!”
മലയാളികളുടെ പുത്തൻ കാർഷികവർഷത്തിന് തുടക്കം കുറിക്കുന്ന മഹോത്സവമാണ് വിഷു. അതെ; നമ്മുടെ ഐശ്വര്യത്തിന്റെ മഹാമേള! വിളവെടുപ്പിന്റെ പൂരക്കാലം! കേരളമക്കളുടെ മനം കവരുന്ന വസന്തോത്സവം!
എത്രയെത്ര കവികളാണ് വിഷുക്കാലത്തിന്റെ ചാരുതയെക്കുറിച്ച് പാടിയിട്ടുളളത്‌ഃ
“സ്വർണ്ണക്കിങ്ങിണി ചാർത്തിക്കൊന്നകൾ
നൃത്തം ചെയ്‌വതുകണ്ടില്ലേ?
ചക്കരമാമ്പഴമഴകൊടുംകാറ്റിൽ
ചാഞ്ചാടുന്നതു കണ്ടില്ലേ?
മോടിയിലങ്ങനെ മാമലനാട്ടിൽ
മേടം വന്നതറിഞ്ഞില്ലേ?
ലാത്തിരിപൂത്തിരിമത്താപ്പൂവുകൾ
കത്തിപ്പടരണ കണ്ടില്ലേ?
വിഷുവന്നല്ലോ, വിഷുവന്നല്ലോ
നാടൊട്ടുക്കും പൊടിപൂരം!
ഗുണ്ടുമമിട്ടും പൊട്ടുന്നല്ലോ
‘ചടപട’യെങ്ങും വെടിപൂരം!
ചേലേറുന്ന വിഷുക്കണികാണാൻ
കണ്ണുതുറക്കുവിനുണ്ണികളേ
ചക്കപ്രഥമൻ പായസമുണ്ണാൻ
കിണ്ണമെടുക്കുവിനുണ്ണികളേ!
പാടുന്നല്ലോ പാടവരമ്പിൽ
കോടിയണിഞ്ഞ വിഷുപ്പക്ഷി
ഇല്ലം നിറനിറ! വല്ലം നിറനിറ
പത്തായം നിറ വെട്ടി നിറ!”
വിഷുക്കണിയും വിഷുകൈനീട്ടവും വിഷുസംക്രമവുമെല്ലാം എന്നും മലയാളമക്കളുടെ പ്രത്യാശയുടെ പ്രതീകങ്ങളാണ്‌ഃ വിഷുവുമായി ബന്ധപ്പെട്ട നിരവധി പഴഞ്ചൊല്ലുകളും ഐതിഹ്യങ്ങളും നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട്. സ്വർണ്ണക്കിങ്ങിണികൾ കൊളുത്തിയിട്ടതുപോലെ കൊന്നമരച്ചില്ലകളിൽ തൂങ്ങിയാടുന്ന കൊന്നപ്പൂങ്കുലകൾ കാണാൻ എന്തൊരു ഭംഗിയാണല്ലേ? വിഷുപ്പുലരിയിൽ കൊന്നപ്പൂക്കൾ കണികണ്ടുണർന്നാൽ മാറാവ്യാധികൾ മാറുമെന്നും ദാരിദ്ര്യം ഇല്ലാതാകുമെന്നും കുടുംബത്തിനു മുഴുവൻ ഐശ്വര്യം വന്നുചേരുമെന്നുമാണ് മലയാളികളുടെ വിശ്വാസം.
എന്താണിതിന്റെ കാരണമെന്നറിയണ്ടേ? അതൊരു രസകരമായ കഥയാണ്.
പണ്ടുപണ്ട് കൊന്നമരത്തിൽ പൂക്കളുണ്ടായിരുന്നില്ലത്രേ. പച്ചിലകൾ നിറഞ്ഞ ഒരു പാഴ്‌മരം മാത്രമായിരുന്നു അത്. അക്കാലത്ത് ഏതോ ഒരു കുഗ്രാമത്തിൽ ഉണ്ണിക്കണ്ണന്റെ പ്രതിഷ്‌ഠയുളള ഒരു ചെറിയ ക്ഷേത്രമുണ്ടായിരുന്നു. അവിടത്തെ പൂജാരിയും ഒരുണ്ണിതന്നെയായിരുന്നു. എന്നു പറഞ്ഞാൽ ഒരുണ്ണിനമ്പൂതിരി!
ഉണ്ണിനമ്പൂതിരിയുടെ അമ്മ പട്ടിണിയും രോഗവും കൊണ്ട് അവശയായി ഇല്ലത്ത് കിടപ്പിലായിരുന്നു. നിത്യവും ക്ഷേത്രത്തിലെ പൂജ കഴിയുമ്പോൾ അവൻ തന്റെ അമ്മയ്‌ക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കും.
“കൃഷ്‌ണാ, മുകുന്ദാ, മുരാരേ!… അടിയന്റെ അമ്മയ്‌ക്ക് ഒന്നും വരുത്തരുതേ. അടിയങ്ങൾ ഗതിയില്ലാത്തവരാണേ.”
അങ്ങനെയിരിക്കെ മേടമാസം വന്നു. ഒരു ദിവസം ഉണ്ണിനമ്പൂതിരിയുടെ അമ്മയ്‌ക്ക് രോഗം കൂടുതലായി. എന്തു ചെയ്യേണ്ടൂ എന്നറിയാതെ ആ കൊച്ചുപൂജാരി വിഷമിച്ചു. ഒരു തുളളി വെളളം പോലും കഴിക്കാതെ അന്നുമുഴുവൻ അവൻ തന്റെ അമ്മയ്‌ക്ക് വേണ്ടി പ്രാർത്ഥിച്ചു.
അന്ന് സന്ധ്യാപൂജ കഴിഞ്ഞ് നിവേദ്യച്ചോറും കൊണ്ട് അവൻ ഇല്ലത്തേക്ക് തിരിച്ചപ്പോൾ നേരം ഏറെ വൈകിയിരുന്നു. കുറച്ചു ചെന്നപ്പോൾ കാലുകൾ തളരുന്നതുപോലെ അവനു തോന്നി. മുന്നോട്ടു നീങ്ങാൻ വയ്യ. എവിടെയെങ്കിലും ഒന്നു വിശ്രമിച്ചിട്ടു നീങ്ങാമെന്ന് ഉണ്ണിനമ്പൂതിരി വിചാരിച്ചു.
അവൻ വഴിവക്കിലുളള ഒരു ആൽത്തറയിൽ കയറിയിരുന്നു; കുറേനേരം അങ്ങനെ ഇരുന്നപ്പോൾ ക്ഷീണം കൊണ്ട് പാവം ഉറങ്ങിപ്പോയി.
ഉറക്കത്തിൽ ഉണ്ണിനമ്പൂതിരിക്ക് അത്ഭുതകരമായ ഒരു ദർശനമുണ്ടായി. അരയിൽ സ്വർണ്ണക്കിങ്ങിണികെട്ടിയ ഉണ്ണിക്കണ്ണൻ അതാ, മെല്ലെമെല്ലെ അവന്റെ അരികിലേക്കു വരുന്നു! കാറ്റത്തിളകുന്ന പൊന്മയിൽപ്പീലി!… കയ്യിൽ പുല്ലാങ്കുഴൽ! കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞപ്പട്ടാട!
കൊച്ചുപൂജാരിയെ ഉണ്ണിക്കണ്ണൻ മെല്ലെ തഴുകി. അവന്റെ കണ്ണിൽ ഉറഞ്ഞുകൂടി നിന്ന കണ്ണുനീർത്തുളളികൾ തുടച്ചുമാറ്റി. പിന്നെ തന്റെ അരയിൽക്കിടന്ന സ്വർണ്ണക്കിങ്ങിണി അഴിച്ച് ഉണ്ണിനമ്പൂതിരിക്കു സമ്മാനിച്ചു. ഒരിക്കൽകൂടി വാത്സല്യപൂർവം അവനെ തലോടിയിട്ട് കണ്ണൻ എവിടേക്കോ പോയ്‌മറഞ്ഞു.
“കണ്ണാ…! കണ്ണാ…..! എന്റെ ആരോമൽക്കണ്ണാ, ഒന്നു നിൽക്കൂ. ഉണ്ണി നമ്പൂതിരി ഉറക്കത്തിലൽ നിന്ന് ചാടിയുണർന്ന് നാലുപാടും നോക്കി. പക്ഷേ കണ്ണനെ അവിടെയെങ്ങും കണ്ടില്ല.
അപ്പോഴാണ് തന്റെ തൊട്ടടുത്തായി ഒരു സ്വർണ്ണക്കിങ്ങിണി അവൻ കണ്ടത്. ഉണ്ണിനമ്പൂതിരി അതീവ സന്തോഷത്തോടെ ആ കനകക്കിങ്ങിണിയുമെടുത്ത് തന്റെ ഇല്ലത്തേക്കോടി.
അവൻ തളർന്നുറങ്ങുന്ന അമ്മയെ കുലുക്കി വിളിച്ചുു.
”അമ്മേ, അമ്മേ! ഉണ്ണിക്കണ്ണൻ നമ്മെ രക്ഷിച്ചു കണ്ണന്റെ അരയിലെ സ്വർണ്ണക്കിങ്ങിണി എനിക്കു സമ്മാനിച്ചു. ഇതാ നോക്കൂ.“
‘ഉണ്ണി നമ്പൂതിരി തന്റെ കയ്യിയിരുന്ന കിങ്ങിണി അമ്മയെ കാണിച്ചു. പക്ഷെ അമ്മ അതു വിശ്വസിച്ചില്ല. രാത്രിയിൽ ആരുമില്ലാത്ത തക്കം നോക്കി ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തിൽ നിന്ന് മകൻ തങ്കക്കിങ്ങിണി മോഷ്‌ടിച്ചതാണെന്ന് അവർ കരുതി. രോഗിണിയും അവശയുമായ ആ സ്‌ത്രീ പൊട്ടിത്തെറിച്ചു.
’ഇല്ല ഇത് കണ്ണൻ തന്നതല്ല. നീയിത് വിഗ്രഹത്തിൽനിന്ന് മോഷ്‌ടിച്ചതാണ്. ഇതു തിരിച്ചുകൊണ്ടുപോകൂ. നീ കളളനാണ്. കളളൻ.”
കയ്യിൽകിട്ടിയ ഇരുമ്പു ചട്ടുകം കൊണ്ട് അമ്മ അവനെ പൊതിരെ തല്ലി.
പാവം ഉണ്ണിനമ്പൂതിരി! ഇല്ലത്തിന്റെ മൂലയിലിരുന്ന് അവൻ പൊട്ടിക്കരഞ്ഞു. അവൻ നീറുന്ന മനസ്സോടെ ഉണ്ണിക്കണ്ണനെ വിളിച്ചു.
“കണ്ണാ, നീ എന്തിനാണ് ഈ സ്വർണ്ണക്കിങ്ങിണി എനിക്കുതന്നത്? ഇതുമൂലം ഞാനെന്റെ അമ്മയുടെ മുന്നിൽ ഒരു പെരുംകളളനായി! അവരുടെ രോഗവും കൂടി. അതുകൊണ്ട് ഇത് നീ തന്നെ തിരിച്ചെടുത്തോളൂ.”
കോപവും സങ്കടവും നിറഞ്ഞ മനസ്സോടെ അവൻ ആ സ്വർണ്ണക്കിങ്ങിണി പുറത്തേക്ക് വലിച്ചെറിഞ്ഞു. അതുചെന്ന് വീണത് മുറ്റത്തുനിന്നിരുന്ന കൊന്നമരത്തിന്റെ ചെറുചില്ലയിലാണ്. മരച്ചില്ലയിൽ ഞാന്നു കിടന്ന സ്വർണ്ണക്കിങ്ങിണി ഇളംകാറ്റിൽ ചാഞ്ചാടാൻ തുടങ്ങി.
ഈ സംഭവമെല്ലാം സാക്ഷാൽ ഉണ്ണിക്കണ്ണൻ കാണുന്നുണ്ടായിരുന്നു.
ഹായ്! ഈ മരത്തിന് സ്വർണ്ണക്കിങ്ങിണി നന്നായി ചേരും. എന്തൊരഴക് …. ഇതിന്റെ സകല ചില്ലകളും കിങ്ങിണികൊണ്ട് നിറയട്ടെ. എല്ലാ മേടപ്പുലരികളിലും കൊന്നപ്പൂ കണി കണ്ടുണരാൻ സകലർക്കും ഭാഗ്യമുണ്ടാകട്ടെ. അതുവഴി മാറാവ്യാധികൾ മാറാനും കുടുംബങ്ങൾക്ക് ഐശ്വര്യമുണ്ടാകാനും ഇടവരട്ടെ!“
ശ്രീകൃഷ്‌ണൻ അനുഗ്രഹിച്ചു. അതോടെ ഉണ്ണിനമ്പൂതിരിയുടെ അസുഖം ഭേദമായി. ഇല്ലത്ത് ആനന്ദവും ഐശ്വര്യവും കളിയാടി.
അന്നു മുതൽക്കാണത്രെ മേടക്കാലത്ത് കൊന്നകൾ പൂവണിയാനും വിഷുവിന് കൊന്നപ്പൂ കണികാണാനും അതുവഴി കുടുംബങ്ങളിൽ ഐശ്വര്യം കൈവരാനും തുടങ്ങിയത്.
വിഷുക്കണിക്കുവേണ്ടി ഒരുക്കുന്ന വസ്‌തുക്കളെല്ലാം ഐശ്വര്യം വിളിച്ചറിയിക്കുന്നവയാണ്. വേനൽക്കണ്ടത്തിൽ വിളഞ്ഞ കണിവെളളരി, കണ്ണിൽ കവിത വിടർത്തുന്ന കൊന്നപ്പൂങ്കുലകൾ, ഉമിക്കരിയിട്ടു തേച്ചു മിനുക്കിയ ഓട്ടുരുളി, ഏഴുതിരിയിട്ട വിളക്ക്, നടുവേ ഉടച്ച നാളികേരത്തിൽ മുനിഞ്ഞു കത്തുന്ന അരിത്തിരികൾ, വെളളം നിറച്ച വാൽക്കിണ്ടി; ചന്തമേറുന്ന വാൽക്കണ്ണാടി, അലക്കിയ പുതുവസ്‌ത്രം, നിവർത്തിവച്ച പുസ്‌തകം, ചക്ക, മാങ്ങ, മുരിങ്ങാക്കായ തുടങ്ങിയ നവഫലങ്ങൾ തുടങ്ങിയവയെല്ലാം വിഷുക്കണിയിലെ പ്രധാന ഇനങ്ങളാണ്.
ഇവയെല്ലാം കണിയുരുളിയിൽ അടുക്കി വയ്‌ക്കാനുളള അവകാശം ഐശ്വര്യലക്ഷ്‌മിയായ വീട്ടമ്മയ്‌ക്കാണ്. പണ്ടൊക്കെ മനുഷ്യർ കണികണ്ടു കഴിഞ്ഞാൽ മൃഗങ്ങളെയും കണികാണിച്ചിരുന്നു. വീട്ടിലെ പശുക്കളെ കണികാണിക്കുക പലർക്കും നിർബന്ധമായിരുന്നു. എന്തിനു പറയുന്നു; സ്വന്തമായി ആനയുളളവർ ആനകളെയും കണികാണിച്ചിരുന്നു.
വിഷുവടയും വിഷുക്കഞ്ഞിയുമെല്ലാം വിഷുവിനു മോടികൂട്ടുന്ന വിഭവങ്ങളായിരുന്നു. വിഷുവിന്റെ തലേന്നു നടന്നിരുന്ന ‘മാറ്റചന്തയും’ വളരെ ശ്രദ്ധേയമായിരുന്നു. ഓരോരുത്തരുടേയും വിഭവങ്ങൾ മാറ്റചന്തയിൽ കൊണ്ടുവന്ന് ഇഷ്‌ടത്തിനനുസരിച്ച് മാറ്റിയെടുക്കുന്ന സമ്പ്രദായമാണ് മാറ്റചന്തയിൽ ഉണ്ടായിരുന്നത്. ഇന്നും ചേന്ദമംഗലത്തെ പാലിയം ഗ്രൗണ്ടിൽ കെങ്കേമമായ രീതിയിൽ മാറ്റചന്ത നടന്നുവരുന്നുണ്ട്. വിഷുവിനുവേണ്ട എല്ലാവിഭവങ്ങളും മാറ്റചന്തയിൽ കിട്ടും.
മലയാളിയുടെ മനസ്സിൽ പ്രത്യാശയും സ്വപ്‌നങ്ങളും വിരിയിക്കുന്ന ഈ വിഷു സങ്കൽപ്പം ഒരിക്കലും മാഞ്ഞുപോകാതിരിക്കട്ടെഃ മഹാകവി വൈലോപ്പിളളിയുടെ ഈ കവിതാശകലം നമ്മുടെ ചുണ്ടുകളിൽ എന്നെന്നും തത്തി കളിക്കട്ടെ.
”ഏതു ധൂസര സങ്കല്പങ്ങളിൽ വളർന്നാലും
ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൽ വെളിച്ചവും
മണവും മമതയും ഇത്തിരികൊന്നപ്പൂവും!“
Generated from archived content: essay1_apr10_08.html Author: sippi-pallippuram