നിറമടര്‍ന്നുപോയ
സന്ധ്യകള്‍പോലെ
രുദ്രസൂര്യന്‍റെ കണ്ണുകളില്‍
നിഷിദ്ധത്തിന്‍ വേരുകളിറങ്ങുന്നു…
നിമിഷങ്ങളുടെ വാക്കുകള്‍ക്ക്
വ്യാപ്തിയേറുമ്പോള്‍
പ്രാപ്യമായവയുടെ തിരച്ചില്‍
ശക്തമാവുന്നുവോ
വെട്ടി വീഴ്ത്തപ്പെട്ടവയുടെ
ദൈന്യതകളില്‍ മുങ്ങി മരിക്കാന്‍
ആരുംതയ്യാറില്ല..
ഒരു
നീണ്ട യാത്രയുടെ
അര്‍ദ്ധത്തില്‍ നല്‍കിയ കഞ്ചുകങ്ങള്‍
നീ തിരികെചോദിക്കുന്നു ..
സ്വരൂപം നല്കാനാവാത്തവയ്ക്ക്
ഉടമയാകാനാവില്ലയെന്ന സത്യം
പറഞ്ഞു തന്നതിന്
ആര്‍ക്കാവാം നന്ദി നല്‍കേണ്ടത്…
എങ്കിലുമിന്ന്
ഇരുള്‍ വഴികളില്‍പടര്‍ന്നു വളര്‍ന്ന
നിലാ വെളിച്ചങ്ങളെ
ഇനിയും
ആത്മാവ് കണ്ടെത്താത്ത
സുര്യന്‍റെ കണ്ണുകളിലേക്ക്
അയക്കേണ്ടിവരുന്നു..
നിറമടര്‍ന്നുപോയ സന്ധ്യകളെ
തിരയുവാന്‍ …
നിസ്സാരവല്‍ക്കരിക്കപ്പെട്ട
തീവ്രനൊമ്പരങ്ങളിലേക്ക്
പകര്‍ത്താന്‍ വേണ്ടി മാത്രമായിരിക്കും
ആ യാത്രയെന്നറിയുക
Generated from archived content: poem1_jan9_15.html Author: sindhu_babu