ചൂടുള്ള തണുത്ത കാറ്റ്

തട്ടിൽ മെത്രാനിതാ പച്ചക്കും മഞ്ഞക്കും പറയുന്നു, കട്ടെടുത്തതും, കൊള്ളയടിച്ചതുമൊന്നും പള്ളിക്കു കൊടുത്താൽ കടം തീരില്ലെന്ന് (വീഡിയോ, യൂ കുഴലിലും, തുണ്ടുകളിലായി മുഖപ്പുസ്തകത്തിലും ഉണ്ട്). വളരെ ശരിയാ മെത്രാനേ, ഒരമേരിക്കൻ സീറൊ പള്ളിക്ക് ഏറ്റവും കൂടുതൽ പണം കൊടുത്ത ഒരു വ്യക്തി അഞ്ചു വർഷങ്ങൾക്കുള്ളിൽ ആർക്കും കൊടുക്കാൻ ഒന്നും കൈയ്യിലില്ലാതെയായി (കഥക്കു കടപ്പാട്: കുര്യാച്ചൻ കാലിഫോർണിയാ). ബ്രിട്ടണിൽ നിന്നു തട്ടിച്ച പണംകൊണ്ട് നാട്ടിൽ വന്നു വല്യ പെരുന്നാൾ നടത്തിയിട്ടും പിടിയിലായ ഒരാളുടെ കഥയും അടുത്തിടെ വായിച്ചതോർക്കുന്നു. ഈ കഥയിലൂടെ വല്യ മെത്രാനെ ഒരടി താഴത്തേക്കുരുട്ടുകയായിരുന്നോ അങ്ങേരെന്നും ഞാൻ സംശയിക്കുന്നു. അതോ കാഞ്ഞിരപ്പള്ളിക്കാരാരെയെങ്കിലും ഉദ്ദേശിച്ചാണോ ഇത് പറഞ്ഞത്? എന്റെ പത്തു നാൽപ്പതു വർഷത്തെ അനുഭവങ്ങൾ കൊണ്ടു ഞാൻ തട്ടിൽ മെത്രാനോട് പറയുകയാണ്, ഉടുക്കുന്ന കോണകം ഇടക്കിടക്കു കഴുകുന്നതു നല്ലതാ, പക്ഷെ ഉടുപ്പിക്കുന്ന പള്ളിയെ നന്നാക്കാൻ ശ്രമിക്കരുത്. പഴയ നാലമ്പലത്തിന്റെ ഓടു മാറുന്നതുപോലെ, തൊട്ടുകഴിഞ്ഞാൽ മുഴുവൻ പട്ടികയും കഴുക്കോലും മാറേണ്ടി വരും. പ്രതിഷ്ട ഒട്ടിളക്കാനും പറ്റില്ല. ഇനിയും ബോൺ നത്താലെ നടത്തേണ്ടതാ! കട്ടതിന്റെയും അവിഹിതത്തിന്റെയും വീതമായി പള്ളിക്കു കിട്ടിയ പണം മുഴുവൻ വേണ്ടാന്നു വെച്ചാൽ, ഇവിടെ ഒരു ദൈവദാസൻ പോലും കാണില്ല; പല പള്ളികൾക്കും അടിത്തറയും കാണില്ല. തട്ടിൽ ശെമ്മാശ്ശൻ അച്ചനായപ്പോൾ, പരി. ആത്മാവു ബ്രഹ്മചര്യത്തിന്റെ സ്വിച്ച് ഇടുമെന്നായിരുന്നു ഓർത്തതെന്നു പണ്ടദ്ദേഹം പറഞ്ഞതോർക്കുന്നു. അതുകൊണ്ടെന്തുണ്ടായി? ബ്രഹ്മചര്യത്തിന്റെ മെയിൻസ്വിച്ച് തപ്പിപ്പോയ എഡ്വിൻ അച്ചൻ ഇനി കേരളം കാണാനിടയില്ല. പറയുന്നതു കൊള്ളാം, പക്ഷേ, പവ്വത്തിൽ പിതാവ് ഉറങ്ങുവാണെന്നും കൂടി ഉറപ്പു വരുത്തിയേക്കണം. ഇത്രേം പറഞ്ഞ മെത്രാൻ, കട്ടെടുത്തെന്നു കുമ്പസ്സാരിച്ചിട്ട്, അച്ചൻ കൊടുത്ത പിഴയായ അഞ്ചാകാശങ്ങളിലിരിക്കുന്നതും ചൊല്ലിയിട്ടു കുർബ്ബാനയും കൈക്കൊണ്ടു പൊടീം തട്ടി വീട്ടിപ്പോയ കുട്ടപ്പായിമാരുടെ വിധിയും കൂടി പറഞ്ഞിരുന്നെങ്കിൽ അസ്സലായേനെ. അത്മായനെ ഭീഷണിപ്പെടുത്തി പിഴിഞ്ഞെടുക്കുന്ന പണവും ഉപകരിക്കില്ലെന്നും തട്ടിൽമാർ മനസ്സിലാക്കുക.

ഇവിടെ അത്മായാശബ്ദത്തിലൂടെ അത്മായർ എന്തെല്ലാം പറഞ്ഞിട്ടുണ്ടോ അതെല്ലാം ഓരോ കാലത്ത് ഓരോരുത്തരായി ഇപ്പോൾ പറഞ്ഞു തുടങ്ങുന്നുവെന്നതു നല്ല കാര്യം തന്നെ. മാർ എടയന്ത്രത്തിനോട് ചോദിക്കൂ, ജറൂസലേമിനു പോയാൽ ആർക്കാ പ്രയോജനമെന്ന്. അമരാവതി ബിഷപ്പിനോട് ചോദിക്കൂ, മാർപ്പാപ്പാ തന്ന ചോദ്യാവലി പൂരിപ്പിച്ചു മേടിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നോയെന്ന് (ആത്മസ്ഥിതി വിവരം കിട്ടിയില്ലെന്നു പറഞ്ഞു പണ്ട് പാലായിൽ ദളിതന്റെ ശവം അടക്കാൻ വിസമ്മതിച്ച കേസ് ഓർക്കുന്നുണ്ടല്ലോ, അല്ലേ? അവർക്കാണോ ഇതു പൂരിപ്പിച്ചു മേടിക്കാൻ ബുദ്ധിമുട്ട്?). ഇപ്പോഴത്തെ ക്നാനായാ പ്രശ്നം തന്നെ എടുക്കുക. സുഹൃത്തു മാർ ഭരണിക്കുളങ്ങരയോട് ചോദിച്ചു നോക്ക്, അങ്ങേരുടെ അഭിപ്രായം എന്താണെന്ന്. ശുദ്ധ രക്തമല്ല, ശുദ്ധ വിശ്വാസമാ വേണ്ടതെന്നദ്ദേഹം വെട്ടിത്തുറന്നു പറയുന്നില്ലേ? ഉണ്ണുന്നതിന്റെയും ഉറങ്ങുന്നതിന്റെയുമൊക്കെ ഇടക്കെണീറ്റു നിന്ന് ഞങ്ങൾ ക്നായിത്തൊമ്മന്റെ മക്കൾ എന്നു കൂവുന്ന ഈ ശൂദ്ധരക്തദാഹികളോട് എന്തു പറഞ്ഞിട്ടും കാര്യമില്ല. ക്നാനായ ഓക്സിജൻ, ക്നാനായാ ഗോതമ്പ് മുതലായവ മാത്രമേ ഉപയോഗിക്കൂവെന്നും ക്നാനായാ വെള്ളത്തിൽ മാത്രമേ കുളിക്കൂവെന്നും നാളെ അവർ പറഞ്ഞെന്നിരിക്കും. പണ്ടൊരു വാല്യക്കാരൻ വികാരിയച്ചനോട് പറഞ്ഞെന്നു കേട്ടിട്ടുണ്ട്, അച്ചനു മനസ്സുണ്ടെങ്കിൽ എന്റെ കൂടെ നിന്നാൽ മതിയെന്ന്. അതുപോലെയും ഈ ക്നാനായാക്കാർ നമ്മൾ മാർത്തോമ്മാക്കുട്ടികളോട് പറയാൻ മടിക്കില്ല. അവരെ ചികിൽസിക്കാൻ ക്നാനായാ വിധഗ്ദ്ധരും, അവർക്കു കുളിക്കാൻ ക്നാനായാ സോപ്പുകളും അവർ ഒരുക്കിയേക്കാം. മനുഷ്യനു സുബോധം പോയാൽ എന്താ സംഭവിക്കുകയെന്നു പ്രവചിക്കാൻ ആർക്കു കഴിയും?

ഇതിനു മറുപടിയായി നാലു തെറി എഴുതി എന്റെ സുഹൃത്തു കുര്യൻ അത്മായാശബ്ദത്തിനയച്ചു തന്നാൽ ദയവായി പ്രസിദ്ധീകരിക്കരുതെന്നു ഞാൻ അഭ്യർഥിക്കുന്നു. അവർ സ്വന്തം ബ്ലോഗ്ഗ് തുടങ്ങിയിട്ടുണ്ട്: അതിൽ എഴുതിക്കോട്ടെ. അല്ലെങ്കിൽ, അവനെന്നെ വിളിക്കട്ടെ, വാട്ട്സാപ്പുണ്ടല്ലോ. അവരെല്ലാം സ്വന്തം സ്വന്തം തുടങ്ങി നേരെയാകുമ്പോൾ നമുക്ക്, ‘ഇനി സ്വന്തം സഭയും ആയിക്കൊള്ളാൻ’ പറഞ്ഞുള്ള മാർപ്പാപ്പായുടെ ഒരോർഡർ കൂടി വാങ്ങിച്ചുകൊടുക്കാം. എത്രകാലാന്നും കൊണ്ടാ ഇതു സഹിക്കുന്നത്? ഒരു ലക്ഷം പേരെ പേടിച്ചു നാൽപ്പതു ലക്ഷം പേർ നടക്കണമെന്നു വെച്ചാൽ എന്താ സ്ഥിതി? ഇവരെ പേടിച്ചു വിശ്വാസികളേക്കാൾ കൂടുതൽ പോലീസിനെ വരുത്തിയും, പാസ്സുകൊടുത്തു വിശ്വാസികളെ പള്ളിയിൽ കയറ്റിയും സഹായ മെത്രാന്റെ മെത്രാഭിഷേകം നടത്തേണ്ടി വന്നില്ലേ അങ്ങാടിയത്തിന്? അമേരിക്കയിലും അവർക്കു രൂപത വേണമെന്നു പറഞ്ഞു കിണുങ്ങിക്കൊണ്ടിരുക്കുകയല്ലേ ഇപ്പോൾ. വിരളാൻ, കൂട്ടത്തിൽ ആലഞ്ചേരിയുമുണ്ട്. ഒഴിഞ്ഞ വീഞ്ഞു കുപ്പികൾ ഫെയിസ്ബുക്കിൽ പടം വരാതെ ഒഴിവാക്കാനുള്ള മാർഗ്ഗം അന്വേഷിച്ചു കൊണ്ടിരിക്കുമ്പോൾ വീണ്ടും വീണ്ടും കാലിക്കുപ്പികൾ വന്നുകൊണ്ടിരുന്നാൽ എന്താ ചെയ്ക? അവർക്ക്, ഏതു സീറോ പള്ളിയിലും കേറി ഇഷ്ടം പോലെ നിരങ്ങാം, നമ്മൾ പക്ഷെ, ആ പ്രദേശത്തൂടെ പോയിക്കൂടാ. ഇതെന്തൊരു നീതി? നമ്മുടെ മാർത്തോമ്മാ, ‘വരിനെടാ നമുക്കും അവനോടൊപ്പം പോയി മരിക്കാം’ എന്നു പറഞ്ഞ തന്റേടിയാണെന്നോർക്കുക. ക്നായിത്തൊമ്മനാവട്ടെ, ‘വരിനെടാ നമുക്കെവിടെങ്കിലും പോയി ഒളിക്കാം’ എന്നേ പറഞ്ഞിരിക്കാൻ ഇടയുള്ളൂ. അല്ലെങ്കിൽ പിന്നെന്തിനാ ഇങ്ങോട്ടു കെട്ടും കുടുക്കയുമായി വന്നത്?

ഈ അടുത്തിടെ ആസിഡിനു സമാനമായ ദ്രാവകം അന്തരീക്ഷത്തില്‍ നിന്നും വീണു മരങ്ങളും ചെടികളും കരിഞ്ഞുപോയ സംഭവം നാം മാധ്യമങ്ങളിലൂടെ അറിയുന്നു. ദൈവം സോദോം ഗോമോറ എന്നീ നഗരങ്ങള്‍ നശിപ്പിച്ചത് ഭൂമിയില്‍ ഗന്ധകവും തീയും വര്‍ഷിച്ചു കൊണ്ടായിരുന്നു എന്ന് ബൈബിള്‍ പറയുന്നുണ്ട്. ആ സ്ഥലം നശിപ്പിക്കാന്‍ പുറപ്പെട്ട ദൈവദൂതന്‍മാരോട് അബ്രഹാം കഴിക്കുന്ന യാചന ശ്രദ്ധേയമാണ്. അൻപത് നീതിമാന്മാര്‍ അവിടെ ഉണ്ടെങ്കില്‍ ആ സ്ഥലത്തെ നശിപ്പിക്കാതിരിക്കുമോ എന്ന് ചോദിച്ച അബ്രഹാം കുറച്ച് കുറച്ച് അവസാനം പത്ത് നീതിമാന്മാര്‍ ഉണ്ടെങ്കില്‍ അവരുടെ നിമിത്തം നശിപ്പിക്കാതിരിക്കുമോ എന്ന് ചോദിക്കുന്നു. കേരളത്തിലാണെങ്കിൽ നീതിമാനായ ഒരൊറ്റ ബിഷപ്പെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ പൊക്കോളാമെന്നു മാലാഖമാർ പറഞ്ഞേനെ. പണ്ട് കടുവാ ഇറങ്ങിയപ്പോൾ ഒരു പിതാവിന്റെ നേതൃത്വത്തിൽ കടുവാക്കെതിരേ വിശ്വാസികൾ പ്രകടനം നടത്തിയാരുന്നല്ലോ. തീക്കാറ്റിനെതിരേ നടപടി വേണമെന്നു പറഞ്ഞ് ആരും പ്രകടനം നടത്തിയതായി കണ്ടില്ല. ആ മെത്രാൻ ഇവിടില്ലേ? തീക്കാറ്റ് ചങ്ങനാശ്ശേരി ഭാഗത്തും എറണാകുളം ഭാഗത്തും ഉണ്ടായി എന്നു കേൾക്കുന്നു. ഇല കരിയാന്‍ മാത്രം ചൂടുള്ള കാറ്റ് വീശിയിട്ട്‌ എന്തുകൊണ്ട് പക്ഷി മൃഗാദികള്‍ ബഹളം വെക്കുകയോ വെപ്രാളപ്പെടുകയോ ചെയ്തില്ല? ചുരുക്കത്തിൽ, അരമനകൾ മാത്രം തേടിപ്പിടിച്ചു കത്തിക്കുകയാണോ ഇതിന്റെ അടുത്ത ലക്ഷ്യം? എന്താണേലും ഒരു മെത്രാനും അതിന്റെ പിന്നാലെ പോവ്വാൻ ഇപ്പോൾ സമയം കാണാൻ സാദ്ധ്യതയില്ല; ഉടുപ്പിനളവ് കൊടുക്കാൻ പോകണ്ടേ? സിനഡ് വരുകല്ലേ റോമിൽ. കഴിഞ്ഞ പ്രാവശ്യം വിളിക്കും വിളിക്കുമെന്നോർത്തിരുന്നിട്ട് പലരേയും വിളിച്ചില്ല. ഒരു മെത്രാൻ ഒട്ടും കുറച്ചില്ല, വെച്ചു പിടിച്ചു ഗൾഫിലോട്ട്; പറയാൻ എത്ര കാരണം വേണേലും ഉണ്ടാക്കാമല്ലൊ. വന്നു വന്നു ചെന്നൈയും മുംബേയുമൊക്കെ വിദേശ രാജ്യങ്ങളുമായല്ലോ!

മെത്രാന്റെ പവ്വർ എന്നു പറഞ്ഞാൽ എന്താണെന്നാ ഓരോരുത്തരും കരുതിയിരിക്കുന്നത്? ദൈവം അഴിക്കടാന്നു പറയുമ്പോൾ മെത്രാനു മനസ്സുണ്ടേൽ അഴിക്കും. മെത്രാൻ കെട്ടടാന്നു പറയുമ്പോൾ പക്ഷേ, ദൈവത്തിനു കെട്ടാതിരിക്കാൻ പറ്റില്ല. പണ്ട് പാലായിൽ നോയമ്പിലെ ഒരു വെള്ളിയാഴ്ച ജൂബിലി പെരുന്നാൾ വന്നപ്പോൾ സംഭവിച്ചതിങ്ങിനെ. ഇറച്ചിക്കു വിലക്കുണ്ടായിട്ടും എല്ലാ വീടുകളിലും പിന്നെ അരമനയിലും സർവ്വ ജന്തുക്കളും വന്നു (അച്ചന്മാരുടെ കാര്യമല്ല പറഞ്ഞത്, ഇറച്ചിയുടെ കാര്യമാ). ദൈവകോപത്തിൽ നിന്നു പ്രജകളെ രക്ഷിക്കാൻ മെത്രാൻ ഒരറ്റകൈ പ്രയോഗിച്ചു, ആ വെള്ളിയാഴ്ചത്തെ ഇറച്ചിവിലക്കു മെത്രാൻ എടുത്തുകളഞ്ഞു. പുലിക്കുന്നേൽ സാർ പറഞ്ഞ കഥയാ ഇത്. അടുത്ത കാലത്തായി കത്തോലിക്കാ കല്യാണങ്ങൾക്കു ആർഭാടം അൽപ്പം കൂടിയിരിക്കുകയായിരുന്നു. 30 കിലോയുള്ള പെണ്ണിനെ നാൽപ്പതുകിലോ സ്വർണ്ണത്തിൽ മൂടി കൊണ്ടുവന്നാൽ അച്ചൻ എന്തു ചെയ്യും? ഈ നിൽക്കുന്ന, പ്രീകാനാ കോഴ്സ് പൂർത്തിയാക്കിയ, തൊമ്മൻ മകൻ അന്ത്രയോസിനെ കെട്ടാൻ സമ്മതമാണോന്ന് പെണ്ണിനോടു ചോദിച്ചാൽ, മറുപടി സ്വർണ്ണക്കടക്കാരൻ പറയുന്നതു വരെ എത്തിയില്ലേ കാര്യങ്ങൾ? പത്തു പവനാണ് കെ സി ബി സി ഇപ്പോൾ ഒരു പെണ്ണിന് അനുവദിച്ചിരിക്കുന്നത്. വിവാഹധൂർത്ത് പല കുടുംബങ്ങളുടെയും താളം തെറ്റിക്കുന്നതായി വനിതാ കമ്മിഷൻ അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു ദിവസം അമിത വസ്ത്രം പ്രശ്നമുണ്ടാക്കുന്നുവെന്നു വനിതാ കമ്മീഷൻ പറഞ്ഞാൽ ഇവിടെന്തു സംഭവിക്കുമെന്നു പറയാൻ വയ്യ. പക്ഷേ, കേ സീ ബീ സീ, ഈ ബ്യുട്ടീഷ്യന്മാരേക്കൂടി ഒതുക്കിയാലേ സംഗതി വിജയിക്കൂ; അല്ലെങ്കിൽ പള്ളിയിൽ നിന്നിറങ്ങുമ്പോഴേ വസ്ത്രം മാറുന്ന കൂട്ടത്തിൽ അവർ മറിമായം കാണിച്ചെന്നിരിക്കും. പക്ഷേ, എന്റെ ഭാര്യ എന്നോട് പറഞ്ഞത്, കൂട്ടത്തിൽ ഒരു വനിതാ ബിഷപ്പോ അല്ലെങ്കിൽ, ഇക്കാര്യത്തിൽ സാമാന്യവിവരം ഉള്ള ഒരു ബിഷപ്പോ ഉണ്ടായിരുന്നെങ്കിൽ ഈ അബദ്ധം കെ സി ബി സി പറയില്ലായിരുന്നൂവെന്നാണ്. പെണ്ണുങ്ങൾ പാദസരം മാത്രമല്ല അരഞ്ഞാണവും സ്വർണ്ണത്തിലുള്ളതുപയോഗിക്കുമെന്നാണവൾ പറയുന്നത്. അരഞ്ഞാണം സ്വർണ്ണമാണോന്നു വികാരിയച്ചൻ നോക്കുമോ കെ സീ ബീ സീ? ഞാനിട്ടിരിക്കുന്നതു പൂച്ചാന്നാരെങ്കിലും പറഞ്ഞാൽ അതുരച്ചു നോക്കാൻ കപ്യാർ പോകുമോ കെ സീ ബീ സീ? പെണ്ണിനു ചുറ്റും നിൽക്കുന്നവർ സ്വർണ്ണത്തിൽ കുളിച്ചാലും വികാരിക്കെന്തെങ്കിലും പറയാൻ കഴിയുമോ കെ സീ ബീ സീ?

പെണ്ണ് എത്ര സ്വർണ്ണം ഇടണമെന്നു തീരുമാനിക്കാൻ നിങ്ങളാരാന്ന് അഡ്വ. ഇന്ദുലേഖ കോടതിയിൽ ചോദിച്ചാൽ എന്തു മറുപടി പറയും? മെത്രാന്മാരോടു രണ്ടു ചോദിക്കാൻ വേണ്ടി മാത്രം വക്കീൽ കുപ്പായം അണിഞ്ഞ ആ പെണ്ണിന്റെ മുൻപിൽ ഒരിക്കൽ ഒരു മെത്രാനെങ്കിലും നിന്നു വിയർക്കും; അതുറപ്പാ. പി സി ജോർജ്ജിന്റെ വായുടെ ഒരു വശം അടപ്പിക്കാൻ ഇന്ദുലേഖക്കു കഴിഞ്ഞല്ലോ. ഈ കേരളത്തിൽ ആരെക്കൊണ്ടെങ്കിലും പറ്റുന്ന കാര്യമാണൊ അത്? ഇപ്പോത്തന്നെ വക്കീലോഫീസിൽ കൊന്തയോ വെന്തിങ്ങയോ ഇട്ടോണ്ടു വരുന്നവരെ ആ കൊച്ചു കേറ്റുന്നില്ലെന്നാ കേട്ടത്. നല്ല ഒരു തട്ടു കിട്ടുമ്പോൾ, ഓരോ ക്രിസ്ത്യാനിയും അടിസ്ഥാനപരമായി ഒരു ഭാരതീയ പൗരനാണെന്നും അവന്റെ അവകാശത്തിൽ കൈകടത്തുന്നതു സൂക്ഷിച്ചുവേണമെന്നും മെത്രാന്മാർ മനസ്സിലാക്കും. ഈ സ്വർണ്ണഭ്രമം മാറ്റാൻ, ആദ്യം പള്ളിക്കുള്ളിൽനിന്നു തന്നെ സ്വർണ്ണം പൂശിയ സാമഗ്രികളെല്ലാം മാറ്റണം, പിന്നെ പുറത്തു കൊടിമരത്തിൽ പൂശിയതും മാറ്റണം പിതാക്കന്മാരെ. ആദ്യം ഉദാഹരണമാവുക, പിന്നെ പ്രസംഗിക്കുക. സ്വർണ്ണത്തേക്കാൾ വിലയുള്ള വൈറ്റ് ഗോൾഡ് കൊണ്ട് കുരിശും മാലയും ഉണ്ടാക്കിയ മെത്രാനും ഈ കേരളത്തിൽ ഉണ്ടായിരുന്നല്ലൊ, കെ സീ ബീ സീ. അല്ല, സ്വർണ്ണവും, കാലിത്തൊഴുത്തിൽ പിറന്ന യേശൂവും തമ്മിലെന്താ ബന്ധം?

അല്ലയോ കെ സീ ബീ സീ, നമ്മുടെ ഇപ്പോഴത്തെ കല്യാണ സ്റ്റൈൽ തന്നെ മാറ്റണം. ഹോളിവുഡ് സിനിമായുടേതുപോലെ രംഗസജ്ജീകരണങ്ങളും നടത്തി, കുട്ടിച്ചാത്തൻ സിനിമാ ഷൂട്ട് ചെയ്യുന്നതുപോലെ, വീഡിയോക്കാർ പറയുന്നതും കേട്ട്, അഭിനയിച്ചു വിജയിപ്പിക്കേണ്ട ഒന്നാണോ ഈ കല്യാണം? ദൈവത്തിന് എന്തെങ്കിലും ഒരു സ്ഥാനം കൊടുക്കണ്ടെ? പെണ്ണിനേം ചെറുക്കനേം അൾത്താരയുടെ മുൻപിൽ കൊണ്ടുപോയി നിർത്തിയിട്ട്, ഞങ്ങൾ അന്വഷിക്കാവുന്നിടത്തോളം അന്വേഷിച്ചിട്ടാ ഇതുറപ്പിച്ചത്, ഇനി ഞങ്ങളുടെ കൈയ്യിലല്ല കർത്താവേ, നോക്കിക്കോണേ എന്നു പറയുന്നതിനു പകരം, ‘കർത്താവേ അങ്ങു കൊണ്ടുവന്നു തന്നു, അങ്ങു തന്നെ നോക്കുക, നന്ദി’ എന്നു പറയാൻ എത്ര ക്രിസ്ത്യാനിക്കു കഴിയുന്നുണ്ട് മെത്രാച്ചോ. കിട്ടുന്നതിനേ നന്ദിപൂർവ്വം സ്വീകരിക്കാൻ വിശ്വാസിയെ പഠിപ്പിച്ചിരുന്നെങ്കിൽ ഇത്രയും തകർച്ചകൾ കുടുംബങ്ങളിൽ ഉണ്ടാകുമായിരുന്നില്ല. ഇനി അതു പഠിപ്പിക്കാൻ കോഴ്സ് നാലു ദിവസം കൂടി നീട്ടണ്ടാ. സമയത്തിന്റെ വില പള്ളിക്കാർക്കറിയില്ലല്ലൊ! ദൈവം നിനച്ചാലും, അച്ചൻ പറഞ്ഞാലേ കല്യാണം കല്യാണമാകൂ എന്നുള്ള മാർത്തോമ്മാ വാശീം നമുക്കു വേണ്ടാന്നു വെച്ചൂടേ? മാർത്തോമ്മാ ആരുടെയെങ്കിലും കല്യാണം നടത്തിക്കൊടുത്തോ? ഏതെങ്കിലും ശിക്ഷ്യന്റെ കല്യാണം പള്ളിയിലായിരുന്നോ? ആദ്യകാലത്തു കല്യാണത്തിന്റെ ഭാഗവുമായിരിന്നില്ലല്ലൊ കുർബ്ബാന. എന്തിനാ പള്ളി ഒരോഡിറ്റോറിയം പോലെ ആക്കുന്നത്? ഒപ്പം കുർബ്ബാനയും വേണമെന്നുണ്ടെങ്കിൽ, ഞാനൊരു നല്ല കാര്യം പറയാം. ആദ്യം ഓഡിറ്റോറിയത്തിൽ കല്യാണം നടക്കട്ടെ, അച്ചന്റെ സാന്നിദ്ധ്യത്തിൽ. പിന്നെ, സദ്യ കഴിഞ്ഞോ, പിന്നെയോ രണ്ടു പേരും പോയി കുർബ്ബാനയും കാണട്ടെ. അതല്ലെങ്കിൽ പെണ്ണൂം ചെറൂക്കനും പള്ളീപ്പോയി കുർബ്ബാനയും കഴിഞ്ഞ് ഓഡിറ്റോറിയത്തിലോട്ടു വരട്ടെ. അവിടെ വെച്ച്, അച്ചന്റെ സാന്നിദ്ധ്യത്തിൽ കെട്ടു നടക്കട്ടെ. ചന്തയുടെ നടുക്കിരിക്കുന്ന കുരിശുപള്ളിയിൽ പോയി മൈക്കും വെച്ചു കുർബ്ബാന ചൊല്ലാമെങ്കിൽ ഇതുമാകാം.

നല്ലതെവിടെനിന്നു കിട്ടിയാലും ഏതെങ്കിലും രീതിയിൽ നാമതു ചൂണ്ടിയിരിക്കും. അയ്യപ്പന്മാരുടെ ശരണം വിളിയും നമ്മൾ തുടങ്ങിയില്ലെ? അന്യന്റെ മുതൽ കക്കുന്നതു കൊള്ളാം, പക്ഷേ മുസ്ലീമിന്റെ റമദാൻ നോയമ്പ് ഏതെങ്കിലും രീതിയിൽ കേരളത്തിലെത്തിക്കാൻ കേസീബീസീ നോക്കുരുത്, പിശകാ. ആകെയുള്ള നാൽപ്പതു ലക്ഷം പേരും ഒറ്റയടിക്കു കളം വിട്ടു പോകാൻ ഇതു മതി. പിരിവും കൊടുക്കണം ദണ്ഡവും ഏൽക്കണം എന്നു വന്നാൽ ആരെങ്കിലും ഇവിടെ നിൽക്കുമോ? എങ്കിലും എല്ലാവരും പോകുമെന്ന പേടി വേണ്ട, കെ സി ആർ എം, ജെ സി സി മുതൽപ്പേർ ഇവിടെ കാണൂം, പുറത്തു പോയി അവരാരോടു യുദ്ധം ചെയ്യാനാ?

Generated from archived content: story2_july2_15.html Author: simon_joseph

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here