ഞാൻ നിന്നോട്‌ പറയാതിരുന്നത്‌

ചിലപ്പോൾ

ശക്തമായ ഒരു മഴക്കാഴ്‌ച

ഭ്രാന്തമായ ഒരിടവേള

ആർദ്രമായ നോട്ടം

അടഞ്ഞ കണ്ണുകൾ

വലിച്ചു തുറന്നതപ്പോഴായിരുന്നു.

എണ്ണി തീർക്കുകയായിരുന്നു

ഇനിയെത്ര എന്ന്‌

പക്ഷെ

വന്നു പോകുന്നത്‌ ഋതുക്കളായിരുന്നു

പെയ്‌തു തീർന്നത്‌ കാലവും

ഇനിയൊന്നുമില്ലെന്ന തിരിച്ചറിവ്‌….

കാഴ്‌ചയും കേൾവിയും തകർന്നിരിക്കുന്നു

ചേർത്തുവയ്‌ക്കുന്നത്‌ അടർന്ന്‌ വീണതറിഞ്ഞില്ല….

വീണ്ടുമൊരു മഴക്കാലം…

നിലാവിന്റെ ഇഴകൾ….

ഹൃദയം തകർന്ന്‌ തെറിച്ചു വീണ രക്തക്കട്ട

ഒടുവിൽ

മറിഞ്ഞു വീണ്‌ പിടയ്‌ക്കുന്ന പരിഹാസം

കോമാളിയായി ചിരിപ്പിച്ചപ്പോൾ

അകക്കോലമായി തുള്ളിയുറയുന്നു

കത്തിയെരിയുമ്പോൾ ചാരമായലിഞ്ഞപ്പോൾ

ഞെട്ടിയോ? കണ്ണുകളിൽ പകപ്പ്‌

കോർത്തു പിടിക്കാൻ വെമ്പിയപ്പോൾ

അകന്നു മാറിയൊന്നിൽ നിന്നു….

പുനർജ്‌ജനനത്തിൽ പോലും

നീയെനിക്കാരുമാകരുതേ….

കാഴ്‌ച

തുറന്നിട്ട ജാലകങ്ങൾ യാത്രാമൊഴിയാണ്‌

ചവിട്ടിയരച്ചപ്പോൾ പതിഞ്ഞ കാൽപ്പാട്‌

എങ്കിലും നീയൊന്നുമറിഞ്ഞില്ലല്ലോ?

കണ്ണുകളിൽ കാശുകളിൽ വിരൽതുമ്പിൽപോലും

പിടഞ്ഞു തീർന്നത്‌ ഞാനാണെന്ന്‌

ഒന്നുമറിയാതിരിക്കട്ടെ

ഞാൻ കണ്ടതും

കാണാതെ പോയതും

ഒടുവിൽ എന്റെയീ തിരിച്ചറിവും.

Generated from archived content: poem1_mar9_09.html Author: simitha_ks

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here