ഓണൻ

“അമ്മേ, ഓണത്തെപ്പറ്റി പത്തുവാചകം എഴുതിക്കൊണ്ടു ചെല്ലണമെന്നാ ടീച്ചർ പറഞ്ഞിരിക്കുന്നത്‌. പറഞ്ഞുതരാമോ?”

“ഓണം നീ കണ്ടതല്ലേ, ഓർത്തങ്ങോക്കെഴുതിക്കോ.”

“അയ്യോ! അമ്മേ.. എനിക്കതറിയില്ല. പ്ലീസ്‌.. അമ്മേ, ടീച്ചർ തല്ലും.”

“പോടാ.. പോയി അച്ഛനോട്‌ ചോദിക്ക്‌.”

“അച്ഛനൊറങ്ങുകാ അമ്മേ… ശല്യപ്പെടുത്തിയാത്തല്ലും.. അമ്മേ.. പ്ലീസ്‌…”

“ശരി, ബുക്കെടുത്തുകൊണ്ടുവാ. തെറ്റാതെ എഴുതിക്കോണം. ആവർത്തിച്ചു പറയില്ല.”

“ഉം.. ഒക്കെ സമ്മതിച്ചമ്മേ..”

“ആദ്യം തലക്കെട്ടെഴുതിക്കോ…. ഓണൻ.”

“ങേ.. ഓണനോ?”

“എഴുതെടാ മരമാക്രീ..”

“കേരളത്തിലെ പുരുഷന്മാരുടെ ഒരുത്സവമാണ്‌ ഓണൻ. അന്ന്‌ അവർ ഉച്ചയോടെ കുളിച്ചൊരുങ്ങി തൂശനിലയുടെ മുന്നിൽ ഉണ്ണാനിരിക്കുന്നു. വിഭവ സമൃദ്ധമായ ഊണിനുശേഷം ഏമ്പക്കം വിട്ടെഴുന്നേറ്റ്‌ ടി.വിയുടെ മുന്നിലേയ്‌ക്ക്‌ മാറിയിരിക്കുന്നു. ടി.വിയിൽ പെണ്ണുങ്ങൾ കുത്തിയിരുന്ന്‌ പൂക്കളമിട്ടും നടുവുലച്ച്‌ കൈകൊട്ടിക്കളിച്ചും ഊഞ്ഞാലാടിക്കാണിച്ചും പുരുഷന്മാരെ സന്തോഷിപ്പിക്കുന്നു. സായാഹ്നത്തോടെ പുരുഷന്മാർ കൂട്ടുകാരോടൊപ്പം ബാറുകളിലേയ്‌ക്കോ മറ്റു വിനോദ കേന്ദ്രങ്ങളിലേയ്‌ക്കോ പോകുന്നു.

പിന്നെ ഓണക്കുടി, ഓണക്കളി, ഓണത്തല്ല്‌ ഇത്യാദികൾ നടത്തിയശേഷം രാത്രി വളരെ വൈകി വീട്ടിലെത്തി തളർച്ചയോടെ കൂർക്കം വലിച്ചുറങ്ങുന്നു. ഇതിനെ ഓണമെന്നും വിളിക്കാറുണ്ട്‌.”

“ബാക്കി നാളെയെഴുതാം.. പൊന്നുമോൻ പോയിക്കെടന്നൊറങ്ങ്‌.”

സുമിത്ര നടുവ്‌ അമർത്തിത്തിരുമ്മിക്കൊണ്ട്‌ എഴുന്നേറ്റ്‌ അടുക്കളയിലേയ്‌ക്ക്‌ നടന്നു.

Generated from archived content: story_onan.html Author: silvi_kutty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here