“പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ദേവസ്‌ത്രീയാക്കും!”
അവൻ പാടിയപ്പോൾ അവൾ ഹർഷോന്മാദത്തോടെ കേട്ടിരുന്നു. പാട്ടു തീർന്നപ്പോൾ കിണുങ്ങിക്കൊണ്ടു ചോദിച്ചു.
“ദേവസ്‌ത്രീയാക്കിയിട്ട് എന്തു ചെയ്യും ശ്രീമൻ?”
“കല്യാണം കഴിക്കും”.
“എന്നിട്ടോ?”
“സുഖായിട്ടങ്ങു ജീവിക്കും”.
“പറയു കേൾക്കട്ടെ നമ്മുടെ സുഖജീവിതത്തിന്റെ പ്ലാനും പദ്ധതിയും?”
അവൻ ഉത്സാഹഭരിതനായി.
“നമുക്കു പാർക്കാൻ മുന്തിരിത്തോപ്പിനു നടുവിൽ ഒന്നാന്തരമൊരു വീട്?”
“അയ്യടാ! സ്‌ഥലത്തിനെന്താ വില! വല്യ വീടുവയ്‌ക്കാൻ നമുക്കെവിടാ പണം?”
“നിന്റപ്പൻ തരും…..‘ പുഴകൾ….. മലകൾ…. പൂവനങ്ങൾ…..” അവൻ അകമഴിഞ്ഞു പാടി.
“പുളിക്കും…..’ ശരി, ശരി, ബാക്കി പറയൂ”.
“വച്ചും വിളമ്പിയും തിന്നും കുടിച്ചും നമ്മളങ്ങനെ…..‘ സുൽത്താനും റാണിയുമായി…..”.
“തൊഴിൽ വിഭജനം ഒന്നുവ്യക്തമാക്കിയാൽക്കൊള്ളാം.”
“വയ്‌ക്കലും വിളമ്പലും നീ, തീറ്റയും കുടിയും ഞാൻ.”
“കൊള്ളാം ചുമ്മാതിരുന്നു തിന്ന് നിനക്കെന്തെങ്കിലും വന്നാലോ?”
“അതിനല്ലേ കണ്ണേ, പൊന്നേ, ഒഴിവുവേളകളിൽ ഞാൻ കൂട്ടുകാരോടൊപ്പം ബാറ്റ്‌മിന്റൺ കളിക്കാൻ പോകുന്നത്. വൈകുന്നേരങ്ങളിൽ ഒരല്‌പം സ്‌മാളടിക്കും.”
“ഒറ്റയ്‌ക്കിരുന്ന് എനിക്ക് ബോറടിക്കില്ലേ?”
“ഇല്ലെടാ കണ്ണാ…. നിനക്കു വീട്ടിൽ എന്തെല്ലാം ജോലികളുണ്ടാവും? പാചകം, തുണിയലക്ക്, വീടുവൃത്തിയാക്കൽ….. അതെല്ലാം കഴിഞ്ഞ് കുളിച്ചു കുറിതൊട്ട് മുല്ലപ്പൂവുചൂടി എന്നെകാത്തിരിക്കാമല്ലോ.
”പൂമുഖവാതിൽക്കൽ സ്‌നേഹം വിടർത്തുന്ന…..“
”കുളിക്കാനെനിക്കുസമയം കിട്ടുമെന്നുതോന്നുന്നില്ല. മുല്ലപ്പൂവിനൊക്കെ വലിയ വിലയുമാണ്.“
”ശരി, അതു രണ്ടും ഞാൻ സഹിക്കാം. ദേവതേ….“
”നമ്മുടെ മക്കളോ?“
”പ്രസവം നിനക്കുതന്നെയിരിക്കട്ടെ ഞാനതിലിടപെടുന്നില്ല.“
”വഷളൻ! നമ്മുടെ കഥയെവിടെയാണവസാനിക്കുക.!“
”എവിടെ അവസാനിക്കാൻ! ഞാനൊരു വയസ്സനാകും…… നീയും…… പത്‌നിയായ്…..അമ്മയായ്…… അമ്മൂമ്മയായ് മാറും…..“
”ഞാൻ നേരത്തെ വയസ്സിയാവും ബാക്കി കഥ ഞാൻ പറയാം. നിന്നെ സ്‌നേഹിച്ചും നിന്റെ മക്കളെപെറ്റും എനിക്ക് അകാലവാർദ്ധ്യക്യം ബാധിക്കും. നീ അപ്പോഴും യുവാവും സുന്ദരനുമായിരിക്കും. അപ്പോൾ നിന്റെ കണ്ണിൽ ഞാൻ ഒരു ദുർദേവതയാവും. നീ വഴിയിലിറങ്ങി വേറെ കൊള്ളാവുന്ന പെമ്പിള്ളേരെ കണ്ടുപിടിച്ച് പാട്ടുപാടികേൾപ്പിക്കും. ഞാനതുകേട്ടുകേട്ട് ഹൃദയം പൊട്ടി മരിക്കും. ഇതല്ലേ കഥാശേഷം? സാറുപോയാട്ടെ മോഹനകല്യാണരാഗം എനിക്കു കേൾക്കണ്ട. ഈ നഷ്‌ടക്കച്ചോടത്തിനെന്നെക്കിട്ടില്ല.“
”ഇഷ്‌ടമല്ലെടാ….. എനിക്കിഷ്‌ടമല്ലെടാ…..“ അവൾ എഴുന്നേറ്റ് ചുരിദാറിലെ പൊടിയും തട്ടിക്കളഞ്ഞ് നടന്നുപോയി.
Generated from archived content: story2_mar18_10.html Author: silvi_kutty