‘’ നീയെന്താണ് ഇങ്ങനെ ഒട്ടും യാഥാര്‍ത്ഥ്യബോധമില്ലാതെ? ‘’ അയാള്‍ അസഹ്യതയോടെ പറഞ്ഞു. അയാളുടെ ഇടം കൈയില്‍ രണ്ടു കൈകൊണ്ടും ചുറ്റി ചുമലിലേക്കു ചാഞ്ഞു കൊണ്ടു അവള്‍ ശബ്ദമിടറിപ്പറഞ്ഞു
‘’ ഇതാണു യാഥാര്‍ത്ഥ്യം ഇതു മാത്രമാണെന്റെ യാഥാര്‍ഥ്യം .’‘
‘’അല്ലേയല്ല.’‘ അയാള്‍ ഉച്ചത്തില്‍ ചിരിച്ചു.
‘’ഇതു സ്വപ്നമാണ്‍ . നേരം പുലരുന്നതു വരെ മാത്രം കാണാന്‍ പറ്റുന്ന സ്വപ്നം… യാഥാര്‍ത്ഥ്യം മറ്റേതാണ്‍ ; നമ്മുടെ രണ്ടുപേരുടേയും ,കുടുംബം… കുട്ടികള്‍.’‘
‘’ഞാനെന്തു ചെയ്യണം?’‘
‘’ അതു ഞാനെങ്ങനെ പറയും?’‘
‘’എനിക്കറിയാഞ്ഞിട്ടാണ്‍.’‘
‘’നീ നിന്റെ സ്നേഹം നിയന്ത്രിക്കണം.’‘
‘’അപ്പോള്‍ നിങ്ങള്‍ക്കെന്റെ സ്നേഹം വേണ്ടേ?’‘
‘’തീര്‍ച്ചയായും വേണം’‘
‘’പിന്നെന്താ?’‘
‘’ദാഹം തീരാന്‍ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം മതി. ഒരു പുഴയിലെ വെള്ളം മുഴുവനും വേണ്ട.’‘
‘’ഞാനൊരു പുഴയാണ്‍ .അതിനു സ്വയം ഒന്നോ രണ്ടോ ഗ്ലാസ്സുകളിലേക്ക് പകരപ്പെടാനാവില്ല .അത് ആര്‍ത്തലച്ചൊഴുകുന്നത് നിങ്ങളിലേക്കാണ്‍.’‘
‘’ ഞാന്‍ ശ്വാസം മുട്ടിച്ചത്തുപോകും നീയിങ്ങനെ തുടങ്ങിയാള്‍ ‘’
നിങ്ങളെന്റെയാത്മാവില്‍ ഒരു കാന്‍സര്‍പോലെ വളരുന്നു; വേദന താങ്ങാന്‍ വയ്യ താമസിക്കാതെ ഞാന്‍ മരിക്കും. ‘’
അയാള്‍ക്കവളോട് സഹതാപം തോന്നി. ഒരു കൈകൊണ്ട് സ്റ്റിയറിംഗ് തിരിച്ച് , ഇടതുകൈ നീട്ടി അയാളവളുടെ നെറുകയില്‍ തലോടി.
‘’നോക്ക് …ഞാന്‍ നിനക്കൊരു കുഞ്ഞിനെ തരാം .’‘
‘’അതുകൊണ്ടെന്താണ്‍?’‘
‘’എന്നേപ്പോലൊരു കുഞ്ഞിനെ സ്നേഹിച്ചു ലാളിച്ചു വളര്‍ത്തുമ്പോള്‍ എന്നോടുള്ള നിന്റെയീ ഭ്രാന്തമായ സ്നേഹം കുറയും . നിനക്ക് സ്വസ്ഥത കിട്ടും.’‘
‘’ അവന്റെ അച്ഛനായിട്ട് ഞാനാരെ ചൂണ്ടിക്കാണിക്കും?’‘
‘’നിന്റെ ഭര്‍ത്താവിനെത്തന്നെ’‘
‘’ അതു പാപമല്ലേ?’‘
‘’ഇതാണു പ്രശ്നം. യാഥാര്‍ത്ഥ്യങ്ങളോടടുക്കുമ്പോല്‍ മനുഷ്യനെന്നും പുണ്യപാപങ്ങളുടെ കുരുക്കിലാണ്‍.’‘
‘’പിന്നേയും വരുന്നു യാഥാര്‍ഥ്യങ്ങള്‍ !’‘
‘’ നമ്മളതിംഗീകരിച്ചേ പറ്റു…’‘
‘’ എനിക്കതംഗീകരിക്കണ്ട് .എനിക്കു ഭൂമിയിലെ നിയമങ്ങളോടനുസരിക്കണ്ട നമ്മള്‍ സ്വര്‍ഗത്തില്‍ വച്ചു കണ്ടുമുട്ടിയവരാണ്‍
നമ്മുടെ പ്രണയം സ്വര്‍ഗീയമാണ്‍ .’‘
‘’പക്ഷെ ഭൂമിയിലെ നിയമങ്ങള്‍ ,നമ്മളെ തടവിലാക്കും.’‘
‘’എനിക്കു രക്ഷപ്പെടണം ‘’
‘’എങ്ങിനെ കിറുക്കു പറയാതെ . നിന്റെ തല ശരിക്കും ചൂടു പിടിച്ചു. ‘’ അയാല്‍ വീണ്ടും ചിരിച്ചു.
‘’എന്നാല്‍ ശരി, തണുക്കട്ടെ ,അല്‍പ്പസമയം ഞാന്‍ വണ്ടിയോടിക്കാം.’‘ അവര്‍ സീറ്റു മാറിയിരുന്നു. കുറെ സമയം അവള്‍ മിണ്ടിയതേ ഇല്ല. അയാള്‍ അവളുടെ കവിളില്‍ തൊട്ടുകൊണ്ടു ചോദിച്ചു.
‘’ എന്താ പരിഹാരം കണ്ടെത്തിയോ?
അവള്‍ ഇടംകൈകൊണ്ട് അയാളുടെ കൈത്തലം അമര്‍ത്തിപ്പിടിച്ചു. പിന്നെ ആക്സിലേറ്റര്‍ ആഞ്ഞുചവിട്ടിക്കൊണ്ട് അടുത്തു കണ്ട കൊക്കയിലേക്ക് പറന്നിറങ്ങി ഭൂമിയിലെ എല്ലാ നിയമങ്ങള്‍ക്കും പുറത്തായി.
Generated from archived content: story1_oct3_11.html Author: silvi_kutty
Click this button or press Ctrl+G to toggle between Malayalam and English