ഇട്ട്യാതി ചെയ്‌തത് തെറ്റു തന്നെയാ. തമ്പുരാട്ടിമാര് വരുന്ന വഴിക്ക് അവരു വരുന്നതു കണ്ടിട്ടും ഓടിമാറാതെ നിന്ന് മൂത്രമൊഴിക്കുക! തമ്പുരാട്ടിമാരുടെ കന്മഷമേല്‌ക്കാത്ത കണ്ണുകൾ അശുദ്ധങ്ങളായി. രാജ്യത്ത് മഴപെയ്യാതായി. പരാതി അധികാരിയുടെ മുന്നിലെത്തി.
“നേരാണോടാ………. നീ അങ്ങനെ ചെയ്‌തോ? രാജ്യത്ത് ഇത്രയേറെ പൊതു മൂത്രപ്പുരകളുണ്ടായിട്ടും”…“
”അടിയൻ…. പറ്റിപ്പോയി…..“
”ഫാ..! തമ്പുരാട്ടിമാരുവരുന്നത് നീ കണ്ടില്ലായിരുന്നോടാ?“
”കണ്ടതാണേ…… ക്ഷേല് തൊടങ്ങിപ്പോയത് നിർത്താൻ……“ ഇട്ട്യാതി വായപൊത്തി. അധികാരിയുടെ ശബ്‌ദം നിമിഷനേരത്തേയ്‌ക്ക് പിടിച്ചുകെട്ടപ്പെട്ടു. അതിനിടയിലേയ്‌ക്ക് ആരുടെയോ ഒരു ചിരി കിലുങ്ങിത്തെറിച്ചു.
”നീ ചെയ്‌ത തെറ്റിന്റെ ഗൗരവം നിനക്കറിയാമോ?“
”അറിയാമേ…. തമ്പുരാട്ടിമാരുടെ കണ്ണിനു കളങ്കം തട്ട്യാ കൊട്ടാരം കളങ്കപ്പെടും., കൊട്ടാരം കളങ്കപ്പെട്ടാ നാടു നശിക്കും.“
”ഉം… അപ്പോൾ നീ നിന്റെ തെറ്റിനെക്കുറിച്ച് ബോധവാനാണ്.“
അധികാരി പ്രസന്നനായി.
”ശരി, നീ തന്നെ വിധിച്ചോ ശിക്ഷയെന്താണെന്ന്.“ ഇട്ട്യാതി നിലം താണുപതുങ്ങി. വ്യസനത്തോടെ അറിയിച്ചു.
”തമ്പുരാട്ടിമാരെല്ലാവരും അടിയൻ ചെയ്‌ത തെറ്റ് അതുപോലെതന്നെ തിരിച്ചും ചെയ്‌തോട്ടെ…..“
അധികാരി ഇട്ട്യാതിയെ കോളോമ്പിയെടുത്തെറിഞ്ഞു, മുറ്റം മുഴുവനിട്ടോടിച്ചു, മുക്കാലിയിൽക്കെട്ടി നൂറ്റൊന്നടിച്ചു. അതുകൊണ്ടരിശം തീരാഞ്ഞ് ഒരുത്തരവുകൂടിയിറക്കി.
”നമ്മുടെ രാജ്യത്തെ എല്ലാ വഴിയോരങ്ങളിൽ നിന്നും പൂമരങ്ങളും തണൽ മരങ്ങളും വെട്ടിമാറ്റി മുൾപ്പടർപ്പുകൾ വെച്ചുപിടിപ്പിക്കുക. സ്‌പർശിച്ചാൽ ദേഹമാകെ ചൊറിയുന്ന ഇനമായിക്കോട്ടെ. മേലാൽ ഒറ്റയെണ്ണം വഴിയരികിൽ നിന്ന് മൂത്രമൊഴിക്കരുത്. നമ്മുടെ രാജ്യത്തെ ഒരൊറ്റ സ്‌ത്രീയുടെ കണ്ണുപോലും ഇനി മുതൽ കളങ്കപ്പെടരുത്. ഈ ഉത്തരവ് ഉടൻ നടപ്പിലാക്കുക.“!
മഴകിട്ടാതെ വരണ്ടുകിടന്ന രാജ്യത്ത് പൊടുന്നനെ മഴയും അതേത്തുടർന്ന് വെള്ളപ്പൊക്കവും ഉണ്ടായി.
Generated from archived content: story1_dec22_10.html Author: silvi_kutty