ബംഗാൾ

ബംഗാൾ കരയുകയല്ല

കത്തുകയാണ്‌.

ധർമ്മാധർമ്മ കുരുക്ഷേത്രത്തിൽ

കൗരവപാണ്ഡവന്മാർ

പോർവിളിക്കുന്നു.

സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യ

സിംഹാസന ചവിട്ടടിയിൽ

ചതഞ്ഞരഞ്ഞവരുടെ

ചോര ചീറ്റുന്ന മണ്ണിൽ

ആട്ടിൻ തോലിട്ട ചെന്നായ്‌ക്കൾ

വേട്ടക്കാരന്റെ താവളത്തിലേക്ക്‌

ഇരകളെ ആനയിക്കുന്നു

ഉറക്കെ കരയുന്ന ഇരകളെ

തൊണ്ട കീറി രക്തം കുടിക്കുന്നു

ചോര ചീന്തി മുപ്പതാണ്ടുകൾ

ഒരു ജനതയുടെ നട്ടെല്ല്‌

ചവിട്ടിമെതിച്ച്‌ കമ്യൂണിസ്‌റ്റുകളുടെ

ആരാച്ചാരെ കുടിയിരുത്താൻ

കർഷകന്റെ ചോര കൊണ്ട്‌

കൃഷി ഭൂമി നനച്ചു

പൂത്തുലയുന്ന മണ്ണിന്റെ മാറിൽ

പൈശാചിക രൂപംപൂണ്ട്‌

തിമിർത്താടുന്ന ബംഗാൾ

അവിടെ നശിപ്പിക്കപ്പെട്ട

സ്‌ത്രീത്വത്തിന്റെയും

തകർക്കപ്പെട്ട കർഷകന്റെയും

ഹൃദയനെരിപ്പോടിൽ നിന്നും

അഗ്നി കത്തിയിറങ്ങി

നാടാകെ പടരുകയാണ്‌

സിംഗൂരിലൂടെ, നന്ദിഗ്രാമിലൂടെ

ലാൽഗഡിലൂടെ അതാളിപ്പടരുന്നു

ബംഗാൾ ശാന്തമല്ല

ഉൾക്കടലിൽ നിന്നൊരു ചുഴലിക്കാറ്റ്‌

ജനമനസിലൂടെ

ഭാരതമാകെ ആഞ്ഞടിക്കുന്നു

ബംഗാൾ – കർഷകനായ്‌

ദാഹിച്ച മണ്ണ്‌

ഇന്നൊരു യുദ്ധക്കളമാണ്‌

അധികാരം നൽകിയവരുടെയും

അധികാരമാളുന്നവരുടെയും

അസ്‌ഥിത്വത്തിന്‌ തീ പിടിക്കുന്നു

ബംഗാൾ കരയുകയല്ല……

കലങ്ങിമറിയുകയാണ്‌…..

കത്തിയെരിയുകയാണ്‌……..

Generated from archived content: poem2_nov30_09.html Author: siju_rajakkadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here