അമേരിക്കയിലെ ഞങ്ങളുടെ വീട്ടിൽ മഞ്ഞനിറത്തിലുളള കമ്മൽപൂവ് കാറ്റിനൊത്ത് തലയാട്ടി. അപ്പുറത്തെ ഗുജറാത്തികളുടെ വീട്ടിലെ അപ്പൂപ്പനും അമ്മൂമയും അതുകാണാനെത്തി.
‘അച്ഛാഹെ, ബഹുത് സുന്ദർ ഫൂൽ ഹെ’. ഗുജറാത്തി ചുവയിലുളള ഹിന്ദിയിൽ അവർ പറഞ്ഞു.
നാട്ടിൽ എന്റെ വീട്ടിൽ ഇപ്പോൾ ഓണക്കാലമാണ്. ഞാനില്ലാത്ത മൂന്നാമത്തെ ഓണം. കഴിമ്പ്രത്തെ നാട്ടുവഴികളിലിപ്പോൾ മഞ്ഞകിങ്ങിണിപ്പൂവും, മന്ദാരവും, ചെമ്പരത്തിയും, പേരറിയാത്ത കാട്ടുപൂക്കളും നിറഞ്ഞിട്ടുണ്ടാകും. സ്‌ക്കൂളിലേയ്‌ക്ക് നടന്നുപോകാറുളള വഴികളിൽ ചുനച്ചുനില്‌ക്കുന്ന മൂവാണ്ടൻമാങ്ങയും, വാളൻപുളിയും, കൊടമ്പുളിയുടെ തളിരിലകളും നിറഞ്ഞിട്ടുണ്ടാകും. സിനിമാടാക്കീസുകളിൽ ഓണം സ്പെഷ്യൽ സിനിമകളും, ഓണച്ചന്തയിൽ ഓണക്കച്ചോടവും പൊടിപൊടിക്കുന്നുണ്ടാകും.
നാട്ടിലേയ്‌ക്ക് ഫോൺ വിളിക്കുമ്പോൾ അമ്മയുടെ പതിവു പരിഭവങ്ങൾ, മകളെ മൂന്നുകൊല്ലമായിട്ടും കാണാത്ത വേദനയിലുളള പതിഞ്ഞ ശബ്‌ദങ്ങൾ…
‘പണ്ടത്തെപ്പോലെ ഓണം ഒന്നും ഇല്ല മോളേ..’
‘അതെന്താ.’
‘എല്ലാവർക്കും തിരക്കാണ്. അമ്മയ്‌ക്ക് സ്‌ക്കൂളിൽ 6 ദിവസം സ്പെഷ്യൽ ക്ലാസ്സുണ്ട്. (അമ്മ ടീച്ചറാണ്). ഏട്ടന് ഒട്ടും ഒഴിവെടുക്കാൻ പറ്റില്ല. ആശുപത്രി അടച്ചിടാൻ പറ്റില്ലല്ലോ. അച്ഛന്റെ തിരക്ക് നിനക്ക് അറിയാമല്ലോ..“
എന്റെ കുട്ടിക്കാലത്തെ ഓണം ഞാനോർത്തു. തറവാട്ടിൽ അച്ഛമ്മയുടെ അടുത്ത് എല്ലാ ആൺമക്കളും ഒത്തുചേരും. അമ്മമാരുടെ വക ഓണസദ്യ, അച്ഛൻമ്മാരുടെ ഓണക്കഥകൾ, കുട്ടികളുടെ പൂക്കളം, ഊഞ്ഞാലാടൽ, അടുക്കളയിൽ നിന്നും സാമ്പാർ തിളയ്‌ക്കുന്ന മണം കാറ്റിൽ ഒഴുകിയെത്തുന്നുണ്ടായിരിക്കും….
അത്തം തൊട്ടേ തുടങ്ങും ഓണത്തിരക്കുകൾ. അത്തത്തിനുമുൻപ് ശാന്തമ്മായിക്ക് പട്ടാളത്തിൽ നിന്ന് മകനായ മുരളിച്ചേട്ടന്റെ കത്തും മണിയോർഡറും വരും. ശാന്തമ്മായിയാണ് പറമ്പിലെ ചവറുകൾ അടിച്ചു തീയിട്ടുകൊണ്ട് ഓണത്തിരക്കുകൾ ഉത്‌ഘാടനം ചെയ്യുന്നത്. പരീക്ഷ കഴിഞ്ഞാൽ ഞാനും ഒരു ചെറിയ ചൂലുമായി ഒപ്പം നടക്കും. പണിയെടുത്തു തയമ്പു പിടിച്ച കൈകൊണ്ട് അമ്മായിയെന്നെ മുറ്റമടിക്കാൻ പഠിപ്പിച്ചുതരും. അപ്പോഴൊക്കെയവരുടെ ശരീരത്തിൽനിന്ന് വിയർപ്പ് ചാലിട്ട് ഒഴുകുന്നുണ്ടായിരിക്കും. അവരുടെ വിയർക്കാത്ത മുഖം ഞാൻ ഒരിക്കലും കണ്ടിട്ടില്ല.
വടക്കേതിലെ വിലാസിനി അമ്മായിയുടെ വീട്ടിൽ നിന്ന് രാത്രി എട്ടുമണിയാകുമ്പോഴേക്കും കൂവലുകൾ ഉയരും. ഓണക്കളിക്ക് എന്നെയും ഏട്ടനേയും വിളിക്കുന്ന ശബ്‌ദമാണത്. ഞാനപ്പോഴേക്കും ചോറുണ്ട് കഴിഞ്ഞില്ലെങ്കിൽ ഏട്ടനെന്നെനോക്കി കണ്ണുരുട്ടും. മണ്ണുകൊണ്ട് കൂട്ടിയ കൂനയ്‌ക്കുമുകളിൽ ഒരു ചിമ്മിണി വിളക്ക് കത്തിച്ചുവെച്ച് കുട്ടികളെല്ലാവരും ഞങ്ങളെ കാത്തിരിക്കുന്നുണ്ടാകും.
അയ്യ അമ്മൂമയുടെ വകയാണ് ഓണക്കളിയുടെ പാട്ട്. പുത്തൂരം വീട്ടിലെ കാഴ്‌ചകൾ, ഉണ്ണിയാർച്ചയുടെ ഒരുക്കം,ഉണ്ണിയമ്മ കൊടുത്ത ഓലകൊക്കിലേന്തിയ തത്തയുടെ പറക്കൽ, അവസാനം ഒന്നാമൻ പൂക്കളത്തിലിട്ട പൂക്കളും, കുപ്പയിൽ മുളച്ച കുമ്പളത്തിന്റെ പാട്ടും പാടി ഞങ്ങളെല്ലാവരും ക്ഷീണിക്കും. പിന്നെ വിലാസിനിയമ്മായിയുടെ വക പഞ്ചസാരവെളളം, വെളളത്തിന്റെ കുളിർമ്മ കൂട്ടാനൊരു ഓണക്കാറ്റും.
അയ്യ അമ്മൂമ്മ ഇന്നില്ല. നാലുവർഷം മുമ്പ് ഒരു ഓണക്കാലത്തുതന്നെയാണ് കിടപ്പിലായി മരിച്ചത്.
’ഉണ്ണിയാർച്ചയെപ്പോലെ ചുണയുളേളാളാകണം പെങ്കുട്ട്യോള്‘ എന്നെ കാണുമ്പോൾ പറയുമായിരുന്നു.
വർഷങ്ങൾക്കുമുമ്പ് ഒരു ഓണക്കാലപരീക്ഷക്കിടയിലാണ് ശാന്തമ്മായി ആത്മഹത്യചെയ്‌തത്. പിന്നീടൊരിക്കലും മുരളിയേട്ടന്റെ മണിയോർഡറും കത്തുമായി പോസ്‌റ്റുമേൻ ബെല്ലടിച്ചുവന്നില്ല. ഉണങ്ങാത്ത മുറിവുപോലെ അമ്മ ഓണക്കാലത്ത് ചിലത് ഓർത്ത് നെടുവീർപ്പിടും.
മുരളിയേട്ടൻ പിന്നീട് രണ്ടുപ്രാവശ്യം നാട്ടിൽവന്നു. കൊണ്ടുവന്ന മിഠായിക്കും, ബിസ്‌ക്കറ്റിനുമൊന്നും പണ്ടത്തെ രുചിയുണ്ടായിരുന്നില്ല. പിന്നീടൊരുനാൾ ടെലിഗ്രാമായി ഞങ്ങളുടെ നാട്ടിലേയ്‌ക്ക് വന്നത് മുരളിയേട്ടന്റെ മരണമാണ്. ഹൃദയസ്തംഭനമാണെന്നും, ആത്മഹത്യയാണെന്നും പലരും പറഞ്ഞു. പട്ടാളത്തിൽ നിന്നും കുറച്ചു ഭസ്‌മം കിട്ടി.
ഇന്നും എന്റെ നാട്ടുകാർ ആ മരണത്തെ അംഗീകരിച്ചിട്ടില്ല. പഴയതുപോലെ ഒരുദിവസം പട്ടാളക്കുപ്പായവും, തുരുമ്പിച്ച ഒരു ട്രങ്കും അതിൽ ’ടക്കാൻ‘ മിഠായികളുമായി ’പാറുക്കുട്ടിക്ക് മിഠായി‘ എന്നുപറഞ്ഞ് മുരളിയേട്ടൻ എത്തുമെന്ന് ഞാനും പറയുകയും, കാത്തിരിക്കുകയും ചെയ്യുന്നു.
അന്ന് എന്റെയൊപ്പം ഓണക്കളികളിച്ചിരുന്ന ഏട്ടൻമാരൊക്കെ വലുതായി കല്ല്യാണവും, കുട്ടികളുമൊക്കെയായി കൂടുവിട്ടകന്നു പോയി. സംഘത്തിൽ ഉണ്ടായിരുന്ന ഒരേയൊരു പെൺതരിയായ ഞാൻ ഇവിടേയും.
ഓണക്കാലത്ത് പട്ടം ഒട്ടിച്ചെടുക്കാനായി പശകിട്ടാറുളള പനിച്ചിമരം കാറ്റെടുത്തുപോയി, മാലകോർക്കാൻ പൂക്കൾ പെറുക്കാറുണ്ടായിരുന്ന ഇലഞ്ഞിമരം ഏതോ അമ്പലത്തിന്റെ നടവാതിലായി. കൈതപ്പൂമണം ഒഴുകിയെത്തിയിരുന്ന കാടുകൾ വെട്ടിത്തെളിച്ച് മതിൽകെട്ടി.
അച്ഛമ്മ മരിച്ചതിൽപിന്നെ മക്കളെല്ലാവരും ഓണം സ്വന്തം വീടുകളിൽതന്നെയാക്കി. അവരുടെ പെൺമക്കളെല്ലാം വിദേശത്തായതിനാൽ ഉറങ്ങിപ്പോയ വീട്ടിൽ പണ്ടത്തെ ബഹളത്തെ ഓർത്ത് എല്ലാവരും തനിച്ചിരുന്നു. ഓണം ആശംസിച്ചുകൊണ്ട് അബുദാബിയിൽ നിന്നും, അമേരിക്കയിൽനിന്നുമൊക്കെ വരുന്ന ഫോണിന്റെ ശബ്‌ദത്തെ കാത്തുകൊണ്ട് അവർ വീട്ടിൽതന്നെയിരുന്നു ടെലിവിഷനിൽ വരുന്ന ഓണസിനിമകളും ക്രിക്കറ്റും കണ്ട് സമയം പോക്കി.
നാട്ടിൽനിന്ന് അനിയത്തിയുടെ കത്തുവന്നു. ’ചേച്ചിയില്ലാതെ ഒരു സുഖവുമില്ല. ഇവിടെ ഓണക്കാലമാണ്, മുറ്റത്തെ ചെടികളൊക്കെ പൂത്തു. ചേച്ചിക്കവിടെ നല്ല സുഖമാണെന്നറിയാം. ഓണം പുതിയ വീട്ടിലല്ലേ? എന്നാണ് നാട്ടിലേക്കുവരുന്നത്?” അവളുടെ കത്ത് എന്റെ ദിവസത്തെ നനയിപ്പിച്ചു. സ്‌നേഹവും, ഓർമ്മയും ഇല്ലാത്ത ഒരു മനസ്സ് എനിക്ക് തരണേയെന്നു ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു.
കുറച്ചുകഴിഞ്ഞപ്പോൾ ഭർത്താവിന്റെ ഫോൺവന്നു.
‘കമ്പനിയിൽ നിന്ന് പതിനെട്ട് ആളുകളെ ജോലിയിൽ നിന്നെടുത്തു കളഞ്ഞു. എല്ലാ കമ്പനികളും ആളുകളെ കുറയ്‌ക്കുകയാണ്.’
നാട്ടിലേക്ക് എന്നാണ് പോകുന്നത് എന്ന എന്റെ ചോദ്യത്തെ ബോധപൂർവ്വം ഞാൻ കുഴിച്ചുമൂടി. എനിക്കുവേണമെങ്കിൽ ഒറ്റയ്‌ക്കുനാട്ടിൽ പോകാം, പക്ഷെ എന്നെപ്പോലെത്തന്നെ അദ്ദേഹത്തിനും ബന്ധങ്ങളും, ഓർമ്മകളും, സ്നേഹവുമുണ്ടല്ലോ.
ഫോൺവെച്ച് ഞാൻ പുറത്തേയ്‌ക്കുനടന്നു. പൊളളുന്ന വെയിലിൽ വിയർത്തു നനഞ്ഞു. വീടുനുളളിൽ നിന്ന് യേശുദാസിന്റെ നേർത്ത ശബ്‌ദം ഒഴുകിവരുന്നുണ്ടായിരുന്നു.
മനോഹരമായി പാടിക്കൊണ്ട് അദ്ദേഹം എന്തിനാണ് എന്നെ കരയിപ്പിക്കുന്നത്? നമ്മുടെ കവികളെന്തിനാണ് വേദന നിറഞ്ഞ പാട്ടുകളെഴുതി മനസ്സിനെ സങ്കടപ്പെടുത്തുന്നത്?
ക്രമേണ വെയിൽ മങ്ങിത്തുടങ്ങി.
“പൂക്കളത്തെ നനയ്‌ക്കാനായി നശിച്ച മഴവരുന്നുണ്ട് ചേച്ചി‘ ആരോ പിറകിൽനിന്നും ഉറക്കെ വിളിച്ചു പറയുന്നു.
എന്റെ മനസ്സിലപ്പോൾ വീണ്ടും പ്രിയപ്പെട്ടവരുടെ ഓർമ്മ നിറഞ്ഞു. കൽപ്പടവുകളിലിരുന്ന് ഞാൻ ഓരോന്ന് ഓർക്കുമ്പോൾ മഞ്ഞകിങ്ങിണിപ്പൂവ് എന്നെനോക്കി കളിയാക്കി ചിരിക്കുകയായിരുന്നു.
Generated from archived content: story_siji_onasmaranakal.html Author: siji_vyloppully