മാർത്താണ്ഡവർമ്മ

കഴിഞ്ഞമാസം അമ്മയാണ്‌ ഒരു പൂവൻ കോഴിക്കുഞ്ഞിനെ തന്നത്‌. ഓറഞ്ചും പച്ചയും വെളളയും തൂവലുകളുളള ഒരു സുന്ദരൻ കോഴിക്കുഞ്ഞ്‌. ഭർത്താവ്‌ ബാങ്കിലേക്കു പോയിക്കഴിഞ്ഞാൽ അവളും ഉണ്ണിയും തെക്കേപ്പുറത്തെ മൽഗോവമാവിന്റെ ചുവട്ടിൽ പോയിരിക്കും. അപ്പോൾ കോഴിക്കുഞ്ഞും ഒപ്പം വരും. ഉണ്ണിയും അതും കളിക്കും. ഉണ്ണി മണ്ണെടുത്ത്‌ എറിയുമ്പോൾ അത്‌ ഓടി മാവിൻ മുകളിലേക്കു കയറും. പിന്നീട്‌ ഇറങ്ങിവരും. ഇങ്ങനെ ഉണ്ണിയെ ചിരിപ്പിച്ച്‌ കോഴിക്കുഞ്ഞ്‌ വിലസി നടക്കും.

അവളപ്പോൾ സ്വപ്‌നങ്ങളുടെ ലോകത്തായിരിക്കും. ഭാവനയിൽ ചിലപ്പോൾ കാഞ്ചീപുരം സാരിയുടുത്ത്‌ സുന്ദരിക്കുട്ടിയായി മാരുതിക്കാറിൽ യാത്രചെയ്യും. ചിലപ്പോഴത്‌ ‘സീലോയും’ ‘ഫോർഡു’മാകും. അങ്ങിനെയായിരിക്കുമ്പോൾ സാരിയായിരിക്കില്ല വേഷങ്ങളും അതിനനുസരിച്ച്‌ മാറും. റോഡിലൂടെ സ്‌കൂട്ടറിലോ, ഓട്ടോറിക്ഷയിലോ പോകുന്ന സീമയോടും ഉഷയോടുമൊക്കെ കാറിലിരുന്ന്‌ തിരിഞ്ഞുനോക്കി ഒരു ടാറ്റാകൊടുക്കണം.

കാറാണെങ്കിൽ ഉണ്ണിയെ പിന്നിലെ സീറ്റിലിരുത്താമല്ലോ. സാരിയുടുത്താൽ ഒട്ടും ഉടയില്ല. ഭർത്താവിന്‌ ഇപ്പോഴുളള സ്‌കൂട്ടറിലിരുന്നു യാത്രചെയ്യുമ്പോൾ എത്ര വിലയുളള സാരിയുടുത്തിട്ടെന്താ കാര്യം പപ്പടംപോലെ കാറ്റുവന്നു വീർത്ത്‌ പിന്നെ ചുരുണ്ടുകൂടും. പിന്നെ മുടിയെല്ലാം പാറിപ്പറന്ന്‌ ചുളിഞ്ഞസാരിയുമായി. ഹൊ..

പെട്ടെന്നവൾ സ്വപ്നലോകത്തു നിന്നും മടങ്ങിവന്നു. കണ്ണിനുമുമ്പിൽ ലോണെടുത്തു പണിത വീടും, ഉണ്ണിയും, പൂവൻകോഴിയും മൽഗോവമാവും മാത്രമായി.

‘ഈ കോഴിയെക്കൊന്ന്‌ നല്ലൊരു കോഴിക്കറി വെക്കണം.“

എന്നിട്ടുവേണം ഉഷയെ ഒന്നു ഞെട്ടിപ്പിക്കാൻ. കഴിഞ്ഞതവണ ഫോൺ ചെയ്‌തപ്പോൾ ചിക്കൻ വിന്താലു, കുന്താലു, കിന്താലുവെന്നൊക്കെ പറഞ്ഞവളുടെയൊരു ഗമ. അവൾ മനസ്സിൽ കോഴിക്കറിയെപ്പറ്റി തീരുമാനിച്ചുറച്ചു.

പിന്നീട്‌ ആറുമാസത്തിനുളളിൽ കോഴിക്കുഞ്ഞ്‌ വളർന്ന്‌ ആരും കണ്ടാലൊന്നു നോക്കിനില്‌ക്കുന്ന വിധത്തിൽ ഒന്നുകൂടി സുന്ദരനായി. അടുത്തവീട്ടിലെ സുന്ദരിക്കോതകളായ പിടക്കോഴികൾ അവനോട്‌ കിന്നാരം പറയാനായെത്തി. അവരെ ഓടിച്ചിട്ട്‌ ഇക്കിളിപ്പെടുത്തുവാനൊന്നും അവൻ സമയം മിനക്കെടുത്തിയില്ല. തലയുയർത്തിപ്പിടിച്ച്‌ അവൻ ഉണ്ണിയുടെ പിന്നാലെത്തന്നെ നടന്നു. ഉണ്ണിയവനെ പിടിച്ചു മടിയിലിരുത്തി കളിപ്പിച്ചു, ചിലപ്പോൾ കുളിപ്പിക്കും, കയ്യിൽ ഗോതമ്പുമണികൾ വെച്ചുകൊടുക്കും. ചരിത്രത്തെ സ്‌നേഹിക്കുന്ന ഭർത്താവ്‌ കോഴിയെ ’മാർത്താണ്ഡവർമ്മ‘യെന്നു വിളിച്ചു. പിന്നീട്‌ അവളും ഉണ്ണിയും അതുതന്നെ വിളിച്ചു. അതുകേൾക്കെ ഒട്ടും കൂസലില്ലാതെ തലയുയർത്തിപ്പിടിച്ച്‌ അവൻ അവരുടെ മുറ്റത്തൊക്കെ ഉലാത്തിക്കൊണ്ടിരുന്നു.

ഒരു ദിവസം അവളുടെ അമ്മ വീട്ടിൽ വിരുന്നിനായെത്തി. ഊണുകഴിഞ്ഞ്‌ പുറത്തിറങ്ങി നില്‌ക്കുമ്പോഴാണ്‌ ’മാർത്താണ്ഡവർമ്മ‘യുടെ വരവ്‌ കണ്ടത്‌. അമ്മ അവന്റെ ചന്തം ഒന്നു നോക്കിനിന്നു.

”നല്ലൊത്തവനായല്ലോ നിന്റെ കോഴി, മൂക്കുന്നതിനുമുമ്പ്‌ പിടിച്ച്‌ കൂട്ടാൻ വെയ്‌ക്ക്‌.“

മാർത്താണ്ഡവർമ്മ മണ്ണിൽ ചികയുന്നതിനിടയ്‌ക്ക്‌ പ്രൗഢിയോടെ അമ്മയെ തിരിഞ്ഞൊന്നുനോക്കി.

അന്ന്‌ അമ്പലത്തിൽ പോയി വരുന്നവഴിക്ക്‌ അടുത്ത ബുക്‌സ്‌റ്റാളിൽ തൂങ്ങിക്കിടന്നിരുന്ന ’നവീനപാചകം‘ എന്ന പുസ്‌തകം അവൾ വാങ്ങിച്ചു. പതിനഞ്ചുതരം കോഴിക്കറികളിൽ ഏതുണ്ടാക്കണം എന്ന ആലോചനയായി പിന്നെ. അവസാനം ബട്ടർചിക്കൻ വെച്ച്‌ എല്ലാവരേയും ഒന്നു ഞെട്ടിപ്പിക്കാമെന്നു വെച്ചു. ഭർത്താവ്‌ തന്റെ പാചക നൈപുണ്യത്തെപ്പറ്റി നല്ലതു പറയണം. മറ്റുളള ഭാര്യമാരെപ്പോലെയല്ല ഇവൾ. ഒരു അപൂർവ്വ ഭാര്യയാണെന്നു കരുതി അഭിമാനിക്കണം. അവൾ ഒരു മൂളിപ്പാട്ടു മൂളി കുളിമുറിയിലേക്കു നടന്നു.

മൽഗോവമാവിന്റെ ചുവട്ടിൽ ഉണ്ണിയും മാർത്താണ്ഡവർമ്മയും അപ്പോൾ കളിക്കുകയായിരുന്നു.

ഉണ്ണി അവനെയെടുത്ത്‌ തൂവലിനുമുകളിലൊരു കുഞ്ഞുമ്മ കൊടുത്തു. പകരം മാർത്താണ്ഡവർമ്മ തലയിട്ട്‌ ഉണ്ണിയുടെ മുഖത്തുരച്ചു. അവർക്കിടയിലേക്ക്‌ അവൾ കടന്നുവരുന്നത്‌ ഉണ്ണിയും മാർത്താണ്ഡവർമ്മയും കണ്ടതേയില്ല.

അവൾ ഉണ്ണിയുടെ അടുത്തിരുന്ന്‌ തൈരുംചോറും ഉരുളയാക്കി വായിലേക്കു വെച്ചുകൊടുത്തു. ഉണ്ണി ഒരു പിടി മാർത്താണ്ഡവർമ്മയ്‌ക്കെറിഞ്ഞു കൊടുത്ത്‌ ചിരിച്ചു.

അവൾ ഉണ്ണിക്കൊരു കഥ പറഞ്ഞു കൊടുക്കാനാരംഭിച്ചു..

’പണ്ട്‌ ഒരു ഉണ്ണിക്ക്‌ മാർത്താണ്ഡവർമ്മ എന്ന പേരിൽ ഒരു സുന്ദരൻ കോഴിയുണ്ടായിരുന്നു….” അവൾ തുടങ്ങി.

കഥ മുഴുവൻ ഉണ്ണിയുടേയും മാർത്താണ്ഡവർമ്മയുടെയും കളികളെപ്പറ്റിയായിരുന്നു. കഥ പറയുന്നതിനിടയിൽ അവൾ ചോറുരുളകൾ ഉണ്ണിയുടെ വായിലേക്ക്‌ കുത്തിതിരുകിക്കൊണ്ടിരുന്നു. തലമുറകളായി പകർന്നു കിട്ടിയ സിദ്ധിയെന്ന കണക്കേ അവൾ ഒഴുക്കോടെ കൂടുതൽ നുണയും നേരും കൂട്ടിച്ചേർത്തുകൊണ്ടിരുന്നു. പണ്ട്‌ അവളുടെ അമ്മ അറക്കാനായി കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പറ്റി അവളോടു പറഞ്ഞ അതേ കഥ… അമ്മ അവളും അവൾ ഉണ്ണിയും കുഞ്ഞാട്‌ മാർത്താണ്ഡവർമ്മയുമായെന്നു മാത്രം. കഥയുടെ അവസാനഭാഗത്തെ സസ്‌പെൻസ്‌ അവൾ ദയനീയതയോടെ ഉണ്ണിയെ വിവരിച്ചു.

“ഒരിക്കൽ മൽഗോവമാവിന്റെ മുകളിലെ കൊമ്പിൽ നിന്ന്‌ മാർത്താണ്ഡവർമ്മ അടിതെറ്റി വീണു ഉണ്ണീ.”

“അപ്പൊ?” ഉണ്ണി ചോദിച്ചു.

“മുകളിൽ നിന്നു വീണാ എന്താ സംഭവിക്കാ, മരിക്കും.”

“അപ്പോ മാർത്താണ്ഡവർമ്മ പിന്നെ എണീക്കില്ലാ.”

“ഇല്ല, മരിച്ചു കിടന്നു.”

“എന്നിട്ട്‌?”

“മരിച്ചു കഴിഞ്ഞാൽ എന്താ, കറിവെയ്‌ക്കും.”

“മരിച്ചു കഴിഞ്ഞാൽ കറിവെക്കാ ചെയ്യാ?”

“ഉം.”

അപ്പോഴേക്കും ആരോ വീട്ടിലേക്കു നടന്നുവരുന്നതു കണ്ടവൾ പൂമുഖത്തേക്കു ചെന്നു. പിന്നാലെ വന്ന ആംബുലൻസിൽനിന്ന്‌ വെളളത്തുണി കൊണ്ടുമൂടിയ ഭർത്താവിന്റെ ശരീരം ആരൊക്കെയോ ചേർന്ന്‌ പൊക്കിയെടുത്തു.

അവൾ ഒരു അലർച്ചയോടെ ആൾക്കൂട്ടത്തിലേക്ക്‌ ഓടിച്ചെന്ന്‌ കാലു കുഴഞ്ഞു വീണു.

ഉണ്ണിയപ്പോൾ മരിച്ചുകഴിഞ്ഞാൽ കറിവെയ്‌ക്കണം എന്ന തത്വം മാർത്താണ്ഡവർമ്മയെ പഠിപ്പിക്കുകയായിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

ആളുകളൊഴിഞ്ഞു പോയ വീട്ടിൽ അവൾ തനിയെ കിടന്ന്‌ വെളിച്ചത്തിലേക്ക്‌ തുറിച്ചുനോക്കി. ഇലയനക്കങ്ങൾപോലും വലിയ ഒച്ചകളെ സൃഷ്‌ടിച്ച്‌ കാതുകളെ അടപ്പിക്കുന്നതായി തോന്നി. ഭർത്താവിനായി ഒഴിഞ്ഞുകിടക്കുന്ന കട്ടിലിന്റെ വലതുഭാഗം ഇനി എന്നേക്കും ശൂന്യമാണെന്നവളോർത്തു. മുറിയിൽ തൂങ്ങിക്കിടക്കുന്ന കർട്ടന്റേയും കലണ്ടറുകളുടേയും നിറമെല്ലാം മങ്ങി അവളുടെ കാഴ്‌ചയെ കൂടുതൽ കറുത്തതാക്കി. എല്ലാ ശരീരഭാഗങ്ങളും തളർന്നുകിടക്കുന്ന രോഗിയെപ്പോലെ ഭൂതവും, ഭാവിയും, വർത്തമാനവുമെല്ലാം മറന്നവൾ കിടന്നു.

കുറച്ചുകഴിഞ്ഞപ്പോൾ ഉണ്ണി അവിടേക്കു നടന്നുവന്നു. അവന്റെ നിഴലായി മാർത്താണ്ഡവർമ്മയും. അവൾ ഉണ്ണിയെക്കെട്ടിപ്പിടിച്ച്‌ കുറച്ചുനേരമിരുന്നു.

“അച്‌ഛൻ മരിച്ചുവല്ലെ അമ്മെ?”

അവൾ ഒന്നും മിണ്ടിയില്ല.

‘മൽഗോവമാവിന്റെ മുകളിൽ നിന്നും ചാടീട്ടാട്ടോ, മാർത്താണ്ഡവർമ്മേ.“

പിന്നെ അവൻ മാർത്താണ്ഡവർമ്മക്കൊരു കഥ പറഞ്ഞുകൊടുക്കാനാരംഭിച്ചു.

അവളുടെ സ്ഥാനത്ത്‌ ഉണ്ണിയും ഉണ്ണിയുടെ സ്ഥാനത്ത്‌ മാർത്താണ്ഡവർമ്മയും മാർത്താണ്ഡവർമ്മയുടെ സ്ഥാനത്ത്‌ ഭർത്താവും കഥാപാത്രങ്ങളായി.

”അങ്ങനെ ഉണ്ണീടച്‌ഛൻ ഒറ്റചാട്ടം, ഹൗ ചാടിയാലെന്താ? മരിക്കും. മരിച്ചാലോ? പറയ്‌ മാർത്താണ്ഡവർമ്മേ…“

”മരിച്ചാൽ കറിവെയ്‌ക്കും. ഉണ്ണീടച്‌ഛനെ കറിവെച്ചു.“

അവൾ അതുകേട്ടുകൊണ്ട്‌ അപ്പുറത്തെ മുറിയിലിരുന്ന്‌ ഏങ്ങലടിച്ചു കരഞ്ഞു. ’ഒന്നു നിർത്തൂ ഉണ്ണീ‘യെന്നു പറയണമെന്നുണ്ടായിരുന്നു. പക്ഷെ നല്ല ഒഴുക്കോടെ താളത്തിൽ ഉണ്ണി തുടർന്നുകൊണ്ടേയിരുന്നു.

വിറയ്‌ക്കുന്ന കാലുകളോടെ അവൾ ഉണ്ണിയുടേയും മാർത്താണ്ഡവർമ്മയുടേയും അടുത്തേക്ക്‌ വന്നു.

അപ്പോൾ അകലെ കമ്യൂണിസ്‌റ്റ്‌ പച്ചക്കാടിനുമപ്പുറത്തെ ശ്മശാനത്തിൽ നിന്ന്‌ ആരോ അവളെ നോക്കി കൈകൊട്ടി ചിരിക്കുന്നുണ്ടായിരുന്നു.

Generated from archived content: marthandavarma.html Author: siji_vyloppully

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here