കണ്ടതൊന്നും
ബാബിലോണിലെ നിലാവല്ല…
കേട്ടതൊന്നും
നയാഗ്രയുടെ ചിലമ്പലല്ല…
ശൂന്യതയിൽ
കുടഞ്ഞുവിരുത്തിയത്
ആൽബട്രോസിന്റെ ചിറകല്ല…
ആഗ്രഹങ്ങളുടെ രാജപാതയിൽ
അലക്‌സാണ്ടറുടെ
കുതിരമുഴക്കങ്ങളില്ല…
തിളച്ചു തൂവിയ
വാക്കുകളുടെ ആവിപ്പടർപ്പിൽ
ഓർമ്മകളുടെ
ശിൽപ്പ വിന്യാസങ്ങളില്ല…
കാനൽ സ്വപ്നങ്ങളുടെ
മണൽ സമുദ്രത്തിൽ
ജലരേഖകളുടെ
സൂക്ഷ്‌മാങ്കിതങ്ങളില്ല…
എങ്കിലും
തിരികെ ചോദിയ്‌ക്കരുത്
കത്തുന്ന കോവിലിൽനിന്നും
ജ്വാലാഹൃദയത്തെ
മാത്രം..!
Generated from archived content: poem_july10.html Author: shylan