ശാലിനി എന്റെ കൂട്ടുകാരി

പ്രണയിക്കണമെങ്കിൽ തീവണ്ടിയിൽ വച്ച്‌ തന്നെ തുടങ്ങണമെന്ന്‌

ഒരിക്കൽ വാശിപിടിച്ചത്‌ അവളാണ്‌…

വാശിയെങ്കിൽ വാശി…

റെയിൽത്തണ്ടുകളുടെ ഗന്ധമേയെത്തിയിട്ടില്ലാത്ത ഒരു കുഞ്ഞുപട്ടണത്തിൽ

ആയിരുന്നു ഞങ്ങൾ…

എങ്കിൽ 2617-​‍ാം നമ്പർ മംഗള എക്സ്‌പ്രസ്‌ തന്നെ ആയിക്കോട്ടെയെന്നു

തീരുമാനമെടുത്തത്‌ ദൈവമാണ്‌.

അവൾക്ക്‌ 17…

എനിക്ക്‌ 26…

കാശുവന്നു കേറാത്ത കീശ.

കളങ്കദംശനമേൽക്കാത്ത മുയൽക്കുഞ്ഞുങ്ങൾ.

ടിക്കറ്റ്‌ എടുക്കാത്ത യാത്രയിൽ ഹസ്രത്ത്‌ നിസാമുദ്ദീനിലേക്കുള്ള വണ്ടി

ഒരു നാട്ടു സത്രത്തിന്റെ നേർമ കാണിച്ചു. ഒരു ഊർമ്മിളാ

മഥോൺകറുടെ ബോഡിഫ്ലെക്സിബിലിറ്റി കാണിച്ചു.

പാളങ്ങൾ, ഇളക്കങ്ങൾ, കോലങ്ങൾ, കിന്നാരത്തുമ്പികൾ.

എസ്‌-01 മുതൽ എസ്‌10 വരെയുള്ള കമ്പാർട്ട്‌മെന്റിൽ നെടുങ്ങനെയും

വിലങ്ങനെയും പാറിപ്പറന്നൂ ഇദയങ്ങൾ.

ഓരോ വാതിൽപ്പടിയുടെ ഇടനാഴിയിലും ഞങ്ങൾ കാതറിയാതെ

രഹസ്യങ്ങൾ പറഞ്ഞു. ചുണ്ടുകളുടെ ആഴങ്ങളിൽ നിന്നും

ഓർമ്മകളുടെ അറ്റത്തേയ്‌ക്ക്‌…

മാർകഴി മാസമായിരുന്നു.

കൊങ്കണിലെ പാറക്കെട്ടുകൾ തുറന്ന്‌ മഞ്ഞുപൂക്കളുടെ ഉറവ.

ദുരൂഹ തടാകങ്ങളുടെ മുകളിൽ കാലംപോലെ

ഉയർന്നു മലച്ച സംഗീതം. ദീർഘതുരങ്കങ്ങളുടെ ഇരുട്ടിൽ ഞാനവളോട്‌

ശംഖുപുഷ്പത്തിന്റെ ഇംഗ്ലീഷ്‌ പേര്‌ ചോദിച്ചു.

അവൾ ഡിക്ഷ്ണറി പതുക്കെ തുറന്നു.

ഞാൻ വാക്കുകളിൽ നിന്നുമിതളുകളിലേക്ക്‌ വിരലുകളോടിച്ച്‌ തിരഞ്ഞു.

ഞാവൽപ്പഴം തിന്നു വയലച്ചൂ നാവ്‌… വെളിച്ചത്തെ ഇരുട്ടാക്കി

പാൻട്രികാർ കെറുവിച്ചു. കാഴ്‌ചകളിലേക്ക്‌ പിൻവാങ്ങി.

എന്റെ കണ്ണുകളിലൂടെ അവളുടെ കാഴ്‌ച.. അവളുടെ കണ്ണുകളിലൂടെ

എന്റെ കണ്ണുനീർ…

പൊട്ടാസ്യം പെർമാംഗനേറ്റിന്റെ വിചിത്രമായ തിളക്കമുള്ള കുഞ്ഞുകുഞ്ഞു

ജലാശയങ്ങൾ പിറകോട്ടു പായുന്നു.

ബാലഗംഗ, അർത്ഥഗർഭ, പാതാളഗംഗ

നദിച്ചീളുകൾക്കെല്ലാം ഗംഭീരനാമധേയങ്ങൾ.

മഡ്‌ഗാവിൽ നിന്നും വാങ്ങിയ പറങ്കിമാങ്ങാഫെനി രുചിച്ച്‌ നോക്കാതെ

പുറത്തേക്കെറിഞ്ഞ്‌ കിറുങ്ങിവീണു മയങ്ങി നമ്മൾ…

മയക്കം നീണ്ടുപോയത്‌ എത്ര യുഗങ്ങളിലേക്കെന്നറിയില്ല.

അവൾ ഇറങ്ങിപ്പോയതെവിടെ?

ഭോഗിക്കണമെങ്കിൽ തീവണ്ടിയിൽ വച്ചുത്തന്നെ തുടങ്ങണമെന്ന്‌

ഞാൻ പറഞ്ഞതോർമ്മയുണ്ട്‌…

അല്ല, ഭോഗിക്കണമെങ്കിൽ തീവണ്ടിയെത്തന്നെ ഭോഗിക്കണമെന്ന്‌

അവൾ തിരുത്തിയതും ഓർമ്മയുണ്ട്‌.

എന്നെക്കാണാതെയിറങ്ങിപ്പോയി, പാളങ്ങളിൽച്ചെന്ന്‌

മലർന്നു കിടന്ന്‌ നീ ഭോഗിച്ച റപ്തിസാഗർ എക്സ്‌പ്രസിന്റെ

ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിക്കാനായി നീയേത്‌

ഹിന്ദുസ്ഥാനി ആശുപത്രിയിലാണ്‌

അഡ്‌മിറ്റായിരിക്കുന്നതെന്ന്‌ ദേവനാഗിരിയിൽ

തെരഞ്ഞ്‌ തെരഞ്ഞ്‌

ഞാൻ!

Generated from archived content: poem2_nov26_07.html Author: shylan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here