കാറ്റിന്റെ
വിജനതയിൽ
ഓർമ്മമേച്ച് നിൽക്കുമ്പോൾ
സ്വരം നഷ്ടപ്പെട്ട
ചില
വ്യഞ്ജനങ്ങൾ വന്നു
കേൾവിയിലുടക്കും…
മുനകളൊടിഞ്ഞ
വാക്കുകൾ…
മുഴക്കങ്ങൾ…
വരച്ച്‌വെച്ച
നിശ്ശബ്ദതകൾ…
ജന്മനാ മൗനിയായ
ഒരു പെണ്ണിനെ
കാമിക്കുന്നതുപോൽ
കഠിനമാണവളുടെ
ബധിരതയിൽ നിന്നു-
മൊളിച്ച് കടക്കുന്നതും…
ബാക്കിവെക്കുമവ
അമൂർത്തതയുടെ
വേതാളശില്പങ്ങൾ…
കണ്ണീരിന്റെ
ഒരു നേർത്ത
കനൽവരയിലൂടെ
തെളിയാതെ, മായാതെയെന്നും
ജലത്രികോണങ്ങളുടെ
ഘോഷയാത്ര
പറന്നുപോകും…
വിരൽത്തുമ്പിൽ
നിന്നെന്നുമെന്നും
തിരിച്ച് നടക്കും കവിതകൾ
കാലത്തെ
ഞെരിച്ചമർത്തി-
ക്കൊണ്ടേയിരിക്കും…!
Generated from archived content: poem1_may28_07.html Author: shylan
Click this button or press Ctrl+G to toggle between Malayalam and English