മകരം നനയാനായ്
ടെറസിൻമേൽ
നിലാവു വിരിക്കാതെ
കിടക്കുമ്പോൾ
വർണമേഘത്തിൽ
വരഞ്ഞുവരഞ്ഞുവന്നൊരു
പാതിരാകപ്പലൊന്നെന്നിലേക്ക്
ചാഞ്ഞു പെയ്യുന്നു…
മൂന്നാംലോകചിന്തകാ
നിന്റെ ചെരിപ്പിൽ പതിഞ്ഞ
മണൽത്തരിയിൽ
നിന്നിവിടെയൊരു
കടലുഞ്ഞാൻ പണിയുമെന്നു
നങ്കൂരവാക്യം…
അത്ഭുതപരതന്ത്രനിലേക്ക്
തന്ത്രപരമായ്
പാരാവര
പാരപ്പകർച്ചകൾ-
ആഴി തീർത്താൽ
ആൾപ്പാർപ്പൊഴിഞ്ഞൊരു
ഡിഗോഗാർഷ്യവരുമെന്നും
സൈനികത്താവളത്തിൽ
നിന്നെ ഞാൻ
ഏക കാവൽഭടനാക്കുമെന്നും
വാഗ്‌ദാനശതകം…
ഇരുപത്തിനാലു
നക്ഷത്രങ്ങൾ, നീലപശ്ചാത്തലം
ചുവന്ന
നെടുങ്കൻവരകളുടെ ദീർഘം;
ജ്ഞാനബോധി തുറന്നുവന്നു,
കാഴ്‌ച!
ആർക്കുവേണമിനി
മഞ്ഞുതെന്നൽ;
കാവ്യകല്ലോല കാൽപനിക
പൈങ്കിളിവെരകൽ?
ആരുണ്ടെന്റെ
യജമാനന്റെ
കപ്പൽവേധമിസൈലുകളെ
പിടിച്ചുകെട്ടാൻ…!
Generated from archived content: poem1_aug14_08.html Author: shylan