ഉണരുമ്പോൾ, ട്രെയിൻ ഒരു പാലം കടക്കുകയാണ്. ആളുകളിൽ അധികവും സ്‌ത്രീകളാണ്. അവർ നാമജപങ്ങളോടെ നാണയത്തുട്ടുകൾ നദിയിലേക്കു വലിച്ചെറിയുന്നു. എനിക്കൊന്നും മനസ്സിലായില്ല. കേറിയിരുന്നത് വേറെയേതോ വണ്ടിയിലായിരുന്നെന്നു തോന്നുന്നു. ഇതുപോലൊരു പെട്ടിയോ സഹയാത്രികരോ ഒന്നുംതന്നെ ഓർമ്മയിലെങ്ങുമില്ല. എന്നാണ് കേറിയത് എന്നത് ഒരു മുഴുത്ത അവ്യക്തത.
മടുത്തിരുന്നു ജീവൻ…
രക്ഷപ്പെടാൻ പലവഴികൾ നോക്കിയതാണ്.
ആത്മാവിനു കടന്നുപോവാൻ ഒരുവാതിലും തുറന്നുകിട്ടുന്നേയില്ല.
മൂന്നു നൂറ്റാണ്ട് മഴയേ പെയ്യാതെ, മണ്ണെല്ലാം പാറയും അതുപിന്നെ ഇരുമ്പുമായി മാറിയ ഒരുപ്രദേശത്ത്, എങ്ങുനിന്നോ നടന്നെത്തിയ ഒരു ദുരന്തപ്രവാചകൻ, തന്റെ ഭാണ്ഡത്തിലുളള വെളളക്കുപ്പി തുറന്ന് ഉറുമാൽ നനച്ച് പാറമേൽ ഉണങ്ങാനിട്ടപ്പോൾ, ഒരുനൊടികൊണ്ട് മേഘങ്ങളെല്ലാം ഉരുണ്ടുകൂടി പേമാരി പൊരിഞ്ഞ്, ഉറുമാലിനൊപ്പം അയാൾ കൂടി ഒലിച്ചുപോയ ഒരു കഥ കേട്ടിട്ടുണ്ട്. ആ നാട്ടിലെ വെളളപ്പൊക്കം മാറ്റാൻ, പിന്നെ ആരുവന്നോ ആവോ.. പ്രതീക്ഷിച്ചിരിക്കുമ്പോൾ അങ്ങനെയാണ്. പ്രതീക്ഷകളെല്ലാം വിപരീത പാതയിലേക്ക് പാഞ്ഞുപോകും. കാത്തിരിക്കുമ്പോൾ മരണം പോലും ഹതഭാഗ്യരിലേക്കു കടന്നുവരികയില്ല. പിന്നല്ലേ ജീവിതം! കാത്തിരിക്കുമ്പോൾ ഒരിക്കലും, കാത്തിരിപ്പാണതെന്ന് ആസ്വദിക്കാനും കഴിയുകയില്ല.
അഞ്ചുമില്ലിഗ്രാം DIAZEPAMന്റെ രണ്ടു സ്‌ട്രിപ്പുകൾ ഒന്നിച്ചു കഴിച്ച് ദീർഘദൂരമെന്നു പേരുളള തീവണ്ടിയുടെ ലോക്കൽ കംപാർട്ട്‌മെന്റിൽ ടിക്കറ്റെടുക്കാതെ എന്നോ കേറിക്കിടന്നതായിരുന്നു ഞാൻ. സ്‌ട്രിപ്പിലെ ഒരു കോളം കാലിയായിരുന്നതിനാൽ പത്തൊമ്പത് ടാബ്‌ലെറ്റ്‌സ്… അവസാനമായി രണ്ട് ഉഴുന്നുവട ചട്‌ണി കൂട്ടിക്കഴിച്ചു. എത്തിച്ചേരുന്ന നാട്ടിൽ മൃതദേഹം അജ്ഞാതമായിത്തന്നെ ഡിസ്‌പോസ് ചെയ്യപ്പെട്ടോട്ടെയെന്നു കരുതി, തിരിച്ചറിയൽ അടയാളങ്ങളെല്ലാം വസ്‌ത്രങ്ങളിൽ നിന്നും എടുത്തുമാറ്റുകയും ചെയ്‌തിരുന്നു. യാത്രാസഞ്ചിയാവട്ടെ അതിനുംമുമ്പ് വഴിയിൽ വലിച്ചെറിഞ്ഞു. രണ്ടുമില്ലിഗ്രാമിന്റെ അഞ്ചു ടാബ്‌ലറ്റുകൾ കൊണ്ടുതന്നെ മോക്ഷമടഞ്ഞവരുടെ ചരിത്രം diazepamന്റെതായി കേട്ടിരുന്നുവെന്നതിനാൽ അഞ്ചുമില്ലിഗ്രാമിന്റെ പത്തൊമ്പതെണ്ണമെന്നത് സുഭിക്ഷം തന്നെയായിരുന്നു എന്നിട്ടും! എന്തുപറയാൻ..!!
ഇമകൾ തുറക്കാൻ വളരെയേറെ പാടു തോന്നുന്നുണ്ട്. വെളിച്ചം തട്ടുമ്പോൾ മുളകുപൊടി പാറിവീഴുംപോലെ. അടച്ചുവച്ചാലോ സൂചിയേറുകൾ തലച്ചോറിലേക്ക്.. രക്തക്കുഴലുകളിൽ മയക്കത്തിന്റെ തിരമാലകൾ. വിധിക്കപ്പെടാൻ നമുക്കർഹതയില്ലെന്ന് വീണ്ടും തിരിച്ചറിയുമ്പോൾ ഇനിയെന്താണ്? തീവണ്ടി ഒരു കരക്കണഞ്ഞിട്ടുണ്ട്.
‘ഹോഷംഗാബാദ്’ എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. ആളുകൾ സംസാരിക്കുന്നത് ഹിന്ദിയാണ്. ‘ആത്മഹത്യ ചെയ്‌തവർ എത്തിച്ചേരുന്ന ഇടം’ എന്നോ മറ്റോ ആണോ ആവോ സ്ഥലപ്പേരിന്റെ അർത്ഥം. സന്ധികളിൽ നല്ല വേദന. പേശികൾ അയഞ്ഞുതൂങ്ങിയിട്ടുണ്ട്. നാണയത്തുട്ടുകൾ വലിച്ചെറിയാനും മാത്രം പരിശുദ്ധയായ നദിയേതാണോ ആവോ?
സഹയാത്രികർ തൊണ്ണൂറുശതമാനവും ഇറങ്ങിപ്പോകുന്നതു കാണുന്നു. ശിശിരനിദ്രയ്‌ക്കുപോയ ഒച്ചിന്റെ ഷെല്ലുപോലെ ദൈന്യവും ശൂന്യവുമായിത്തീർന്ന ഒരു കംപാർട്ട്‌മെന്റിൽ ഞാൻ മാത്രമെന്തിനിരിക്കണം.
സ്‌നാനഘട്ടം തേടിപ്പോവുന്ന സ്‌ത്രീകളായിരുന്നു വണ്ടിയിൽനിന്നും ഇറങ്ങിപ്പോയവരെല്ലാം… നർമ്മദയാണ് ആ പുണ്യനദി. കരയിലൊരു ക്ഷേത്രമാണ്. നിറയെ കൽപ്പടവുകൾ… പ്രതിഷ്‌ഠ ഏതെന്നു നോക്കാനുളള സമയമുണ്ടായില്ല. സ്‌നാനഘട്ടത്തിൽ നിറയെ വെണ്ണക്കൽ പ്രതിഷ്‌ഠകളാണ്. ഒഴിവുദിവസങ്ങളിൽ ഇതുപതിവാണത്രെ. ഭക്തിയുടെ നിറവിൽ ഈ സ്‌ത്രീകൾ പരിസരത്തെക്കുറിച്ച് അറിയുന്നേയില്ല. മുകളിൽ ബ്ലൗസോ മറ്റ് വല്ലതുമുണ്ടെങ്കിൽ അതുമോ അഴിച്ച് കളഞ്ഞ് സാരിമാത്രം നിലനിർത്തി, മാറിടങ്ങൾക്ക് ചെറിയ മറമാത്രമിട്ടുകൊണ്ടുളള ഒരുതരം പുണ്യസ്നാനമാണവരുടേത്. പരിസരത്തെക്കുറിച്ച് ഭക്തിയിൽ പരിഗണിക്കേണ്ട കാര്യമൊട്ടില്ലതാനും! കാഴ്‌ചക്കാരായി ആരെയും തന്നെ കാണാനില്ല. എല്ലാവരും തന്നെ ഭക്തരാണ്. മലയാളിയായി ഞാൻ മാത്രമേ ഉളെളന്നു തോന്നുന്നു. മയക്കത്തിന്റെ അർധബോധാവസ്ഥയിലും മനസ്സിലെ പാപി വാതിൽ തുറന്നിറങ്ങുകയാണ്. ‘ദർശനം പാതി ഭോഗസുഖം…!’ ദൈവമേ, എന്നെ നീ പിന്നെയും ബാക്കിയാക്കുന്നത് ഇതിനൊക്കെയാണല്ലോ. ഇടയ്‌ക്കെപ്പഴോ “ഷൈൻ…” എന്ന വിളി, വിലക്കുപോലെ കേട്ടു. അങ്ങനെ വിളിച്ചിരുന്ന കാമുകി ഏതാണ്!!
മയക്കം വീണ്ടും വിടുമ്പോൾ തിരക്കൊഴിഞ്ഞിട്ടുണ്ട്. കുറച്ചകലേയ്‌ക്ക് നദിയിലൂടെ നടന്നു. അക്കരെയ്‌ക്കു പടക് തുഴയുന്ന ഒരുവൻ മാത്രം, കെട്ടിയിട്ട പടകിൽ ധ്യാനസ്ഥനായിരിക്കുന്നുണ്ട്. കൈനറ്റിക് ഹോണ്ടയിൽ വന്ന മറ്റൊരാൾ വണ്ടിയിൽ നിന്നും ഒരു പ്ലാസ്‌റ്റിക് കവറെടുത്ത് തീരത്തേയ്‌ക്കു വയ്‌ക്കുന്നു. ചാപിളളയോ ചോരക്കുഞ്ഞോ എന്തോ ഒന്ന്. എന്തായാലും അനക്കമില്ല. വേറൊരു കവറിൽ നിന്നും ചാണകവറളികളെടുത്ത് അതിനുമേലെ വരിവരിയായി വച്ച് തീകൊളുത്താനുളള ശ്രമമാണ്. സൂചിപോലുളള ഒരു നേർത്ത മഴയെയും കൊണ്ട് പെട്ടെന്നൊരു കാറ്റുവന്നു. കത്തിപ്പിടിക്കുന്നേയില്ല കുഞ്ഞുചിത. വണ്ടി അതിനരുകിലേക്കു കൊണ്ടുവന്ന്, ടാങ്കു തുറന്ന് ഒരു ചെറിയ ട്യൂബിട്ട് വാകൊണ്ട് വലിച്ച് പെട്രോൾ പുറത്തെടുത്ത് സമൃദ്ധമായി നനച്ചു അയാൾ കുഞ്ഞിനെ. ഇപ്പോൾ അഗ്‌നിദേവൻ പ്രസാദിച്ചിരിക്കുന്നു.
അന്യനുണ്ടാക്കിക്കൊടുത്ത ഗർഭം കലക്കാനായി, ദുർഘടമായ വഴിക്കൊടുവിലുളള എം.ടി.പി ഡോക്‌ടറുടെ ക്ലിനിക്കിലേക്ക്, രഹസ്യമായി ഒരു ഞായറാഴ്‌ച മഴയുടെ മറവിലൂടെ പ്രൈവറ്റ് ഓട്ടോറിക്ഷയിൽ കുലുങ്ങിമറിഞ്ഞ് പോയത് ഏതു കാമുകിയെയും കൊണ്ടായിരുന്നു!
പെട്രോളും ചാണകവും കത്തിത്തീർന്നിട്ടും കുഞ്ഞ് പൂർണ്ണമാവാതെ കിടന്ന് പിടയുന്നു. പ്ലാസ്‌റ്റിക് കവറിലേക്ക് ആ അവശിഷ്‌ടം ഒരു വടികൊണ്ട് തോണ്ടിയിട്ട് അകത്താക്കിക്കെട്ടി നദിയിലേക്ക് വലിച്ചെറിഞ്ഞ് തിരിച്ചുപോയി അയാൾ. ഞാനെന്തേ തിരിച്ചു പോന്നതെന്ന് കൃത്യമായി അറിയില്ല. തിരിച്ചുപോരാൻ എന്തെങ്കിലും കാരണമുണ്ടായിരുന്നുവോ എന്നുമറിയില്ല. ഇപ്പോൾ ജീവിതം, കുറച്ചുകൂടി ലോകത്തിനും കാലത്തിനും ഫിറ്റാക്കി മാറ്റാൻ ശ്രമിച്ച് വിജയിക്കുന്നുണ്ട്. കൊലപാതകം തന്നെയാണ് ആത്മഹത്യയെക്കാൾ എന്തുകൊണ്ടും ഭേദമെന്നറിയുന്നുണ്ട്.
ഒരിക്കൽ ഇറക്കങ്ങളുടെ ഒരു പാതയിൽ, കാലിബർ 115 എന്ന ഹൂഡിബാബ ബൈക്കുമായി 70 കിലോമീറ്ററിലധികം സ്പീഡിൽ ബ്രേക്കിനെപ്പറ്റി ചിന്തിക്കുകപോലും ചെയ്യാതെ ഇറങ്ങിയിറങ്ങി പാറിവരുമ്പോൾ, ഒരു മൂന്നുവയസുകാരൻ പെട്ടെന്നു വിലങ്ങനെ പാഞ്ഞിട്ടുണ്ട്. എന്താണ് ചെയ്യേണ്ടത്? ചിന്തിക്കാൻ ഒരു സെക്കന്റുപോലുമില്ലാതെ കൈക്കൊളേളണ്ട തീരുമാനമാണ്. കനം വളരെക്കുറഞ്ഞ വണ്ടിയാണ്. പെട്ടെന്നു ബ്രേക്കു ചെയ്താൽ ചിതറിത്തെറിക്കുന്ന ഞാൻ തലയുടെ പിൻഭാഗം കുത്തിവീണ് മെഡുല്ല തകർന്ന് ക്ലോസാകുമെന്നുറപ്പ്. ബ്രേക്കു ചെയ്യാതിരുന്നാൽ തെറിച്ച് പോയി തലപൊട്ടുന്നത് അവന്റെയായിരിക്കും. ‘അവനോ ഞാനോ’ എന്നതാണു ചോദ്യം. ‘തീർച്ചയായും ഞാൻ’ എന്ന് മനസ്സിലിരുന്ന് പെട്ടെന്നു പറയാൻ കഴിയുന്നത് ഒരു സെൻ ബുദ്ധിസമോ മറ്റോ ആവും. അവൻ രക്ഷപ്പെട്ടോ ഇല്ലയോ എന്നത് എനിക്കിപ്പഴും അറിയില്ല. ഞാൻ ഏതായാലും ഇതെഴുതുന്ന നിമിഷത്തിലും ഉണ്ട്. പക്ഷേ ഒന്നെനിക്കറിയാം, ഇനി എന്റെ അന്ത്യം ഒരു ആത്മഹത്യയാവാൻ സാധ്യതയൊട്ടുമേയില്ല. മറിച്ച് അതൊരു റോഡപകടം തന്നെയാവും.
അത്യന്തം… അതിവേഗം… അതിദാരുണം… അതിജീവനം എന്നിങ്ങനെ ‘അതി’കളുടെ ഒരു ശ്രേണി. അതിജീവനം എന്നാൽ നിങ്ങൾ ഉദ്ദേശിക്കുമ്പോൾ survival മാത്രമല്ല ജീവിതത്തിന്റെ ഒരു അൾട്ടിമേറ്റ് എന്നുകൂടി വായിക്കാമെന്നു സാരം. The superlative of life..!!
(വിമലാ ബുക്‌സിന്റെ “ജീവിതം -മുറിവേറ്റിട്ടും ആത്മഹത്യ ചെയ്യാത്തവന്റെ വാക്ക്” എന്ന ആത്മഹത്യയുടെ ബദൽ പുസ്‌തകത്തിലേക്കായി എഴുതിയത്.)
Generated from archived content: essay1_may31_06.html Author: shylan