‘പാഷാണം’ പിണറായി

കേൾക്കണമെങ്കിൽ ഈ ഭാഷ വേണമെന്ന്‌ പറഞ്ഞത്‌ ബർണാഡ്‌ ഷാ. പ്രസ്ഥാനത്തിലെ അധിനിവേശക്കാരോട്‌ അവസാന പോരാട്ടത്തിൽ അത്‌ ഉദ്ധരിച്ചത്‌ വിജയൻമാഷ്‌. പാർട്ടിയിലെ ശീമ തമ്പുരാക്കന്മാർക്ക്‌ വിജയൻമാഷുടെ ഭാഷ അസഹ്യവും അസ്വസ്ഥവുമായത്‌ സ്വാഭാവികം. എല്ലാ വിജയന്മാരും എം.എൻ വിജയനെ പോലെ ധീരന്മാരാകണമെന്നില്ലല്ലോ; അങ്ങനെ അഭിനയിക്കാമെങ്കിലും!

കേട്ടാൽ അറപ്പുളവാകുന്ന ഒരു ഭീരുവിന്റെ, അസഹിഷ്ണുവിന്റെ സ്വരമാണ്‌ കഴിഞ്ഞദിവസം നാം ശ്രവിച്ചത്‌. മനുഷ്യന്റെ വാക്കിന്‌ വർഗസമരത്തിന്റെ വേദിയാകാൻ കഴിയുമെന്ന്‌ നമ്മെ പേർത്തും പേർത്തും പഠിപ്പിച്ചത്‌ ജനാബ്‌ കെ.ഇ.എൻ കുഞ്ഞഹമ്മദ്‌ സാഹിബാണ്‌. ‘ഇടതുപക്ഷ തെറിയ്‌ക്ക്‌’ ജനാധിപത്യ വ്യവഹാരത്തിലുള്ള ഇടത്തെക്കുറിച്ച്‌ ഭാഷാപോഷിണിയുടെ താളിൽ ഛർദിച്ചുവെച്ചതും അദ്ദേഹമാണ്‌. (സുധാകര-പിണറായി ഭാഷയിലെ ‘കീഴാള’ഭംഗിയെ കുറിച്ചുള്ള പ്രബന്ധം സാഹിത്യ അക്കാദമി പുരസ്‌കരിക്കുമെന്നാണ്‌ കേൾവി).

കുഞ്ഞഹമ്മദ്‌, അഴീക്കോടാദികൾക്ക്‌ കോൾമയിരുണർത്തി ധീരോദാത്ത പ്രതാപത്തോടെ തിരുവമ്പാടി വിളംബരം നടന്നിരിക്കുന്നു. ‘നികൃഷ്ട’ജീവിയെന്ന്‌ വിളിക്കുന്നത്‌ പിണറായിയുടെ സ്വാതന്ത്ര്യവും സംസ്‌കാരവും. പക്ഷെ പറയുന്നത്‌ പിണറായിയാകുമ്പോൾ സംശയങ്ങളുടെ ചുഴിമലരി ഇളകും. അത്‌ അദ്ദേഹത്തിന്റെ നേതൃഗുണമാണ്‌. അധികാരത്തിന്റെ ഗാണ്ഡീവം അവസാനം വരെ മാറോട്‌ ചേർത്തുപിടിക്കാൻ വെമ്പിയ സാക്ഷാൽ വിജയനെപ്പോലൊരാൾ. പാർട്ടിയിലെ പരമാധികാരിയാകാൻ അശ്വമേധം നയിക്കുന്ന അഭിനവ വിജയന്റെ ആവനാഴിയിലെ ബ്രഹ്‌മാസ്ര്തങ്ങളിൽ ഒന്നുമാത്രം ഈ ന്യൂക്ലിയർ ബോംബ്‌.

വൈദികനെ ആക്ഷേപിക്കാൻ, അതും വെള്ളിടിയുമായൊരു ഇടക്കാല തിരഞ്ഞെടുപ്പിന്റെ മേഘപടലം ഉരുണ്ടുകൂടിയ സാഹചര്യത്തിൽ സാമാന്യബോധമുള്ള നേതാക്കളാരും മിനക്കെടില്ല. ഒന്നും മനസ്സിൽ കാണാതെ കണ്‌ഠക്ഷോഭം നടത്താൻ മാത്രം വിവേകശൂന്യനല്ല സഖാവ്‌.

നികൃഷ്ടഭാഷയ്‌ക്ക്‌ പിന്തുണയുമായി ആദ്യം എത്തിയത്‌ അഴീക്കോട്‌ മാഷു തന്നെ. പിണറായി കേരള മാർച്ച്‌ നടത്തിയപ്പോൾ തൃശൂരിൽ രാമനിലയത്തിൽ വ്യവസായ പ്രമുഖരായ ഫ്രാൻസിസ്‌ ആലപ്പാട്ട്‌, പട്ടാഭിരാമൻ, ജോസ്‌ ആലുക്കാസ്‌, മദ്യ രാജാവ്‌ വി.കെ അശോകൻ എന്നിവർക്കൊപ്പം നൂറു ചുവപ്പൻ അഭിവാദ്യം അർപ്പിക്കാൻ ആദ്യം ഓടിയെത്തിയതും ഇതേ അഴീക്കോട്‌ മാഷായിരുന്നു.

രോഗീലേപനം കൊടുത്തയാളെ നികൃഷ്ടനെന്നാണ്‌ വിളിച്ചത്‌. മത്തായി ചാക്കോയ്‌ക്കു വേണ്ടി പ്രാർഥിച്ചവൻ നികൃഷ്ടനെന്ന്‌. ‘എടോ ഗോപാലകൃഷ്ണ’ പോലൊരു അസഹിഷ്ണുവിന്റെ സ്വരം. മിസ്‌റ്റർ പിണറായി, ഇത്‌ കാപട്യമാണ്‌. തിരുവമ്പാടിയിൽ ഫോട്ടോ ഫിനിഷിംഗിൽ നേടിയ വിജയം താങ്കളെ ഉന്മത്തനാക്കിയോ? ജോർജ്‌ ബുഷും ജോർജ്‌ എം. തോമസ്‌ തമ്മിലുള്ള രക്തബന്ധം ചികഞ്ഞെഴുതിയ ‘ചന്ദ്രിക’യിലെ പേനയുന്തികളാണ്‌ ഇടതുമുന്നണിയെ വിജയിപ്പിച്ചത്‌. ക്രിസ്ത​‍്യൻ വിഭാഗം പാർട്ടിക്കൊപ്പം നിന്നെന്ന്‌ ഭോഷ്‌ക്‌ പറയരുത്‌. കൊടിയത്തൂർ, ഓമശ്ശേരി തുടങ്ങിയ മുസ്‌ലിം ന്യൂനപക്ഷ പ്രദേശത്തുനിന്നാണ്‌ താങ്കളുടെ പാർട്ടി നിർണായക ലീഡ്‌ നേടിയത്‌.

അക്കാലത്ത്‌ എത്ര അരമന തിണ്ണകൾ താങ്കൾ കയറിയിറങ്ങി. എന്തിനേറെ, നികൃഷ്ട പ്രസംഗത്തിന്റെ രണ്ടേരണ്ടു ദിവസം മുമ്പല്ലേ, തിരുവല്ലയിൽ മാർത്തോമ സഭാധ്യക്ഷൻ മാർ ജോസഫ്‌ മാർത്തോമ മെത്രാപ്പോലീത്തയെ സന്ദർശിച്ച്‌ രഹസ്യഭാഷണം നടത്തിയത്‌. അടച്ചിട്ട മുറിയിൽ ബർമയിലെ ബുദ്ധസമരത്തെയും ദേശീയപാതയിലെ അറ്റകുറ്റപ്പണിയെയും കുറിച്ചല്ലല്ലോ സംസാരിച്ചത്‌. കമ്മ്യൂണിസ്‌റ്റുകാരന്‌ വിശ്വാസം പറ്റില്ല, എന്നാൽ പിന്തുണ തേടാം. അതിൽ യുക്തിബോധം എത്രയുണ്ട്‌ സഖാവേ; വി.എസിനെതിരെ സഭയെ ഇളക്കി വിടാനുള്ള ഒരു ശിഖണ്ഡിക്കളിയുടെ ഭാഗമല്ലേ അരമന ദർശനം. നടക്കാതെ പോയ പദ്ധതിയെ കുറിച്ച്‌ കുമ്പസരിക്കാൻ പിണറായിക്ക്‌ ചങ്കൂറ്റമുണ്ടോ?

കമ്മ്യൂണിസ്‌റ്റുകാരന്റെ വിശ്വാസങ്ങളെ കുറിച്ചറിയാൻ പാർട്ടി ഭരണഘടന സഖാവ്‌ ഒന്നിരുത്തി വായിക്കണം. ദേശാഭിമാനിയും ദീപികയും മാത്രം കലക്കി കുടിക്കുമ്പോഴുള്ള ചുഴലിദീനം മാറും. പാർട്ടിയുമായി പുലബന്ധമില്ലാതിരുന്ന കേരള ലത്തീൻ കാത്തലിക്‌ അസോസിയേഷൻ ആലപ്പുഴ രൂപത പ്രസിഡന്റ്‌ ഡോ. മനോജ്‌ കുരിശിങ്കലിനെ ചുറ്റിക അരിവാൾ ചിഹ്‌നത്തിൽ മത്സരിപ്പിക്കാൻ മടിച്ചോ? താങ്കൾ സെക്രട്ടറിയായ പാർട്ടിയിലെ രണ്ട്‌ എം.എൽ.എമാർ, ഐഷാപോറ്റി അന്തർജനവും മോനായി സഖാവും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ വിലക്കിയോ? ദൃഢപ്രതിജ്ഞ ചെയ്യണമെന്ന്‌ പരസ്യമായി ആവശ്യപ്പെട്ടോ, അഥവാ അതിനുള്ള തന്റേടം ഉണ്ടോ. ഒരു പാർട്ടി സർക്കുലറിലൂടെ പിന്നീട്‌ വിലപിക്കുന്നത്‌ കണ്ടു.

ശതകോടി അർച്ചനയെ വിമർശിച്ച്‌ ദേശാഭിമാനിയിൽ ലേഖനം എഴുതിയതിന്റെ പിറ്റേദിവസം ആസ്ഥാനബുദ്ധിജീവിയായ പി. ഗോവിന്ദപ്പിള്ള അമ്പലത്തിൽ പോയത്‌ നാം കണ്ടതല്ലേ. കമ്മ്യൂണിസ്‌റ്റുകാർ ഉത്സവങ്ങളുടെ നടത്തിപ്പുകാരനാകണമെന്ന്‌ ആവശ്യപ്പെട്ടത്‌ സ്വരലയ ബേബി സഖാവല്ലേ. കാടാമ്പുഴയിൽ പൂമൂടുകയും ശത്രുസംഹാര പൂജ നടത്തുകയും ചെയ്ത ബാലകൃഷ്ണൻ താനല്ലെന്ന്‌ വരുത്താൻ കോടിയേരി തുടലഴിച്ചുവിട്ട വിജിലൻസുകാർ മൂന്നരവർഷം വാലാട്ടും. എങ്കിലും മൂടിയ പൂവ്‌ ചീഞ്ഞു നാറുന്നത്‌ അണികൾ നന്നായി അറിയുന്നു. ഇതെല്ലാം താങ്കൾ പരമാധികാരിയായപ്പോൾ പാർട്ടിയിൽ സംഭവിച്ചതാണ്‌. കമ്മ്യൂണിസ്‌റ്റു സഭയുടെ കർദിനാൾ ഇതൊന്നും കാണുന്നില്ലേ.

കേരളത്തിൽ ഒരു സഭയും താനെന്ന കർദിനാളും മതിയെന്നാവും പിണറായി ധരിച്ചുവശായത്‌. ഇടയലേഖനം ഇറങ്ങുന്നത്‌ എ.കെ.ജി സെന്ററിൽ നിന്ന്‌ മാത്രമാകണം. ഇതു കേൾക്കുമ്പോൾ ജനസംഖ്യയിൽ 43.65% വരുന്ന ന്യൂനപക്ഷം ഭയചകിതരാകില്ലേ. എ.കെ.ജി സെന്ററിൽ നിന്നുള്ള ഇടയലേഖനവും ഫത്‌വയും പിൻവലിക്കണമെന്ന്‌ എന്നെങ്കിലും പറയാൻ അവർക്ക്‌ പറ്റുമോ?

ഇന്നലെ വരെ തിരഞ്ഞെടുപ്പ്‌ *കഫ്‌റും ശിർക്കുമായി കണ്ടവരുടെ മിനാരങ്ങളിൽ ദണ്ഡ നമസ്‌കാരം ചെയ്തതിനാലല്ലേ, മഞ്ചേരിയിൽ ചെങ്കൊടി പാറിയത്‌. ഗൗരിയമ്മയെ മുൻനിർത്തി ഈഴവരെ വഞ്ചിച്ചും ബ്രാഹ്‌മണിക്കൽ കമ്മ്യൂണിസം നടപ്പാക്കിയും നാടു ഭരിച്ചവർക്ക്‌ വി.എസ്‌ ഒരു ഇരുട്ടടിയാണ്‌. കേശാദിപാദം കമ്മ്യൂണിസ്‌റ്റായ നായനാരുടെ സംസ്‌കാരം ഹൈന്ദവ ആചാരപ്രകാരം നടത്തിയതിന്‌ പിണറായി ഒന്നാംസാക്ഷിയാണ്‌. നായനാർ ധന്യമായ കമ്മ്യൂണിസ്‌റ്റല്ലെന്ന്‌ പിണറായി പറയുമോ. പിണറായിക്ക്‌ ഇന്നുണ്ടായ വികാരം അന്നു കണ്ടില്ലല്ലോ. അന്നും കവിതയിലൂടെ വിലപിച്ചത്‌ കെ.സി ഉമേഷ്‌ ബാബു മാത്രം. പിന്നെ എന്തിന്‌ ചാക്കോയുടെ പേരിൽ വിവാദം കുത്തിപ്പൊക്കി.

പിണറായിക്ക്‌ ഇത്രപെട്ടെന്ന്‌ എവിടുന്ന്‌ കിട്ടി ചാക്കോ സ്നേഹം? അർബുദ ബാധിതനായി മരണവുമായി മല്ലിട്ട്‌ രോഗശയ്യയിൽ കിടന്ന വേളയിലും മത്തായി ചാക്കോ ദേശാഭിമാനി വായിച്ചിരുന്നു. പുണ്ണിൽ തീക്കൊള്ളി കൊണ്ട്‌ കുത്താൻ, വിഭാഗീയ പ്രവർത്തനത്തിന്‌ ചാക്കോ നേതൃത്വം നൽകിയെന്ന ലേഖനം വി.വി ദക്ഷിണാമൂർത്തിയെ കൊണ്ട്‌ പിണറായി ദേശാഭിമാനിയിൽ എഴുതിച്ചു. മരണക്കിടക്കയിലുള്ള ഒരാളെ പ്രോസിക്യൂട്ട്‌ ചെയ്യാൻ തയ്യാറാവാത്ത രാജ്യത്ത്‌, ജീവശ്വാസം പോലെ സ്നേഹിച്ച പാർട്ടിപത്രം മാറോടണച്ച്‌ സ്വസ്ഥമായി മരിക്കാൻ പോലും ചാക്കോയെ അനുവദിച്ചില്ല, ഈ നികൃഷ്ടന്മാർ.

“സഃ മത്തായി ചാക്കോ നടത്തിയ വിഭാഗീയ പ്രവർത്തനങ്ങൾ കമ്മീഷൻ കണ്ടെത്തുകയുണ്ടായി. പേരാമ്പ്ര, കോഴിക്കോട്‌ നോർത്ത്‌, കുന്നുമ്മൽ ഏരിയാ സമ്മേളനങ്ങളിൽ മേൽക്കമ്മിറ്റി അംഗത്തിനു യോജിക്കാത്ത വിധത്തിൽ അദ്ദേഹം ഇടപെടുകയുണ്ടായി….. കോഴിക്കോട്‌ ജില്ലയിൽ നടന്ന വിഭാഗീയ പ്രവർത്തനത്തിന്റെ നേതൃത്വം മത്തായി ചാക്കോയ്‌ക്കായിരുന്നു”. എന്നൊരു കത്തും പിണറായി അയച്ചു. വർഷമൊന്ന്‌ കഴിഞ്ഞപ്പോൾ ചാക്കോയുടെ പ്രതിപുരുഷനായി പിണറായി മാറുകയാണ്‌; ശവംതീനിയുടെ ദംഷ്ര്ടവുമായി.

മാമോദീസയും പള്ളി വികാരിയും അവിടെ നിൽക്കട്ടെ. ബിഷപ്പ്‌ വിശുദ്ധ കള്ളം പറഞ്ഞാലും പിണറായി ഇത്തരത്തിൽ പ്രസംഗിക്കാമായിരുന്നോ. ആ ചേതോവികാരം ബ്രാഞ്ച്‌ കമ്മിറ്റിയിലെ തോൽവിയിൽ നിന്നുണ്ടായതാണ്‌. ചാക്കോയുടെ സ്വാധീന പ്രദേശത്തെല്ലാം, താമരശ്ശേരി ഏരിയാ കമ്മിറ്റിക്കു കീഴിൽ പിണറായി പക്ഷത്തിന്റെ വാട്ടർലൂ സംഭവിച്ചു. ലോക്കൽ കമ്മറ്റിയിലെങ്കിലും പിടിച്ചുനിൽക്കാൻ വിവാദവും പോസ്‌റ്റ്‌മോർട്ടവും അത്യാവശ്യമാണ്‌. കോംപ്രമൈസ്‌ ചെയ്യാത്തവൻ താൻ മാത്രമാണെന്ന്‌ അണികൾ അറിയണം. ലാവ്‌ലിൻ വേതാളത്തെയും തോളിലേറ്റി സി.ബി.ഐ കളത്തിലിറങ്ങുമ്പോൾ പൊതുജനമെന്ന കഴുതയെ പറ്റിക്കാൻ ഇതൊക്കെ വേണം.

കേവലം ഒരു ബിഷപ്പിന്റെ വെളിപ്പെടുത്തലിന്‌ മുമ്പിൽ തകർന്നുപോകുന്ന ചീട്ടുകൊട്ടാരമൊന്നും അല്ലല്ലോ സഖാവിന്റെ പ്രസ്ഥാനം. ആത്മവഞ്ചനയുടെ ദുരപേറുന്ന മനസും നുരയും പതയും ചിന്തിയ വാക്കുമായാണ്‌ നേതാവ്‌ കോഴിക്കോട്ടു നിന്ന്‌ മടങ്ങിയത്‌. ഒരു കോർപ്പറേറ്റ്‌ കമ്പനിയുടെ എം.ഡിയുടെ ധാർഷ്ട്യത്തോടെ. അക്വേറിയത്തിലെ സ്വർണമത്സ്യത്തെ പോലെ കാലാകാലവും പാർട്ടി അണികളും കെ.ഇ.എന്നാദികളും സംരക്ഷിച്ചുകൊള്ളുമെന്ന്‌ സഖാവ്‌ ധരിക്കരുത്‌.

സാക്ഷാൽ ചെമ്മനം ചാക്കോ വർഷങ്ങൾക്കു മുമ്പ്‌ എഴുതിയത്‌ പിണറായിയെ ഉദ്ദേശിച്ചാണോ എന്നറിയില്ലഃ

“മരിച്ചു കിട്ടേണ്ടുന്ന താമസം മാലോകർക്കുള്ളിൽ

തരിച്ചു കേറുന്നു സ്നേഹവും ബഹുമാനവും!!….”

*(ദൈവ നിഷേധവും ബഹുദൈവത്വവും)

Generated from archived content: politics1_oct17_07.html Author: shybin_t

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English