ഇന്ദ്രപ്രസ്ഥത്തിൽ ചന്ദ്രഹാസമിളക്കുന്ന ചെമ്പടയുടെ സർവാധിപൻ സ്വന്തം ശിബിരത്തിൽ ഇത്രമേൽ ദുർബലനായാലോ? രാഷ്‌ട്രീയ കേരളത്തിലെ ഈയാംപാറ്റകളും ഈനാംപ്പേച്ചികളുമായ നേതാക്കൾക്ക് മുമ്പിൽ ആജ്ഞാശക്തി അടിയറ വെക്കുന്ന ജനറൽ സെക്രട്ടറി, സി പി എം ചരിത്രത്തിൽ ആദ്യമാണെന്ന് അടിവരയിട്ടാണ് വീണ്ടും സംസ്ഥാന സെക്രട്ടറിയേറ്റ് മുറപോലെ സമാപിച്ചത്.
ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വീക്കിലി ഡിസ്‌ക്കഷൻ ഫോറമെന്ന സംവാദ സദസിൽ നിന്ന് അഭ്യസിച്ച മുറയും മെയ്‌വഴക്കവുമായി സുർജിത്തിന്റെ പിൻഗാമിയായി അവരോധിതനായ കാരാട്ടിനെപ്പറ്റി പാർട്ടിക്കും പൊതുജനത്തിനുമുള്ള പ്രതീക്ഷ വാനോളമായിരുന്നു. എന്നാൽ പരമോന്നത പദവിയിലിരുന്നതു മുതൽ കാരാട്ട് വിക്രമാദിത്യ കഥയിലെ ന്യായാധിപനെ പോലെയാണ് പെരുമാറുന്നത്. കേരളത്തിലെ വിഭാഗീയത പരിഹരിക്കുന്നതിനു പകരം ഏതെങ്കിലും ഒരു പക്ഷം പിടിച്ചുള്ള നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. അഥവാ ജനറൽ സെക്രട്ടറിയെന്ന നിലയിൽ പ്രകാശ് കാരാട്ടിന്റെ ദുർബല നിലപാടുകളാണ് സംസ്ഥാന ഘടകത്തിൽ വിഭാഗീയത പ്രോത്സാഹിപ്പിക്കുന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് ശതപ്രതിശതം ശരിയാകുന്നു. വി എസിനും പിണറായിക്കും അന്ത്യശാസനം നൽകിയിട്ടു പോലും ഗ്രൂപ്പിസത്തെ കുറിച്ച് ചർച്ച ചെയ്യാൻ മുറപോലെ ഇത്തവണയും സെക്രട്ടറിയേറ്റ് യോഗത്തിൽ കാരാട്ട് വരേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് ആലോചിക്കണം.
പാർട്ടിയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം ആഭ്യന്തര വൈരുധ്യം കാരാട്ടിന്റെ കാലത്ത് മൂർച്ഛിച്ചത് അദ്ദേഹത്തിന്റെ നിലപാടില്ലായ്മയുടെ ഭാഗമായാണ്. വിഭാഗീയത എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ഗ്രൂപ്പിസത്തിന്റെ ഈജിയൻ തൊഴുത്ത് വൃത്തിയാക്കുന്നതിനു പകരം സ്വന്തം ഗോൾവല കുലുക്കുന്ന എസ്‌കോബാർമാരെ സഹായിക്കുന്ന നിലപാടാണ് ദേശീയ നേതൃത്വം സ്വീകരിക്കുന്നത്.
കാരാട്ടിന്റെ ഞാണിന്മേൽ കളി ഏറ്റവും ഒടുവിൽ ആലപ്പുഴയിലെ അച്ചടക്ക നടപടിയിലൂടെയാണ് പ്രകടമായത്. കഴിഞ്ഞ ഡിസംബറിൽ കാരാട്ടിനെ നോക്കുകുത്തിയാക്കി പാലൊളി കമ്മീഷൻ റിപ്പോർട്ടിന്റെ പേരിൽ ആലപ്പുഴയിൽ നിന്ന് വി എസ് പക്ഷക്കാരെ കൂട്ടത്തോടെ പിണറായി അരിഞ്ഞു വീഴ്‌ത്തുകയായിരുന്നു. ജില്ലാ കമ്മിറ്റിയിലെ അനുപാതം പോലും പാലിക്കാതെ പുറത്താക്കിയവരെ തിരിച്ചെടുക്കാനുള്ള പി ബി നിർദേശം ഗുണത്തേക്കാളേറെ ദോഷമാകുമെന്ന് പകൽപോലെ വ്യക്തമാണ്. പാർട്ടിയിലെ ഒട്ടുമിക്ക പ്രശ്‌നങ്ങളും രൂക്ഷമാക്കിയ ദീർഘവീക്ഷണമില്ലാത്ത ഇടപെടൽ ഇവിടെയും നടത്തിയെന്നു കാണാം.
ശിരോലിഖിതം ശരിയാക്കാൻ പറ്റില്ലെന്ന് കാരാട്ട് തെളിയിക്കുമ്പോൾ പി ബിയുടെ ശാസനയും നിർദേശവും പാലിക്കപ്പെടേണ്ടതല്ലെന്ന ബോധമാണ് പാർട്ടി സംസ്ഥാന ഘടകത്തിൽ എല്ലാ ഗ്രൂപ്പുകൾക്കും. കഴിഞ്ഞ ഒക്‌ടോബറിലാണ് പരസ്യപ്രസ്‌താവനയിൽ നിന്ന് നേതാക്കളെ പി ബി വിലക്കിയത്. അടുത്തമാസം വിഭാഗീയത ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടറിയേറ്റും ചേർന്നു. എന്നാൽ അതിനുശേഷമാണ് നിലമ്പൂരിൽ കേന്ദ്രകമ്മിറ്റി അംഗം എം.എ ബേബിയെ പ്രവർത്തകർ തടഞ്ഞതും ആലപ്പുഴയിൽ വി എസ് വിഭാഗത്തെ വെട്ടിനിരത്തിയതും. എ ഡി ബി ഉൾപ്പെടെയുള്ള വിഷയങ്ങളിലെ അഭിപ്രായ ഭിന്നതയെ തുടർന്ന് നേതൃതീരുമാനം കീഴ്‌ഘടകങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ ജനുവരി അവസാനം വീണ്ടും കാരാട്ടിന് സംസ്ഥാനത്ത് എത്തേണ്ടിവന്നു. രണ്ടു മന്ത്രിമാരെ പരസ്യമായി ശാസിച്ചതും വി എസിന് താക്കീത് നൽകിയതും പാർട്ടി റിപ്പോർട്ടിംഗ് സമയത്ത് വെളിപ്പെട്ടു.
എന്നാൽ വി എസിന് താക്കീത് നൽകിയത് പാർട്ടിയിലും പുറത്തും വിവാദമായപ്പോൾ തുലനം ചെയ്യാനെന്ന പോലെ ജനുവരി 26ന് പിണറായിയെയും കാരാട്ട് വിമർശിച്ചു. ഇരുവിഭാഗത്തിന്റെയും അപ്രീതി നേടാനും പാർട്ടിവിരുദ്ധ മാധ്യമങ്ങളുടെ കയ്യടി കിട്ടാനും മാത്രമാണ് ഇതു സഹായിച്ചത്. മഞ്ഞളാംകുഴി അലിയുടെ അഭിമുഖത്തിനെതിരെ പിണറായിയും മന്ത്രി സുധാകരനും ഒരുവശത്തും വി എസിനു വേണ്ടി മന്ത്രി ശർമയും കളത്തിലിറങ്ങിയതും പൂമൂടൽ വിവാദവും പാർട്ടിയുടെ മുഖം കൂടുതൽ വികൃതമാക്കി. ഫെബ്രുവരി 21ന് വീണ്ടും കേന്ദ്ര നേതൃത്വം ഇടപെട്ട് വി എസിനും പിണറായിക്കും ‘അന്ത്യശാസനം’ നൽകി!
‘ജനശക്തി’ വാരികയ്‌ക്ക് വാർത്ത ചോർത്തിയതുമായി ബന്ധപ്പെട്ട് ദേശാഭിമാനിയിൽ നിന്ന് വി എസ് അനുകൂലിയെ പുറത്താക്കിയതും ഇടതു ബുദ്ധിജീവികൾ പിണറായിക്കെതിരെ രംഗത്തെത്തിയതും ആഭ്യന്തര പ്രശ്നങ്ങളുടെ പ്രതിഫലനമായിരുന്നു. വെടിയുണ്ട വിവാദത്തിൽ പോലും അസ്വാഭാവികമായി ഒന്നുമില്ലെന്ന പ്രസ്‌താവനയിറക്കി കയ്യൊഴിയാൻ മാത്രമാണ് കാരാട്ടിന് കഴിഞ്ഞത്.
വിലക്കുകൾക്കും വാക്കിനും വിലയില്ലാതാകുന്ന ദുഃസ്ഥിതിയെ അഭിമുഖീകരിക്കേണ്ട അവസ്ഥയാണ് കാരാട്ടിന്. പരമോന്നത സ്ഥാനമേറ്റെടുത്തത് മുതൽ അദ്ദേഹത്തിന്റെ ദുർബല നിലപാടുകൾ പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ വിമർശനത്തിന് വിധേയമാണ്. പോളിറ്റ് ബ്യൂറേയുടെ തീരുമാനമെന്ന് പറഞ്ഞ് ഗ്രൂപ്പ് താല്പര്യത്തിന് വഴങ്ങാനും കാരാട്ടിന് മടിയുണ്ടായില്ല. സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് എസ്. ശർമയേയും, എം. ചന്ദ്രനെയും പുറത്തിരുത്താനുള്ള പിണറായി വിഭാഗത്തിന്റെ ശ്രമങ്ങൾ നടന്നത് കാരാട്ടിന്റെ സാന്നിധ്യത്തിലായിരുന്നു. വി എസ് വിഭാഗം പ്രശ്‌നം ഏറ്റെടുത്തപ്പോൾ പി ബി തീരുമാനമാണ് നടപ്പാക്കിയതെന്ന് പറഞ്ഞ ജനറൽ സെക്രട്ടറി തന്നെ അത് തിരുത്തി നാണം കെടുകയായിരുന്നു.
അപ്പുക്കുട്ടൻ വള്ളിക്കുന്നിനെയും വി ബി ചെറിയാനേയും തിരിച്ചെടുക്കാൻ ശുപാർശ ചെയ്‌ത സമർ മുഖർജി കമ്മീഷൻ റിപ്പോർട്ട് പിണറായിക്കു വേണ്ടിയാണ് കാരാട്ട് നടപ്പാക്കാതിരുന്നത്. എന്നാൽ മലപ്പുറം സമ്മേളനത്തിലെ ഫോൺ ചോർത്തലിന്റെ പേരിൽ പാർലമെന്റ് അംഗമായിട്ടും എൻ എൻ കൃഷ്ണദാസിനെതിരെ നടപടി എടുത്തു. വി എസിനെ ദേശാഭിമാനിയിൽ നിന്ന് നീക്കിയപ്പോഴും ലാവ്‌ലിൻ പ്രശ്‌നം കത്തി നിന്നപ്പോഴും എവിടെയും തൊടാത്ത നിലപാടാണ് കാരാട്ട് എടുത്തത്. വി എസിന് സ്ഥാനാർത്ഥിത്വം നിഷേധിച്ചപ്പോൾ അണികളുടെ വികാരം നേതൃത്വത്തിന് അറിയില്ലായിരുന്നെന്ന അദ്ദേഹത്തിന്റെ വാക്കുകൾ കുറ്റസമ്മതമായിരുന്നു.
കടുത്ത നിലപാടുകൾ വിവാദമാകുമ്പോൾ കമ്മിറ്റിയിലെ ഭൂരിപക്ഷ വികാരത്തിന്റെ പ്രതിഫലനമെന്ന് സുർജിത്ത് വരെയുള്ള നേതൃനിര ആണയിട്ടിരുന്നു. കാരാട്ടിന്റെ കാര്യത്തിൽ അതും ജലരേഖയാണ്. വി വി ദക്ഷിണാമൂർത്തി, എ വിജയരാഘവൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചത് കാരാട്ടിന്റെ നിർദേശ പ്രകാരമായിരുന്നെങ്കിലും ഒരു നടപടിയും എടുക്കാൻ സംസ്ഥാന ഘടകത്തിന് സാധിച്ചിട്ടില്ലെന്നത് ഓർക്കണം. അതേസമയം പി കരുണാകരൻ, പാലൊളി കമ്മീഷനുകളുടെ റിപ്പോർട്ടിന്റെ പേരിൽ വി എസ് പക്ഷക്കാരുടെ ചിറകരിയാൻ പിണറായിക്ക് പച്ചക്കൊടി കാട്ടിയതും കാരാട്ടാണ്. കഴിഞ്ഞ ദിവസത്തെ സംസ്ഥാന സെക്രട്ടറിയേറ്റിലും കമ്മിറ്റിയിലും വി എസ് വിഭാഗത്തിനു വേണ്ടിയാണ് കാരാട്ട് നിലയുറപ്പിച്ചതെന്ന് കാണാം.
ബി ടി രണദിവയെ പാർട്ടി താൽപര്യം ഹനിച്ചെന്നാരോപിച്ച് 1950, മെയിൽ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും പി ബിയിൽ നിന്നും ഒഴിവാക്കിയ പാരമ്പര്യം അവകാശപ്പെടുന്നവരാണ് കമ്മ്യൂണിസ്‌റ്റ് പാർട്ടി. എ കെ ജിയുടെ സെക്രട്ടറിയായും പ്രമോദ് ദാസ് ഗുപ്‌തയുടെയും സുന്ദരയ്യയുടെയും ശിഷ്യനായും വർത്തിച്ച കാരാട്ടിന് സംഘടനാ സ്വഭാവം അറിയില്ലെന്ന് പ്രവർത്തകർ കരുതുകയില്ല. ശക്തമായ നിലപാടിനു പകരം ചാഞ്ചാടുന്ന ജനറൽ സെക്രട്ടറി എങ്ങനെയാണ് പാർട്ടിയെ ഡൽഹിയിലെ അധികാര കേന്ദ്രങ്ങളിൽ തിരുത്തൽ ശക്തിയാക്കുക. യു പി എയുടെ ബലഹീനതയ്‌ക്കു നേരെ കണ്ണുരുട്ടുമ്പോൾ പേടിക്കുമെന്നത് ഇടതിന്റെ നേട്ടമായി ഘോഷിക്കുന്നവർ കാരാട്ടിന്റെ ദുർബലത കാണാതിരിക്കരുത്.
പാർട്ടിക്ക് ഭരണമുള്ള മൂന്നു സംസ്ഥാനത്തിൽ കേരളത്തിൽ മാത്രമല്ല ബംഗാളിലെയും സ്ഥിതി മറിച്ചല്ല. എന്നാൽ അവിടെ ഭരണ നേതൃത്വവും പാർട്ടിയും തമ്മിലുള്ള ശക്തമായ ബന്ധം പ്രശ്‌നങ്ങൾക്ക് ഒരുപരിധി വരെ മറയിടുന്നു. സിങ്കൂർ വിവാദത്തിൽ അതു കണ്ടതാണ്. എന്നാൽ സച്ചാർ കമ്മിറ്റി റിപ്പോർട്ടിനു വകഭേദം രചിച്ച് ഹിന്ദി ബെൽറ്റിൽ കാലുറപ്പിക്കാമെന്നാണ് പൂർവസൂരികളെ പോലെ കാരാട്ടും കരുതുന്നത്. മുലായത്തിന്റെ ചിറകിനടിയിൽ എല്ലാം ഭദ്രമാണെന്ന തോന്നലാണ് ചിന്താക്രാന്തമായ ആ മുഖത്ത് പ്രകാശിക്കുന്നത്. ചരിത്രം രണ്ടു തവണ ആവർത്തിക്കുമെന്നാണ് മാർക്‌സ് പറഞ്ഞുവെച്ചത്. ചരിത്രത്തിന്റെ മണ്ടത്തരങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.
സക്കറിയ ചോദിച്ചപോലെ ബുദ്ധിജീവികളെ കൊണ്ട് പാർട്ടിക്കും എന്തു പ്രയോജനം, അല്ലേ?
Generated from archived content: politics1_mar13_07.html Author: shybin_t