ദാറ്റ്‌സ്‌ ആൾ യുവർ ഓണർ

“നിങ്ങളോർക്കുക, നിങ്ങളെങ്ങിനെ നിങ്ങളായെന്ന്‌…” പാടിയത്‌ കടമ്മനിട്ടയാണെങ്കിലും ഇപ്പോൾ ഏറ്റു പാടുന്നത്‌ വേണുഗോപാലാണ്‌. വേണുവിനെ അറിയില്ലേ. സാക്ഷാൽ അയില്ല്യത്ത്‌ കുട്ട്യാരി ഗോപാലൻ നമ്പ്യാരെന്ന എ.കെ.ജിയുടെ അനുജൻ രാഘവൻ നമ്പ്യാരുടെ മകൻ. ദേശാഭിമാനി പത്രത്തിന്റെ ഡെപ്യൂട്ടി മാനേജറായിരുന്നു, നാളുകൾ മുമ്പുവരെ. ഇപ്പോൾ ഏതോ പണമിടപാട്‌ കേന്ദ്രത്തിന്റെ പേരിൽ, കേവലം ഒരുകോടിയുടെ പേരിൽ വി.എസ്‌ വിഭാഗം കണ്ണുരുട്ടിയപ്പോൾ കെ. വേണുഗോപാൽ പുറത്തായി.

വേണു പണം വാങ്ങിയെങ്കിൽ വീട്ടുകാര്യത്തിനല്ലെന്ന്‌ ആരേക്കാളും നന്നായി പിണറായി സഖാവിന്‌ അറിയാം. ജനറൽ മാനേജർ ഇ.പി. ജയരാജനും അറിയാം. ചുറ്റും മാധ്യമ സിൻഡിക്കേറ്റും സി.ഐ.എ ചാരന്മാരുമാണ്‌. പത്മവ്യൂഹത്തിൽ അഭിമന്യു എന്നപോലെ അവരോട്‌ എതിരിട്ടാണ്‌ പിണറായി പാർട്ടി വളർത്തുന്നത്‌. ചെന്നൈയിൽ ‘ഡിഫി’ സമ്മേളനത്തിൽ സഖാവ്‌ മമ്മൂട്ടി ഇതി ഉവാചഃ ആഗോളീകരണത്തെ ആഗോളീകരണംകൊണ്ട്‌ നേരിടണം! – വേണുവിനെ പുറത്താക്കും മുമ്പ്‌ നേതാക്കൾ ഈ ആപ്തവാക്യമെങ്കിലും ഓർക്കേണ്ടിയിരുന്നു.

പല്ലിനെ പല്ലുകൊണ്ട്‌; കല്ലിനെ കല്ലുകൊണ്ട്‌ മാധ്യമ ബൂർഷ്വകളെ മാധ്യമ ബൂർഷ്വാത്തരം കൊണ്ട്‌ എതിർക്കണമെന്ന്‌ ചുരുക്കം. അതറിയുന്നവർ കണ്ണൂരുകാർ മാത്രമാണ്‌. മാടമ്പിയെന്ന്‌ കളിയാക്കിയെങ്കിലും എം.വി രാഘവന്റെ ലൈൻ അതായിരുന്നു. കുത്തകകൾക്കെതിരെ പൊരുതാനാണ്‌ ഇടപാടുകാരിൽ നിന്ന്‌ പണം വാങ്ങിയത്‌; സെൻകുമാറിന്റെ അന്വേഷണ റിപ്പോർട്ട്‌ പൂഴ്‌ത്താനും ‘ജ്യോതിസെ’ന്ന്‌ പേരുമാറ്റി ലിസിന്‌ പ്രവർത്തനാനുമതി നൽകാനും മടിയേതും കാട്ടാത്ത ആദർശവാന്മാരാണ്‌ ചില്ലുമേടയിലിരുന്ന്‌ കല്ലെറിയുന്നത്‌. ‘ദീപസ്തംഭ’മാണ്‌ ലിസിന്റെ അടയാളം. മഹാശ്ചര്യമായതിനാൽ പണം നമുക്കും കിട്ടണം എന്നല്ലേ.

ആ ചന്ദ്രതാരം കേരളം ബംഗാളാക്കാൻ; ആസേതു ഹിമാലയം പ്രസ്ഥാനത്തെ പച്ചപിടിപ്പിക്കാൻ; ആത്മാബോധമുള്ള ജനതയ്‌ക്ക്‌ നേര്‌ നേരത്തെ അറിയിക്കാൻ ഇതല്ലാതെ മറ്റെന്തുവഴി? ലിസിന്റെ പണം ജനങ്ങളുടേതാണ്‌. അല്ലാതെ, കുത്തക മുതലാളിമാരും വിദേശ ചാരന്മാരും നൽകിയതല്ല. എസ്‌.എൻ.സി ലാവ്‌ലിനിൽ 365 കോടിയാണ്‌ പിണറായി സഖാവിന്റെ റേറ്റ്‌; അദ്ദേഹത്തിന്റെ നാലയലത്തുപോലും എത്താത്ത തന്നെ മാത്രം കള്ളനെന്ന്‌ വിളിച്ചതിൽ വേണു കുണ്‌ഠിതനാണ്‌. “വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്ന്‌ വിളിച്ചില്ലേ” എന്ന്‌ വേണു ചോദിക്കുന്നതും ചുമ്മാതല്ല.

*****

ഇന്ദിരാഗാന്ധി പറഞ്ഞാൽ ചൂലെടുത്ത്‌ നിലം തൂത്തുവാരാൻ തയ്യാറാണെന്നു പ്രഖ്യാപിച്ച ഒരു മുൻ രാഷ്ര്ടപതി നമുക്കുണ്ട്‌. രാജീവ്‌ഗാന്ധി സർക്കാറിനെ പിരിച്ചുവിടാൻ അണിയറയിൽ വി.പി സിംഗ്‌ പ്രഭൃതികൾക്ക്‌ എല്ലാ ഒത്താശയും ചെയ്തതും അതേ ആളു തന്നെ. ഇന്ത്യൻ രാഷ്ര്ടീയത്തിൽ അമ്മയോടും മകനോടും രണ്ടു നിലപാട്‌ സ്വീകരിച്ച ഗ്യാനി സെയിൽസിംഗിനെ രാഷ്ര്ടപതി തിരഞ്ഞെടുപ്പിന്റെ ചൂടുയർന്ന വേളയിൽ ഓർക്കുക, സ്വാഭാവികം.

ശീമോന്റെ ചോദ്യം കണക്കെ, കർത്താവേ എന്റെ കഷ്ടപ്പാടെല്ലാം വെറുതെയായല്ലോ എന്ന്‌ നെടുവീർപ്പിടുന്ന ഇന്ത്യൻ രാഷ്ര്ടീയത്തിലെ ശീമത്തമ്പുരാക്കന്മാർക്ക്‌ മുമ്പിലൂടെയാണ്‌ പ്രതിഭാ പാട്ടീൽ റെയ്‌സീനാ കുന്നിലേക്ക്‌ ചോടുവെക്കുന്നത്‌. പുരുഷകേസരിമാരുടെ കഥ അവിടെ നിൽക്കട്ടെ. സ്വയം കൃതാനർഥത്താൽ ദുഃഖിക്കുന്ന ഒരു മഹിളാ നേതാവുണ്ട്‌. മഹാരാഷ്ര്ടയിൽ തന്നെ. നിലപാടുകൾ മാറിയില്ലായിരുന്നെങ്കിൽ പ്രതിഭാ പാട്ടീലിന്റെ സ്ഥാനത്ത്‌ അവരോധിതയാകാൻ എന്തുകൊണ്ടും കഴിവുള്ള മഹതി!

അബ്ദുൾ കലാം ആസാദിന്റെ കൊച്ചുമകൾ, തുടർച്ചയായി രാജ്യസഭാ ഉപാധ്യക്ഷ; സഭയിൽ റഫറിയുടെ റോളാണ്‌ തനിക്കെന്ന്‌ പറഞ്ഞ, ഇന്ദിരയെ അഭിമതയും ആരാധ്യയുമായി കണ്ട നജ്‌മാ ഹെപ്‌ത്തുള്ള. സോണിയാ ഗാന്ധി തനിക്ക്‌ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന്‌ വിലപിച്ച്‌ 2004 ജൂണിൽ മഹാരാഷ്ര്ടയിൽ നിന്ന്‌ ബി.ജെ.പി ടിക്കറ്റിൽ ഉപരിസഭയിലെത്തിയ നജ്‌മാ, പിണക്കത്തിന്‌ കൊടുത്ത വില കനത്തതാണെന്ന്‌ പറയാതെ വയ്യ. ഒരിക്കൽ അവരെ ഉപരാഷ്ര്ടപതി സ്ഥാനത്തേക്ക്‌ സജീവമായി പരിഗണിച്ചെങ്കിലും കൃഷ്ണകാന്തിനാണ്‌ നറുക്ക്‌ വീണത്‌. ‘നജ്‌മയെ വലിയൊരു കസേര കാത്തിരിക്കുന്നു’ണ്ടെന്ന മറുപടിയാണ്‌ അവരുടെ നാട്ടുകാരനായ അന്നത്തെ കോൺഗ്രസ്‌ വക്താവ്‌ വി.എൻ. ഗാഡ്‌ഗിൽ നൽകിയത്‌. വിനാശ കാലേ വിപരീതം എന്നു നജ്‌മയുടെ ബുദ്ധിയെ നമുക്ക്‌ സാമാന്യവത്‌ക്കരിച്ച്‌ തൃപ്തരാകാം.

*****

റബ്ബർ സ്‌റ്റാമ്പാകി‘ല്ലെന്ന്‌ പ്രതിഭ പ്രഖ്യാപിച്ചപ്പോളാണ്‌ റബ്ബർ സ്‌റ്റാമ്പായി ആരെങ്കിലും മുമ്പ്‌ രാഷ്ര്ടപതി ഭവനിൽ വാണോ എന്ന്‌ പൊതുജനം ചിന്തിച്ചുവശാകുന്നത്‌. ബാത്ത്‌ ടബ്ബിൽ കിടന്ന്‌ അടിയന്തിരാവസ്ഥക്ക്‌ ഒപ്പുചാർത്തിയെന്ന്‌ ആരോപിച്ച്‌ ഒരു മുൻ രാഷ്ര്ടപതിയുടെ കാർട്ടൂൺ അബു എബ്രഹാം വരച്ചിരുന്നു. ഹാസ്യം രസിക്കുന്ന വിശാല ജനാധിപത്യത്തിന്റെ ആകാശമുണ്ട്‌ നമുക്ക്‌ മുകളിൽ. ഭാരതവർഷത്തിലെ ഏതു പ്രഥമപൗരനെയും കളിയാക്കാം എന്നു സാരം. അമൃതസറിലെ സുവർണ്ണക്ഷേത്രത്തിൽ ചെരുപ്പ്‌ തുടയ്‌ക്കലിൽ കോൾമയിർകൊണ്ട പഞ്ചാബി; പുട്ടപർത്തിയിൽ ചെന്ന്‌ ദിവ്യഭസ്മം സ്വീകരിക്കുന്ന ശാസ്ര്തജ്ഞൻ; പിന്നെ, ഗുജറാത്തിലെ വംശഹത്യകാലത്ത്‌ എൻ.ഡി.എ സർക്കാറിന്റെ നിലപാടുകൾ തെറ്റെന്ന്‌ ഏറ്റു പറഞ്ഞ സാക്ഷാൽ കെ.ആർ. നാരായണൻ. മനസ്സിൽ ഓടിയെത്തുന്ന വ്യത്യസ്ത മുഖങ്ങളിൽ റബ്ബർസ്‌റ്റാമ്പുകളെന്ന്‌ ആരേയും പറയാൻ പറ്റില്ല. കാരണം ചെയ്യാനുള്ളത്‌ അത്രയൊക്കെയേ ഉള്ളൂ എന്ന്‌ ആർക്കാണ്‌ അറിയാത്തത്‌.

പിന്നെയെന്തിനായിരുന്നു ഇടതുപക്ഷം ഭയാശങ്കരായി ഡോ. കരൺസിംഗിന്റെ പേരിനു നേരെ ചുവന്ന മഷി കുടഞ്ഞത്‌?.. ’മൃദുഹിന്ദുത്വ‘മാണ്‌ അദ്ദേഹത്തിൽ ആരോപിക്കപ്പെട്ട കുറ്റം. നിയമസഭാ സ്പീക്കറാവണമെങ്കിൽ സി.എച്ച്‌ മുഹമ്മദ്‌കോയയോട്‌ തൊപ്പിയൂരാൻ പഴയ കോൺഗ്രസ്‌ നേതാക്കളിൽ ചിലർ ആവശ്യപ്പെട്ടിരുന്നു. നേപ്പാൾ രാജവംശവുമായുള്ള ബന്ധം വിച്ഛേദിച്ചാൽ കരൺസിംഗിനെ രാഷ്ര്ടപതി സ്ഥാനാർത്ഥിയായി പിന്തുണയ്‌ക്കാമെന്ന്‌ പ്രകാശ്‌ കാരാട്ട്‌ പറയാതിരുന്നത്‌ ഭാഗ്യം. കേവലം പാരമ്പര്യത്തിന്റെ പേരിൽ കരൺസിംഗിനെ പോലൊരു നയതന്ത്രജ്ഞനെ മാറ്റി നിർത്തിയത്‌ ചരിത്ര മണ്ടത്തരമായി അവർക്ക്‌ പിന്നീട്‌ തോന്നിയേക്കും (ചരിത്രം രണ്ടുതവണ ആവർത്തിക്കുന്നു എന്ന്‌ ലെനിൻ). സവർണ്ണകുല ജാതനായതുകൊണ്ട്‌ ഇ.എം.എസിന്‌ മുഖ്യമന്ത്രിപ്പദം കമ്മ്യൂണിസ്‌റ്റ്‌ പാർട്ടി വിലക്കിയോ?

*****

ജടയും പല്ലും നഖവും കൊഴിഞ്ഞ സിംഹമെന്ന്‌ ബാൽ താക്കറെയെ നോക്കി മുറുമുറുത്ത ബി.ജെ.പിക്കാർ ഇപ്പോൾ അത്‌ പരസ്യമായി പറയുന്നത്രേ; ശിവജിയുടെ നാട്ടിൽ നിന്നുള്ള വിശേഷം. എൻ.ഡി.എയിൽ വല്ല്യേട്ടൻ പറയുന്നത്‌ അനുസരിക്കുന്നില്ലെന്ന്‌. ഇതു കേട്ടാൽ തോന്നും വല്ല്യേട്ടന്റെ ആജ്ഞ ആദ്യമായാണ്‌ ശിവസേന ലംഘിക്കുന്നതെന്ന്‌. കെ.ആർ. നാരായണന്‌ കോൺഗ്രസും ബി.ജെ.പിയും പിന്തുണ നൽകിയപ്പോൾ പാലക്കാട്ടുകാരനായ ടി.എൻ ശേഷൻ തിരുമേനിയെ പിന്താങ്ങി വോട്ടു ചെയ്തവരാണ്‌ ’സേനാംഗ‘ങ്ങൾ. സ്ര്തീയെ ബഹുമാനിക്കാനല്ലേ ആർഷ ഭാരതം പഠിപ്പിച്ചതെന്ന്‌ ഇപ്പോൾ സേനാ നേതാവ്‌ മനോഹർ ജോഷിയും ഗോപിനാഥ്‌ മുണ്ടെയും ചോദിക്കുന്നു. കഴിഞ്ഞ തവണ ക്യാപ്‌റ്റൻ ലക്ഷ്മി സൈഗൾ മത്സരിച്ചപ്പോൾ ഈ സംസ്‌കൃതിയെ കുറിച്ച്‌ സാംമ്‌നയും താക്കറയും മറന്നുപോയതാവണം.

കർമ്മനാളുകളിൽ എത്രമേൽ ഹിന്ദുത്വത്തിൽ അഗ്നിശുദ്ധി തെളിയിച്ചവനാകിലും, ജി.എസ്‌ പഥക്കിനും ബി.ഡി. ജെട്ടിക്കും എം. ഹിദായത്തുള്ളക്കും കൃഷ്ണകാന്തിനും സംഭവിച്ചപോലെ രാജ്യസഭാ അധ്യക്ഷന്മാരായി മാത്രം ഇരുന്ന്‌ മടങ്ങിപ്പോകാനാണ്‌ ശെഖാവത്തിന്റെയും വിധി.

*****

സർപ്പ സാന്നിധ്യം ഒട്ടും സഹിക്കാൻ വയ്യാത്തതിനാൽ പ്രതിഭകൾക്ക്‌ തന്റെ മുറിയിലേക്ക്‌ പ്രവേശനമില്ലെന്ന്‌ ചുള്ളിക്കാട്‌. ’പ്രതിഭ‘യ്‌ക്ക്‌ പിന്തുണയില്ലെന്ന്‌ ഇദയക്കനി ജയാമ്മ പറഞ്ഞതും സർപ്പസാന്നിധ്യം ഭയന്നുതന്നെ. പെൺപിറന്നവർ തമ്മിലുള്ള അസൂയ. പണ്ട്‌ സോണിയ പ്രധാനമന്ത്രിയാവാതിരിക്കാൻ മുലായത്തിന്റെ കൂടെ നിന്ന്‌ പണിത പാര പോലൊന്ന്‌. എം.ജി. ആറിന്റെ നല്ലപാതി ജാനകിയെ മുഖ്യമന്ത്രി കസേരയിൽ നിന്ന്‌ പുകച്ചു പുറത്താക്കിയ പോലൊന്ന്‌.

*****

“പിരിയേണ,മരങ്ങിൽ നിന്നുടൻ

ശരിയായിക്കളി തീർന്ന നട്ടുവൻ” ആശാൻസൂക്തം പഠിച്ചുവരാൻ എ.പി.ജെ അബ്ദുൾ കലാം ശ്ശി കാലമെടുത്തു; താനിനി ഇല്ലേയില്ല എന്ന്‌ തിരുവായ്‌മൊഴിയാൻ വൈകിയതിന്റെ ഗുട്ടൻസ്‌ അത്രമാത്രം.

Generated from archived content: politics1_june29_07.html Author: shybin_t

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English