ഇന്ത്യൻ രാഷ്ര്ടീയത്തിലെ ഉച്ചക്കിറുക്കരായ നേതാക്കളെന്ന് സോഷ്യലിസ്‌റ്റുകാരെ വിളിക്കുന്നതിൽ ഒരു കാവ്യനീതിയുണ്ട്. ലോഹ്യയുടെയും ജയപ്രകാശ് നാരായണന്റെയും ശിഷ്യന്മാരെന്ന് അവകാശപ്പെട്ട ചരൺസിംഗ്, ജോർജ് ഫെർണാണ്ടസ്, നിതീഷ് കുമാർ, ശരത് യാദവ്, എസ്.ആർ. ബൊമ്മെ, രാമകൃഷ്ണ ഹെഗ്‌ഡെ, മുലായം സിംഗ് യാദവ്, ദേവിലാൽ, സുബ്രഹ്‌മണ്യം സ്വാമി, ദേവഗൗഡ, മധു ദന്താവതെ, സുരേന്ദ്ര മോഹൻ, ബാപു കാൽദാത്തെ, ലാലുപ്രസാദ് യാദവ്, രാംവിലാസ് പാസ്വാൻ തുടങ്ങി എത്ര പേരുവേണമെങ്കിലും അക്കൂട്ടത്തിൽ കാണാം. എന്തിനേറെ, ഇങ്ങ് കൊച്ചു കേരളക്കരയിൽ നീലലോഹിത ദാസനായും വീരേന്ദ്ര കുമാറായും ഇനിയുമുണ്ട് ഒത്തിരിപ്പേർ.
ഉണ്ണാനിരുന്നവന് ഉൾവിളിയുണ്ടായെന്ന് പറയുന്നപോലെയാണ്, ഇവരുടെ രാഷ്ര്ടീയ നിലപാടുകൾ. ബൂർഷ്വാ രാഷ്ര്ടീയ സംവിധാനമാണ് കോൺഗ്രസെന്ന് തോന്നുമ്പോൾ സംഘപരിവാറുമായും വർഗീയവാദികളാണ് പരിവാറുകാരെന്ന് തോന്നുമ്പോൾ കമ്മ്യൂണിസ്‌റ്റ് പാർട്ടികളുമായും ഫാസിസ്‌റ്റുകളാണ് കമ്മ്യൂണിസ്‌റ്റുകളെന്ന് തിരിച്ചറിയുമ്പോൾ വീണ്ടും കോൺഗ്രസുമായും സഹശയനത്തിന് തെല്ലും ജാള്യതയില്ലാത്തവർ എന്ന് സാമാന്യവത്‌ക്കരിക്കാം. നവീൻ പട്‌നായിക്കും കുമാരസ്വാമിയും ഓംപ്രകാശ് ചൗത്താലയും പിതാക്കന്മാരുടെ പാത പിന്തുടരുന്ന അനുസരണയുള്ള മക്കളാണ്. കാലത്തിന്റെ കുസൃതിപോലെ ഇവർക്കെല്ലാം യോജിച്ച കൂട്ടുകെട്ടും ഇടയ്‌ക്കിടെ കിട്ടിക്കൊണ്ടിരിക്കും.
കഴിഞ്ഞ ദിവസം ഹൈദരാബാദിൽ സമ്മേളിച്ച ഏഴു പാർട്ടികളുടെ ‘മഹാമഹ’ത്തിൽ കാർമ്മികത്വം വഹിച്ചത് മുലായവും ചൗത്താലയുമായിരുന്നു. വിരുന്നൊരുക്കിയത് ആന്ധ്രയുടെയും തമിഴ്‌നാടിന്റെയും ‘പ്രധാന’മന്ത്രിമാരെന്ന് പ്രഖ്യാപിച്ച ചന്ദ്രബാബു നായിഡുവും ഇദയക്കനി ജയലളിതയും. ഇന്ത്യൻ രാഷ്ര്ടീയത്തിൽ കോൺഗ്രസിനെയും ബി.ജെ.പിയെയും കുത്തുപാള എടുപ്പിക്കാനാണത്രേ കച്ചമുറുക്കൽ.
എഴുപതു മുതൽ പലപേരിൽ ഇങ്ങനെ കിച്ചഡി സഖ്യങ്ങൾ സ്വരുക്കൂട്ടിയെടുക്കുന്നത് പതിവായിരുന്നു. കോൺഗ്രസ് വിരോധമെന്ന ഒരു കാര്യത്തിൽ മാത്രമാണ് അന്നെല്ലാം അഭിപ്രായ ഐക്യമുണ്ടായത്. പരസ്പരം ആശയപ്പൊരുത്തമോ ദേശീയ വീക്ഷണമോ ഇല്ലാത്ത പ്രാദേശിക നേതാക്കളെ ഏച്ചുകെട്ടിയപ്പോഴെല്ലാം മുഴച്ചു കിടന്നു. 1977ലും 89ലും 96ലും പിറന്ന് അകാല ചരമമടഞ്ഞ പരീക്ഷണത്തിന് തങ്ങളുടെ പിന്തുണയുണ്ടോ എന്ന് ഇടതുപക്ഷം വ്യക്തമാക്കിയിട്ടില്ല.
കോൺഗ്രസ് ഉയർത്തിപ്പിടിച്ച ‘ടിന (ദെയർ ഈസ് നോ അൾട്ടർനേറ്റീവ്)’ എന്ന മുദ്രാവാക്യത്തിന് തടയിടാനാണ് എഴുപതുകളുടെ പകുതിയിൽ സോഷ്യലിസ്‌റ്റുകളും കമ്മ്യൂണിസ്‌റ്റുകളും സംഘപരിവാറുമായി കൈകോർത്തത്. ജനസംഘവും സ്വതന്ത്രാ പാർട്ടിയും ബി.എൽ.ഡിയും ഒന്നിച്ചു നിന്ന എഴുപതിൽ അധികാരം കിട്ടിയില്ല. അടിയന്തരാവസ്ഥയ്‌ക്കുശേഷം നടന്ന പൊതു തെരഞ്ഞെടുപ്പിൽ ജനസംഘവും സോഷ്യലിസ്‌റ്റ് പാർട്ടിയും കമ്മ്യൂണിസ്‌റ്റു പാർട്ടികളും കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറന്തള്ളി. 71ൽ 22 അംഗങ്ങൾ മാത്രമുണ്ടായിരുന്ന ജനസംഘം ജനതാപാർട്ടിയായപ്പോൾ 298 സീറ്റു നേടി. ജയപ്രകാശ് നാരായണന്റെ ശിഷ്യർ വിഘടിച്ച് ലോക്‌ദളും ജനതാ-എസുമായി വഴി പിരിഞ്ഞെങ്കിലും ജനസംഘത്തിന് ആ മുന്നേറ്റം ഊർജ്ജം പകരുകയായിരുന്നു.
പിന്നീട് അത്തരമൊരു കൂട്ടുകെട്ട് 89ലാണ് അരങ്ങേറിയത്. ‘ദേശീയ മുന്നണി’യെന്ന പേരിൽ കോൺഗ്രസ് വിരോധികൾ സർക്കാറുണ്ടാക്കി. 84ൽ രണ്ടംഗങ്ങൾ മാത്രമുണ്ടായിരുന്ന ബി.ജെ.പി 86 എന്ന വലിയ അക്കത്തിലേക്കുയർന്നു. ജനതാദള്ളിനെ സി.പി.എമ്മും ബി.ജെ.പിയും ചേർന്ന് പിന്തുണച്ചു. പടലപ്പിണക്കങ്ങൾ മൂലം ജനതാ‘ദളം’ ജനതാദൾ-എസായും സമതയായും സമാജ്‌വാദി പാർട്ടിയായും ലോക്‌ശക്തിയായും കൊഴിയാൻ ഏറെ താമസം വേണ്ടിവന്നില്ല. ലോക്‌സഭയിൽ 120നും 150നും ഇടയിൽ എം.പി.മാരുമായി വളരാൻ ബി.ജെ.പിക്ക് നിലമൊരുക്കിയത് വി.പി. സിംഗിന്റെ മണ്ഡൽ യാത്രയായിരുന്നു.
96ൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താനാണ് ‘ഐക്യ മുന്നണി’യെന്ന രാഷ്ര്ടീയ സംവിധാനം ഉദയം ചെയ്തത്. സീതാറാം കേസരിയും ജ്യോതിബസുവും ജി.കെ. മൂപ്പനാരും ‘കിംഗ് മേക്ക’റുടെ റോളിലേക്ക് മാറി. പക്ഷെ, രണ്ടു വർഷത്തിനുള്ളിൽ ഐക്യമുന്നണി പരീക്ഷണവും അകാലമൃതിയടഞ്ഞു. പ്രധാനമന്ത്രിയാവാൻ സംഘ്‌പരിവാർ വിരോധം പ്രസംഗിച്ച എച്ച്.ഡി. ദേവഗൗഡ അധികം താമസിയാതെ മകൻ കുമാരസ്വാമിയെ ബി.ജെ.പി പിന്തുണയോടെ കർണാടക മുഖ്യമന്ത്രിയാക്കി. അകാലിദൾ പിന്തുണയോടെ പഞ്ചാബിലെ ജലഝറിൽ നിന്ന് ഐ.കെ. ഗുജ്‌റാൾ പാർലമെന്റ് അംഗമായി. ചന്ദ്രബാബു നായിഡുവും പ്രഫുല്ലകുമാർ മൊഹന്തയും ഫറൂഖ് അബ്ദുള്ളയും കരുണാനിധിയും പാസ്വാനും എൻ.ഡി.എയെ പിന്തുണച്ചു.
2004 ആയപ്പോൾ പഴയ ഉച്ചക്കിറുക്കന്മാരിൽ ചിലരെല്ലാം കോൺഗ്രസ് സർക്കാറിൽ ഭാഗമായി. സംഘപരിവാർ സംഘടനകളുമായി പൊക്കിൾക്കൊടി ബന്ധമറുത്ത പാർട്ടികളുടെ അനുഗ്രഹാശിസുകളോടെയാണ് 2007ലെ പുതിയ ബദർ നീക്കവും. ബി.ജെ.പി വിരോധം പ്രഖ്യാപനത്തിലുണ്ടെങ്കിലും മുൻ വാജ്‌പേയി സർക്കാറിൽ അംഗങ്ങളായവരാണ് മുന്നണി തട്ടിക്കൂട്ടിയത്. തെലുങ്കുദേശം, സമാജ്‌വാദി, എ.ഡി.എം.കെ, അസം ഗണപരിഷത്ത്, ലോകദൾ, പി.എം.കെ എന്നിവ ഐക്യപ്പെടുന്ന വിഷയമേതെന്ന് ചിന്തിക്കണം. ദേശീയപാർട്ടി നയിക്കുന്ന മുന്നണി (യു.പി.എ, എൻ.ഡി.എ) യിലാണെങ്കിൽ പൊതുമിനിമം പരിപാടിയിലെ ഒരു പരിധിവരെ പ്രാദേശിക കക്ഷികൾക്ക് നീങ്ങാൻ പറ്റുകയുള്ളൂ. ഇവിടെ നേരെ മറിച്ചാണ്. ഹതാശരായ മുൻ മുഖ്യമന്ത്രിമാരാണ് ജയയും മുലായവും നായിഡുവും ബംഗാരപ്പയും ഫറൂഖ് അബ്ദുള്ളയും മൊഹന്തയുമെല്ലാം. അകാല ചരമത്തിനാണ് അവിയൽ മുന്നണിയെന്ന് അറിയാമെങ്കിലും കമ്മ്യൂണിസ്‌റ്റു പാർട്ടികളെയും ചേർത്ത് വിലപേശലാണ് ലക്ഷ്യം.
തമിഴ്‌നാട്ടിലും ആന്ധ്രയിലും കർണ്ണാടകയിലും ഒതുങ്ങി നിന്ന് അഹങ്കരിച്ചവരെ കൂട്ടിയിണക്കുന്ന സാഹസമാണ് നേരത്തെ പറഞ്ഞ സോഷ്യലിസ്‌റ്റുകൾ കാലങ്ങളായി ചെയ്യുന്നത്. അതിന്റെ ഗുണദോഷത്തെ കുറിച്ച് മൂന്നുതവണ പിന്തുണ നൽകിയ കമ്മ്യൂണിസ്‌റ്റു പാർട്ടികൾ ആലോചിക്കണം. വർഗീയ ശക്തികളെ വളർത്താൻ അരുനിന്നെന്ന് അവർക്കു നേരെ കോൺഗ്രസ് കൈ ചൂണ്ടുമ്പോൾ, പ്രത്യേകിച്ചും.
**********
മാണി സാർ അത്തരം അബദ്ധങ്ങളൊന്നും കാണിക്കില്ല. ഇരു മെയ്യാണെങ്കിലും ഒറ്റ മനസ്സാണെന്ന് കോൺഗ്രസിനോട് ഇടയ്‌ക്കിടെ പറയുന്ന കെ.മാണി മാണിയെന്ന പാലക്കാരുടെ മാണിക്യമെങ്ങിനെ മൂന്നാം മുന്നണി യോഗത്തിന് ആളെ അയക്കും. എല്ലാം ദുരുപദിഷ്ട പ്രചാരണം മാത്രം. ഹൈദരാബാദിലെ യോഗത്തിൽ കെ.ജെ. തോമസെന്ന ഒരു വിദ്വാൻ പങ്കെടുത്തെന്നാണ് നായിഡു വെളിപ്പെടുത്തിയത്. ‘മാണി കേരള’യുടെ പ്രതിനിധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണ്ട് കേന്ദ്രത്തിൽ മന്ത്രിയാകാൻ വേണ്ടി ഡൽഹിയ്‌ക്ക് വിമാനം കയറിയപ്പോൾ കെ. കരുണാകരൻ വെച്ച പാര മാണിസാർ ഇന്നും മറന്നിട്ടുണ്ടാവില്ല. അതിൽപ്പരം അബദ്ധം അദ്ദേഹ കാണിക്കാനും ഇടയില്ല.
പിന്നെ ആരാകും ഈ തോമസ്. പി.ടി. ചാക്കോയുടെ തന്റേടിയായ പുത്രൻ പി.സി. തോമസാണ് ആ തോമസെന്നും വ്യഖ്യാനമുണ്ടായി. യു.ഡി.എഫിൽ നിന്ന് ജയിച്ച് എം.പി.യായി എൻ.ഡി.എ.യിലൂടെ മന്ത്രിയായി എൽ.ഡി.എഫിലെത്തി നിൽക്കുന്ന തോമസുകുട്ടി ഇതിൽപ്പരം തറവേല കാട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നണത്രേ പാർട്ടി നേതാവ് പി.ജെ. ജോസഫ് ഇപ്പോൾ പറയുന്നത്. മൂവാറ്റുപുഴയിൽ എത്ര തോമസുമാരുണ്ടെന്ന് നമുക്ക് തിരുത്തി ചോദിക്കാം, അല്ലേ.
***********
അങ്ങനെ ‘കൊഞ്ഞാണ ശിരോമണി’ മന്ത്രി സുധാകരൻ പാർട്ടിയിലെ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർന്നു. ചരിത്രപരമായ അബദ്ധങ്ങളെ തള്ളിപ്പറയുന്നവരാണ് സി.പി.എമ്മിൽ പിന്നീട് വിശുദ്ധ പദവിയിലേക്ക് ഉയരുക. ആ അർത്‌ഥത്തിൽ ചെറുപ്രായത്തിൽ തന്നെ സുധാകരന് മഹാഭാഗ്യം സിദ്ധിച്ചെന്നു പറയാം.
ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കാതിരുന്നത്, സുഭാഷ് ചന്ദ്രബോസിനെ അഞ്ചാം പത്തിയെന്ന് വിളിച്ചത്, ഗാന്ധിജിയെയും ജിന്നയെയും അപഹസിച്ചത്, ചങ്ങമ്പുഴ ബൂർഷ്വാ സമ്പ്രദായം ഇല്ലാതായാൽ വിസ്മരിക്കപ്പെടുമെന്ന് എഴുതിയത്, പി.സി. ജോഷിയെ കോൺഗ്രസ് അനുകൂലനെന്ന് കളിയാക്കിയത്, ബദൽരേഖ തെറ്റെന്ന് പറഞ്ഞത്, ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാതിരുന്നത്, എന്തിനേറെ കരുണാകരനെ കരിങ്കാലിയെന്നു വിളിച്ചതുവരെ തെറ്റാണെന്ന് ബോധ്യപ്പെട്ടപ്പോൾ സി.പി.എം. തിരുത്തി. തിരുത്തലിന് നേതൃത്വം നൽകിയ ഇ.എം.എസിനെയും സുന്ദരയ്യയെയും ബസുവിനെയും സുർജിത്തിനെയും കമ്മ്യൂണിസ്‌റ്റു വത്തിക്കാനായ മോസ്‌കോയിൽ നിന്ന് വിശുദ്ധ പദവിയിലേക്കുയർത്തി പ്രഖ്യാപനവും വന്നു! കേരള സർവകലാശാലാ വൈസ് ചാൻസലറായ ജെ.ബി. വിളനിലത്തിനെതിരായ സമരത്തിൽ സുധാകരൻ സഖാവ് ഇപ്പോൾ പശ്ചാത്തപിക്കുന്നു. ഒരു വർഷത്തിനിടയിലെങ്കിലും അദ്ദേഹം വാഴ്‌ത്തപ്പെട്ടവനായേക്കും. അക്കാലത്ത് നശിപ്പിക്കപ്പെട്ട പൊതുമുതലിലൂടെ ഖജാനയ്‌ക്ക് നഷ്ടമായ ലക്ഷങ്ങളുടെ തിരിച്ചടവിന് സിൻഡിക്കേറ്റ് അംഗമായിരുന്ന സുധാകരൻ തന്നെ മുൻ കയ്യെടുത്താൽ കർമ്മങ്ങൾ വേഗത്തിലായേനെ.
Generated from archived content: politics1_june12_07.html Author: shybin_t