ഉമ്മകള്‍ക്കു
ഗാന്ധിസം ഉണ്ട്
ഒരു കവിളില്‍ കിട്ടിയാല്‍
മറു കവിളും
അത് കാണിച്ചു കൊടുത്തിരിക്കും
ഉമ്മകള്‍ക്കു
ഒരു മാവേലിത്തരം ഉണ്ട്
മണ്ണും വിണ്ണും കഴിഞ്ഞാല്‍
അത് ശിരസ്സ് കാണിച്ചു
മൂന്നാമത്തെ ഒന്ന്
ചോദിച്ചു വാങ്ങിയിരിക്കും
ഉമ്മകള്‍ക്കു
ഒരു ബാര്‍ട്ടര്‍ വ്യവസ്ഥയുണ്ട്
ഇങ്ങോട്ടൊരു പാലം ഇട്ടാല്‍
തീര്‍ച്ചയായും
അത് അങ്ങോട്ടും ഇങ്ങോട്ടും
കടന്നിരിക്കും
ഉമ്മകള്‍ക്കു ന്യൂട്ടന്റെ
ചലന നിയമം ഉണ്ട്
ഏതു ഉമ്മക്കും തുല്യവും
വിപരീതവുമായ
പ്രതികാരയുമ്മകള്‍…
ഉമ്മകള്‍ക്കു
പാത്രങ്ങളുടെ ആകൃതി കട്ടെടുക്കുന്ന
ദ്രാവകങ്ങളുടെ സ്വഭാവമാണ്
സാഹചര്യങ്ങള്‍ക്കനുസരിച്ച്
പൊരുത്തപ്പെടുന്ന
സമാവായ ഉമ്മകള്‍
ഉമ്മകളില്‍
മിതവാദികളും
തീവ്ര വാദികളും ഉണ്ട്
സഹനത്തിലൂടെയും
പോരാട്ടത്തിലൂടെയും
അവ സ്വാതന്ത്ര്യം
പ്രഖ്യാപിക്കും …
ഉമ്മകളുടെതായി
ഉമ്മകള്‍ക്കായി
ഉമ്മകളാല്‍
സൃഷ്ടിക്ക പെടട്ടെ
ഒരു സ്വതന്ത്ര പരമാധികാര
ഉമ്മ റിപ്പബ്ലിക് …
Generated from archived content: poem2_jan14_15.html Author: shiva_prasad