തെരുവോരത്തബലയായ് അവൾ!
മണ്ണിൽ നഗ്നപാദങ്ങൾ പൂഴ്‌ത്തി,
ശകടവ്യൂഹം തുപ്പും കഫക്കറുപ്പേറ്റി,
അർക്ക കാമക്കണ്ണിലുരുകിയും,
നിറം കെട്ടുമശരണയായ്….. അവൾ!
ഒരു പുഴുക്കുഞ്ഞിനവൾ സ്വന്തം-
വിരൽത്തുമ്പിലഭയം നൽകി, യാ-
പുഴു, വിരൽ തിന്നു വീർക്കെ,
ചിലന്തികൾതീർത്ത ചങ്ങലക്കെട്ടിൽ,
കാറ്റിൻ കാമച്ചൂടിൽ തപിച്ചും,
നിരാലംബയായ്…. അവൾ!
കിളികൾ തിന്ന പാതിമുലയിൽ-
ഇറുഞ്ചിക്കടിക്കുമുറിമ്പിൻ കാമം..!
ചിതൽ തിന്നു ശുക്ഷ്‌കിച്ച ദേഹ,മതി-
ലാരോ വിസർജ്ജിച്ച മൂത്രഗന്ധം,
രക്തമൂറ്റിക്കൊഴുക്കുമിത്തിക്‌കണ്ണികൾ!
എങ്കിലുമൊരുചുവടനക്കനാകാതെ-
വ്രണിതയായ്, പാതി നഗ്നയായ്,
ഒരുവാക്കാൽ പോലുമെതിർക്കാതെ,
നിറം മങ്ങിയ ചേലയാൽ
തണൽനൽകി,
നിസ്സംഗയായൊരു വൻ മരം !
Generated from archived content: poem1_sep26_09.html Author: shinil_nedungadu
Click this button or press Ctrl+G to toggle between Malayalam and English