നിത്യന്റെ സൃഷ്‌ടികൾ സ്ഥിരമായി വായിക്കാൻ വിധിക്കപ്പെട്ട ഒരുവനാണ് ഞാൻ. ഇദ്ദേഹത്തിന്റെ നർമ്മമധുരമെന്ന് പേരു ചാർത്തപ്പെട്ട സൃഷ്‌ടികളിൽ ഇടയ്‌ക്കിടെ കടന്നുവരുന്ന സത്യസന്ധമായ ചില നിരീക്ഷണങ്ങൾ അദ്ദേഹത്തിനു പറ്റുന്ന കൈയ്യബദ്ധങ്ങളാണ് എന്ന് തിരിച്ചറിഞ്ഞത് കുരീപ്പുഴയുടെ ലേഖനത്തിനുമേൽ ഇദ്ദേഹം നടത്തിയ പരാമർശങ്ങളിലൂടെയാണ്. കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാതെ കാള വാലുപൊക്കുമ്പോൾതന്നെ കയറെടുക്കുന്ന നിത്യന്റെ സ്വഭാവം ഏറെ പരിഹാസ്യം തന്നെ. മറുപടി പറയാൻ തുനിഞ്ഞാൽ തൊട്ടവൻ നാറും എന്ന അവസ്ഥയാകും. എങ്കിലും കുരീപ്പുഴ ശ്രീകുമാറിന്റെ വാദങ്ങളെ തെറ്റായ രീതിയിൽ വായനക്കാർ ഉൾക്കൊണ്ടാൽ അത് ഏറെ വേദനാജനകമാകും എന്നതിനാലാണ് ഈ കുറിപ്പ് എഴുതുന്നത്.
രാമായണം കത്തിക്കണം എന്ന് പറയുമ്പോൾതന്നെ ചൂട്ടുമെരിച്ച് രാമായണത്തിന്റെ വിലകൂടിയ ഒരു പ്രതി വാങ്ങി കിഴക്കുദർശനം വച്ച് എരിച്ചു കളയുക എന്നതല്ല കുരീപ്പുഴ മുന്നോട്ടുവച്ച ആശയം. മറിച്ച് രാമായണം പുതിയ കാലത്ത് എങ്ങിനെ വായിക്കപ്പെടണം എന്നതാണ്. ഇത്തരത്തിലുളള ആശയപരമായ പരിസരത്തുനിന്നും മാറിനിന്ന് ഉപരിപ്ലവകരമായ രീതിയിൽ ഒരാളുടെ അഭിപ്രായത്തെ അപഹസിക്കുന്ന നിത്യന്റെ രീതി അരോചകം തന്നെ.
ഒരാൾ തന്റെ ചരിത്രത്തെ കണ്ടെത്തുന്നത് അല്ലെങ്കിൽ വ്യാഖ്യാനിക്കുന്നത് ഒരു പ്രത്യേക തലത്തിലാണെങ്കിൽ മറ്റൊരാൾ അത് തിരിച്ചറിയുന്നത് തികച്ചും വ്യത്യസ്‌തമായ തലത്തിലായിരിക്കും. ഒരു സവർണൻ ചരിത്രത്തെ വ്യാഖ്യാനിക്കുന്നതും ഒരു ദളിതൻ ചരിത്രത്തെ വ്യാഖ്യാനിക്കുന്നതും രണ്ട് രീതിയായിരിക്കും എന്നത് സത്യം. ഒരു സ്‌ത്രീയുടെ കാഴ്‌ചകളിലൂടെയുളള ചരിത്രദർശനമായിരിക്കില്ല പുരുഷന്റേത്. അതായത് ഏകമാനമായ ഒരു ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകൾ ഒരിക്കലും ഉണ്ടാകില്ല എന്നതുതന്നെ. അതുപോലെ തന്നെയാണ് ഒരു പുരാണത്തെ, അല്ലെങ്കിൽ ഒരു ഗ്രന്ഥത്തെ നാം വായിച്ചെടുക്കുമ്പോൾ സംഭവിക്കുന്നതും.
രാമായണം എന്തുകൊണ്ട് കത്തിക്കപ്പെടണം എന്നതിന് കുരീപ്പുഴയുടെ ന്യായങ്ങളുണ്ട്. അതുപോലെതന്നെ ഇത് കത്തിക്കപ്പെടേണ്ടതല്ല എന്നതിന് നിത്യന്റെ ന്യായീകരണങ്ങളും ഉണ്ടാകാം. ഒരു പ്രത്യേക അവസ്ഥയിൽ ഒരാളുടെ പക്ഷം ഒരു കൃതി കത്തിക്കേണ്ടതാണെന്ന് പറയുന്നുണ്ടെങ്കിൽ അയാളുടെ ശരി ആ കൃതി കത്തിക്കണം എന്നതുതന്നെയാണ്. അത് കാലം ന്യായീകരിക്കുന്നുണ്ടെങ്കിൽ, അത് വലിയൊരു ശരിയായിത്തീരുന്നു.
അക്ഷരം പഠിച്ച ശൂദ്രന്റെ കാതിൽ ഈയം ഉരുക്കിയൊഴിക്കണമെന്ന് ശഠിച്ച മനുസ്‌മൃതിയെ നാം പുനർവായനയ്‌ക്ക് വിധേയമാക്കിയത് ഒരു കത്തിക്കലിനു തുല്യമാണ്. ശംഭൂകനെ കൊന്ന ശ്രീരാമനെ മര്യാദ പുരുഷോത്തമനാക്കി വാഴിക്കുന്ന നിത്യന് ഇക്കാലത്ത് അക്ഷരം പഠിക്കുന്ന കീഴാളരുടെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കുന്നത് രസമായി തോന്നാം. ശ്രീരാമനോട് പ്രണയം തോന്നിയ ശൂർപ്പണഖയുടെ (അക്കാലത്തെ സാമൂഹ്യാവസ്ഥ കൂടി നിത്യൻ പരിഗണിച്ചാൽ നന്ന്) മുലയും മൂക്കും ഛേദിച്ച രാമലക്ഷ്‌മണരോട് നിത്യന് ആരാധന തോന്നുന്നുണ്ടെങ്കിൽ സൂര്യനെല്ലിയിലെയും വിതുരയിലെയും പെൺകിടാങ്ങൾ അനുഭവിച്ച വേദനയിൽ രസം പൂണ്ട് നിത്യന് ഒരു ഉച്ചയുറക്കം പാസാക്കാം. കാര്യങ്ങൾ ഇങ്ങനെയും കൂടി മനസ്സിലാക്കാൻ ശ്രമിക്കണം. ബൈബിൾ മഹത്തായ ഗ്രന്ഥമെന്നു കരുതി ലോത്തിന് സ്വന്തം പുത്രിമാരിൽ മേവോബും ബെൻ അമ്മിയും ഉണ്ടായത് ശരിയെന്ന് കരുതി തലയാട്ടുമ്പോൾ ഇക്കാലത്ത് മകളെ പീഡിപ്പിക്കുന്ന പിതാക്കളുടെ പക്ഷം ചേർന്ന് പുളകിതനാകാനേ നിത്യനു കഴിയൂ. നാം മനസ്സുകൊണ്ട് ഇത്തരം പ്രവൃത്തികളെ എതിർക്കുന്നത് ഇത് രേഖപ്പെടുത്തിയ ബൈബിൾ കത്തിക്കുന്നതുപോലെതന്നെയാണ്.
കുരീപ്പുഴ പറഞ്ഞതുപോലെ രാമനെ മര്യാദ പുരുഷോത്തമൻ ആയി കണക്കാക്കുന്നവരാണ് ക്രിസ്‌ത്യൻ പുരോഹിതൻമാരെ ചുട്ടുകൊല്ലുന്നതും ഗർഭിണികളായ മുസ്ലീം സ്‌ത്രീകളുടെ വയറുകീറി കുഞ്ഞിനെ കൊല്ലുന്നവരും. മറ്റുപലരേയും മര്യാദപുരുഷോത്തമന്മാരാക്കി തിരിച്ചും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
കാലത്തെ അതിജീവിച്ചതെല്ലാം ശരിയെന്നു കരുതുന്ന വിഢ്യാസുരനാകരുത് ആരും. ഓരോ കാലത്തിന്റെയും അടയാളപ്പെടുത്തലുകൾ ഓരോ തിരുത്തലുകളാണ്. ഓരോ തിരുത്തലും ഓരോ തെറ്റുകളേയും അഗ്‌നിക്കിരയാക്കുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്.
കുരീപ്പുഴയ്‌ക്ക് ഒരു പക്ഷമുണ്ട്, അത് ദുരിതങ്ങൾ അനുഭവിക്കുന്നവന്റെ പക്ഷം എന്ന് ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ കൃത്യമായ ഒരു മേൽവിലാസവും കുരീപ്പുഴയ്‌ക്കുണ്ട്. കിട്ടിയ കിത്താബുകളൊക്കെ വായിച്ച് സാധാരണ മനുഷ്യരിൽ നിന്നും വളരെ ഉയർന്നിരിക്കുന്ന നിത്യന് ഇത്തരം പക്ഷത്തിലൊന്നും ഇടപെടാൻ കഴിയില്ല എന്നറിയാം. കാരണം നിത്യൻ പക്ഷങ്ങൾക്കതീതനാണല്ലോ. ഒരു കോളമെഴുതാൻ വേണ്ടി മാത്രം ജീവിക്കുന്നവന് തലങ്ങും വിലങ്ങും വാളുകൊണ്ട് വെട്ടാം. ചിലപ്പോൾ കൊളേളണ്ടിടത്ത് ചില വെട്ടുകൾ ഏൽക്കാം. അത് കൈയ്യബദ്ധമായും നമുക്ക് കരുതാം. പക്ഷെ കുരീപ്പുഴ വെട്ടുന്നത് കൃത്യമായ ലക്ഷ്യത്തോടെയാണ്. രാമായണം തിരുത്തിവായിക്കേണ്ട കാലമായി എന്ന പ്രഖ്യാപനം അതിലുണ്ട്. രാമനെ, സീതയെ, രാവണനെ ഒക്കെ പുതിയ കാലത്തിൽ തിരിച്ചറിയേണ്ട സമയമായി എന്നു സാരം. ഇത് മനസ്സിലാക്കണമെങ്കിൽ നിത്യൻ നിത്യനല്ലാതാകണം. താൻ അനശ്വരനാണെന്ന വാദവും നാഴികയ്‌ക്ക് നാല്പതുവട്ടം നിത്യൻ എന്ന പ്രയോഗവും ഒരഹങ്കാരമാണ്. അതുകൊണ്ട് മണ്ണിൽ നിന്നുകൊണ്ട് ചിന്തിച്ചാൽ കുറെയൊക്കെ കാര്യങ്ങൾ പിടികിട്ടും. പിന്നെ, രാമായണം ‘കത്തിക്കേണ്ട’ ഒന്നല്ല എന്ന ദൃഢവിശ്വാസത്തിലാണെങ്കിൽ കർക്കിടക കഞ്ഞിയും കുടിച്ച് സന്ധ്യയ്‌ക്ക് വിളക്കുകൊളുത്തി രാമായണവും വായിച്ച് പിന്നെ പിറ്റേന്ന് ഉച്ചിയിൽ സൂര്യനെത്തുംവരെ കിടന്നുറങ്ങി ബാക്കി സമയം കോളമെഴുതി ജീവിക്കാം.
ദയവുചെയ്‌ത് കോളമെഴുതി തീർക്കാൻ വേണ്ടിമാത്രം ഒരു വിഷയത്തെ ഇങ്ങനെ പരിഹസിക്കരുത്. നന്നായി പ്രതികരിക്കാനെങ്കിലും പഠിക്കൂ.
Generated from archived content: essay1_july27_05.html Author: shilin_perumana