പൊലിമ

ചിണുങ്ങി ചിണുങ്ങിപ്പിന്നെ
കലിതുള്ളി പെയ്യും കര്‍ക്കിടകം
വിടവാങ്ങി.
ചിരിതൂകി ഒളിതൂകി
ചിങ്ങപ്പെണ്‍കൊടി വന്നെത്തി
വരവേറ്റിടാം വരവേറ്റിടാം
ചിങ്ങപ്പെണ്‍കൊടിയാള്‍ക്കല്‍പ്പം
പിണക്കമുണ്ടതിന്‍ കാരണം തേടാം
കഥപറയുവാനൊത്തിരിയുണ്ട്
കഥ വഴിയിലെവിടെയോ കൈമോശം-
വന്നു നറുമണം തുളുമ്പുന്ന സ്നേഹം.
മണ്ണ്മറന്നു നാം മാനം മറന്നു
അപരന്‍റെ പതനത്തില്‍
തുടി കൊട്ടിപ്പാടി
അറിവുനേടി നാം അര്‍ത്ഥം-
തേടി നാം അലിവ്
മാത്രം തേടിയില്ല.
വയല്‍പ്പാട്ട് പാടാന്‍
വയല്‍ക്കിളി മറന്നതല്ല
വഴിതെറ്റി പറന്നകന്നു
മൊഴി മധുരം തൂകും വയല്‍ക്കിളി
കോണ്‍ക്രീറ്റ് സൗധങ്ങളില്‍‍
ശീതള മുറികളില്‍
കൃഷിശാസ്ത്രം പറഞ്ഞിരുന്ന
നാം മണ്ണിലിറങ്ങാന്‍
മറന്നുപോയീലേ..
പത്രത്താളുകളില്‍
തെരുവുകളില്‍
അക്ഷരക്കൂട്ടങ്ങള്‍
നിറവെന്ന്,വിളവെന്ന്
കൊട്ടിഘോഷിച്ചു.
അന്നത്തിന് അയലത്തുകാരന്‍റെ
വണ്ടികാത്ത് കിടക്കവെ
സ്മൃതിയില്‍ ഭൂതകാലത്തിന്‍‍‍‍‍‌‌
നിറം മങ്ങിയ ചിത്രങ്ങളി-
ലൊരു പുത്തരിപ്പാടം.
പാടവരമ്പിലൂടെ
കറ്റയുമേന്തി
മണ്ണിന്‍ മണമുള്ള
മണ്ണിന്‍‍‍ മക്കള്‍‍‍
അവര്‍ പാടുന്ന
പാട്ടിന് ഒരുമയുടെ-
സ്നേഹത്തിന്‍റെ ഗന്ധമുണ്ട്.

Generated from archived content: poem1_nov5_13.html Author: shiju_bava

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here