എറണാകുളം ഫുട്‌പാത്തിലെ ഒരു കച്ചവടക്കാരനാണ് ഞാൻ. കേരളത്തിലെ ഏറ്റവും വലിയ കച്ചവട സീസണാണ് ഓണക്കാലം. പഴയ കാല ഓണാഘോഷംപോലെയല്ലെങ്കിലും ഇന്നും സജീവമായിതന്നെ എല്ലാവരും ഓണം ആഘോഷിക്കുന്നുണ്ട്. പണ്ടത്തെപോലെ ഓണം ആഘോഷിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് ശരിയല്ല. കാലം മാറുന്നതിനനുസരിച്ച് ഓരോന്നിനും മാറ്റം ഉണ്ടാവുന്നത് സാധാരണമാണ്.
ഒരു മുസ്ലീമായ ഞാൻ ഓണത്തെ വളരെ ഹൃദ്യമായ രീതിയിൽ തന്നെ ആഘോഷിക്കാറുണ്ട്. വീട്ടിൽ ഓണസദ്യയും പായസവും ഒരുക്കുന്നുവെന്നല്ല ഞാൻ ഉദ്ദേശിച്ചത്. മറിച്ച് എന്റെ ഹിന്ദു സുഹൃത്തുക്കളുടെ വീടുകളിൽ അതിഥിയായി ചെല്ലുകയും അവരുടെയൊപ്പം ഓണാഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യും. അതുപോലെതന്നെ റംസാൻ, ബക്രീദ് തുടങ്ങിയ പെരുന്നാൾ ദിവസങ്ങളിൽ അവരെല്ലാം എന്റെ വീട്ടിൽ വരികയും ഞങ്ങളോടൊപ്പം അത് ആഘോഷിക്കുകയും ചെയ്യുന്നു. ഹിന്ദു-മുസ്ലീം-ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിൽ വൈരാഗ്യമുണ്ടാക്കുന്ന ചില കപട രാഷ്‌ട്രീയക്കാർ ഇത്തരം ആഘോഷങ്ങൾ അവരുടെ ദുഷ്‌പ്രവൃത്തികളുടെ ഉപകരണമാക്കി മാറ്റാറുണ്ട്. ഇതിനെ തകർക്കേണ്ടത് പുതിയ തലമുറയിലെ യുവാക്കളുടെ ബാധ്യതയാണ്.
മതസൗഹാർദ്ദത്തിന്റേയും, പരസ്പര സ്നേഹത്തിന്റേയും അടയാളമായ ഓണം എന്ന ഉത്സവം എല്ലാവരും ആഘോഷിക്കുകയും അതിന്റെ ആശയങ്ങൾ ഉൾകൊളളുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
Generated from archived content: onam_shihab.html Author: shihabudhin