മനുഷ്യന്റെ വൈകാരികതയെ അതിതീവ്രമായി സ്വാധീനിക്കുന്ന പ്രകൃതി പ്രതിഭാസങ്ങളില്‍ ഒന്നാണ് മഴ. മഴ ആസ്വദിക്കാത്ത മനുഷ്യന്‍ ഇന്നുവരെ ഉണ്ടായിട്ടില്ല ഇനിയും ഉണ്ടാവുമെന്നും തോന്നുന്നില്ല. കാഴ്ചയും കേഴ്വിയും ഇല്ലെങ്കിലും മനുഷ്യനിലേക്ക് ഒരു കുളിരായോ കാറ്റിന്റെ നനുത്ത സ്പര്‍ശമായോ മഴ സംവദിക്കും. മഴയെപ്പറ്റി കവിതയെഴുതാത്ത കവികളും ഉണ്ടാവുമെന്നു തോന്നുന്നില്ല.
ശ്രീ രാഹുല്‍ കര്‍ത്തായുടെ ‘ മഴക്കാലം ‘ എന്ന കൃതിയില്‍ ശൈശവ- കൗമാര കാലഘട്ടത്തില്‍ മഴ പടര്‍ന്നു കിടക്കുകയാണ്. ജീവിതത്തിനൊപ്പം ഒരു നിളാനദിപോലെയോ പെരിയാര്‍ പോലെയോ നീണ്ടു നിവര്‍ന്നു കിടക്കുന്ന പരവതാനി പോലെയോ നിവര്‍ത്തി വലിച്ചു കെട്ടിയ മേലാപ്പു പോലെയോ അതു ജീവീതത്തെ ചൂഴ്ന്നു നില്‍ക്കുന്നു. മഴ പെയ്യുമ്പോള്‍ അതില്‍ നിന്നും ശ്രീ രാഹുല്‍ ഏറ്റുവാങ്ങുന്ന വികാരപയ്പ്പുകളുടെ തരംഗദൈര്‍ഘ്യം ആവൃത്തീസമൃദ്ധമാണ്. വൈകാരികത അതിശക്തവും തീക്ഷണവുമാകുന്നതും അതുകൊണ്ടാണ്. സ്ഥായിയായി കവിഭാവം ഭക്തിയുടെതണെന്നു പറയാന്‍ കഴിയില്ലെങ്കിലും ഭക്തിയുടെ അഥവാ ആസ്തിക്യഭാവത്തിന്റെ അസ്ഥിവാരത്തില്‍ കെട്ടിയുയര്‍ത്തിയ ഒരു മനസ്സില്‍ ശാസ്ത്രാവബോധവും നിരീക്ഷണ പാടവവും ജീവിത സമസ്യകളുടെ ആകുലതകളും ആര്‍ദ്രതയും മറ്റു സ്നിഗ്ദ്ധഭാവങ്ങളും ഉള്‍ച്ചേര്‍ന്നിരിക്കുന്ന പ്രതിഭയാണ് ജന്മസിദ്ധമായി ശ്രീരാഹുല്‍ കര്‍ത്തയില്‍ കാണുന്നത്. കവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും ഊര്‍ജ്ജം ലഭിക്കുന്നത് ചുറ്റുപാടില്‍ നിന്നും പ്രകൃതിയില്‍ നിന്നുമാണ്. അവരുടെ മനസ്സ് ഇത്തരം ഘടകങ്ങളോട് സംവദിക്കുന്നത് പ്രത്യേക രീതിയിലായിരിക്കും. ഭാവനയുടെയും പ്രതിഭയുടേയും കൂടിച്ചേരലില്‍ തീവ്രമായ വൈകാരികാവേഗങ്ങളെക്കാള്‍ ആര്‍ദ്രമായ ഭാവങ്ങളാണ് ശ്രീ കര്‍ത്തായുടെ കവിതകളില്‍ കാണുന്നത് എന്ന് ചുരുക്കിപ്പറയാം. ശ്രീ രാഹുല്‍ കര്‍ത്താക്ക് എല്ലാ മംഗളങ്ങളും നേരുന്നതോടൊപ്പം കൃതിയെ വാനയുടെ വിശാലലോകത്തേക്ക് കൈ പിടിച്ചാനയിക്കുകയും ചെയ്യുന്നു.
മഴക്കാലം
കവിതകള്‍
രാഹുല്‍ കര്‍ത്ത
Generated from archived content: book1_sep25_13.html Author: shiburaj_panicker