എലിമിനേഷൻ റൗണ്ടിലെ അന്ധഗായിക

ഏഷ്യാവിഷന്റെ കോൺഫ്രൻസ്‌ റൂമിൽ അവർ ഒത്തുകൂടി. അവർ എന്നു വെച്ചാൽ ഏഷ്യാവിഷന്റെ ചെയർമാൻ ഗോവിന്ദൻകുട്ടി, പ്രോഗ്രാം മാനേജർ സാദിക്‌, മാർക്കറ്റിംങ്ങ്‌ മാനേജർ റോഷൻ തോമസ്‌, മൂൺ സിംഗർ ഡയറക്‌ടർ പ്രേം, മൂൺ സിംഗർ അവതാരിക പാർവതിദാസ്‌, വാഡിയ ടെലികമ്യൂണിക്കേഷൻ സെയിൽസ്‌ മാനേജർ റോഹിത്‌ എന്നിവരായിരുന്നു അവർ. കഴിഞ്ഞ ആഴ്‌ചത്തെ റേറ്റിംങ്ങിൽ വാഡിയ മൂൺ സിംങ്ങർ ഏഴാം സ്‌ഥാനത്തേക്കാണ്‌ പോയത്‌. ദിവസവും രണ്ട്‌ ലക്ഷത്തിലധികം രൂപ ലാഭം കിട്ടിക്കൊണ്ടിരുന്ന വാഡിയ മൂൺ സിംങ്ങർ സീസൺ ഏഴ്‌ റിയാലിറ്റി ഷോയിൽ നിന്ന്‌ കഴിഞ്ഞ ആഴ്‌ച ആകെ കിട്ടിയത്‌ ഒന്നര ലക്ഷം രൂപയാണ്‌. പരസ്യക്കാരുടെ എണ്ണം കൂടിയപ്പോൾ ഒരു മണിക്കൂർ റിയാലിറ്റി ഷോ ഒന്നരമണിക്കൂർ ആക്കിയതായിരുന്നു. ഇപ്പോൾ മുക്കാൽ മണിക്കൂറിനുള്ളിൽ കാണിക്കാനുള്ള പരസ്യം തന്നെ കിട്ടുന്നില്ല. ചാനലിലെ സീരിയലിന്റെ പരസ്യവും പഴയ മൂൺസിംങ്ങർ താരങ്ങളേയും ഒക്കെ കാണിച്ച്‌ ഒന്നരമണിക്കൂർ തികയ്‌ക്കുകയാണിപ്പോൾ. ഈ നിലയിൽ പോയാൽ റിയാലിറ്റി ഷോ അവസാനിപ്പിക്കേണ്ടിവരും. ഇങ്ങനെ അവസാനിപ്പിക്കേണ്ടി വന്നാൽ ഏഷ്യവിഷന്റെ ഓഹരികളെ അത്‌ ബാധിക്കുമെന്ന്‌ ചാനൽ ചെയർമാൻ ഗോവിന്ദൻകുട്ടിക്കറിയാം. മിനിറ്റിന്‌ മിനിറ്റിന്‌ മുഖത്ത്‌ വെച്ചിരിക്കുന്ന കൂളിങ്ങ്‌ഗ്ലാസ്‌ മാറ്റുന്നതുപോലെ പരിപാടികൾ മാറ്റാൻ പറ്റില്ലല്ലോ? സ്‌പോൺസർമാരുമായി ഒരു വർഷത്തെ കരാർ ഒപ്പിടുകയും ചെയ്‌തു. എങ്ങനെ വാഡിയ മൂൺ സിംങ്ങൾ സീസൺ ഏഴ്‌ റിയാലിറ്റി ഷോയുടെ റേറ്റിംങ്ങ്‌ കൂട്ടി ലാഭം കൂട്ടാം എന്ന്‌ ചർച്ച ചെയ്‌ത്‌ തീരുമാനിക്കാനാണ്‌ ഏഷ്യവിന്റെ കോൺഫ്രറൻസ്‌ റൂമിൽ അവർ ഒത്തുകൂടിയിരിക്കുന്നത്‌. ഇനി ഒരാളെക്കൂടി അവർ പ്രതീക്ഷിക്കുന്നുണ്ട്‌. സമാധാനം ബിൽഡേഴ്‌സിന്റെ മാർക്കറ്റിംങ്ങ്‌ മാനേജർ ശാരദാമ്മയെ. അവരാണ്‌ വാഡിയ മൂൺ സിംങ്ങർ സീസൺ ഏഴ്‌ റിയാലിറ്റി ഷോയുടെ ഒന്നാം സമ്മാനമായ എഴുപതു ലക്ഷത്തിന്റെ വില്ല നൽകുന്നത്‌.

വാഡിയ മൂൺ സിംങ്ങർ സീസൺ ഏഴ്‌ റിയാലിറ്റി ഷോയ്‌ക്കും ചാനലിനും നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചാണ്‌ ഗോവിന്ദൻകുട്ടി പറഞ്ഞു തുടങ്ങിയത്‌. എങ്ങനേയും വാഡിയ മൂൺ സിംങ്ങറിനെ മുന്നിൽ എത്തിച്ചേ മതിയാകൂ. ചാനലിനുമാത്രമല്ല പ്രശ്‌നമുള്ളത്‌ വാഡിയായ്‌ക്കും പ്രശ്‌നങ്ങളുണ്ടന്ന്‌ റോഹിത്‌ പറഞ്ഞു. എസ്‌.എം.എസുകളുടെ വരവ്‌ കുറഞ്ഞതോടെ ഇനി മൂൺസിംങ്ങന്റെ സ്‌പോൺസർ ചെയ്യുന്നതിൽ തങ്ങളുടെ കമ്പനിക്ക്‌ വലിയ താല്‌പര്യം ഇല്ലെന്നാണ്‌ റോഹിത്‌ പറഞ്ഞത്‌. റോഹിത്‌ പറയുന്നതിലും കാര്യമുണ്ടെന്ന്‌ ഗോവിന്ദൻകുട്ടിക്ക്‌ അറിയാം. ദിവസം മുപ്പതിനായിരം എസ്‌.എം.എസ്‌ ഒക്കെ കിട്ടിയിരുന്ന സ്‌ഥാനത്ത്‌ ഇപ്പോൾ നാലായിരം എസ്‌.എം.എസുകൾക്ക്‌ അപ്പുറത്തേക്ക്‌ പോകാറേയില്ല. വാഡിയായിൽ നിന്ന്‌ എസ്‌.എം.എസ്‌. അയിക്കുന്നവന്റെ കയ്യിൽ നിന്ന്‌ അഞ്ച്‌ രൂപ പോകുമ്പോൾ അതിൽ മൂന്നു രൂപ വാഡിയായിക്കും രണ്ടു രൂപ ചാനലിനും ആണ്‌. നശിച്ച പത്രക്കാരുടെ റിപ്പോർട്ടുകൾ വായിച്ച്‌ വായിച്ച്‌ ജനങ്ങൾക്കൊക്കെ ബുദ്ധിവെച്ചെന്ന്‌ തോന്നുന്നു. ഇനി അധികം എസ്‌.എം.എസ്‌ കിട്ടണമെങ്കിൽ വേറെ എന്തെങ്കിലും ഒക്കെ വഴി നോക്കണം. രണ്ട്‌ വർഷത്തിനു മുമ്പ്‌ ഇങ്ങനെ ഒരു പ്രതിസന്ധി വന്നപ്പോഴായിരുന്നു എലിമിനേഷൻ റൗണ്ട്‌സ്‌ പറഞ്ഞ്‌ ജഡ്‌ജിനേയും കാണികളേയും പ്രേക്ഷകരേയും കരയിച്ച്‌ കരയിച്ച്‌ എസ്‌.എം.എസ്‌. വാങ്ങിയത്‌. അത്‌ കാണുമ്പോൾ ജനങ്ങൾക്കിപ്പോൾ ചിരിയാണ്‌ വരുന്നത്‌. എലിമിനേഷൻ റൗണ്ട്‌ ആണ്‌ ഇപ്പോൾ റേറ്റിംങ്ങിൽ പുറകോട്ട്‌ പോകുന്നത്‌.

“നമുക്ക്‌ അവതാരികയെ മാറ്റി നോക്കിയാലോ?” മാർക്കറ്റിംങ്ങ്‌ മാനേജർ റോഷൻ തോമസ്‌ തന്റെ അഭിപ്രായം പറഞ്ഞു.

“അത്‌ നമ്മൾ നേരത്തെ ഒന്ന്‌ ചെയ്‌തതല്ലേ? റേറ്റിംങ്ങ്‌ താഴേക്ക്‌ പോയി. വീണ്ടും കയറിയത്‌ പാർവതിദാസ്‌ തിരിച്ചെത്തിയിട്ടാണ്‌” റോഷന്റെ നിർദ്ദേശത്തെ പ്രേം ആദ്യം തന്നെ തട്ടിമാറ്റി.

“ഞാൻ മാറിയാൽ ഈ പ്രോഗ്രാമിന്റെ റേറ്റിംങ്ങ്‌ കുറച്ച്‌ ചാടുമെങ്കിൽ ഞാൻ മാറാൻ തയ്യാറാണ്‌” പാർവതിദാസ്‌ സ്വയം പരിച തീർത്തു. തന്നെ മാറ്റിയാൽ തനിക്കൊരു കുഴപ്പവും ഇല്ലെന്ന്‌ അവൾ പറയാതെ പറഞ്ഞു.

“പാർവതി ദാസേ, ഇതിപ്പോൾ റിയാലിറ്റി ഷോ ഒന്നും അല്ല നമ്മുടെ ഒരു മീറ്റിംങ്ങാ. അതിൽ ഒന്നുകിൽ മലയാളം പറയുക. അല്ലെങ്കിൽ ഇംഗ്ലീഷ്‌ പറയുക. ഇത്‌ രണ്ടും അല്ലാതെ ഭാഷ ഉപയോഗിച്ചാൽ…. ഷോ കാണാൻ ആളുണ്ടാവും. പക്ഷേ ഈ ഷോ നമ്മുടെ ഇടയിൽ വേണ്ട” പ്രോഗ്രാം മാനേജർ സാദിക്‌ പാർവതിയോടായി പറഞ്ഞു.

നീ നിന്റെ സംസാരമങ്ങ്‌ ഉണ്ടാക്കിയാൽ മതി. എന്നെ കേറി ഭരിക്കാൻ വരണ്ട എന്ന്‌ പാർവതിക്ക്‌ പറയണം എന്നുണ്ടായിരുന്നെങ്കിലും അവളങ്ങനെ പറഞ്ഞില്ല.

“അവതാരകരെ തിരഞ്ഞെടുക്കുമ്പോൾ നമ്മൾ കുറേക്കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു സാദിക്‌. വാഡിയ മൂൺ സിംങ്ങറിന്റെ കാര്യമല്ല ഞാൻ പറയുന്നത്‌. നമ്മൾ പരസ്‌പരത്തിന്റെ കാര്യമാ ഞാൻ പറയുന്നത്‌. ആ സുകേഷിനെകൊണ്ട്‌ ഒരു രക്ഷയില്ലാതായി. ആ മണികണ്‌ഠൻ എന്ത്‌ നന്നായിട്ട്‌ നടത്തിയ പരിപാടിയായിരുന്നു ഇത്‌. നമ്മൾ പരസ്‌പരം കാണുമ്പോൾ എനിക്കുതന്നെ സംശയമാ ഇപ്പോൾ. കോമഡി പ്രോഗ്രാമാണോ ഇതെന്ന്‌. കസേരയിൽ നിറച്ച്‌ ആളെ കൊണ്ടുവന്ന്‌ ഇരുത്തി വായിട്ടലച്ചാൽ ഒരു പ്രോഗ്രാമാവില്ലെന്ന്‌ ആ സുകേഷിനോട്‌ ഞാനിപ്പോൾ തന്നെ മൂന്നാലു പ്രാവശ്യം പറഞ്ഞതാ… എന്നിട്ടെവിടെ കേൾക്കാൻ. കോമഡിക്കാണങ്കിലും പാട്ടിനാണങ്കിലും ചർച്ചയ്‌ക്കാണങ്കിലും ഒരേ ഡ്രസ്‌. അയാൾക്ക്‌ ഈ കൊട്ടിൽ ആരെങ്കിലും കൈവിഷം കൊടുത്തിട്ടുണ്ടോന്നാ ഞാൻ സംശയിക്കുന്നത്‌?” ഗോവിന്ദൻകുട്ടി സാദിക്കിനോടായിട്ടാണ്‌ പറഞ്ഞത്‌.

“സാർ, അത്‌ നമുക്ക്‌ പിന്നീട്‌ സുകേഷിനെക്കൂടി വിളിച്ച്‌ സംസാരിക്കാം. നമുക്കിപ്പോൾ ആവശ്യം വാഡിയ മൂൺ സിംങ്ങറിന്റെ റേറ്റിങ്ങ്‌ ഉയർത്തലാണ്‌. മറ്റുപല ചാനലുകളും റിയാലിറ്റി ഷോ കൊണ്ടുവന്നെങ്കിലും ഇപ്പോഴും പിടിച്ച്‌ നിൽക്കാൻ കഴിയുന്നത്‌ നമുക്കാ… പക്ഷേ ഇപ്പോൾ?? ജനങ്ങൾക്ക്‌ മടുത്ത്‌ തുടങ്ങി എന്നത്‌ സത്യമാണെങ്കിലും നമ്മുടെ ഒരു പ്രിസ്‌റ്റീജ്‌ ഇഷ്യുവാണിപ്പോൾ ഈ ഷോ… ആർക്കുവേണമെങ്കിലും നിർദ്ദേശങ്ങൾ സജക്‌റ്റ്‌ ചെയ്യാം….”

പ്രോഗ്രാം മാനേജർ സാദിക്‌ വീണ്ടും വിഷയത്തിലേക്ക്‌ മടങ്ങി വന്നു.

“നമ്മുടെ മലയാളികളുടെ കൈയ്യിലെ കാശ്‌ വെളിയിലോട്ട്‌ വരണമെങ്കിൽ, പരസ്യം കിട്ടണമെങ്കിൽ ഒന്നുകിൽ ഭകതി കാണിക്കണം, അല്ലെങ്കിൽ സെന്റി കാണിക്കണം. നമുക്ക്‌ വേണമെങ്കിൽ രണ്ടാമത്തെ വഴി ഒന്ന്‌ നോക്കാവുന്നതാണ്‌. അല്‌പം വളഞ്ഞ വഴിയാണ്‌. ഞാൻ നോക്കിയിട്ട്‌ ആ വഴിയല്ലാതെ വേറെ ഒരു വഴിയും റേറ്റിംങ്ങ്‌ കൂട്ടാൻ കാണുന്നില്ല” മാർക്കറ്റിംങ്ങ്‌ മാനേജർ റോഷൻ തോമസ്‌.

“എന്താ ആ വഴിയെന്ന്‌ പറ” പ്രോഗ്രാം മാനേജർ സാദിക്‌.

“മുന്നിൽ നിന്ന്‌ കൈ നീട്ടുന്നവനോട്‌ ഏതെങ്കിലും മലയാളി മുഖം തിരിച്ച്‌ നിന്നിട്ടുണ്ടോ? രണ്ട്‌ കണ്ണിൽ നിന്ന്‌ അല്‌പം കണ്ണുനീരൂടെ ഒഴുക്കിച്ചാൽ സംഗതി ക്ലീൻ. നമ്മൾ ഈ എസ്‌.എം.എസ്‌. വോട്ടിലൂടെ ചെയ്യുന്നതും ഒരു മാതിരി കൈ നീട്ടൽ ആണല്ലോ?” റോഷൻ തോമസ്‌ പറഞ്ഞു തുടങ്ങിയത്‌ എന്താണന്ന്‌ ആർക്കും മനസിലായില്ല.

“റോഷൻ കാര്യം പറയൂ….” റോഹിത്‌ പറഞ്ഞു.

“നമ്മുടെ മൂൺ സിംങ്ങറിലേക്ക്‌ ഒരു ഫാമിലിയെ കൊണ്ടുവരിക. ആ ഫാമിലിയിൽ കുറഞ്ഞത്‌ അന്ധതയുള്ള ഒന്നോ രണ്ടോ പേരുണ്ടാവണം. അന്ധതയുള്ള ഒരുത്തനെകൊണ്ട്‌ പാട്ട്‌ പാടിക്കുക. പിന്നെ ബാക്കിയെല്ലാം നമ്മുടെ സിനിമയിൽ കാണുന്നതുപോലെ. ഹൃദയത്തിനു ഓപ്പറേഷൻ നടത്തേണ്ടതായുള്ള ഒരാൾ. സ്‌ത്രീധനം കൊടുക്കാൻ ഇല്ലാത്തതുകൊണ്ട്‌ വിവാഹം കഴിക്കാത്ത ഒരു പെൺകുട്ടി. ഓലപ്പുര…. ഇതുകൊണ്ടൊക്കെ നമുക്ക്‌ പിടിച്ചുകയറാൻ പറ്റും….”

“പരിപാടി ഇപ്പോൾ മൂന്നാം റൗണ്ട്‌ ആയി….. ഇനി ഒരാളെക്കൂടിയൊക്കേ അതിൽ ഉൾപ്പെടുത്തുകയെന്ന്‌ വെച്ചാൽ പ്രേക്ഷകർ എങ്ങനെ പ്രതികരിക്കും എന്ന്‌ പറയാൻ പറ്റില്ല.” മൂൺ സിംങ്ങർ ഡയറക്‌ടർ പ്രേം അഭിപ്രായം പറഞ്ഞു.

“പ്രേമേ, പ്രേക്ഷകർക്ക്‌ ഒന്നും തോന്നില്ല. അവന്മാർ എന്ത്‌ കാണാൻ ഇരിക്കുന്നതെന്ന്‌ നമുക്കറിയാം. പാർവതിദാസിനെ അവതാരിക സ്‌ഥാനത്ത്‌ നിന്ന്‌ മാറ്റിയപ്പോൾ എത്ര ലെറ്ററുകളാ നമുക്ക്‌ കിട്ടിയത്‌? ആളെകൂട്ടാൻ തന്നയാ പാർവതി ദാസിനെ നമ്മൾ നിലനിർത്തുന്നത്‌. വേറെ ഒരു ചാനലും കൊടുക്കാത്ത കാശും നമ്മളതിനു കൊടുക്കുന്നുണ്ട്‌. കണ്ണുകാണാത്ത ഒരാൾ വന്നു പാടിയെന്ന്‌ വിചാരിച്ച്‌ നമ്മുടെ പ്രേക്ഷകർ ചാനലൊന്നും മാറ്റാൻ പോകുന്നില്ല. എലിമിനേഷൻ റൗണ്ടിൽ എത്ര കാശുകൊടുത്തിട്ടാ നമ്മൾ കാണികളെ കൊണ്ട്‌ കരയിക്കുന്നതെന്ന്‌ അറിയാമല്ലൊ? അതുപോലെ ഒരു കരച്ചിൽ നടത്തി നമുക്ക്‌ ഒരു അന്ധഗായകനോ ഗായികയോ നേരിട്ട്‌ മൂന്നാം റൗണ്ടിൽ കൊണ്ടുവരാൻ ഒരു പ്രയാസവുമില്ല.” റോഷന്റെ വിശദീകരണത്തിൽ വാഡിയ മൂൺ സിംങ്ങറിൽ നടത്തേണ്ട മാറ്റത്തെക്കുറിച്ച്‌ ചർച്ച നടത്തി അവർ പിരിഞ്ഞു.

വാഡിയ മൂൺ സിംങ്ങർ സീസൺ ഏഴ്‌ റിയാലിറ്റി ഷോയുടെ മൂന്നാം റൗണ്ടിൽ മേരിയമ്മയുടെ മകളായ ആൻസി വേദിയിൽ പ്രത്യക്ഷപ്പെട്ടത്‌ തികച്ചും നാടകീയമായിട്ടായിരുന്നു. കാണികളിലൊരാളായി ഇരുന്ന ആൻസിയെ അവതാരികയായ പാർവതിദാസ്‌ സ്‌റ്റേജിലേക്ക്‌ വിളിച്ചു. “കണ്ണ്‌ കാണാൻ കഴിയാത്ത അന്ധയായിട്ടും ആൻസി എന്തിനാ ഇത്‌ കാണാനായി വന്നത്‌?” പാർവതിദാസിന്റെ ചോദ്യം കേട്ട്‌ ആൻസി പകച്ചു. അവളുടെ മുഖത്ത്‌ ദുഃഖമോ സന്തോഷമോ ഒരുതരം നിർവികാരതയോ ആണ്‌ ഉണ്ടായത്‌. ആൻസിയുടെ മുഖത്തേക്ക്‌ തന്നെ മൂൺ സിംങ്ങർ ഡയറക്‌ടർ പ്രേം ക്യാമറ ഫോക്കസ്‌ ചെയ്‌തിട്ടുണ്ടായിരുന്നു. “എനിക്ക്‌ പാട്ട്‌ ഭയങ്കര ഇഷ്‌ടമാ…. അതുകൊണ്ടാ കാണാൻ പറ്റില്ലെങ്കിലും ഞാൻ വന്നത്‌?” ആൻസി പറഞ്ഞതും “ഓ ഗ്രേറ്റ്‌ എന്ന്‌ പറഞ്ഞ്‌ പാർവതി ദാസ്‌ ആൻസിയെ കെട്ടിപ്പിടിച്ചു.

”ആൻസി പാട്ടു പാടുമോ?“

”പാടും“

”എങ്കിൽ ഒരു പാട്ടു പാടൂ…..“

ഒവ്വൊരു പൂക്കളുമേ സൊല്‌കിറതേ

വാഴ്‌വെന്താല്‌ പോരാടും പോർക്കളമേ

Vaazhkai kavithai vaasippoam

Vaanamalavu yoasippoam

Muyarchi endrai ondrai mattum

Moochu poale swaasippoam

Latcham kanavu kannoadu

Latchiyangal nenjoadu

Unnai velle yaarumillai

Uruthiyoadu poaraadu

Manitha un manathai Keeri vithai poadu maramaaghum

Avamaanam thaduthaal neeyum ellame uravaaghum

Thoalviyindri varalaaraa?

Thukkam enne en thoazha?

Oru mudivirunthaal athil thelivirunthaal

Andhe vaanam vasamaaghum

Maname oh maname nee maarivdu.

Malayoa athu paniyoa nee moadhi vidu

ആൻസി പാട്ടുപാടി കഴിഞ്ഞതും പാർവതിദാസ്‌ കരഞ്ഞുകൊണ്ട്‌ ആൻസിയെ കെട്ടിപ്പിടിച്ചു. ഓഡിയൻസ്‌ എഴുന്നേറ്റ്‌ നിന്ന്‌ കൈ അടിക്കുന്നു. ജഡ്‌ജസ്‌ എഴുന്നേറ്റ്‌ കൈയ്യടിക്കുന്നു. ഫ്ലോറിലെ ക്യാമറകൾ എല്ലാം ഓരോരുത്തരുടേയും മുഖത്തേക്ക്‌ ഫോക്കസ്‌ ചെയ്‌തിരിക്കുന്നു.

”കൊള്ളാം.“

”സംഗതികൾ എല്ലാം ഉണ്ട്‌.

“മോൾ നന്നായി പാടി” ജഡ്‌ജസ്‌ തങ്ങളുടെ അഭിപ്രായം പറഞ്ഞു.

“എന്നെയും കൂടി ഈ മത്സരത്തിൽ പങ്കെടുപ്പിക്കുമോ?” ആൻസിയുടെ ചോദ്യം പെട്ടെന്നായിരുന്നു. പെട്ടെന്ന്‌ എല്ലാവരുടേയും കൈയ്യടി നിലച്ചു. നിശബ്‌ദത…. ദുഃഖ സാന്ദ്രമായ സംഗീതം ബാക്ക്‌ ഗ്ര്ണ്ട്‌ മ്യൂസിക്കായി ഒഴുകി.

“അതൊക്കില്ലല്ലോ ആൻസീ……. നമ്മളിപ്പോൾ തന്നെ മൂന്ന്‌ ർണ്ട്‌ കഴിഞ്ഞു. ഇനി അടുത്ത സീസണിൽ മോൾക്ക്‌ ചാൻസ്‌ നോക്കാം.” കണ്ണിൽ നിന്ന്‌ ഒഴുകിയ കണ്ണുനീർ തൂത്ത്‌ പാർവതിദാസ്‌ വീണ്ടും ആൻസിയെ കെട്ടിപ്പിടിച്ചു.

“ആ കൊച്ചൂടങ്ങ്‌ പാടിക്കോട്ട്‌ സാറുന്മാരേ” ഓഡിയൻസിൽ നിന്ന്‌ ആരോ പറയുന്നു. ഓഡിയൻസ്‌ എല്ലാം അതേറ്റ്‌ പറയുന്നു. പാർവതിദാസ്‌ ജഡ്‌ജസിന്റെ അടുത്തേക്ക്‌ ചെന്നു. അവരെന്തൊക്കയോ സംസാരിക്കുന്നു. ക്യാമറ ജഡ്‌ജിംങ്ങ്‌ പാനലിനെ ഫോക്കസ്‌ ചെയ്‌തിരിക്കുകയാണ്‌. അപ്പോഴും ദുഃഖ സാന്ദ്രമായ സംഗീതം ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്കായി ഒഴുകുന്നുണ്ട്‌. സ്‌ക്രീനിൽ ഇടയ്‌ക്കിടയ്‌ക്ക്‌ കണ്ണുനീർ തുടച്ചുകൊണ്ട്‌ ആൻസി മിന്നി മറയുന്നുണ്ട്‌. പ്രോഗ്രാം മാനേജർ സാദിക്‌ ജഡ്‌ജിംങ്ങ്‌ പാനലിന്റെ അടുത്തേക്ക്‌ വന്നു. പെട്ടന്ന്‌ ഒരു ഇടവേള. വാഡിയ മൂൺ സിംങ്ങർ സീസൺ ഏഴ്‌ കണ്ടുകൊണ്ടിരുന്ന ആരും ചാനൽ മാറ്റിയില്ല. ഇടവേള കഴിഞ്ഞെത്തുമ്പോഴും ആൻസി കരഞ്ഞു കൊണ്ടു തന്നെ നിൽക്കുന്നു. ദുഃഖസാന്ദ്രമായ സംഗീതം കഴിഞ്ഞു. പാർവതി ദാസ്‌ ആൻസിയുടെ അടുത്തേക്ക്‌ വന്നു.

“ആൻസി ഞങ്ങൾക്ക്‌ ഇതുവരെ ഇങ്ങനൊരു പ്രോബ്ലം ഫേസ്‌ ചെയ്യേണ്ടി വന്നിട്ടില്ല. ആൻസിയുടെ പാട്ട്‌ എല്ലാവരും എൻജോയ്‌ ചെയ്‌തു. ആൻസി ഈ പരിപാടിയാൽ പങ്കെടുക്കണോ വേണ്ടയോ എന്ന്‌ ഇനി തീരുമാനിക്കേണ്ടത്‌ നമ്മുടെ പ്രേക്ഷകരാണ്‌. അവരിൽ നിന്ന്‌ കിട്ടുന്ന എസ്‌.എം.സ്‌. ആണ്‌ ആൻസി ഈ ഷോയിൽ പങ്കെടുക്കണൊ വേണ്ടയോ എന്ന്‌ തീരുമാനിക്കേണ്ടത്‌……” പാർവതിദാസാണിപ്പോൾ ടി.വി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്നത്‌. പാർവതിദാസ്‌ പ്രേക്ഷകരോടായി പറഞ്ഞു. “ആൻസിയെ ഈ ഷോയിൽ പങ്കെടുക്കണോ വേണ്ടയോ എന്ന്‌ നിങ്ങൾക്ക്‌ തീരുമാനിക്കാം. പങ്കെടുപ്പിക്കണമെങ്കിൽ എസ്‌ എന്നും വേണ്ടായെങ്കിൽ നോ എന്നും എസ്‌.എം.എസ്‌. ചെയ്യുക.” പാർവതിദാസ്‌ ആൻസിയെ കെട്ടിപ്പിടിച്ച്‌ ആശ്വസിപ്പിക്കുന്നതോടെ അന്നത്തെ എപ്പിസോഡ്‌ അവസാനിച്ചു.

ഏഷ്യാവിഷന്റെ കോൺഫ്രറൻസ്‌ റൂം. അവർ വീണ്ടും ഒന്നിച്ചു കൂടി, വാഡിയ മൂൺ സിംങ്ങർ വീണ്ടും ചാനൽ റേറ്റിംങ്ങിൽ ഒന്നാം സ്‌ഥാനത്ത്‌ എത്തിയത്‌ ആഘോഷിക്കാൻ!!! മാർക്കറ്റിംങ്ങ്‌ മാനേജർ റോഷൻ തോമസിനെ ഏഷ്യാവിഷന്റെ ചെയർമാൻ ഗോവിന്ദൻകുട്ടി പ്രത്യേകം അഭിനന്ദിച്ചു. ആൻസിയെ മൂൺ സിംങ്ങറിന്റെ മൂന്നാം റൗണ്ടിലേക്ക്‌ ഉൾപ്പെടുത്തിയ എപ്പിസോഡ്‌ മനോഹരമാക്കി ചെയ്‌ത അവതാരിക പാർവതിദാസ്‌, ഡയറക്‌ടർ പ്രേം എന്നിവർക്കും കിട്ടി ചാനൽ വക അഭിനന്ദനങ്ങൾ. ആൻസിയെക്കൂടി ഷോയിൽ പങ്കെടുപ്പിക്കണമെന്ന്‌ പറഞ്ഞ്‌ രണ്ടരലക്ഷം എസ്‌.എം.എസുകളാണ്‌ ഒരു ദിവസം കൊണ്ട്‌ വാഡിയയുടെ സെർവറുകളിൽ വന്നത്‌.

മൂന്നും നാലും അഞ്ചും റൗണ്ടുകളിൽ ആൻസി എലിമിനേഷൻ റൗണ്ടിലെ ഡെയ്‌ഞ്ചർ സോൺ കടന്ന്‌ ഫൈനലിൽ എത്തി. ഓരോ എലിമിനേഷൻ റൗണ്ടിലേയും ഡെയ്‌ഞ്ചർ സോൺ കടക്കാൻ ആൻസിക്കുവേണ്ടി ലക്ഷക്കണക്കിന്‌ എസ്‌.എം.എസുകൾ എത്തി. സംഗതിയും പല്ലവിക്കു ശേഷം ഷഡ്‌ജവും അനുപല്ലവിക്ക്‌ ശേഷം ഹമ്മിങ്ങും ശ്രുതിയും ഒന്നും ശരിയാകാതിരുന്നിട്ടും എസ്‌.എം.എസ്‌ വാങ്ങിമാത്രം ആൻസി ഫൈനലിൽ എത്തി. ആൻസി ഉൾപ്പെട്ട ഓരോ ഡെയ്‌ഞ്ചർ സോണിലെ എപ്പിസോഡുകളിൽ ചോർന്നൊലിക്കുന്ന ഓലക്കുടിലിനു മുന്നിൽ ആൻസിയേയും അമ്മയേയും കല്യാണപ്രായം കഴിഞ്ഞ ചേച്ചിമാരേയും ഒരുമിച്ച്‌ നിർത്തി എസ്‌.എം.എസ്‌. ചോദിപ്പിക്കാൻ പ്രദീപിന്റെ ക്യാമറയ്‌ക്കു കഴിഞ്ഞു. ഓലക്കുടിലിനു മുന്നിലെ കട്ടിലിൽ തളർന്നു കിടക്കുന്ന ആൻസിയുടെ അപ്പനെ ഒരു ഫ്രെയിമിൽ നിന്നു പോലും ഒഴിവാക്കാതിരിക്കാൻ പ്രദീപ്‌ ശ്രദ്ധിക്കുകയും ചെയ്‌തു. ആൻസി കരഞ്ഞപ്പോൾ പാർവതിദാസും, ജഡ്‌ജസും കരഞ്ഞു. ഓരോ കരച്ചിലിനും പതിനായരങ്ങളുടെ ചെക്ക്‌ പാർവതിദാസിന്റെയും ജഡ്‌ജസിന്റേയും അക്കൗണ്ടിൽ എത്തി. ഇവരുടെ കൂടെ കരഞ്ഞ പ്രേക്ഷകർക്ക്‌ കരച്ചിൽ മാത്രം ബാക്കിയായങ്കിലും അവർ പിന്നീടും എസ്‌.എം.എസ്‌ അയച്ചു കൊണ്ടിരുന്നു. ആൻസി ജയിക്കേണ്ടത്‌ പ്രേക്ഷകരുടെ ആവശ്യം കൂടിയാണല്ലോ.

ഏഷ്യവിഷന്റെ കോൺഫ്രറൻസ്‌ റൂം. അവർ വീണ്ടും ഒന്നിച്ചു കൂടി. ഇന്ന്‌ സമാധാനം ബിൽഡേഴ്‌സിന്റെ മാർക്കറ്റിംങ്ങ്‌ മാനേജർ ശാരദാമ്മകൂടി ഉണ്ട്‌. നാളെ എറണാകുളം മറൈൻ ഡ്രൈവിൽ വെച്ച്‌ വാഡിയ മൂൺ സിംങ്ങർ സീസൺ ഏഴിന്റെ ഗ്രാന്റ്‌ ഫൈനൽ ആണ്‌. ആൻസി ഉൾപ്പെടെ നാലുപേരാണ്‌ ഫൈനൽ റൗണ്ടിൽ ഉള്ളത്‌. ജഡ്‌ജസ്‌ പാട്ടുകേട്ട്‌ മാത്രം മാർക്കിട്ടാൽ ആൻസിക്ക്‌ സമ്മാനം കിട്ടില്ലെന്ന്‌ എല്ലാവർക്കും അറിയാം. റിയാലിറ്റിഷോയിലെ വിജയിയെ കണ്ടെത്താൻ എസ്‌.എം.എസ്‌. വോട്ടിനെ ആശ്രയിച്ചാൽ ആൻസിക്ക്‌ ഒന്നാം സമ്മാനം കിട്ടുമെന്ന്‌ ഉറപ്പാണ്‌. ആൻസിക്ക്‌ മാത്രം ഇതുവരെ മുപ്പതുലക്ഷം രൂപയുടെ എസ്‌.എം.എസ്‌ കിട്ടിയിട്ടുണ്ട്‌. നാളെ കുറഞ്ഞത്‌ ഒരു ഒന്നര-രണ്ട്‌ ലക്ഷം എസ്‌.എം.എസ്‌. എങ്കിലും ആൻസിക്കുവേണ്ടി കിട്ടും എന്ന്‌ ഉറപ്പാണ്‌. ആ എസ്‌.എം.എസുകളാണല്ലോ വിജയിയെ തീരുമാനിക്കുന്നത്‌.

“ആ ആൻസിക്ക്‌ ഒന്നാം സമ്മാനം കിട്ടിയാൽ ഇരുപതുലക്ഷമൊക്കെ അടയ്‌ക്കാൻ അവർക്കൊന്നും ആകില്ലെന്ന്‌ ഉറപ്പാണ്‌. നമുക്കവർക്ക്‌ ആ വില്ലയുടെ കാശ്‌ കൊടുത്താലോ ശാരദാമാഡം?” മാർക്കറ്റിംങ്ങ്‌ മാനേജർ റോഷൻ തോമസ്‌ സമാധാനം ബിൽഡേഴ്‌സിന്റെ മാർക്കറ്റിംങ്ങ്‌ മാനേജർ ശാരദാമ്മയോട്‌ ചോദിച്ചു.

“അതൊന്നും നടക്കില്ല. ഞങ്ങൾ വില്ല കൊടുക്കാം എന്നാണ്‌ ചാനലുമായിട്ടുള്ള എഗ്രിമെന്റ്‌. അത്‌ നൽകാൻ ഞങ്ങൾ തയ്യാറാണ്‌. ഇനി കാശായിട്ടാണ്‌ അവർക്ക്‌ വേണ്ടതെങ്കിൽ അതിന്‌ എന്താണ്‌ ചെയ്യേണ്ടതെന്ന്‌ ഞങ്ങളുടെ മാനേജ്‌മെന്റ്‌ തീരുമാനം എടുക്കണം” ശാരദാമ്മ പറഞ്ഞു.

“ഞാൻ കഴിഞ്ഞ ആഴ്‌ച്ച നിങ്ങളുടെ സൈറ്റിൽ കൂടി ഒന്നു പോയതാ ശാരദാമാഡം ഒരു ഇരുപതുലക്ഷത്തിനപ്പുറത്തേക്ക്‌ മതിപ്പു തോന്നുന്ന ഒന്നും ഞാനവിടെ കണ്ടില്ല. പറയുമ്പോൾ എഴുപതുലക്ഷത്തിന്റെ വില്ലയാണന്നൊക്കെ പറയാമെന്ന്‌ മാത്രം.” റോഷൻ തോമസ്‌ ശാരദാമ്മയോടായി പറഞ്ഞു.

“ഏതായാലും നമ്മളാരും പുണ്യം കിട്ടുന്നതിനുവേണ്ടിയല്ല ഈ പരിപാടിയൊക്കെ നടത്തുന്നതും സ്‌പോൺസർ ചെയ്യുന്നതും സമ്മാനം കൊടുക്കുന്നതും. ആ ആൻസിയെ മൂന്നാം റൗണ്ടിൽ കയറ്റിയത്‌ ആ കൊച്ചിനോടുള്ള സഹതാപം കൊണ്ടല്ലെന്ന്‌ നമുക്കെല്ലാവർക്കും അറിയാം. ആ കുട്ടി ഷോയിൽ വന്നതുകൊണ്ട്‌ ലാഭം ഉണ്ടായത്‌ ഏഷ്യാവിഷനും വാഡിയായ്‌ക്കും അല്ലേ?” ശാരദാമ്മയുടെ ചോദ്യത്തിന്‌ ആരും ഉത്തരം പറഞ്ഞില്ല. സംസാരം ഇങ്ങനെ തുടർന്നാൽ എങ്ങും എത്തില്ലെന്ന്‌ തോന്നിയതുകൊണ്ട്‌ ഗോവിന്ദൻകുട്ടി ഇടപെട്ടു.

“നമ്മളിപ്പോൾ ഒന്നിച്ചു കൂടിയത്‌ പരസ്‌പരം കുറ്റം പറയാനല്ല. പരസ്‌പരം നന്ദി പറയാൻ വേണ്ടിയാ. വാഡിയ മൂൺ സിംങ്ങർ സീസൺ സെവൻ വിജയകരമായി നമ്മൾ പൂർത്തിയാക്കുകയാണ്‌. നിങ്ങൾക്കെല്ലാവർക്കും നന്ദി. ഇതോടെ ഏഷ്യവിഷൻ മൂൺ സിംങ്ങൾ റിയാലിറ്റി ഷോയും അവസാനിപ്പിക്കുകയാണ്‌. ഇനി ഈ റിയാലിറ്റി ഷോ തുടരുന്നതിൽ അർത്ഥമില്ലെന്നാണ്‌ ചാനൽ മാനേജ്‌മെന്റിന്റെ അഭിപ്രായം.”

വാഡിയ മൂൺ സിംങ്ങർ സീസൺ ഏഴിന്റെ ഗ്രാന്റ്‌ ഫൈനൽ ജീവിതത്തിൽ രക്ഷപെടാൻ കിട്ടിയ അവസരം മുതലാക്കി ആൻസി എല്ലാം മറന്ന്‌ പാടി.

കണ്ണിലും കരളിലും കൂരിരുൾ നൽകിയ

കാരുണ്യവാനോടൊരു ചോദ്യം

ഇനിയൊരു ജന്മം തന്നിടുമോ…….. ഓ……….

ഇനിയൊരു ജന്മം തന്നിടുമോ

ഈ നിറമാർന്ന ഭൂമിയെ കാണാൻ

കനിവാർന്നൊരമ്മയെ കാണാൻ

സ്വപ്‌നം ത്യജിച്ചാൽ സ്വർഗ്ഗം ലഭിക്കും

ദുഃഖം മറന്നാൽ ശാന്തി ലഭിക്കും.

എസ്‌.എം.എസുകൾ പ്രവഹിച്ചു. ആൻസിക്ക്‌ വേണ്ടി മാത്രം രണ്ടു ലക്ഷം എസ്‌.എം.എസുകൾ !! നിലയ്‌ക്കാത്ത കൈയ്യടികളോടെ വാഡിയ മൂൺ സിംങ്ങർ സീസൺ സെവനിലെ വിജയിയായി ആൻസി തിരഞ്ഞെടുക്കപ്പെട്ടു. നിലയ്‌ക്കാത്ത കൈയ്യടികളുടെ അകമ്പടികളോടെ ആകാശദീപക്കാഴ്‌ചകളുടെ പ്രഭയിൽ ഒന്നാം സമ്മാനമായ എഴുപതു ലക്ഷത്തിന്റെ വില്ലയുടെ തെർമോക്കോളിൽ തീർത്ത താക്കോൽ വാങ്ങുമ്പോൾ സമ്മാനത്തിനു നികുതിയായി അടയ്‌ക്കേണ്ട ഇരുപതുലക്ഷത്തെക്കുറിച്ച്‌ അവർക്കറിയില്ലായിരുന്നു.

*************************************

കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‌പികം എന്ന്‌ പറയുന്നില്ലെങ്കിലും മരിച്ചവരോ ജീവനോടെ ഇരിക്കുന്നവരായി സാമ്യം തോന്നിയെങ്കിൽ ആരാണ്‌ ഉത്തരവാദി?? ഒവ്വൊരു പൂക്കളുമേ സൊല്‌കിറതേ എന്ന പാട്ടിന്റെ ഇംഗ്ലീഷ്‌ വരികൾ കടം എടുത്തത്‌ http://www.nanjilonline.com/music/lyrix.asp?lyrix=autograph ൽ നിന്ന്‌.

Generated from archived content: story1_nov27_10.html Author: shibu.mathew_easo

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English