ഇനി പെണ്ണുകെട്ടിയിട്ടു തന്നെ കാര്യം. മൂന്നാമനോടൊക്കെ പോകാൻ പറ. അവന്മാർക്കൊക്കെ ഇപ്പം സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ എന്ന് പറഞ്ഞാൽ ചെകുത്താൻ കുരിശ് കാണുന്നതുപോലെയാണ്. മൂന്നാന്റെ ഡയറിയിലെ ഫോട്ടോയിൽ കുരുങ്ങികിടക്കാനുള്ള ജീവിതമല്ല തന്റേത്. ഭൂഗോളത്തിന്റെ അതിർത്തികൾ കവറുചെയ്യുന്ന മാട്രിമോണിയലുകാരുള്ളപ്പോഴാണ് പഴുകിതേഞ്ഞ ഡയറി കഷത്തിൽ വച്ചുകൊണ്ടു നടക്കുന്ന മൂന്നാൻമാർ! മാട്രിമോണിയൽ സൈറ്റുകാരൻ തന്നെ ഇനി തുണ. കലൂർ പള്ളിയിലും ഇടപ്പള്ളി പള്ളിയിലും എത്രകൂട് മെഴുകുതിരി കത്തിച്ചതാണ്.! എത്രയോ ചൊവ്വാഴ്‌ച കലൂർപള്ളിയിൽ നൊവേനയ്‌ക്ക് പോയതാണ്. ഓരോ ആഴ്‌ചയിലും വിവാഹം നടന്നതിനുള്ള നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പത്തുനൂറ് കത്ത് കിട്ടിയതായി അച്ചൻ പറയുമ്പോൾ അടുത്ത ആഴ്‌ച എന്റെ നന്ദിയും അച്ചനെക്കൊണ്ട് പറയിപ്പിക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് കുറേ നാളായി. പുണ്യവാന്‌മാർക്ക് പെൺപിള്ളാരുടെ കല്യാണം നടത്തുന്നതിനുമാത്രമേ താല്‌പര്യമുള്ളോ? പുണ്യവാളന്‌മാരെ രണ്ടും മനസിൽ ധ്യാനിച്ച് മാട്രിമോണിയൽ സൈറ്റ് തുറന്നു. വെറുതെ ഒന്നു സേർച്ചു ചെയ്‌തു നോക്കിയതും പളാപളാമിന്നുന്ന കുപ്പായങ്ങൾ ഇട്ടുകൊണ്ട് പെൺപിള്ളാര് പ്രത്യക്ഷപെടാൻ തുടങ്ങി ഈ മാട്രിമോണിയൽ സൈറ്റിൽ ഐറ്റിക്കാരും നേഴ്‌സ്‌മാരും മാത്രമേയുള്ളോ ഈ കൊച്ചുകേരളത്തിൽ ഇത്രയധികം നേഴ്‌സുമാരും സോഫ്‌റ്റുവെയർ പെൺപിള്ളാരും ഉണ്ടോ???
ഇന്നത്തെക്കാലത്ത് നാട്ടിൽ നിന്നിട്ട് ഒരു കാര്യവും ഇല്ല. കടലിനക്കരെപോകണം. അതിന് കടലിൽ അക്കരെയുള്ള ആരെങ്കിലും തന്നെ എടുത്തുകൊണ്ട് പോകണം. കേരളത്തിലും ഇന്ത്യയിലും കിടന്ന് അലയേണ്ടവനല്ലതാൻ. ഏഴാംകടലിനക്കരെനിന്ന് വരുന്ന മാരിയെ (മാരനെ സ്വപ്‌നം കണ്ടാൽ താൻ മറ്റേ ടൈപ്പാണെന്ന് ആരെങ്കിലും വിചാരിക്കും) സ്വപ്‌നം കണ്ട് പത്ത് രണ്ടായിരം രൂപ കടം വാങ്ങി മാട്രിമോണിയൽ സൈറ്റിൽ രജിസ്‌ട്രേഷൻ നടത്തി. പുരനിറഞ്ഞ് നില്‌ക്കുന്ന തന്നെ ഓർത്ത് വിട്ടുകാരൊക്കെ മെലിഞ്ഞ് മെലിഞ്ഞ് ഒരു പരുവമായി. പണ്ടാക്കെ പെൺപിള്ളേരുള്ള വീട്ടുകാർക്കായിരുന്ന ആധിയും വെപ്രാളവും. ഇന്ന ആൺപിള്ളേരുള്ള വീട്ടുകാർക്കായി ആധിയും വെപ്രാളവും. ഒരു വഴിക്കൂടെ കല്യാണാലോചനയും മറുവഴിയിലൂടെ റസ്യൂമയിക്കലുമായി അവൻ മുന്നേറി………
പെണ്ണുകാണൽ ചടങ്ങുകളുടെ പുനരാരംഭം കുറിച്ചുകൊണ്ട് വടക്കൊരു പെണ്ണ് കാണാൻ പോയി. പെണ്ണ് ഡോക്‌ടർ ആണെന്ന് പറയുന്നു. വധു ഡോക്‌ടറാണന്ന് പറഞ്ഞ് നാട്ടുകാരുടെ മുന്നിൽ പരാസെറ്റമോളുമായി കറങ്ങാമല്ലോ എന്ന് വിചാരിച്ച് പെണ്ണിന്റെ വീടിന്റെ ഗെയിറ്റ് കയറിചെന്നു.
ചെന്നപ്പേഴെ പെണ്ണിന്റെ തള്ളയുടെ ഒരു ചോദ്യം. അതും സ്‌കൂളിൽ പഠിപ്പിക്കുന്ന പിള്ളാരോട് ചോദിക്കുന്നതുപോലെ.
“എന്തായിരുന്നു ഡിഗ്രി?”
“മാത്‌സ്”
“എത്ര ശതമാനമുണ്ടായിരുന്നു”?
“എഴുപത്”
“ഡിഗ്രിക്ക് എഴുപതുശതമാനമേയുള്ളല്ലേ? ചുമ്മാതല്ല ഐറ്റിക്ക് പോയത്?” തള്ളയുടെ വർത്തമാനം കേട്ടപ്പോൾ ആകെ ചൊറിഞ്ഞ് കയറി. സൊമാലിയായിലെ പട്ടിണിമരണം, എസ് കത്തി, കടുംബശ്രീയും ജനശ്രീയും, അരുണാചൽ പ്രദേശിലെ ചൈനയുടെ അവകാശവാദം ഇങ്ങനെ നീളുന്ന ഒരായിരം നീറുന്ന പ്രശ്‌നങ്ങൾ ഉള്ളപ്പോഴാണ് പണ്ടെങ്ങാണ്ട് നടന്ന ഡിഗ്രിയുടെ പരീക്ഷാഫലം…! പെണ്ണിന്റെ വയസും ആണിന്റെ മാർക്കും ശമ്പളവും ചോദിക്കാൻ പാടില്ലന്ന് ഇവർക്കറിയില്ലേ? ഇവർക്കിട്ട് രണ്ടെണ്ണം കൊടുത്താലോ എന്ന് ആലോചിച്ചതാണ്. മുന്നിലേ ടീപ്പോയിൽ നിറഞ്ഞിരിക്കുന്ന ജിലേബി, ലഡു, പക്കാവട എന്നിവയെ ഓർത്തുമാത്രം ക്ഷമിച്ചു. നിങ്ങടെ പെണ്ണിനെ വെറുതെ തന്നാലും വേണ്ട എന്ന് മനസിൽ പറഞ്ഞ് ഒരു ലഡുവിനെ മുഴുവനോടെ അകത്താക്കി ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. പെണ്ണ് ചായയും കൊണ്ട് വന്നതും എന്തെങ്കിലും ചോദിക്കണമെന്ന് വിചാരിച്ച് പേരെന്താണെന്ന് ചോദിച്ചുകളയാം എന്ന് വിചാരിച്ച് വായിക്കകത്ത് കിടക്കുന്ന ലഡുവിനെ നാക്കുകൊണ്ട് ഒരുവശത്തേക്ക് പൊക്കിവച്ചതും പെണ്ണിന്റെ തള്ള അടുത്ത ഇടങ്ങോലിട്ടു.
“മോളെക്കുറിച്ചെല്ലാം പ്രൊഫൈലിൽ എഴുതിയിട്ടുണ്ട്.”
ഹൊ! തള്ള നശിപ്പിച്ചു. ശരിക്കും ഇവർ പെണ്ണിന്റെ അമ്മ തന്നെയാണോ? മോളുടെ കല്യാണം നടക്കണമെന്ന് ഇവർക്കാഗ്രഹമൊന്നും ഇല്ലേ? ചില കമ്പനിക്കാരിങ്ങനെയാണ്. ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പത്രത്തിൽ ഫുൾപേജിൽ പരസ്യം കൊടുക്കും. കോട്ടും സ്യൂട്ടും വലിച്ചുകയറ്റിയിട്ടുകൊണ്ട് ഇന്റർവ്യൂവിന് ചെന്നിരിക്കുമ്പോഴാണ് കളി. നിനക്കൊന്നും ഇവിടെ ജോലി തരാൻ മനസ്സില്ല എന്നുള്ള രീതിയിൽ പത്തുനൂറ് ചോദ്യങ്ങൾ ചോദിക്കും. നമ്മൾ ഉത്തരം മുട്ടി ഇരിക്കുന്നത് കാണാനാണോ ഇവന്‌മാർ കാടടച്ച് വെടിവച്ച് ഇന്റർവ്യൂ നടത്തുന്നതെന്ന് പോലും തോന്നും. അതുപോലെ തന്നെയാണ് ഈ തള്ളയും. രംഗം പന്തിയല്ലെന്ന് തോന്നിയിട്ടായിരിക്കും പെണ്ണിന്റെപ്പൻ ഇടപെട്ടു. മോളോടെന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ചോദിക്കാം? പെണ്ണ് കാണാൻ ഇറങ്ങിയപ്പോഴേ വീട്ടിൽ നിന്ന് പറഞ്ഞതാണ്, നിന്റെ പഴയ ഡിമാന്റുകളൊന്നും നീ അവിടെപ്പോയി പറയരുത്. പാവം വീട്ടുകാർ! രാജാധികാരം ഇല്ലാത്ത രാജാവിനിപ്പോൾ എന്ത് ഡിമാന്റുകൾ??? മോളോടൊന്നും ചോദിക്കാനില്ലന്ന് പറഞ്ഞ് വിവരം പിന്നീട് അറിയിക്കാമെന്നും പറഞ്ഞ് ഇറങ്ങിയപ്പോൾ തള്ള ശരിക്കും ചമ്മി. തന്റെ മോളെ കാണാൻ വന്ന ഒരുത്തന് ആദ്യമായിട്ട് അവളോടൊന്ന് സംസാരിക്കാൻ പോലും തുനിയാതെ ഇറങ്ങിപ്പോകുന്നത് കണ്ട് തള്ള അമ്പരുന്നു. വീണ്ടും അന്വേഷണങ്ങൾ. ആഗോളടെണ്ടറുകളിൽ പങ്കെടുത്തിട്ടും വിഴിഞ്ഞത്ത് സൂമിന്റെ അപേക്ഷ കേരളസർക്കാർ തള്ളിക്കളഞ്ഞതുപോലെ തന്റെ അപേക്ഷകൾ തള്ളിപ്പോകുന്നതുപോലും താൻ അറിയുന്നില്ലല്ലോ? ഇനി ഏതെങ്കിലും ചാനലിൽ കയറി സ്വയംവരത്തിന് നിന്നു കൊടുക്കേണ്ടി വരുമോ? സ്വയംവരത്തിന് നിന്നുകൊടുക്കുന്നതിലും കഷ്‌ടമായിരിക്കും അവതാരികപെണ്ണിന്റെ മലയാളം സഹിക്കാൻ. ഏതായാലും സാഹസങ്ങൾക്ക് മുതിരുന്നതിനുമുമ്പ് കൂട്ടുകാരുടെ അഭിപ്രായം തേടാം. മനുഷ്യരെ ഒരു വഴിക്കാക്കുന്ന അഭിപ്രായങ്ങൾ ഫ്രീ ആയിട്ട് തരാൻ ആർക്കും മടികാണില്ലല്ലോ? തന്നെ ഒരു തീരുമാനം എടുക്കാൻ സഹായിക്കണമെന്ന് പറഞ്ഞ് ഒരു മെയിൽ അയിച്ചതിന്റെ പിന്നാലെ മെയിലുകളും ഫോൺവിളികളും എത്തി. പലരും ചേർന്നാൽ പാമ്പ് ചാവില്ലെന്ന് പറഞ്ഞതുപോലെയായി കാര്യങ്ങൾ.
“എടാ എം.ബി.എക്കാരിയെ നോക്കേണ്ട….. അവൾ നിന്നെ മാനേജ് ചെയ്യാൻ വരും….”
“വെളിയിൽ ജോലിയുള്ളതിനെയൊന്നും നോക്കേണ്ട. അതിനൊക്കെ കിട്ടുന്നത് ലോണടയ്‌ക്കാനേ കാണൂ….”
എടാ ഐറ്റിയിലുള്ളതിനെ നോക്കേണ്ട…. ഹോട്ടലിൽ നിന്നു തന്നെ എന്നും കഴിക്കേണ്ടിവരും…..“
”ഐറ്റിയിൽ നിന്നാരെയും കെട്ടേണ്ട….. എന്നും ടെൻഷൻ പിടിച്ച പണി കഴിഞ്ഞിട്ട് ജീവിക്കാൻ സമയം കിട്ടത്തില്ല…….“
”എടാ കല്യാണം കഴിക്കാനേ പാടില്ല…….“
ശെടാ ഇത് വലിയ കുരിശായല്ലോ..! ഒരു തീരുമാനം എടുക്കാൻ പറ്റുമല്ലോ എന്ന് വിചാരിച്ചാണ് ഇവന്മാരോട് അഭിപ്രായം ചോദിച്ചത്. ഇതിപ്പോൾ കേരളത്തിലെ മന്ത്രിസഭപോലെ ഇരുപത് പേർക്കും ഇരുപത് അഭിപ്രായങ്ങൾ. കെട്ടാത്തവൻമാർക്ക് കെട്ടാത്താതിന്റെ സങ്കടം, കെട്ടിയവന്മാർക്ക് കെട്ടിയതിന്റെ സങ്കടം. എന്താ ഒരു പോംവഴി. എല്ലാവർക്കും ഒരു കാര്യത്തിൽ മാത്രം എതിരഭിപ്രായമില്ല. ജോലിയുള്ള പെണ്ണിനെയേ കെട്ടാവൂ. നമ്മുടെ ജോലി കയ്യാലപ്പുറത്തെ തേങ്ങാപ്പോലയാ. ഒരു ജോലിപോയാൽ അടുത്ത ജോലി കിട്ടുന്നതുവരെ വീട്ടിലെ അടുപ്പിൽ തീ കത്തണമെങ്കിൽ ജോലിയുള്ള പെണ്ണിനെ കെട്ടിയിട്ടേ കാര്യമുള്ളു. ഏതായാലും ഒരു കാര്യത്തിലെങ്കിലും ഏകാഭിപ്രായം ഉണ്ടായ സ്‌ഥിതിക്ക് ആ വഴിക്ക് മാത്രം നീങ്ങുക.
വീണ്ടും അന്വേഷണങ്ങൾ…. അവസാനം ഒരു പെണ്ണ് ഒത്തുവന്നു. പെണ്ണ് എയ്‌ഡഡ് സ്‌കൂളിലെ ടീച്ചർ. സ്‌ത്രീധനമായിട്ട് ഒന്നും തരാനില്ല. അവളുടെ വീട്ടിലെ തട്ടുമ്പുറത്ത് വരെ കിടന്ന മൂടുപോയ ഓട്ടുകോളാമ്പിവരെ തൂക്കികൊടുത്തുണ്ടാക്കിയ കാശ് സ്‌കൂളിലെ മാനേജർക്ക് കൊടുത്തിട്ടാണ് സ്‌കൂളിൽ കയറ്റിപ്പറ്റിയത്. ഐറ്റിക്കാരും ബി.എഡ് കാരും ഏതാണ്ടൊരുപോലെയാണ്. എപ്പഴാ കിട്ടിയ ജോലി പോകുന്നതെന്ന് രണ്ട് കൂട്ടർക്കും പറയാൻ പറ്റില്ല. നാടുനീളെയുള്ള തട്ടുതരികിട കോളേജുകളിൽ നിന്നൊക്കെ ആയിരക്കണക്കിന് പിള്ളേരാണ് ഐ.റ്റി. ബി.എഡ്. സർട്ടിഫിക്കറ്റുമായി വർഷം തോറും ഇറങ്ങുന്നത്. ഇവർക്കെല്ലാവർക്കും എവിടെ നിന്ന് ജോലി കിട്ടാൻ??? സർക്കാരാണെങ്കിൽ തൊഴിലില്ലാത്തവരെ സ്‌നേഹംകൊണ്ട് വരിഞ്ഞുമുറുക്കി ഞെക്കികൊല്ലാൻ പെൻഷൻ ഏകീകരണമെന്ന പരിപാടിയും സർക്കാരിന് ഇതൊക്കയല്ലേ ചെയ്യാൻ പറ്റൂ….!!!
പെണ്ണ് കാണാൻ ചെന്നപ്പോൾ നല്ല സ്വീകരണം. നല്ല സ്വീകരണം കിട്ടിയതിന് കാരണം ഉണ്ട്. അത് മൂന്നാൻ പറ്റിച്ച പണിയാണ്. ചെറുക്കനെക്കൊണ്ട് വരട്ടേയെന്ന മൂന്നാൻ പെണ്ണിന്റെ വീട്ടുകാരോട് ചോദിച്ചപ്പോൾ ചെറുക്കനെന്താപണിയെന്ന് പെണ്ണിന്റെ വീട്ടുകാരുടെ ചോദ്യത്തിന് മൂന്നാൻ അല്‌പം വളഞ്ഞവഴിയിലാണ് ഉത്തരം പറഞ്ഞത്. (തനിക്കുപ്പോൾ ജോലിയില്ലെന്നുള്ള കാര്യം നാട്ടിലുള്ള ഒരുത്തനും ഇതുവരെ അറിഞ്ഞിട്ടില്ല. അടുത്ത കൂട്ടുകാർക്ക് മാത്രമേ ആ സത്യം അറിയൂ)
”ചെറുക്കന് ഇപ്പോൾ കമ്പനിയിൽ പണിയൊന്നും എടുക്കേണ്ട വെറുതെ ചെന്നിരുന്നാൽ മതി…..
മരുമോനാകാൻ പോകുന്നവൻ വലിയ സംഭവമാണെന്ന് പെണ്ണിന്റെ അപ്പനുമമ്മയ്‌ക്കും തോന്നിക്കാണും. പെണ്ണ് കാണാൻ ചെന്നപ്പോൾ അവിടെ ഒരു സമ്മേളനത്തിനുള ആളുണ്ട്. പെണ്ണിന്റെ അപ്പൻവഴിയും അമ്മവഴിയുമുള്ള എല്ലാകരക്കാരും ഹാജരുണ്ട്. ചെറുക്കനെ കണ്ടിട്ട് പണിയെടുക്കാതെ ശമ്പളം കിട്ടാനുള്ള തലേവര ഇല്ലന്ന് തോന്നിയതുകൊണ്ടാവണം പെണ്ണിന്റെ അമ്മാച്ചൻ ആദ്യത്തെ ചോദ്യം എറിഞ്ഞു.
“മോന് ശരിക്കെന്താ പണി?”
“ഞാനിപ്പോൾ ബഞ്ചിലാ…..”
അവന്റെ ഉത്തരം കാരണവർക്ക് ശരിക്ക് മനസിലായില്ല. അയാൾ അവനെ ശരിക്കൊന്നും നോക്കി. വലിയ ഏതാണ്ട് ജോലിയാണന്ന് പറഞ്ഞ ചെറുക്കൻ ഇരിക്കുന്നത് ബഞ്ചിലാണത്രെ! നാട്ടിലെ യൂണിയൻകാരും സർക്കാർ ശിപായും വരെ കസേരയിൽ ഇരിക്കുമ്പോൾ അനന്തരവളെ കെട്ടാൻ പോകുന്ന ചെറുക്കൻ ഓഫീസിൽ ഇരിക്കുന്നത് ബഞ്ചിലാണത്രെ!! ഇവൻ വെറും ലോക്കൽ!! തറ!!! ഏതായാലും അമ്മാച്ചൻ കൂടുതൽ ചോദിക്കാനും പറയാനും നിന്നില്ല കൂടപ്പിറപ്പിന്റെ വിധി എന്ന് ആശ്വസിച്ചിരിക്കണം.
“പെണ്ണിനും ചെറുക്കനും എന്തെങ്കിലും ചോദിക്കാനും പറയാനും ഉണ്ടങ്കിൽ ആവാം…..” പെണ്ണിനെറ അപ്പൻ പറഞ്ഞതും താൻ നാക്കിന് കടിഞ്ഞാണിട്ടു. മനസിൽ പണ്ടങ്ങൊണ്ട് സേവ് ചെയ്‌തിട്ടിരുന്ന ഡിമാന്റുകളെല്ലാം ഡിലീറ്റ് ചെയ്‌തു. അപ്പൻ കാണിച്ചു തന്ന മുറിയിലേക്ക് വലതുകാൽ വച്ചുതന്നെ കയറിയപ്പോൾ അറിയാവുന്ന ഈശ്വരന്മാരെയെല്ലാം കൂടി വിളിച്ചു. പണ്ടൊരുത്തി പെണ്ണ് കാണാൻ ചെന്നപ്പോൾ തെങ്ങുകയറ്റം പഠിക്കണമെന്ന് പറഞ്ഞതാണ്. തെങ്ങിൽ കയറാൻ പഠിച്ചു കഴിഞ്ഞപ്പോൾ പെണ്ണും പോയി. ഗവൺമെന്റിന്റെ വക പണിയും കിട്ടി. തെങ്ങുകയറാൻ ആളില്ലാത്തതുകൊണ്ട് തെങ്ങിൽ കയറാതെ തേങ്ങയിടുന്ന യന്ത്രം കണ്ടുപിടിക്കുന്നവർക്ക് പത്തുലക്ഷം രൂപ കൊടുക്കുമെന്ന്!! ഇനി വീട്ടിലിരുന്ന് റബർ വെട്ടുന്ന യന്ത്രം കണ്ടുപിടിക്കാൻ ഗവൺമെന്റ് പറയുമോ ആവോ?
കൊലുസിന്റെ ശബ്‌ദം. ഇതാ അവൾ കടന്നു വരുന്നു. മുഖത്ത് ഒരു ചിരി വരുത്താൻ ശ്രമിച്ചു എങ്കിലും ആ ചിരി ദയനീയമായ ഒന്നായിരുന്നു എന്ന് മുറിയിലെ അലമാരയിലെ കണ്ണാടിയിലെ പ്രതിബിംബത്തിൽ നിന്ന് മനസിലായി. ഏതായാലും അവളൊന്ന് ചിരിച്ചപ്പോൾ ആശ്വാസമായി. അവളുടെ ചിരികണ്ടപ്പോൾ അവളോട് കള്ളം പറയാൻ തോന്നിയില്ല. സത്യം തന്നെ അവളോട് പറഞ്ഞു. തനിക്കിപ്പോൾ ജോലിയില്ല. കഴിഞ്ഞ ഇന്റർവ്യൂവിന്റെ കാര്യം വരെ അവൻ അവളോട് പറഞ്ഞു.
“എനിക്ക് തന്നെ ഇഷ്‌ടമായിരിക്കുന്നു. തനിക്ക് എന്നെ ഇഷ്‌ടമായെങ്കിൽ നമുക്കിത് നടത്താം….”
അവളതിനു പുഞ്ചിരിക്കുക മാത്രം ചെയ്‌തു.
“തനിക്കൊന്നും പറയാനില്ലേ?” അവൻ ചോദിച്ചു.
“എനിക്കും ഇഷ്‌ടമാണ്……….” അവൾ പറഞ്ഞത് കേട്ടപ്പോൾ അവന് ആശ്വാസമായി. ആരും ഇനി ഇടങ്ങോലിട്ടില്ലെങ്കിൽ അവളെ തനിക്ക് സ്വന്തം.
പാട്ടുപാടാനും ഡാൻസ് ചെയ്യാനും അറിയാമായിരുന്നെങ്കിൽ അവനവിടെ ഒരു റിയാലിറ്റി എപ്പിസോഡ് തകർക്കുമായിരുന്നു.
“എനിക്കൊരു കാര്യം പറയാനുണ്ട്…..” അവൾക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാനായി അവൻ കാതോർത്തു.
“പിടിക്കുമോ?”
അവന്റെ മൊബൈലിലേക്ക് ഒരു കോൾ വന്നു. രണ്ടു മൂന്ന് മിനിട്ടവൻ ഫോണിൽ സംസാരിച്ചു. ഫോൺ കട്ട് ചെയ്‌തതും അവൻ അവളോട് പറഞ്ഞു.
“എനിക്ക് ജോലി കിട്ടി. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ജോയിൻ ചെയ്യണം. എന്റെ കൂടെ പത്താംക്ലാസിൽ ഒരുത്തന്റെ കൊച്ചിയിലുള്ള കമ്പിനിയിൽ ഇന്റർവ്യൂവിന് പോയത് ഞാൻ പറഞ്ഞില്ലേ? അവനാണിപ്പോൾ വിളിച്ചത്….”
മുറിയിൽ കയറിയ പെണ്ണും ചെറുക്കനും ഇറങ്ങിവരാൻ താമസിച്ചപ്പോൾ കാരണവന്മാർക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. പഴയകാലമൊന്നും അല്ലല്ലോ? അവസാനം കതകുതുറന്ന് അവൻ ഹാളിലേക്ക് ചെന്നു. മൂന്നാമനോട് പതുക്കെ പറഞ്ഞെങ്കിലും സന്തോഷം കൊണ്ട് ശബ്‌ദം ഉറക്കെ ആയിപ്പോയി.
“എനിക്ക് പണികിട്ടി……” അത് കാരണവന്മാരും കേട്ടു. അവര് വാതിക്കൽ നില്‌ക്കുന്ന പെണ്ണിനെ നോക്കി മൂന്നാനും പെണ്ണിനെ നോക്കി.
“ഈ ചെറിയ സമയം കൊണ്ട് പെണ്ണ് ഇവനിട്ട് പണികൊടുത്തെന്നോ? പെണ്ണ് കൊള്ളാമല്ലോ? വെറുതെയല്ല പെണ്ണിന് ഒരു ഇളക്കം മൂന്നാൻ മനസിലോർത്തു.
”പ്രശ്‌നം ആകുമോടേ…..?“ മൂന്നാൻ പതിയെ അവനോട് ചോദിച്ചു. അപ്പോഴാണ് അവൻ ചുറ്റിനും നോക്കിയത്. ഹാളിലുള്ള എല്ലാവരും തന്നേയും പെണ്ണിനേയും മാറിമാറി നോക്കുന്നു.
”എനിക്ക് പുതിയ കമ്പനിയിൽ പണികിട്ടിയെന്നാ ഞാൻ പറഞ്ഞത്? എല്ലാവർക്കും ആശ്വാസമായി. വെറുതെ ചെക്കനേയും പെണ്ണിനേയും തെറ്റിധരിച്ചു. പെണ്ണിനും ചെറുക്കനും ഇഷ്‌ടമായ സ്‌ഥിതിക്ക് കാര്യങ്ങളെല്ലാം പെട്ടെന്ന് നടത്താൻ തീരുമാനമായി. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ കല്യാണവും വിരുന്നുമൊക്കെ കഴിഞ്ഞ് ചെറുക്കന് ജോലിക്ക് പോകാനുള്ളതല്ലേ.
കല്യാണമൊക്കെ അങ്ങനെ കഴിഞ്ഞു. ചെറുക്കന്റെ പള്ളിയിൽ വച്ച് കെട്ട് കഴിഞ്ഞ് ചെറുക്കനും പെണ്ണും പെണ്ണിന്റെ വീട്ടിലെത്തി.
ആദ്യരാത്രി.
കാലംതെറ്റിവന്ന കാലവർഷം തകർത്തു പെയ്യുന്നു. ജൂണിൽ തുടങ്ങേണ്ട മഴ മെയ് പകുതി കഴിഞ്ഞപ്പോൾ പെയ്യാൻ തുടങ്ങുന്നു. ജനലിൽകൂടി കടന്നുവരുന്ന മിന്നലിന്റെ വെളിച്ചത്തിൽ അവർ പുതിയ ജീവിതത്തിലേക്ക് കടന്നു.
വിവാഹത്തിനുശേഷമുള്ള ആദ്യത്തെ പ്രഭാതം.
അവൾ എഴുന്നേറ്റപ്പോഴും അവൻ ഉറക്കമായിരുന്നു. അവനെ ഉണർത്താതെ അവൾ അടുക്കളയിലേക്ക് പോയി കാപ്പി എടുത്തു. വരാന്തയിൽ കിടക്കുന്ന പത്രവും എടുത്ത് തങ്ങളുടെ മുറിയിലേക്ക് വന്നു. മുറിയുടെ വാതിൽ അവൾ അടച്ചു. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഗ്ലാസ് താഴെ വീണുടയുന്ന ശബ്‌ദവും അവളുടെ നിലവിളിയും മുറിയിൽ നിന്ന് ഉയർന്നു. വീട്ടിലുള്ളവർ മുറിക്കുമുന്നിൽ ഓടിവന്നു. മുറിക്കുമുന്നിൽ കൂടിനിന്നവരുടെ മുന്നിലേക്ക് വാതിൽ തുറന്ന് അവൾ ഇറങ്ങി. വാതിക്കൽ നിന്നവർ അകത്തേക്ക് നോക്കി. മുറിയുടെ നടുക്ക് പൊട്ടിച്ചിതറിയ ഗ്ലാസ് കഷണങ്ങൾ. പിന്നെ അവൻ !! ഉടുമുണ്ട് വലിച്ചുവാരി ചുറ്റി അവൻ നില്‌ക്കുന്നു.
അവൻ കണ്ണ് തിരുമ്മി നോക്കി. അമ്മായപ്പൻ തന്നെ സൂക്ഷിച്ചുനോക്കുന്നില്ലേ?
“എന്തിനാ മോളേ നിലവിളിച്ചത്? ”പെണ്ണിന്റെ അമ്മ ചോദിച്ചു.
“അത് ഞാൻ…. പിന്നെ….. വായിച്ചപ്പോൾ……..” പെണ്ണ് വിക്കി.
അമ്മായി അമ്മ തന്നെ സൂക്ഷിച്ചു നോക്കുന്നത് അവൻ തിരിച്ചറിഞ്ഞു.
“എന്തോന്നാടാ ആഭാസാ എന്റെ മോളോട് ചെയതത്?” എന്നൊരു ചോദ്യം അമ്മായിയമ്മയുടെ നോട്ടത്തില്ലില്ലേ? ഞാൻ പാവം! നിഷ്‌കളങ്കൻ!…….. താൻ ഒന്നും ചെയ്‌തിട്ടില്ല എന്ന് പറയാതെ പറഞ്ഞ് ഫുട്‌ബോൾ ഗ്രൗണ്ടിൽ എതിർകളിക്കാരനെ ഇടിച്ചിട്ട കളിക്കാരൻ മഞ്ഞക്കാർഡ് കാണിക്കണോ ചുവന്ന കാർഡ് കാണിക്കണോ എന്ന് ചിന്തിച്ചുനിൽക്കുന്ന റഫറിയുടെ മുന്നിൽ കൈ ഉയർത്തി കാണിക്കുന്ന കളിക്കാരനെപോലെ ഞാനൊന്നും ചെയ്‌തില്ല എന്ന് കൈ പൊക്കി കാണിക്കണമെന്ന് അവന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ഉടുമുണ്ടിന്റെ അവസ്‌ഥയോർത്ത് അത് വേണ്ടാ എന്ന് വെച്ചു.
“മോളെന്തെങ്കിലും കണ്ട് പേടിച്ചോ?” പെണ്ണിന്റെ അമ്മാവിയുടെ ചോദ്യം.
“ഉം……..” അവൾ തലകുലുക്കി.
അപ്പാ, ഞാനൊന്നും അറിഞ്ഞില്ല എന്ന് കണ്ണ്‌കൊണ്ട് അമ്മായിയപ്പോനോട് പറയാൻ അവൻ ശ്രമിച്ചു.
“മോളെന്ത് കണ്ടിട്ടാ പേടിച്ചത്?” വീണ്ടും അമ്മാവിയുടെ ചോദ്യം.
എന്റേ കർത്താവേ ഇവരൊക്കെ സി.ബി.ഐ.യിൽ ആയിരുന്നോ? എന്തോ ചോദ്യങ്ങളാ ചോദിക്കുന്നത്. അവൻ മനസിൽ ചിന്തിച്ചു. അവൾ ടീപ്പോയിൽ കിടന്ന പത്രമെടുത്ത് കാണിച്ചു. ആദ്യപേജിൽ വെണ്ടയ്‌ക്കാവലുപ്പത്തിൽ ഹെഡിംങ്ങ്.
കുട്ടികളുടെ എണ്ണം കുറവുള്ള സ്‌കൂളുകളിൽ നിന്ന് അദ്ധ്യാപകരെ പിരിച്ചുവിടും…..
“ഇതു വായിച്ചപ്പോൾ എന്റെ കയ്യിൽ നിന്ന് അറിയാതെ കാപ്പി കപ്പ് താഴെ വീണുപൊട്ടി. ചൂട് കാപ്പി കാലിൽ വീണപ്പോൾ ഞാനറിയാതെ കരഞ്ഞു പോയതാ….” അവൾ പറഞ്ഞു.
“ഇത്രയേയുള്ളോ കാര്യം……” രാപ്പടം കാണാൻ ചെന്നിട്ട് അവാർഡ് സിനിമാ കണ്ടതുപോലെയായി അമ്മാവിയുടെ മുഖം.
“മോനേ നീ ഡീസന്റാണെന്ന് എനിക്ക് പണ്ടേ അറിയാം” എന്നുള്ള ഭാവത്തിൽ അമ്മായിയപ്പൻ അവനെ നോക്കി. എല്ലാവരും മുറിയുടെ മുന്നിൽ നിന്ന് പിരിഞ്ഞുപോയി.
രാവിലത്തെ ഭക്ഷണം കഴിഞ്ഞുടനെ അവർ ഇരുവരും കൂടി അവളുടെ വീട്ടിൽനിന്ന് ഇറങ്ങി. പിള്ളാരെത്തിരക്കി അവർ ഓരോ വീട്ടിലും കയറിയിറങ്ങി. എങ്ങനെയെങ്കിലും പത്തിരുപത് പിള്ളാരെ പിടിച്ച് കൈയ്യോടെ സ്‌കൂളിൽ ചേർത്ത് ജോലി പോകാതെ നോക്കണമല്ലോ? വാഗ്‌ദാനങ്ങളുടെ പെരുമഴയുമായി അവരുടെ വീടുവീടാന്തരം യാത്രതുടരുന്നു….. പിള്ളാരെപിടിത്തം എന്ന ടെൻഷൻ തീർത്തിട്ടു വേണം അവന് പ്രൊജക്‌ട് ഡെലിവറി എന്ന ടെൻഷൻ എടുക്കാൻ!!! എന്തെല്ലാം ടെൻഷൻ എടുത്ത് തലയിൽ വച്ച് വേണം ജീവിതമൊന്ന് മുന്നോട്ട് കൊണ്ടുപോകാൻ…!!!!
Generated from archived content: story1_mar13_10.html Author: shibu.mathew_easo