അയാള്‍ അങ്ങനെ ചെയ്യുമെന്ന് ആരും വിശ്വസിച്ചില്ല. പക്ഷേ വിശ്വസിക്കാതിരിക്കാനും പറ്റുന്നില്ല. ന്യൂസ് ചാനലുകളിലൂടെ ആ വാര്‍ത്ത സ്ക്രോള്‍ ചെയ്ത് പൊയ്ക്കൊണ്ടിരുന്നു.
Flash News :: ട്രയിന്‍ ബാത്ത് റൂമില്‍ മൊബൈല്‍ ക്യാമറ…. ഒളിപ്പിച്ച് വെച്ച ആള്‍ പിടിയില്….മംഗലാപുരം- തിരുവനന്തപുരം പരശുറാം എക്സ്‌പ്രസിലാണ് സംഭവം….
FLASH NEWS…. റേയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു….. മറ്റ് ട്രയിനുകളിലും ഇയാള്‍ മൊബൈല്‍ ക്യാമറ ഒളിപ്പിച്ച് വെച്ചിട്ടുണ്ടന്ന് സംശയം… അയാളുടെ നാട്ടുകാര്‍ പരസ്പം മുഖത്തോട് മുഖം നോക്കി. അയാളങ്ങനെ ചെയ്യുമെന്ന് അവരും കരുതിയില്ല. അയാള്‍ മറ്റ് ട്രയിനുകളിലും മൊബൈല്‍ ക്യാമറ ഒളിപ്പിച്ച് വെച്ചിട്ടൂണ്ടന്ന് വാര്‍ത്താ വായനക്കാരന്‍ പറഞ്ഞപ്പോള്‍ അവര്‍ അയാളേക്കുറിച്ച് സഹതപിച്ചു. കാരണം അയാള്‍ അങ്ങനെ ട്രയിനില്‍ യാത്ര ചെയ്യില്ലായിരുന്നു. ആറുമാസം കൂടുമ്പോള്‍ എറണാകുളത്തെ ആശുപത്രിയില്‍ പോകാന്‍ വേണ്ടിമാത്രം ആയിരുന്നു അയാള്‍ ട്രയിനില്‍ യാത്ര ചെയ്തിരുന്നത്.
എന്താണ് സംഭവിച്ചതന്ന് അറിയാന്‍ അയാളുടെ വീട്ടുകാരും നാട്ടുകാരും റയില്‍വേ പോലീസിന്റെ കസ്റ്റഡിയിലുള്ള അയാളെ കാണാന്‍ തിരിച്ചു.
വാര്‍ത്താ ചാനലുകളില്‍ പ്രത്യേകം ചര്‍ച്ച് ആരംഭിച്ചു. ട്രയിനുകളിലും ഹോട്ടലുകളിലും ക്യാമറ ഒളിപ്പിച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്ന മാഫിയായിലെ ഒരംഗം ആണ് അയാളന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ തീര്‍പ്പ് കല്പിച്ചു. അയാള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ചര്‍ച്ചയിലെ എല്ലാവരും ആവിശ്യപ്പെട്ടു. ചര്‍ച്ചകള്‍ക്കിടയില്‍ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്ന അയാളെ ഇടയ്ക്കിടയ്ക്ക് കാണിച്ചു കൊണ്ടിരുന്നു. അയാളുടെ മൊബൈല്‍ ബാത്ത് റൂമില്‍ ഒളിപ്പിച്ച നിലയില്‍ ആദ്യം കണ്ട സ്ത്രി ചര്‍ച്ചയില്‍ പങ്കെടുത്തു…
അയാള്‍ ബാത്ത് റൂമില്‍ നിന്ന് ഇറങ്ങിയതിനു ശേഷം, ട്രയിന്‍ ഏറ്റുമാനൂര്‍ സ്റ്റേഷന്‍ വിട്ട ഉടനെ അവര്‍ ബാത്ത് റൂമില്‍ കയറിയപ്പോള്‍ ബാത്ത് റൂമിന്റെ തറയില്‍ കുപ്പിയുടെ പുറകില്‍ മൊബൈല്‍ ക്യാമറ ഇരിക്കുന്നത് കണ്ടന്നും അവര്‍ പെട്ടന്ന് ബാത്ത് റൂമില്‍ നിന്ന് ഇറങ്ങി മറ്റുള്ളയാത്രക്കാരോട് വിവരം പറയുകയും യാത്രക്കാര്‍ അന്വേഷിച്ചപ്പോള്‍ ആ ഫോണ്‍ തന്റെയാണന്ന് ‘അയാള്‍’ സമ്മതിക്കുകയും ചെയ്തു. അതോടെ ആളുകള്‍ ട്രയിനില്‍ ഉള്ള പോലീസുകാരെ വിവരം അറിയിക്കുകയും അവര്‍ എത്തുകയും ട്രയിന്‍ കോട്ടയം സ്റ്റേഷനില്‍ എത്തിയപ്പോള്‍ അയാളെ കൊണ്ടുപോവുകയും ചെയ്തത്രെ!! മൊബൈലില്‍ ക്യാമറ ഓണായിരുന്നോ എന്ന് അവര്‍ക്കറിയില്ലായിരുന്നു .അയാള്‍ പിറവം സ്റ്റേഷനില്‍ നിന്ന് വണ്ടീ വിട്ടയുടന്‍ ബാത്ത് റൂമില്‍ കയറിയിട്ട് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ വെച്ചാണ് ബാത്ത് റൂമില്‍ നിന്ന് ഇറങ്ങിയത്. ഏകദേശം അരമണിക്കൂര്‍ നേരം ബാത്ത് റൂമില്‍ നിന്ന അയാള്‍ ക്യാമറ പറ്റിയ സ്ഥലത്ത് ഒളിപ്പിക്കാന്‍ തന്നെയായിരിക്കും അത്രയും സമയം എടുത്തത് എന്നുള്ള നിരീക്ഷണത്തോടേയാണ് ഒട്ടുമിക്ക ചര്‍ച്ചകളും അവസാനിച്ചത്.
കോട്ടയത്ത് നിന്ന് ഇറക്കുന്ന ഉച്ചപത്രങ്ങള്‍ വീണ്ടും അയാളുടെ പടം പുറം പേജാക്കി ‘ട്രയിന്‍ ബാത്ത് റൂമില്‍ മൊബൈല്‍ ക്യാമറ’ സ്പെഷ്യല്‍ പത്രം ഇറക്കി. പത്രം ചൂടപ്പം പോലെ വിറ്റുപോയി. കൂടുതല്‍ വിവരങ്ങള്‍ക്കായി മലയാളികള്‍ വാര്‍ത്താ ചാനലുകള്‍ മാറിമാറി നോക്കി. എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത് അയാളുടെ മൈബൈല്‍ ക്യാമറയില്‍ ഏതെല്ലാം ട്രയിനിലെ ബാത്ത് റൂം ദൃശ്യങ്ങള്‍ ഉണ്ടന്നും അതൈല്‍ ആരുടെയൊക്കെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടന്നും എന്നുള്ളതായിരുന്നു.
കൂടുതല്‍ അന്വേഷ്ണത്തിനായി ‘അയാളെ‘ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി എന്നുള്ള വാര്‍ത്തയും ചാനലില്‍ വന്നു. അയാള്‍ക്ക് എന്താണ് പറയാനുള്ളത് എന്ന് ആരും ചോദിച്ചില്ല. അയാള്‍ എന്തക്കയോ പറയാന്‍ ശ്രമിച്ചു എങ്കിലും അതാരും കേട്ടില്ല. പോലീസ് അയാളുടെ മൊബൈലും മെമ്മറി കാര്‍ഡും വിശദമായി പരിശോധിച്ചു. പക്ഷേ അവര്‍ക്കൊന്നും കണ്ടത്താന്‍ കഴിഞ്ഞില്ല. അയാള്‍ നിരപരാധിയാണന്ന് കണ്ട് പോലീസ് അയാളെ ബന്ധുക്കളോടൊപ്പം വിട്ടൂ. പക്ഷേ അത് ഒരു ചാനലിലും ഫ്ലാഷ് ന്യൂസായി വന്നില്ല. അയാള്‍ ആരോടും ഒന്നും പറഞ്ഞില്ല. അയാള്‍ വീട്ടിലേക്കുള്ള യാത്രയില്‍ ഒന്നും മിണ്ടിയില്ല.
“എനിക്കറിയാം നിങ്ങളെ… നിങ്ങളൊരിക്കലും ഇങ്ങനെ ചെയ്യില്ലന്ന് എനിക്കറിയാം” അയാളുടെ ഭാര്യ അയാളോട് പറഞ്ഞു. അയാള്‍ അവളുടെ തോളിലേക്ക് ചാരി ഇരുന്നു. അയാളുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒഴുകി. “നീ എന്നെ വിശ്വസിച്ചാലും ഞാനിപ്പോള്‍ ഈ സമൂഹത്തിന്റെ മുന്നില്‍ ഒരു നീചനാണ്…” .. അയാള്‍ പിറുപിറുത്തു…
പിറ്റേന്ന് അയാള്‍ എഴുന്നേല്‍ക്കാന്‍ താമസിച്ചപ്പോള്‍ അയാളുടെ ഭാര്യ അയാള്‍ കിടന്ന മുറിയുടെ വാതിക്കല്‍ എത്തി മുട്ടിവിളിച്ചു. കുറേ വിളിച്ചിട്ടൂം അയാള്‍ എഴുന്നേറ്റില്ല. അവരുടെ കരച്ചില്‍ കേട്ട് മറ്റുള്ളവര്‍ എത്തി. അവര്‍ വാതില്‍ ചവിട്ടി തുറന്നു. അയാള്‍ സീലിംങ്ങ് ഫാനില്‍ തൂങ്ങി മരിച്ചിരിക്കുന്നു. പോലീസ് എത്തി അന്വേഷ്ണം ആരംഭിച്ചു. അവര്‍ക്ക് അയാള്‍ ഭാര്യയ്ക്ക് എഴുതിയ ആത്മഹത്യക്കുറിപ്പ് കിട്ടീ.
“പ്രിയപ്പെട്ട ഭാര്യേ… എനിക്കറിയാം നിനക്ക് എന്നെ വിശ്വാസം ആയിരിക്കുമെന്ന് പക്ഷേ മറ്റുള്ളവര്‍ എന്നെ വിശ്വസിക്കുന്നില്ലല്ലോ.. എന്താണ് ഇന്നലെ സംഭവിച്ചതന്ന് ആരും എന്നോട് ചോദിച്ചില്ല. എന്നിട്ടൂം ഞാന്‍ പറയാന്‍ ശ്രമിച്ചു. പക്ഷേ അവരുടെ ആക്രോശത്തിനിടയില്‍ എന്റെ ശബ്ദ്ദം അലിഞ്ഞു പോയി. ഞാന്‍ ഒരു കുറ്റവാളിയെപ്പോലെ ചാനല്‍ ക്യാമറകള്‍ക്ക് മുമ്പില്‍ നിന്നു. എന്നെ പ്രദര്‍ശിപ്പിക്കാന്‍ പോലീസുകാരും മത്സരിച്ചു. ഞാനിന്നു വരെ ആ മൊബൈലില്‍ ഒരു ഫോട്ടോ പോലും എടുത്തിട്ടീല്ല. എങ്ങനെയാണ് ഫോട്ടൊ എടുക്കുന്നതന്ന് പോലും എനിക്കറിയില്ലന്ന് നിനക്കറിയാമല്ലോ. ഇന്നലെ ഡോക്ടറെ കണ്ടിട്ട് ഞാന്‍ ഭക്ഷണം കഴിച്ച് ഒന്നേകാല്‍ ആയപ്പോള്‍ നോര്‍ത്ത് സ്റ്റേഷനില്‍ എത്തി. ഒന്നര ആയപ്പോള്‍ പരശുറാം വന്നു. തിരക്ക് ഉണ്ടായിരുന്നെങ്കിലും എനിക്ക് സീറ്റ് കിട്ടി. പിറവം സ്റ്റേഷനില്‍ നിന്ന് വണ്ടി വിട്ടയുടനെ ആണ് എനിക്ക് വയറ്റില്‍ എന്തോ അസ്വസ്ഥത തോന്നിയത്. എനിക്ക് ബാത്ത് റൂമില്‍ പോകണം എന്ന് തോന്നി. ഞാന്‍ എഴുന്നേറ്റ് ബാത്ത് റൂമില്‍ പോയി. ട്രയിനിന്റെ കുലുക്കം കാരണം എനിക്ക് ശരിക്ക് ഇരിക്കാന്‍ കഴിഞ്ഞില്ല. ഇടയ്ക്ക് എന്റെ പോക്കറ്റില്‍ നിന്ന് ഫോണ്‍ വെളിയിലേക്ക് പോകാനും തുടങ്ങി. ഫോണ്‍ എടുത്ത് എവിടെയെങ്കിലും വെച്ചാലോ എന്ന് ആലോചിച്ചു. വാഷ് ബേസിനു താഴെ നിലത്ത് രണ്ട്മൂന്ന് കുപ്പി ഇരിക്കുന്നത് കണ്ടു. അതിന്റെ പുറക് വശത്ത് ഞാന്‍ ഫോണ്‍ വെച്ചു. കുറുപ്പന്തറയില്‍ വെച്ചായിരിക്കണം ട്രയിന്‍ കേരളയ്ക്ക് ക്രോസിങ്ങിനായി നിര്‍ത്തി. അപ്പോഴാണ് എനിക്ക് ബാത്ത് റൂമില്‍ പോകാനായത്. ബാത്ത് റൂമില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഫോണ്‍ എടുക്കാന്‍ ഞാന്‍ മറന്നു പോയി. ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ നിന്ന് വണ്ടി വിട്ടപ്പോള്‍ രണ്ടു മൂന്ന് പേര്‍ ‘ഇതാരുടെ മൊബൈല്‍’ ആണന്ന് ചോദിച്ച് ഞാന്‍ ഇരുന്നതിനടുത്ത് വന്നു. അപ്പോഴാണ് ഞാന്‍ ഫോണിനെക്കുറിച്ച് ഓര്‍ത്തത്. അത് എന്റെയാണന്ന് ഞാന്‍ പറഞ്ഞ്. അതോടെ അവരെന്നെ കൈയ്യേറ്റം ചെയ്യാന്‍ തുടങ്ങി. ബാത്ത് റൂമില്‍ കയറുന്നവരുടെ വീഡിയോ എടുക്കാന്‍ ഞാന്‍ ഫോണ്‍ അവിടെ വെച്ചതാണന്ന് അവര്‍ പറഞ്ഞു.കുറച്ച് കഴിഞ്ഞപ്പോള്‍ പോലീസ് വന്നു……….
ഒരു കള്ളനെപ്പോലെ ഒരു കുറ്റവാളിയെപ്പോലെ ജനങ്ങളുടെ ഇടയില്‍ ജീവിക്കാന്‍ എനിക്ക് വയ്യ… ഞാന്‍ പോകുന്നു…. എനിക്കറിയാം നീ ഒരിക്കലും എന്നെ അവിശ്വസിക്കില്ലന്ന്.. നമ്മുടെ കുഞ്ഞങ്ങളോടും നീ പറയണം അവരുടെ അപ്പന്‍ ഒരിക്കലും തെറ്റ് ചെയ്തിട്ടല്ല്… ഇനി നമുക്ക് സ്വര്‍ഗ്ഗത്തില്‍ വെച്ച് കാണാം… ഒരിക്കലും ഞാന്‍ നമ്മുടെ കുഞ്ഞുങ്ങളേയും നിന്നേയും സ്നേഹിച്ചു തീര്‍ന്നിട്ടീല്ല.. പക്ഷേ എനിക്കിനി ഇങ്ങനെ ജീവിക്കാന്‍ വയ്യ… അടുത്ത ജന്മത്തില്‍ നമുക്ക് വീണ്ടൂം ഒരുമിക്കാം.. അന്ന് വീണ്ടും നമ്മുടെ കുഞ്ഞുങ്ങള്‍ നിന്റെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടും എന്നാണ് എന്റെ വിശ്വാസം…
ജീവിതം അവസാനിപ്പിക്കേണ്ടി വരുന്നതില്‍ നിന്നോടും കുഞ്ഞുങ്ങളോടും മാപ്പ്………”
Generated from archived content: story1_aug6_12.html Author: shibu.mathew_easo
Click this button or press Ctrl+G to toggle between Malayalam and English