അനോണിയെ പ്രണയിച്ച ചിന്നമ്മ

അങ്ങനെ പത്താം ക്ലാസിലെ റിസൽട്ട്‌ വന്നു. പണ്ടൊക്കെ റിസൽട്ട്‌ നാട്ടിൽ അറിയണങ്കിൽ കുറഞ്ഞത്‌ ഒരു ദിവസം എടുക്കുമായിരുന്നു. ഇപ്പോഴങ്ങനെയല്ലല്ലോ കഥ. മന്ത്രി അവിടെ പ്രഖ്യാപിക്കുമ്പോൾ ഇവിടൊന്ന്‌ ഞെക്കിയാൽ മതി. റിസൽട്ട്‌ കൈയ്യിൽ കിട്ടും. റിസൽട്ട്‌ വരുന്ന ദിവസമായിട്ടും പത്തുമണി കഴിഞ്ഞിട്ടും ചിന്നമ്മ കിടക്കപ്പായിൽ നിന്ന്‌ എഴുന്നേറ്റില്ല. അല്ലങ്കിൽ തന്നെ തന്നെ ഇപ്പോൾ എഴുന്നേറ്റിട്ട്‌ എന്നാ ചെയ്യാനാ. നാട്ടിലുള്ള കുട്ടപ്പന്റെ ഒറ്റമുറി ഇന്റർനെറ്റ്‌ കഫേയിലെ പെന്റിയം ത്രി പ്രൊസ്സർ കമ്പ്യൂട്ടർ, ജനറേറ്റർ പോലെ അലയ്‌ക്കുന്നതും കിതയ്‌ക്കുന്നതും രണ്ട്‌ കിലോമീറ്റർ ദൂരത്ത്‌ വരെ കേൾക്കാം. കുട്ടപ്പന്റെ കമ്പ്യൂട്ടർ സെന്ററിനു മുന്നിൽ ഷക്കീലാപടം റിലീസ്‌ ചെയ്യുന്ന ദിവസത്തെ തിരക്ക്‌. കുട്ടപ്പനാണങ്കിൽ സന്തോഷം വന്നിട്ട്‌ ഇരിക്കാൻ വയ്യ. എല്ലാ ദിവസവും പരീക്ഷാഫലങ്ങൾ ഇന്റർനെറ്റ്‌ വഴി വന്നായിരുന്നെങ്കിൽ ഇപ്പോഴുള്ള ബ്രേക്കില്ലാ സൈക്കിൾ മാറ്റി ഒരു ലാമ്പി എടുക്കാമായിരുന്നു എന്ന്‌ ചിന്തിച്ചു ആൾക്കൂട്ടത്തിലെ ഓരോ മുഖവും സ്‌കാൻ ചെയ്‌ത്‌ തന്റെ സ്‌കാനറിലേക്ക്‌ കയറ്റി വിട്ടു. ആ കൂട്ടത്തിൽ തന്റെ പ്രണയനിയായ ചിന്നമ്മ ഇല്ല എന്ന നടക്കുന്ന സത്യം അവൻ തിരിച്ചറിഞ്ഞപ്പോഴേയ്‌ക്കും വൈകിപ്പോയിരുന്നു.

ചിന്നമ്മ കുട്ടപ്പന്റെ സ്വപ്‌നങ്ങളിലെ രാജകുമാരിയായിരുന്നു, ചിന്നമ്മ എന്ന രാജകുമാരി സ്വപ്‌നത്തിൽ കടന്നു വരുമ്പോൾ അവളെ ശരിക്കൊന്നു കാണാനായി അവൻ കണ്ണ്‌ പോലും തുറന്നു നോക്കും…. പക്ഷേ അവൾ അപ്പോഴേക്കും കുന്നിലെവിടയോ പുകപോലെ അലിഞ്ഞു പോകും. കുട്ടപ്പന്റെ കമ്പ്യൂട്ടർ സെന്ററിന്റെ മുന്നിലൂടെ അവൾ നടന്നു പോകുമ്പോൾ കുട്ടപ്പന്റെ മദർബോർഡ്‌ ചൂടാവും. ആ ചൂട്‌ കുറയ്‌ക്കാനായി അവളുടെ പുറകെ നടക്കുമ്പോൾ അവൾ ചൂടാവും. അതോടെ കുട്ടപ്പൻ ഹാങ്ങാവും. ആ ഹാങ്ങ്‌ മാറാനായി കുട്ടപ്പൻ വീണ്ടും സെന്ററിൽ വന്നിരുന്ന്‌ വായി നോക്കും. ഇങ്ങനെ കുട്ടപ്പന്റെ പ്രണയം പച്ച പിടിക്കാതെ നിൽക്കുമ്പോഴാണ്‌ പത്താം ക്ലാസിലെ റിസൽട്ടിന്റെ വരവ്‌. അതെങ്കിലും അറിയാനായി ചിന്നമ്മ വരുമെന്ന്‌ കരുതിയാണ്‌ വാടകയ്‌ക്ക്‌ എടുത്ത ജുബ്ബയും ഇട്ട്‌ രാവിലെ ഇറങ്ങിയത്‌. ചന്ദനത്തിന്റെ ഒരു കഷ്‌ണം പോലും കിട്ടാതെ വന്നപ്പോൾ പറമ്പിലെ വെള്ളക്ക അരച്ചാണ്‌ നെറ്റിയിൽ തേച്ചത്‌, എന്നിട്ടും അവൾ !!!!

പന്ത്രണ്ടുമണിയായപ്പോഴേക്കും പൂരം ഒഴിഞ്ഞ പൂരപ്പറമ്പായി കുട്ടപ്പന്റെ സെന്റർ…. ഇനി ഒരു മാനോ മാൻജാതിയോ വരുമെന്ന്‌ പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല. സെന്റർ പൂട്ടി കവലയിൽ പോയി ചീട്ടുകളിക്കാൻ ഇരുന്നാലോ എന്നാലോചിച്ചെങ്കിലും ചിന്നമ്മ ആ വഴി ആടിനെ തീറ്റാൻ വന്നാൽ തന്റെ ഇമേജ്‌ ടപ്പേന്ന്‌ പൊട്ടിപ്പോകും. എന്നുള്ളതുകൊണ്ട്‌ സ്‌റ്റാർട്ട്‌ മെനുവിൽ ഞെക്കി ഗെയിംസിൽ നിന്ന്‌ Heart എടുത്തു. മണ്ടൻ കളിയാണങ്കിലും കുറച്ച്‌ ചുവന്ന Heart കാണും എന്നുള്ളതുകൊണ്ട്‌ മാത്രമാണ്‌ കുട്ടപ്പൻ Heartൽ ഞെട്ടിയത്‌. അതിലെ ഓരോ ചീട്ടിലും അവൻ ചിന്നമ്മയേയും അവളുടെ ഹൃദയവും കണ്ടു. അന്ന്‌ വൈകിട്ട്‌ ചിന്നമ്മയുടെ അമ്മ പൊടിയമ്മയും പൊടിയമ്മയുടെ മകളും കുട്ടപ്പന്റെ സ്വപ്‌നസുന്ദരിയുമായ ചിന്നമ്മയും കൂടി കുട്ടപ്പന്റെ സെന്ററിൽ എത്തി. ചിന്നമ്മയുടെ മനസിൽ എങ്ങനെ ഫെവിക്വിക്ക്‌ വച്ച്‌ ഒട്ടിപ്പിടിക്കാം എന്ന്‌ ചിന്തിച്ച്‌ പുകഞ്ഞ്‌ ഇരിക്കുന്ന കുട്ടപ്പൻ ചിന്നമ്മയേയും അവളുടെ അമ്മയായ പൊടിയമ്മയേയും കണ്ട്‌ വിനയകുമാരനായി ഭവ്യതയോടെ എഴുന്നേറ്റു. ലവൾ തന്നെ ഒളികണ്ണിട്ട്‌ നോക്കുന്നുണ്ടോ എന്നറിയാൻ കുട്ടപ്പൻ രണ്ടു കണ്ണും തള്ളിച്ച്‌ ലവളെ നോക്കി. ലവളുടെ നോട്ടം തന്റെ സിസ്‌റ്റത്തിൽ ആണെന്ന്‌ മനസിലാക്കി കുട്ടപ്പൻ അല്‌പം ഞെളിഞ്ഞു നിന്നു.

“ഇത്‌ എന്റെ സിസ്‌റ്റമാ……. എന്റെ മാത്രം…..”

“ഹോ! നമ്മടെ ബാബുച്ചേട്ടന്റെ സിസ്‌റ്റത്തിന്റെ അത്രയും എടുപ്പില്ല അമ്മേ ഈ സിസ്‌റ്റത്തിന്‌… നമുക്ക്‌ ബാബുച്ചേട്ടന്റെ സിസ്‌റ്റത്തിൽ പോയി നോക്കാം” അവൾ അമ്മയോട്‌ ഇങ്ങനെ പറയുമെന്ന്‌ കുട്ടപ്പൻ സ്വപ്‌നത്തിൽ പോലും കരുതിയില്ല.

ഇവളു അമ്മയേയും വിളിച്ചു കൊണ്ട്‌ വന്നത്‌ സിസ്‌റ്റം നോക്കാനോ അതോ റിസൽട്ട്‌ നോക്കാനോ? ചിന്നമ്മയുടെ അമ്മയുടെ പേര്‌ പൊടിയമ്മയാണന്ന്‌ കുട്ടപ്പനറിയാം. അവരിൽക്കൂടി ചിന്നമ്മയിലേക്ക്‌ കടക്കുന്നതായിരിക്കും ബുദ്ധി എന്ന്‌ അവന്‌ തോന്നി. അതിനവരെ ആദ്യം കൈയ്യിലെടുക്കണം. അവരെ എന്താണ്‌ വിളിക്കേണ്ടത്‌. അമ്മ ചേർത്ത്‌ വിളിച്ചാൽ ശരിയാവില്ല. അമ്മ ചേർത്താൽ പൊടിയമ്മമ്മ എന്നാവും, അമ്മ ചേർക്കാതെ വിളിച്ചാൽ പേര്‌ വിളിക്കുന്ന താനൊരു അസത്താണന്ന്‌ അവര്‌ കരുതും. ഇനി സ്‌നേഹത്തോടെ ആദ്യ രണ്ടക്ഷരം വിളിച്ചാൽ തെറി ഉറപ്പാ. ഒരു കാര്യം ചെയ്യാം അമ്മച്ചി എന്ന്‌ വിളിക്കാം. അതുറപ്പിച്ചു.

“പൊടിയമ്മച്ചി മോടെ റിസൽട്ട്‌ നോക്കാനാണോ വന്നത്‌ ”വിനയപൂർവ്വം കുട്ടപ്പൻ ചോദിച്ചു.

“അതേടാ മോനേ… ഇവളുടെ റിസൽട്ട്‌ അറിഞ്ഞിട്ടു വേണം ഇവളെ ഡോക്‌ടറാക്കണോ എന്നൊക്കേ തീരുമാനിക്കാൻ, ”പൊടിയമ്മച്ചി അഭിമാനത്തോടെ പറഞ്ഞു. അമ്മച്ചിയുടെ ആവശ്യപ്രകാരം മാത്രം വാ തുറന്ന ചിന്നമ്മ എറ്റിഎം പിൻ നമ്പർ പറയുന്നതുപോലെ തന്റെ നമ്പർ പറഞ്ഞു കൊടുത്തു. സ്വർണ്ണത്തരി മിസ്സാകാതെ മാലയിൽ ചേർക്കുന്ന തട്ടാനെപ്പോലെ കുട്ടപ്പൻ ഓരോ അക്കവും കീബോർഡിൽ ഞെക്കി. ഇതാ വരുന്ന ചിന്നമ്മയുടെ റിസൽട്ട്‌. മൊത്തം സി ഗ്രേഡ്‌. ഇനി താഴോട്ടോന്നും ഗ്രേഡില്ലാഞ്ഞതു കൊണ്ടുമാത്രം സി ഗ്രേഡിൽ മാർക്ക്‌ നിന്നു. കുട്ടപ്പൻ ചിന്നമ്മയുടെ മുഖത്തെക്ക്‌ അവിശ്വസനീയതോടെ നോക്കി. ഞാനിത്‌ എത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തിൽ ചിന്നമ്മ നിന്നു.

“മൊത്തം സി യാ…. എ ഒന്നിനും ഇല്ല” കുട്ടപ്പൻ പറഞ്ഞു.

“നന്നായി…. അവൾക്ക്‌ എ യൊന്നും കിട്ടാതിരുന്നത്‌ നന്നായി. എ കിട്ടാതെ തന്നെ ആൾക്കാർ ഓരോന്ന്‌ പറഞ്ഞു നടക്കുന്നുണ്ട്‌ മോനേ. ചുറ്റിലും അസൂയക്കാരാ…..” പൊടിയമ്മച്ചി പറഞ്ഞതിന്‌ കുട്ടപ്പൻ തല കുലുക്കി.

“ചിന്നമ്മയെ എന്തിനു വിടാനെന്നാ പറഞ്ഞത്‌?” കുട്ടപ്പൻ പൊടിയമ്മച്ചിയോട്‌ ചോദിച്ചു.

“മോനേ അവളു പറയുന്നത്‌ അവൾക്ക്‌ ബിയർ ഗേളാകണമെന്നാ….”

“എന്തോന്നാ….”

“ഇപ്പോൾ ടിവിയിൽ കാണില്ലേ മോനേ ക്രിക്കറ്റ്‌ കളിക്കുമ്പോൾ ഓരോരുത്തന്മാർ അവിട്ടാകുമ്പോഴും പന്തടിക്കുമ്പോഴും പിള്ളാരുവന്ന്‌ ഡാൻസ്‌ കളിക്കുന്നത്‌…. അതാകണമെന്നാ അവൾ പറയുന്നത്‌….”

“അതാണോ?”

“എന്തോന്നാ മോളേ അതിന്റെ പേര്‌….?”

“ചിയർ ഗേൾ…..” ചിന്നമ്മയുടെ മധുരമൂറുന്ന സ്വരം കേട്ട്‌ അവൻ അനുരാഗവിലോചനനായി അതിലേറെ അവനെന്തങ്കിലും ആവുന്നതിനുമുമ്പുതന്നെ അവൾ അമ്മയും വിളിച്ച്‌ സ്‌കൂട്ടായി.

വീട്ടിൽ ചെന്ന്‌ കിടന്നിട്ടും കുട്ടപ്പനുറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കമഴ്‌ന്നും മലർന്നും കിടന്നിട്ടും അവനുറക്കം വന്നില്ല. കണ്ണടയ്‌ക്കുമ്പോൾ ചിന്നമ്മയുടെ ചിയർ ഡാൻസാണ്‌ മുന്നിൽ. ഗ്യാലറിയുടെ ആവേശം ആവാഹിച്ച്‌ അവൾ പത്തടി പ്ലാറ്റ്‌ ഫോമിൽ ആകെ കുലുക്കിമറിക്കുകയാണ്‌. രാത്രിയുടെ ഏതോ യാമത്തിൽ അവൻ ഉറങ്ങി. ഉറക്കത്തിൽ അവൻ വലിയ ഒരു സ്വപ്‌നം കണ്ടു. കേരളാ ഐ.പി.എൽ. ടീമിനായി കൊച്ചിയിലെ മത്സരത്തിൽ അവൻ ഓപ്പണറായി ഇറങ്ങി. നേരിട്ട ആദ്യ ബോളിൽ തന്നെ സിക്‌സർ. ആ സിക്‌സർ കണ്ടതും ചിന്നമ്മ പ്ലാറ്റ്‌ ഫോമിൽ കയറി കുലുക്കലോട്‌ കുലുക്കൽ….. ആ കുലുക്കലിന്റെ പ്രചോദനത്തിൽ അവൻ അടുത്ത ബോളും സിക്‌സടിച്ചു. വെറും ഇരുപതു ബോളിൽ നൂറ്‌ തികച്ച കുട്ടപ്പൻ ഗൗണ്ടിൽ ആനന്ദനിർത്തം ആടിയപ്പോൾ ചിന്നമ്മ എന്ന ചിയർ ഗേൾ പ്ലാറ്റ്‌ഫോമിൽ നൃത്തം ചെയ്‌തു. കുട്ടപ്പനും ഓടി പ്ലാറ്റ്‌ഫോമിൽ ഓടിക്കയറി ചിന്നമ്മയോടൊത്ത്‌ നൃത്തം ചെയ്‌തു. ചിന്നമ്മ കുലുക്കുന്നതിനനുസരിച്ച്‌ പ്ലാറ്റ്‌ഫോമും കുലുങ്ങി. കുലുങ്ങലോട്‌ കുലുങ്ങൽ.

“പ്ലാവിന്റെ കട്ടിലിൽ കിടന്ന്‌ തുള്ളാതെ കിടന്നുറങ്ങടാ എരണം കെട്ടവനേ….” ചിയർഡാൻസിന്‌ സ്‌ട്രാറ്റജിക്‌ ബ്രേക്കുമായി അമ്മ എത്തിയപ്പോൾ കുട്ടപ്പൻ കട്ടിലിൽ നിന്നിറങ്ങി നിലത്ത്‌ പാവിരിച്ച്‌ കിടന്നുറങ്ങി.

പിറ്റേന്നും കുട്ടപ്പൻ പതിവുപോലെ കമ്പ്യൂട്ടർ സെന്ററിൽ വായ്‌ നോട്ടവുമായി ഇരിക്കുമ്പോൾ ചിന്നമ്മയും പൊടിയമ്മയും കൂടി വീണ്ടും വരുന്നു. തന്റേ സിസ്‌റ്റത്തിനെ കുറ്റം പറയാനുള്ള വരവാണോ ഇതെന്ന്‌ കുട്ടപ്പൻ പേടിച്ചെങ്കിലും പൊടിയമ്മയുടെ ആവശ്യം കേട്ട്‌ കുട്ടപ്പൻ മനസുകൊണ്ട്‌ തുള്ളിച്ചാടി. വൈദ്യൻ കല്‌പിച്ചതും പാല്‌ രോഗി ഇച്ഛിച്ചതും പാല്‌ എന്ന പോലെയായി കാര്യങ്ങൾ. ചിന്നമ്മയെ കുറച്ചു ദിവസം കമ്പ്യൂട്ടർ സെന്ററിൽ നിർത്തി കമ്പ്യൂട്ടറിന്റ പരിപാടികൾ ഒക്കെ പഠിപ്പിച്ചു കൊടുക്കണം.“

എന്റെ കുട്ടപ്പൻ മോനേ, ചിന്നമ്മയ്‌ക്ക്‌ കൊച്ചീലെ ടീമിൽ ഡാൻസ്‌ കളിക്കാൻ ഒരു വർഷം കൂടി കഴിയണം. അതുവരെ അവളിവിടെ വന്ന്‌ നിന്നോട്ടെ. ഇവിടെയാകുമ്പോൾ എനിക്കൊരു മനഃസമാധാനം ഉണ്ട്‌. അവൾക്കാണെങ്കിൽ ഇവിടന്നങ്ങോട്ട്‌ ഇറങ്ങിയാലും മതിയല്ലോ?”

പൊടിയമ്മച്ചിയുടെ വാക്കുകൾ കേട്ട്‌ കുട്ടപ്പൻ പൊടിയമ്മയോട്‌ നാല്‌ വാക്ക്‌ പറയണമെന്ന്‌ തോന്നി. “പൊടിയമ്മച്ചി അല്ല നിങ്ങൾ പൊന്നമ്മച്ചിയാണന്ന്‌” അവന്‌ പറയണമെന്നുണ്ടായിരുന്നു. കോഴിയെ കുറുക്കൻ കാവലേൽപ്പിച്ചിട്ടു പോയ വീട്ടുകാരനെപ്പോലെ ചിന്നമ്മയെ സെന്ററിലാക്കി പൊടിയമ്മ ഇറങ്ങി.

ചിന്നമ്മയെ കമ്പ്യൂട്ടർ എന്താണന്നും കമ്പ്യൂട്ടറിന്റെ സോൾ എന്താണന്നും കുട്ടപ്പൻ പഠിപ്പിച്ചു. താൻ പുസ്‌തകത്താളുകളിലും ഐറ്റി ലാബിലും പഠിച്ച കമ്പ്യൂട്ടർ അല്ല ശരിയായ കമ്പ്യൂട്ടർ എന്ന്‌ ചിന്നമ്മയ്‌ക്ക്‌ മനസിലായി. ചിന്നമ്മയുടെ ഹാർട്ട്‌ ഓപ്പറേറ്റിങ്ങ്‌ സിസ്‌റ്റത്തിലേക്ക്‌ ലവ്‌ വൈറസിനെ നിക്ഷേപിക്കാൻ കുട്ടപ്പൻ ശ്രമിച്ചുകൊണ്ടിരുന്നു. കുട്ടപ്പൻ രാത്രിയെ പകലാക്കി പേപ്പറിൽ ലവ്‌ വൈറസ്‌ കോഡു എഴുതി. കോഡെഴുതിയ പേപ്പർ ഉടുപ്പിന്റെ പോക്കറ്റിൽ കിടന്ന്‌ വിയർപ്പിൽ കുതിർന്നതുമാത്രം മിച്ചം.

“എനിക്ക്‌ മടുത്തു കുട്ടപ്പൻ ചേട്ടാ…. ഈ കമ്പ്യൂട്ടർ…” ഒരു ദിവസം ചിന്നമ്മ കുട്ടപ്പനോട്‌ പറഞ്ഞു. മനസിൽ കൊണ്ടുനടക്കുന്നത്‌ ഇതുവരെ അവളോട്‌ പറഞ്ഞിട്ടില്ല. ഇനിയും ഇങ്ങനെ ഒരവസരം കിട്ടിയന്ന്‌ വരില്ല. അവളെ ഇഷ്‌ടമാണന്ന്‌ പറഞ്ഞാലോ? അല്ലങ്കിൽ വേണ്ട കുറച്ചു ദിവസം കൂടി ഇവളെ നിർത്തിയിട്ട്‌ പറയാം….

“ചിന്നമ്മേ… നമ്മൾ ഒരിക്കലും കമ്പ്യൂട്ടർ മടുക്കാൻ പാടില്ല….. പുതിയ പുതിയ കാര്യങ്ങൾ പഠിക്കണം….” കുട്ടപ്പൻ പറഞ്ഞു.

“ഒരു പുതിയ കാര്യം പറഞ്ഞുതാ ചേട്ടാ….” ചിന്നമ്മയുടെ ചിന്ന സ്വരത്തിൽ കുട്ടപ്പൻ വീണു.

“ചിന്നമ്മേ ഗൂഗിളിൽ ബസ്‌ എന്നൊരു പരിപാടിയുണ്ട്‌…. ഇപ്പോഴത്തെ ലേറ്റസ്‌റ്റാ…. നീ അതൊന്ന്‌ നോക്ക്‌…. നിനക്ക്‌ മടുക്കില്ല…” കുട്ടപ്പൻ ചിന്നമ്മയെ ബസിനെക്കുറിച്ച്‌ ഡീറ്റയൽഡായി ക്ലാസെടുത്തു. കയം കാണിച്ചാൽ ചാടാത്ത കന്നുകൾ ഉണ്ടോ? ചിന്നമ്മയും ബസിലേക്ക്‌ എടുത്തു ചാടി. ഗ്രഹണി പിടിച്ച പിള്ളാർ ചക്ക കൂട്ടാൻ കണ്ടതുപോലെ ചിന്നമ്മ മെയ്‌ വഴക്കത്തോടെ ഒരു ബസിൽ ചാടിക്കയറി. ചിന്നമ്മ എന്ന പേരിൽ ബസിൽ തനിക്കൊരു നിലനിൽപ്പ്‌ ഉണ്ടാവുകയില്ലന്ന്‌ മനസിലാക്കിയ ചിന്നമ്മ പേരൊന്ന്‌ പരിഷ്‌കരിച്ചു ചിന്നു എന്നാക്കി. ചിന്നു എന്ന പേരിൽ ബസിൽ കയറിയ ചിന്നമ്മയുടെ ബസിൽ സനോണികളും അനോണികളുമായ ആളുകളെ കൊണ്ട്‌ നിറഞ്ഞു കവിഞ്ഞു. മിനിട്ടുകൾക്കക്കം ഇരുന്നൂറോളം ആളുകൾ ചിന്നു എന്ന ചിന്നമ്മയെ ഫോളോ ചെയ്യാൻ തുടങ്ങി…. തന്റെ ജീവിതം കട്ടപ്പുറത്താക്കാൻ പോകുന്ന ബസുമായിട്ടാണ്‌ താൻ പോകുന്നതന്ന്‌ അറിയാതെ ചിന്നമ്മ എന്ന ചിന്നു ബസ്‌ ഓടിച്ചു തുടങ്ങി…..

2

അങ്ങനെ ചിന്നമ്മ ആദ്യത്തെ ബസ്‌ ഇട്ടു.

ഒരേ ഒരു വാചകം മാത്രം. ഞാൻ ചിന്നു. ഈ ബസിൽ ആദ്യമായിട്ടാ. ആദ്യബസിൽ തന്നെ 460 കമന്റ്‌ വീണപ്പോൾ ചിന്നമ്മ ഞെട്ടി. ചിന്നമ്മയുടെ ബസിലെ തിരക്ക്‌ കണ്ട്‌ സെർവർ ഞെട്ടി. ആ ഞെട്ടലിൽ ഗൂഗിൾ ഞെട്ടി. ഇങ്ങനെ ആകെ മൊത്തം ഞെട്ടൽ. ചിന്നമ്മയുടെ ബസിന്‌ കമന്റിടാൻ സൊമാലിയായിൽ നിന്നു വരെ ആൾക്കാർ വന്നു. അവർ ചിന്നയുടെ ഫോളോവർ ആയി. അവർക്ക്‌ മലയാളം പഠിക്കാൻ ആക്രാന്തം. അവരുടെ മലയാളം പഠിച്ചാൽ ചിന്ന സൊമാലിയൻ വനങ്ങളിലേക്ക്‌ പോകും എന്നുള്ളതുകൊണ്ട്‌ സഹബസന്മാർ സൊമാലിയക്കാരെ പച്ചത്തെറിവിളിച്ചു വിളിയുടെ ബാസുകൊണ്ട്‌ വിളിച്ചത്‌ തെറിയാണന്ന്‌ മനസിലാക്കി സൊമാലിയക്കാർ അവളെ ലൈക്കാൻ തുടങ്ങി. പിണങ്ങിപ്പോയ കെട്ടിയവളുടെ ഗൗണുംകൊണ്ട്‌ ബ്ലോഗ്‌ തുടങ്ങി സൂപ്പർഹീറ്റായവനെപ്പോലെ ചിന്നയും സൂപ്പർഹീറ്റാവാൻ തുടങ്ങി. സിൻസിലയെ തെറിവിളിച്ചവൻ ചിന്ന സിൻസിലയുടെ ലിങ്ക്‌ ഇട്ടപ്പോൾ മനോഹരമായ പാട്ടും വരിയും എന്ന്‌ പറഞ്ഞ്‌ ചിന്നയെ കോൾമയർ കൊള്ളിച്ചു. ഇത്‌ ചിന്നയുടെ ഒന്നാമത്തെ ബസ്‌ ഘട്ടം ചരിതം.

അങ്ങനെ ചിന്നു എന്ന ചിന്നമ്മ ബസിൽ സൂപ്പറായി. കമ്പ്യൂട്ടർ എന്ന മഹാസാഗരത്തിന്റെ മുന്നിൽ പകച്ചു നിന്ന പഴയ ചിന്നമ്മയല്ല ഇന്ന്‌ ചിന്നു. ഇന്നവൾ മുത്തും പവിഴവും തപ്പിയെടുക്കുന്നവളാണ്‌. കൂട്ടിന്‌ എന്തിനും ഏതിനും പോകുന്ന അനോണികൾ. ചാറ്റിൽ വാ എന്ന്‌ പറയാൻ നിൽക്കേണ്ട താമസം പച്ച ലൈറ്റും കത്തിച്ച്‌ ആളുകൾ ഓടിച്ചെന്നു. ചുറ്റും അനോണികളും സനോണികളും നിന്ന്‌ നൃത്തമാടുന്ന ചിന്നുവിനെയാണ്‌ നമ്മുടെ കുട്ടപ്പൻ പ്രണയിച്ചത്‌. പ്രണയം എന്ന്‌ പറഞ്ഞാൽ മുട്ടൻ പ്രണയം. പക്ഷേ ആ പ്രണയം ചിന്നമ്മയോട്‌ പറയാൻ മാത്രം കുട്ടപ്പന്റെ മുട്ട്‌ ഇടിച്ചു. ഇന്നല്ലങ്കിൽ നാളെ അവളെ സ്വന്തമാക്കണമെന്ന്‌ അവന്‌ ആഗ്രഹമുണ്ട്‌. പക്ഷേ അവളോട്‌ അതെങ്ങനെ പറയും…..

വാട്ട്‌ ആൻ ഐഡിയ!

ബസിൽക്കൂടി അവളെ പ്രണയിക്കാം. ബസിൽ കൂടി പ്രണയിക്കുന്ന ആദ്യ പ്രണയജോഡികൾ ആവുക. ആ വഴി ചിലപ്പോൾ പത്രത്തിലൊക്കെ പടം വരും. ചാറ്റ്‌ വഴി മംഗല്യ പന്തലിലേക്ക്‌ എന്നൊക്കെ പത്രത്തിൽ വരാറുണ്ട്‌. അതുപോലെ ബസ്‌ വഴി വിവാഹപന്തലിലേക്ക്‌. അങ്ങനെ വീണ്ടും കുട്ടപ്പൻ സ്വപ്‌നം കാണാൻ തുടങ്ങി. ഞാൻ നിന്നെ ഒന്ന്‌ ഫോളോ ചെയ്‌തോട്ടെ എന്ന്‌ കുട്ടപ്പൻ ചോദിക്കേണ്ട താമസം അവൾ അവനെ ബ്ലോക്കി. തന്നെ ബ്ലോക്കാൻ ചിന്നമ്മ കരോട്ട പഠിച്ചിട്ടുണ്ടോ എന്നൊന്നും ചിന്തിക്കാതെ കുട്ടപ്പൻ അനോണിയായി അവതാരം എടുത്തു. ട്രേഡ്‌മാർക്കും ഫിറ്റ്‌ ചെയ്‌ത്‌ പൊന്നനായി കുട്ടപ്പൻ അവതാരം എടുത്തു. പൊന്നൻ വെറുതെ ഒന്ന്‌ ചിന്നുവിന്റെ ബസിൽ കമന്റിട്ടതും ചിന്നു പൊന്നനെ ഫോളോ ചെയ്‌തു. ചിന്നുവിനെപ്പോലെ പൊന്നൻ ഇടുങ്ങിയ മനഃസ്‌ഥിതിക്കാരൻ അല്ലായിരുന്നതുകൊണ്ട്‌ ചിന്നുവിനെ ബ്ലോക്കാതെ ഫോളേവേഴ്‌സ്‌ ലിസ്‌റ്റിൽ കൊണ്ടുപോയി രൂപക്കൂട്‌ ഉണ്ടാക്കി പ്രതിഷ്‌ഠിച്ചു. അങ്ങനെ പൊന്നനില്ലാത്ത ബസ്‌ ചിന്നുവിനും ചിന്നുവില്ലാത്ത ബസ്‌ പൊന്നനും ആലോചിക്കാൻ വയ്യാതായി…..

ഒരു ദിവസം രാവിലെ ചിന്നപ്പന്റെ അപ്പൻ ബീഡി എടുക്കാനായി തലയിണക്കടിയിൽ തപ്പിയ ചിന്നപ്പൻ (ചിന്നയുടെ അപ്പൻ എന്ന്‌ വിവക്ഷ) ഞെട്ടി. ആകെയുള്ള നാലരസെന്റിന്റെ ആധാരം കാണുന്നില്ല. തലേന്ന്‌ രാത്രിയിൽ കിടക്കുമ്പോഴും ആധാരം തലയിണക്കടിയിൽ ഉണ്ടായിരുന്നതാണ്‌. എന്റെ ആധാരം എന്ന്‌ പറഞ്ഞ്‌ ചിന്നപ്പൻ സൈഡായി. അരിവാർത്തുകൊണ്ട്‌ നിന്ന പൊടിയമ്മ ചിന്നപ്പന്റെ നിലവിളി കേട്ട്‌ ഓടിയെത്തി. ചിന്നപ്പനെ താങ്ങി എഴുന്നേൽപ്പിച്ച്‌ പൊടിയമ്മ കാര്യം അന്വേഷിച്ചു. നമ്മുടെ ആധാരം പോയടീ എന്ന്‌ ചിന്നപ്പൻ പറയുന്നത്‌ അകത്ത്‌ സൈഡ്‌ പോയ കണ്ണാടിയിൽനോക്കി മുഖം പോണ്ട്‌സ്‌ വച്ച്‌ പൂട്ടി കം വൈറ്റ്‌ വാഷ്‌ ഇടുന്ന ചിന്നമ്മ കേട്ടു. ചിന്നമ്മ നൈസായി സ്‌കൂട്ടാവാൻ നോക്കിയതും പൊടിയമ്മ പിടിച്ചു.

“നീ എടുത്തോടീ ആധാരം?” പൊടിയമ്മ.

“ഹൊ, ഞാനൊന്ന്‌ എടുത്തു…. അല്ലങ്കിൽ തന്നെ അത്‌ തലയിണയിൽക്കീഴിൽ ഇരുന്ന്‌ ഇരുന്ന്‌ ഒരു പരുവമായി….” ചിന്നമ്മ.

“നിനക്കതെന്തിനാടീ….” ചിന്നപ്പൻ.

“ഞാനതൊന്ന്‌ പണയം വച്ച്‌ ഒരു മൂവായിരം രൂപ എടുക്കാൻ പോകുവാ…. രണ്ടാഴ്‌ച കഴിയുമ്പോൾ ഞാനപ്പന്റെ ആധാരം എടുത്ത്‌ തരാം…” ചിന്നമ്മ.

“നിനക്കെന്തിനാടീ മുവായിരം രൂപ….” പൊടിയമ്മ.

“എനിക്കൊരു മൊബൈൽ ക്യാമറ വാങ്ങാനാ….” ചിന്നമ്മ.

“നിനക്കെന്തിനാടീ ഇപ്പോൾ ക്യാമറയുള്ള ഫോൺ… അതില്ലാതെതന്നെയുള്ള നിന്റെ കുന്ത്രാണ്ടം കൊണ്ട്‌ മനുഷ്യനിവിടെ കിടക്കപൊറുതിയില്ല.” ചിന്നപ്പൻ

“അപ്പനിത്രയ്‌ക്ക്‌ തറയായി സംസാരിക്കരുത്‌. എനിക്ക്‌ ഫോട്ടോ എടുത്ത്‌ ബസിൽ ഇട്ട്‌ കമന്റ്‌ വാങ്ങാനുള്ളതാ….” ചിന്നമ്മ.

“എന്നാൽ മോള്‌ ആധാരം എടുത്തോ… കിട്ടുന്ന കമന്റിന്റെ കുറച്ച്‌ അപ്പനൂടെ കൊടുത്താൽ മതി.” പൊടിയമ്മ.

കമന്റ്‌ന്ന്‌ പറയുന്നത്‌ കാശ്‌ പോലുള്ള എന്തോ ഒന്നാണ്‌ ആ അമ്മ ചിന്തിച്ചത്‌. മകൾ കൊണ്ടുവരുന്ന കമന്റ്‌ ഓർത്ത്‌ ചിന്നപ്പനും ഡീസന്റായി. മോൾ കൊണ്ടുവരുന്ന കമന്റിൽ നിന്ന്‌ നാലെണ്ണം എടുത്ത്‌ ഒരു കുപ്പി വാങ്ങുന്നത്‌ സ്വപ്‌നം കണ്ട്‌ ചിന്നപ്പൻ കട്ടിലിന്റെ അടിയിൽ നിന്ന്‌ കുത്തിക്കെടുത്തിയ മുറി ബീഡി തപ്പിയെടുത്ത്‌ തീ കൊളുത്തി.

ആധാരം പണയം വച്ച്‌ ചിന്നമ്മ ക്യാമറ ഫോണും വാങ്ങി ഫീൽഡിലേക്കിറങ്ങി. പൂവ്‌, കാ, ചെടി, കാട്‌, പടലം, ആകാശം, ഭൂമി, വള്ളം, വെളളം, പൂച്ച, പട്ടി, ഒട്ടകം, പാലം. തോട്‌, മാലപ്പടക്കം, വെടിക്കെട്ട്‌ എന്നു വേണ്ട എന്തെല്ലാം ക്ലിക്കാമോ അതെല്ലാം ക്ലിക്കി ചിന്നമ്മ ഫോണിനുള്ളിലാക്കി. തിന്നാനിരിക്കുന്ന കുരണ്ടിയുടേയും മീൻ വയ്‌ക്കുന്ന ചട്ടിയുടേയും ഫോട്ടോ വരെ ചിന്നമ്മ ക്ലിക്കി. അങ്ങനെ ക്ലിക്കി ക്ലിക്കി ചിന്നമ്മയുടെ വിരലിൽ ക്ലിക്കിന്റെ തഴമ്പ്‌ വരെ വീണു. ചിന്നമ്മ ക്ലിക്കിയ ഫോട്ടോയ്‌ക്കായി ആരാധകർ കാത്തിരുന്നു. ചിന്നമ്മ ചിന്നുവിലേക്കും ചിന്നു ചിന്നമ്മയിലേക്കും ഒരു മാന്ത്രിക​‍െൻയും സഹായമില്ലാതെ കൂടുവിട്ടു കൂടുമാറി. ചിന്നുവിന്റെ ബസിൽ ആദ്യം തന്നെ പൊന്നൻ ഇടിച്ചുകയറി. ചിന്നുവിനിട്ട്‌ ആരെങ്കിലും ഗോളടിച്ചാൽ തനിക്കിട്ട്‌ കിട്ടിയ ഗോളായി കരുതി അത്‌ തിരിച്ച്‌ കൊടുക്കാൻ ശ്രമിക്കുകയും ഒരു ലോഡ്‌ ഗോൾ വാങ്ങികൂട്ടുകയും ചെയ്യുന്നതിൽ പൊന്നന്‌ വിഷമം ഇല്ലായിരുന്നു…. എല്ലാം ചിന്നമ്മയ്‌ക്ക്‌ വേണ്ടി… ചിന്നമ്മയ്‌ക്ക്‌ വേണ്ടി ഗോൾ വാങ്ങിക്കൂട്ടാൻ പൊന്നനെന്ന കുട്ടപ്പന്റെ ജീവിതം ബാക്കി…..! ! !

ചിന്നു ട്രിപ്പിൾ വലയിൽ ഫെയ്‌മസായി. നെറ്റ്‌ ഉപയോഗിക്കുന്നവരുടെ ഹരമായി ചിന്നു മാറി. സേർച്ച്‌ എഞ്ചിനുകളിലൊക്കെ ചിന്നു റാങ്കുകാരിയായി. പത്താംക്ലാസിൽ അമ്പേ പരാജയമായിരുന്ന ചിന്നു അങ്ങനെ റാങ്കുകാരിയായി. ഇതാണ്‌ പറയുന്നത്‌ തോൽവി വിജയത്തിന്റെ മുന്നോടിയാണന്ന്‌. ചിന്നുവിന്റെ റാങ്ക്‌ ഉയരുന്തോറും പൊന്നന്റെ പൾസ്‌ താണു. ഇങ്ങനെ പോയാൽ ചിന്നമ്മ തനിക്ക്‌ സ്വപ്‌നമല്ല ഒരു മരീചികയായി തീരുമെന്ന്‌ അവന്‌ തോന്നിത്തുടങ്ങി. മകൾ കമന്റും കൊണ്ട്‌ വരുന്നത്‌ നോക്കിയിരുന്ന ചിന്നപ്പന്‌ കിട്ടിയത്‌ കിടപ്പാടം വച്ച്‌ ലോണെടുത്തതിന്റെ കുടിശിക മുടങ്ങിയതിന്റെ നോട്ടീസ്‌. ചിന്നമ്മ വന്നപ്പോൾ ചിന്നപ്പൻ കുടിശിഖ നോട്ടീസിന്റെ കാര്യം പറഞ്ഞു. ചിന്നമ്മ നെവർ മൈൻഡ്‌. വീണ്ടും കമന്റുകളെക്കുറിച്ച്‌ പറഞ്ഞ്‌ ചിന്നമ്മ ചിന്നപ്പനെ നിശബ്‌ദനാക്കി.

ഗൂഗിളിന്‌ ഇടയ്‌ക്കിടെ ഒരു വലിയൽ ഉണ്ടാവാൻ പോകുന്നതായി അമേരിക്കയിൽ ഇരുന്ന ഗൂഗിൾ അമ്മച്ചി ദീർഘദൃഷ്‌ടി കൊണ്ട്‌ മനസിലാക്കി. അമ്മച്ചി കുടുംബക്കാർക്ക്‌ സന്ദേശം അയച്ചു. അമ്മച്ചിയുടെ വലപണിക്കാർ വലിയൽ ഉണ്ടാവാൻ സാധ്യതയുള്ള സ്‌ഥലം കണ്ടുപിടിക്കാൻ ഇറങ്ങി. കരക്കാരെല്ലാം ഒരു ബസിലേക്ക്‌ ഇടിച്ചു കയറുന്നതുകൊണ്ടാണ്‌ ഈ വലിച്ചിൽ എന്ന്‌ വലപണിക്കാർ മനസിലാക്കി. അങ്ങ്‌ ഇന്ത്യാമഹാരാജ്യത്ത്‌ കേരളത്തിൽ മലയാളം മാത്രം സംസാരിക്കുന്ന ബസിലെ പടങ്ങൾ കണ്ട്‌ ഗൂഗളമ്മച്ചി ഞെട്ടി. ലവളുടെ ബസിലെ കവിത ട്രാൻസിലേറ്ററിലിട്ട്‌ വായിച്ചപ്പോൾ അമ്മച്ചിപോലും എഴുന്നേറ്റ്‌ നിന്നു കൈ അടിച്ചു. “ലവൾക്കായി ഒരു സെർവർ തന്നെ വെച്ചു കൊടുക്കിനടേ….” എന്ന്‌ അമ്മച്ചി പറയേണ്ടതാമസം ചിന്നുവിനായി അമേരിക്കയിൽ ഒരു സെർവർ രൂപം കൊണ്ടു ചിന്നുവിന്റെ ബസിനുവേണ്ടിമാത്രം ഒരു സെർവർ…! ! !

കുട്ടപ്പൻ എന്ന സനോണിയുടെ പൊന്നൻ അനോണിയുമായി ചിന്നു എന്ന ചിന്നമ്മ അടുത്തു. ബസിൽ നിന്ന്‌ ചാടിയിറങ്ങി ചിന്നു ചാറ്റിൽ പൊന്നനുമായി ചാറ്റി. അനോണിക്കുപ്പായം അഴിച്ച്‌ കുട്ടപ്പൻ സനോണിക്കുപ്പായം എടുത്തിട്ട്‌ ചാറ്റിൽ വന്നാൽ ചിന്നമ്മ ഓഫ്‌ ആകും. എന്നുവച്ചാൽ ഓഫ്‌ ലൈനാകും. പൊന്നന്റെ പോസ്‌റ്റുകൾ ലൈക്കി ലൈക്കി അവനെയുംകൂടി ചിന്നമ്മ അങ്ങ്‌ ലൈക്കി ലൈക്കി പണ്ടാരമടങ്ങി. തന്റെ പേരങ്ങ്‌ ഗസ്‌റ്റിൽ കൊടുത്ത്‌ പൊന്നൻ എന്നാക്കിയാലോ എന്നു പോലും കുട്ടപ്പൻ ചിന്തിച്ചു. ഇങ്ങനെ ചിന്തിച്ച്‌ ചിന്തിച്ച്‌ ചിന്താഭാരം കൂടിയപ്പോൾ ഒരു കുപ്പി മൂലവെട്ടി അണ്ണാക്കിലേക്ക്‌ കമഴ്‌ത്തി. പിന്നീട്‌ കുട്ടപ്പൻ പൊങ്ങുന്നത്‌ രണ്ടാം നാൾ. രണ്ടാം നാൾ കുട്ടപ്പൻ കുളിച്ചു കുട്ടപ്പനായി രാവിലെ വന്ന്‌ ബസിൽ കയറി നോക്കിയപ്പോൾ തലേന്നത്തെ ചിന്നുവിന്റെ ബസിൽ പൊന്നന്റെ കമന്റുകൾ കൂമ്പാരമായി കിടക്കുന്നു. അനോണിക്കും അനോണിയോ? പൊന്നന്‌ പകരം മറ്റൊരു പൊന്നൻ…! ! താനല്ലാതെ മറ്റൊരു പൊന്നൻ ! ! ! എന്റെ ഈശ്വരാ…. ചിന്നമ്മ കൈവിട്ടു പോയോ????

പത്തുമണി പതിനൊന്നായി പതിനൊന്ന്‌ പന്ത്രണ്ടായി…. ചിന്നമ്മ കമ്പ്യൂട്ടർ സെന്ററിൽ വന്നില്ല. ചിന്നുവിന്റെ ബസ്‌ കാണാഞ്ഞിട്ട്‌ ആരാധകർ പരസ്‌പരം ചോദിച്ചു. ചിന്നു എവിടെ? ചിന്നു എവിടെ? ചിന്നു ബസ്‌ ഇറക്കാതായതോടെ ബസിന്റെ റാങ്കിങ്ങിൽ ഇടിവുണ്ടാവുമല്ലോ എന്ന്‌ പേടിച്ച്‌ ഗൂഗിൾ അമ്മച്ചി പതം പറഞ്ഞ്‌ കരഞ്ഞു. ചിന്നൂ നീ എവിടെ? ചിന്നുവിന്റെ ബസിൽ ആരാധകരുടെ ചോദ്യം നിറഞ്ഞു. ആരാധകർ തങ്ങളുടെ ആധി പരസ്‌പരം പങ്കുവെച്ചു. കുട്ടപ്പൻ ചിന്നമ്മയെ തിരക്കി അവളുടെ വീട്ടിൽ ചെന്നു. ചിന്നമ്മ രാവിലെ ഒൻപതു മണിക്കുള്ള ഫാസ്‌റ്റിന്‌ കൊച്ചിയ്‌ക്ക്‌ പോയന്ന്‌…. അവിടെ ചിയർഗേളിന്റെ തിരഞ്ഞെടുപ്പാണന്ന്‌ പറഞ്ഞാണത്രെ ചിന്നമ്മ പോയത്‌. കുട്ടപ്പൻ സെന്ററിലേക്ക്‌ റിട്ടേൺ അടിച്ചു. ഓൺലൈനിൽ ചാറ്റിനായി നിൽക്കുന്ന കൊച്ചിക്കാരോട്‌ കൊച്ചിയിൽ ചിയർഗേൾസിനെ അവിടങ്ങാണം തിരഞ്ഞെടുക്കുന്നുണ്ടോ എന്ന്‌ ചോദിച്ചു. കൊച്ചിയിൽ അങ്ങനെ ഒരു പരിപാടിയെ ഇല്ല. നാല്‌ പെൺപിള്ളാർ കൂടുന്ന പരിപാടിയുണ്ടങ്കിൽ ആരെങ്കിലും ചാറ്റാൻ നോക്കി ഇരിക്കുമോ?

കുട്ടപ്പൻ ചിന്നമ്മയുടെ ഓരോ ബസും അതിലെ കമന്റും പരിശോധിച്ചു. തലേന്നത്തെ അവളുടെ ബസിലെ കമന്റുകൾ സേതുരാമയ്യരെപ്പോലെ കീറിമുറിച്ച്‌ പരിശോധിച്ചു. തന്റെ ഡ്യൂപ്ലിക്കേറ്റ്‌ അനോണിയായ പൊന്നന്റെ കമന്റുകളിൽ നിന്ന്‌ ഒരു കാര്യം മനസിലാക്കി. ഡ്യൂപ്ലിക്കേറ്റ്‌ പൊന്നൻ ചിന്നമ്മയെ കൊച്ചിയിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്‌. ചിന്നമ്മയെ ചിയർഗേളാക്കാം എന്നു പറഞ്ഞാണ്‌ അവൻ വലനെയ്‌തിരിക്കുന്നത്‌. ഡ്യൂപ്ലിക്കേറ്റ്‌ പൊന്നന്റെ വലയിൽ കിടന്ന്‌ നിലവിളിക്കുന്ന ചിന്നമ്മയുടെ മുഖം, ചിയർ ഗേളാവാൻ പോയി കോൾ ഗേളായി കൊച്ചിയിൽ അലയുന്ന ചിന്നമ്മയുടെ മുഖം കുട്ടപ്പന്റെ മനസിൽ തെളിഞ്ഞതും കുട്ടപ്പൻ ഷട്ടർ താഴ്‌ത്തി കൊച്ചിക്ക്‌ വണ്ടി വിട്ടു. ഇതേ സമയം ചിന്നമ്മ മറൈൻഡ്രൈവിൽ എത്തിയിരുന്നു. തന്നെ ജീവനുതുല്യം സ്‌നേഹിക്കുന്ന പൊന്നേട്ടൻ തന്റെ മനസറിഞ്ഞ്‌ തന്നെ ചിയർ ഗേളാക്കാമെന്ന്‌ വാക്ക്‌ തന്നപ്പോൾ ഇത്രയ്‌ക്ക്‌ പെട്ടന്ന്‌ അതുണ്ടാവുമെന്ന്‌ തോന്നിയതേ ഇല്ല. ഏതായാലും പൊന്നപ്പേട്ടൻ പറഞ്ഞപ്പോൾ തന്നെ നാട്ടീന്ന്‌ വരാൻ തോന്നിയത്‌ നന്നായി. രണ്ടുദിവസത്തെ ബസ്‌ പരിചയം വച്ച്‌ ഒരാളെ സഹായിക്കുക എന്നൊക്കെവച്ചാൽ ആ മനുഷ്യന്റെ മനസ്‌ എന്ത്‌ വിശാലമായിരിക്കും. ചിന്നമ്മയുടെ മൊബൈലിലേക്ക്‌ ഒരു ഫോൺ വന്നു….

“ഹായ്‌ ചിന്നൂ… ഇത്‌ ഞാനാ ബസിലെ പൊന്നൻ…. ഓഫീസിൽ നിന്ന്‌ ഇറങ്ങാൻ കുറച്ച്‌ ലേറ്റാവും….. നിന്നെ കൊണ്ടുവരാൻ ഞാനെന്റെ കാർ വിട്ടിട്ടുണ്ട്‌… ചുവന്ന കാർ മറൈൻ ഡ്രൈവിലെ ബസ്‌ സ്‌റ്റോപ്പിൽ നിന്നാൽ മതി…..” ചിന്നമ്മ എന്തെങ്കിലും പറയുന്നതിനു മുമ്പുതന്നെ ഫോൺ കട്ടായി. ചിന്നമ്മ തിരിച്ച്‌ വിളിച്ചപ്പോൾ ആ നമ്പർ എൻഗേജ്‌ഡ്‌, പത്ത്‌ മിനിട്ട്‌ കഴിഞ്ഞപ്പോൾ പൊന്നപ്പന്റെ ഫോൺ വീണ്ടും…. ചുവന്ന കാറിൽ കയറുക. എന്നിട്ടയാൾ നമ്പരും പറഞ്ഞു കൊടുത്തു. ചിന്നമ്മയ്‌ക്ക്‌ കുറച്ച്‌ ഭയം ഒക്കെ തോന്നിയെങ്കിലും വെറും നാട്ടിൻപുറത്തുകാരിയായ താൻ ചിയർ ഗേളായി തുള്ളുന്നത്‌ ലോകക്കാരെല്ലാം കാണാൻവേണ്ടിയാണല്ലോ ഈ യാത്ര എന്ന്‌ ഓർത്ത്‌ അവൾ സ്വയം സമാധാനിക്കാൻ ശ്രമിച്ചു. പൊന്നൻ പറഞ്ഞ കാർ വന്നു നിന്നപ്പോൾ ചിന്നമ്മ അതിൽ കയറി. ചിന്നമ്മയും കയറ്റി കാർ കൊച്ചിയിലെ തിരക്കിൽ അലിഞ്ഞു.

ചിന്നമ്മയെ എവിടെപ്പോയി കണ്ടുപിടിക്കും. കൊച്ചിയിലെ തിരക്കിൽ അവൾ എവിടെ ആയിരിക്കും.? കുട്ടപ്പൻ കൊച്ചിയിലെ കൂട്ടുകാരെ വിളിച്ചു. ചിന്നുവിനെ തേടിപ്പോകാൻ ലവന്മാൻ എല്ലാം ലീവ്‌ലെറ്റർ പോലും എഴുതിക്കൊടുക്കാതെ കമ്പിനികളിൽ നിന്ന്‌ ചാടിയിറങ്ങി. കലൂരെ ബ്ലോക്കിൽ പെട്ട കുട്ടപ്പൻ വെറുതെ തല തിരിച്ച്‌ നോക്കിയപ്പോൾ ചുവന്ന മാരുതിക്കാറിൽ ചിന്നമ്മ ഇരിക്കുന്നു. പച്ച ലൈറ്റ്‌ കത്തിയതും കാർ വലത്തേക്ക്‌ തിരിഞ്ഞ്‌ കതൃക്കടവ്‌ ഭാഗത്തേക്ക്‌ തിരിഞ്ഞു. കുട്ടപ്പൻ ബൈക്ക്‌ കാറിനു പുറകെ വിട്ടു. പോകുന്ന പോക്കിൽ കൂട്ടുകാരെ വിളിച്ച്‌ കാര്യം പറഞ്ഞു. കുറച്ചുകൂടി മുന്നോട്ട്‌ പോയി കാർ പുല്ലേപ്പടി ഭാഗത്തേക്ക്‌ തിരിഞ്ഞ്‌ കോട്ടക്കനാലിന്റെ സൈഡിലൂടെ കലൂർ റോഡിലേക്ക്‌ കടന്നു ഒരു ഫ്ലാറ്റിന്റെ മുന്നിൽ നിന്നു. അതിൽ നിന്ന്‌ ഡ്രൈവറുടെ കൂടെ ചിന്നമ്മ ഇറങ്ങിപ്പോകുന്നത്‌ കുട്ടപ്പൻ കണ്ടു.

ചിന്നമ്മയും കൊണ്ട്‌ ഡ്രൈവർ ഒരു ഫ്ലാറ്റിലേക്ക്‌ കയറി. അയാൾ വാതിലിന്റെ ബോൾട്ടിട്ടു.

“എന്തിനാ കുറ്റിയിട്ടത്‌…..”? ചിന്നമ്മ ചോദിച്ചു.

“ആരും വരാതിരിക്കാൻ” ഡ്രൈവർ.

“എവിടെയാ എന്റെ പോന്നേട്ടൻ…. നിങ്ങളെന്തിനാ എന്നെ ഇവിടെ കൊണ്ടുവന്നത്‌?” ചിന്നമ്മ കരച്ചിലിന്റെ വക്കോളമെത്തി.

ആ ഡ്രൈവർ ഒന്നു ചിരിച്ചു. “ഞാൻ തന്നെയാണ്‌ നീ പറയുന്ന പൊന്നേട്ടൻ…. നിനക്ക്‌ ചിയർ ഗേളാവേണ്ടേ…. അതിനാണ്‌ നിന്നെ ഇവിടെ കൊണ്ടുവന്നത്‌…. നല്ല കുട്ടിയായി അടങ്ങി ഞാൻ പറയുന്നതുകേട്ടാൽ നിനക്ക്‌ ചിയർ ഗേളാവാം….. പിന്നെയും വളർന്ന്‌ മറ്റ്‌ ഗേളാവാം…… രാത്രിപാർട്ടികളിൽ നിനക്ക്‌ ലക്ഷങ്ങൾ ഉണ്ടാക്കാം…..” അയാളുടെ ശബ്‌ദം പരുക്കനാവുന്നതും കണ്ണുകളിൽ ചുവപ്പു നിറം വ്യാപിക്കുന്നതും അവൾ കണ്ടു.

താനൊരു ചതിയിൽ ആണ്‌ അകപ്പെട്ടിരിക്കുന്നതെന്ന്‌ അവൾക്ക്‌ മനസിലായി. രണ്ടാഴ്‌ചയായി തന്റെ ബസിൽ കയറി തന്നോട്‌ തമാശ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്‌ത പൊന്നൻ ഇയാളാണന്ന്‌ വിശ്വസിക്കാൻ പറ്റുന്നില്ല….. ഇന്നലെ പൊന്നേട്ടൻ കൊച്ചിയിലേക്ക്‌ വരാൻ പറഞ്ഞപ്പോൾ ഇങ്ങനെയൊരു ചതിയുണ്ടാവുമെന്ന്‌ കരുതിയില്ല. ഇനി ഇവിടെ നിന്ന്‌ രക്ഷപെടാൻ എന്താണ്‌ ഒരു വഴി??? കുട്ടപ്പൻചേട്ടനെ വിളിച്ചാലോ? കുട്ടപ്പൻ ചേട്ടൻ താൻ വിളിച്ചാൽ ഓടിയെത്തും. പക്ഷെ എങ്ങനെ തന്നെ രക്ഷിക്കും? അതിനുമുമ്പ്‌ ഇയാൾ തന്നെ…..

“രക്ഷപെടുന്നതിനെക്കുറിച്ചൊന്നും ആലോചിക്കേണ്ടടീ കൊച്ചേ…. ഇവിടെ നിന്ന്‌ നിന്നെ രക്ഷിച്ചു കൊണ്ട്‌ പോകാൻ ആരും വരില്ല….” അയാൾ പറയുന്നതുകേട്ട്‌ അവൾ കരഞ്ഞു. അയാൾ അവളെ ഒരു മുറിയിലേക്ക്‌ ഇട്ടിട്ട്‌ പൂട്ടി അടുത്ത ഇരയ്‌ക്കായി കമ്പ്യൂട്ടർ ഓണാക്കി ബസിൽ കയറി…. അവൾ ബാഗിൽ നിന്ന്‌ തന്റെ മൊബൈൽ എടുത്ത്‌ കുട്ടപ്പന്റെ നമ്പർ ഡയൽ ചെയ്‌തു….

“കുട്ടപ്പൻ ചേട്ടാ ഞാനൊരു അപകടത്തിൽ പെട്ടിരിക്കുവാ…. എന്നെ ഒരുത്തൻ കൊണ്ടുവന്ന്‌ പൂട്ടി ഇട്ടിരിക്കുവാ…. ഇങ്ങ്‌ കൊച്ചിയിലാ….” കുട്ടപ്പൻ തന്റെ സുഹൃത്തുക്കളുമായി ഫ്ലാറ്റിൽകയറി എങ്ങനെ ചിന്നമ്മയെ കാണും എന്ന്‌ ചിന്തിച്ചു നിൽക്കുമ്പോഴാണ്‌ ചിന്നമ്മയുടെ ഫോൺ.

“ചിന്നമ്മേ നീ പേടിക്കേണ്ട…. ഞാൻ നിന്റെ പുറകെയുണ്ടായിരുന്നു…. നിന്നെ കൊണ്ടു വന്നിരിക്കുന്ന ഫ്ലാറ്റിന്റെ മുന്നിൽ ഞാനുണ്ട്‌….. നീ ഒരു കാര്യം ചെയ്യ്‌ ആ മുറിയിലെ ലൈറ്റൊന്ന്‌ രണ്ടുമൂന്നുപ്രാവശ്യം ഓണാക്കി ഓഫാക്ക്‌….. ഞങ്ങൾക്കാ മുറികണ്ടുപിടിക്കാൻ എളുപ്പമാകും….” കുട്ടപ്പൻ പറഞ്ഞതുപോലെ ചിന്നമ്മ ചെയ്‌തു. ഇടവിട്ട്‌ ലൈറ്റ്‌ കത്തുന്ന ഫ്ലാറ്റ്‌ മനസിലാക്കി കുട്ടപ്പനും കൂട്ടുകാരും അറ്റാക്‌ ചെയ്‌തു. കുട്ടപ്പന്റെ ആദ്യ തൊഴിക്ക്‌ തന്നെ ഫ്ലാറ്റിന്റെ വാതിൽ തകർന്നു വീണു. ചിന്നമ്മയെ കടത്തിക്കൊണ്ടുവന്നവന്‌ എന്താണ്‌ മനസിലാക്കുന്നതിനുമുമ്പുതന്നെ അടി തുടങ്ങി. ചോരയൊലിപ്പിച്ചു കൊണ്ട്‌ ചിന്നമ്മയെ തട്ടിക്കൊണ്ടുവന്നവൻ വീണു. അയാളുടെ കമ്പ്യുട്ടറിലേക്ക്‌ നോക്കിയ അവർ ഞെട്ടി. തുറന്നുവച്ചിരിക്കുന്ന പല ബ്രൗസറുകളിൽക്കൂടി പല അനോണിപ്പേരുകളിൽ ബസുകൾ നിരത്തിയിട്ടിരിക്കുന്നു. പെൺകുട്ടികളെ തമാശപറഞ്ഞ്‌ പറഞ്ഞ്‌ ചിരിപ്പിക്കുന്ന ബ്രൂസിലിജാക്കിച്ചാൻ.

ആണുങ്ങളുടെ കുളിരും രോമാഞ്ചവുമായ മിസ്‌. സൂസമ്മ.

അനോണികളുടെ അനോണിയായ കൊട്ടയ്‌ക്കാട്‌ സാഗർ.

ഓന്തിനെപ്പോലെ വേഷം മാറിവരാവുന്ന തരത്തിൽ പൊന്നൻ….

എല്ലാം ഒരാൾ തന്നെ….. നെറ്റിൽ വല കെട്ടിയിരുന്ന്‌ കാത്തിരിക്കുന്ന മറ്റൊരു ചിലന്തി.

ഹാർഡ്‌ ഡിസ്‌കിൽ പെൺകുട്ടികളുടെ ഫോട്ടോകൾ. ഫെയ്‌സ്‌ബുക്കിൽ നിന്നും ഓർക്കൂട്ടിൽ നിന്നും എടുത്തിട്ടിരിക്കുന്ന ഫോട്ടോകൾ. ചില ഫോട്ടോകളുടെ തലയും ഉടലും വെട്ടിമാറ്റി എക്‌സ്‌ട്രാഫിറ്റുങ്ങുകൾ നടത്തിയിരിക്കുന്നു.

“ഞാനിയാളെ ടിവിയിൽ കണ്ടിട്ടുണ്ട്‌…. ഓൺലൈൻ വാണിഭം നടത്തിയതിന്‌ പോലീസ്‌ പിടിയിലായവനാണ്‌ ഇയാൾ…..” കുട്ടപ്പന്റെ കൂട്ടുകാരിലൊരാൾ പറഞ്ഞു. അത്‌ കേൾക്കേണ്ട താമസം കുട്ടപ്പനും കൂട്ടുകാരും അയാളെ ചവിട്ടിക്കൂട്ടി.

കുട്ടപ്പൻ പൂട്ടിക്കിടന്ന വാതിൽ തുന്നു. പേടിച്ച്‌ വിറച്ച്‌ നിന്ന ചിന്നമ്മ ഓടിവന്ന്‌ കുട്ടപ്പനെ കെട്ടിപ്പിടിച്ചു….

“കുട്ടപ്പേട്ടൻ വന്നില്ലായിരുന്നെങ്കിൽ അയാളെന്നെ…..” അവൾ കരഞ്ഞു.

“കരയാതെ ചിന്നൂ… നീ എന്തിനാണ്‌ അയാൾ വിളിച്ചപ്പോൾ ഇറങ്ങിപ്പോന്നത്‌?”

“ഞാനൊരാളെ ബസിൽ കൂടി സ്‌നേഹിച്ചുപോയി…. ഇന്നലെ ആ പേരിൽ ഇയാൾ വന്നപ്പോൾ ഞാനറിയാതെ…. അയാൾ ചോദിച്ചപ്പോൾ എന്റെ സ്വപ്‌നങ്ങളൊക്കെ പറഞ്ഞുപോയി…. എനിക്ക്‌ ചിയർ ഗേളാകണമെന്ന്‌ ഞാൻ പറഞ്ഞു…. ചിയർ ഗേളാക്കാം എന്ന്‌ പറഞ്ഞാണ്‌ ഇയാളെന്നെ വിളിച്ചത്‌…..”

“ഞാനാണ്‌ ചിന്നമ്മേ ബസിൽ നിന്നെ പ്രണയിച്ച പൊന്നൻ….” കുട്ടപ്പൻ പറഞ്ഞത്‌ കേട്ട്‌ വിശ്വസിക്കാനാവാതെ അവൾ നിന്നു.

“കുട്ടപ്പേട്ടൻ പറയുന്നത്‌ സത്യമാണോ?” ഉം….“ കുട്ടപ്പൻ ഒന്നു മൂളുകമാത്രം ചെയ്‌തു.

”എന്റെ പൊന്നേട്ടാ….“

”എന്റെ ചിന്നൂ…… ചിന്നമ്മേ….“.

കുട്ടപ്പനും ചിന്നമ്മയും ഒരുമിച്ച്‌ ലിഫ്‌റ്റ്‌ ഇറങ്ങി സ്ലോമോഷനിൽ വരുന്നതോടെ കഥ അവസാനിക്കുന്നു……

Generated from archived content: story1_aug17_10.html Author: shibu.mathew_easo

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English