‘അമ്മേ, കുതിരയുടെ മുഖമായിരുന്നു അയാൾക്ക്, പിന്നെ പലർ; പന്നിയുടെ, ചെന്നായയുടെ, കഴുതപ്പുലിയുടെ ഒക്കെ മുഖങ്ങളുളളവർ. അവരെല്ലാരൂടെ എന്റെ വായ പൊത്തിപ്പിടിച്ചു. നിലവിളിക്കേണ്ടിയിരുന്നില്ല. അതോണ്ടാണല്ലോ ശ്വാസം കിട്ടാതെ കുറെനേരം പിടയേണ്ടിവന്നത്. പോലീസെന്നോട് ആൾക്കൂട്ടത്തിനു മുന്നിൽ വച്ച് ഇയാളാണോ ഇയാളാണോ എന്നു ചോദിച്ചില്ലേ. അപ്പോഴും പകപ്പോടെ ഞാൻ തിരഞ്ഞത് ആ മുഖങ്ങളായിരുന്നു. കുതിരമുഖവും പുലിമുഖവുമൊക്കെ തേടി നടക്കുന്ന എന്നെ മൂക്കു ചുളിച്ചുനോക്കി പോലീസുകാരൻ പരിഹസിച്ചു-’മകൾക്കേയ് ഭ്രാന്താ, മാന്യൻമാരെ മര്യാദക്ക് ജീവിക്കാനനുവദിക്കാത്ത ഭ്രാന്ത്…‘
ബാത്‌റൂമിലേക്ക് താങ്ങിയെടുത്ത് കൊണ്ട് പോകുന്നതിനിടെ അവൾ പിറുപിറുക്കും പോലെ പറഞ്ഞുകൊണ്ടിരുന്നു. തൊടുന്നതിനെയെല്ലാം കരിച്ചുകളയാൻ പോന്ന പനി. രാത്രി മുഴുവൻ തുടരുന്ന പിച്ചും പേയും. പലകാര്യങ്ങളും എന്തിനെക്കുറിച്ചെന്ന് പോലും മനസ്സിലാവില്ല. ഒരു മുയൽക്കുഞ്ഞിനെപ്പോലെ തുളളിക്കളിച്ചിരുന്ന എന്റെ കുട്ടി…
’അമ്മേ, പാരിജാതത്തിന്റെ സുഗന്ധവും പട്ടിന്റെ മിനുമിനുപ്പുമുണ്ടായിരുന്നു ആ സ്വപ്‌നത്തിന്. പനിച്ചൂടിൽ പെട്ടെന്ന് വളരെ പെട്ടെന്ന് മഞ്ഞ് പൊടിഞ്ഞുതിരുന്ന വലിയൊരു കുഴിയിലേക്ക്… എന്നാലാ വീഴ്‌ച ഒട്ടും വേദനിപ്പിക്കുന്നതായിരുന്നില്ല. മെത്തപോലെ മൃദുവായ മഞ്ഞുപാളികൾ ഉണ്ടായിരുന്നല്ലോ നിറയെ താഴെ. ഉളള് കരിക്കുന്ന ചൂടിൽ പെട്ടെന്ന് തണുപ്പിലേക്ക് ഊർന്നു വീണപ്പോഴുണ്ടായൊരു സുഖം, ഹൗ! ചുവപ്പു മണക്കുന്ന വയലറ്റ് പൂക്കൾ ഓലവാലൻ കിളികളായ് ചെറുകാറ്റിൽ ആടിക്കളിക്കുന്നുണ്ടായിരുന്നു എങ്ങും. അവയുടെ ചിരിയുടെ നേർത്ത സ്വരം നറുമണമായ് ഹൃദയത്തിലേക്ക് ഒഴുകിയെത്തി. എല്ലാം വളരെ കുറച്ചുനേരം മാത്രം. മഞ്ഞുതരികൾക്കിടയിലൂടെ നീളുന്ന അവന്റെ സുന്ദരമായ കൈ! എത്രയെത്ര റോസാപ്പൂക്കളാണ് മുമ്പെനിക്കാ കൈകൾ നീട്ടിയിരുന്നത്. കവിളിൽ തലോടി ആ വിരലുകൾ പറഞ്ഞു കൂട്ടിയ കിന്നാരങ്ങൾ. ഉറുമ്പുചാലുകളെപ്പോലെ നീണ്ടുപ്പോകുന്ന രേഖകളെ അരുമയോടെ എത്രതവണ നുളളിയതാണ്. ഒടുക്കം ഭീഷണിയുടെ പത്തികൾ അവന്റെ കണ്ണുകളിൽ വിഷം ചീറ്റാൻ തക്കം പാർത്തപ്പോഴും ആ കൈകൾ എന്നെ നോക്കി പുഞ്ചിരിച്ചു. പേടിക്കേണ്ടെന്ന് ആംഗ്യം കാണിച്ചു. മുമ്പെന്നോ മൊബൈൽ ഫോണിൽ അവൻ സൂക്ഷിച്ചിരുന്ന എന്റെ ചിത്രത്തെ കോക്രി കാണിച്ചുകൊണ്ടവന്റെ മുഖം പിന്നെ പ്രത്യക്ഷപ്പെട്ടു. വല്ലാതെ ഭയപ്പെടുത്തുന്നൊരു ഭാവം. ഞാൻ ഏറ്റവും ഇഷ്‌ടപ്പെട്ടിരുന്ന ആളു തന്നെയോ ഇത്? ‘പെണ്ണെ ഞാൻ പറയുന്നത് കേട്ടില്ലെങ്കിലുളള ഭവിഷ്യത്തറിയാലോ? ഈ ചിത്രം പിന്നെ നീ ബെർത്ത്‌ഡേക്ക് തന്ന ഫോട്ടോ രണ്ടും കൊണ്ട് ഞാനൊരു കലക്കുകലക്കും. നാട്ടീന്നോടേണ്ടിവരും നിന്റെ കുടുംബം. നിനക്കും നിന്റെ ചേച്ചിക്കുമൊന്നും ഈ ജൻമം സ്വസ്ഥത കിട്ടുമെന്ന് ആശിക്കേണ്ട…’ നീർചോലകൾക്കടിയിലെല്ലാം വിഷസർപ്പങ്ങൾ പാർക്കുന്നുണ്ട്. മേലേന്നു വെളളമിത്തിരി തേവി ഒഴിക്കുമ്പോഴേക്കും പാഷാണം പടർന്ന നീലവെളളം ആകാശം പോലെ പരന്നു കിടക്കും. എന്നിട്ടും വിശ്വസിക്കാനായില്ല. ഇത്രവേഗം റോസിതളുകൾ ഒന്നു വാടുകപോലും ചെയ്യുന്നതിനുമുമ്പ്…‘
’സുപ്രീം കോടതിവരെ പോയാലും നീതികിട്ടുമെന്ന് കരുതുന്നുണ്ടോ നിങ്ങള്? പാർട്ടികളൊക്കെ എത്ര വലിയ സ്രാവുകളാന്നു വല്ല നിശ്ചയമുണ്ടോ? നല്ലവഴി പറഞ്ഞു തരുന്നത് വേണമെങ്കിൽ സ്വീകരിച്ചോ. എത്ര ലക്ഷമാ വേണ്ടതെന്ന് പറഞ്ഞാ മതി. എന്നിട്ട് ബുദ്ധിയുളളവരെപ്പോലെ അടങ്ങിയൊതുങ്ങി ജീവിച്ചാൽ നിങ്ങടെ രണ്ട് പെൺമക്കൾക്കും ജീവിക്കാം, സ്വസ്ഥമായി. അല്ലെങ്കിലെന്താവൂന്ന് ഞാൻ പറയണ്ടല്ലോ…‘ പോലീസുകാരന്റെ കണ്ണുകൾ ചുവന്നിരുന്നു. പറയുമ്പോഴെല്ലാം വല്ലാത്ത ദേഷ്യത്തോടെ അയാളെന്നെ നോക്കി. എത്ര കോടിയാണ് എന്റെ മോൾക്ക് പകരമാവുക? ഭ്രാന്തിയെപ്പോലെ ജടപിടിച്ച് പുലമ്പിക്കൊണ്ടേയിരിക്കുന്ന എന്റെ കുട്ടി. മാലാഖയുടെ വേഷത്തിൽ അവളും കൂട്ടുകാരും സ്‌കൂളിൽ പരിപാടികളവതരിപ്പിച്ചത് എത്ര കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു.
’അമ്മേ, ഒരു വിവരവും ആദ്യമേ വീട്ടിൽ പറയാതിരുന്നതിന് കുറ്റപ്പെടുത്തുന്നു കൂട്ടുകാരി. അവൾ മാത്രമാണല്ലോ ഇവിടെ വരുന്നത്. മറ്റുളളവരുടെയൊക്കെ മുഖത്തെ ഇരുളിമ, പുച്ഛം ഒക്കെ ഓർക്കാൻ പറ്റുന്നുണ്ട്. രണ്ട് മാസത്തോളം വാഹനങ്ങളുടെയും അടച്ചിട്ട റൂമുകളുടെയും ഉൾഭാഗം മാത്രമാണ് കണ്ടിരുന്നത്. ഓരോ സ്ഥലത്തേക്ക് പോകുമ്പോഴും നാല് തടിമാടൻമാർ എന്നെ അമർത്തിപ്പിടിച്ചിരിക്കും. വായിൽ തുണിതിരുകി കൈൾ പിന്നിലേക്ക് പിടിച്ചുകെട്ടി… കുതറാനുളള ഓരോ ശ്രമത്തിലും കിട്ടുന്ന ഭേദ്യങ്ങൾ. ഇടയ്‌ക്ക് മറ്റുളളവരുടെ കമന്റ് – ‘വേണ്ടെടോ അവിടെയെത്തുമ്പോ ജീവനില്ലെങ്കി പിന്നെന്തു രസം? ബോധം കെടുത്തി കൊണ്ടുപോകാൻ വല്ല പ്രയാസവുമുണ്ടായിട്ടാണോ? അവൾ കുതറട്ടെ, ഒരിക്കലും രക്ഷപ്പെടില്ലെന്ന് അവൾക്കും നമുക്കും അറിയാം…’ ഓരോ ഹോട്ടൽ മുറിയിൽ വച്ചും രാജേഷിനെ ഒരിക്കലൂടെ കാണാൻ പറ്റുമെന്ന് വെറുതെ കൊതിച്ചു ഞാൻ. അവൻ പറിച്ചെടുത്തുകൊണ്ടുപോയ എന്റെ വിഡ്‌ഢിഹൃദയത്തെ തിരിച്ചുവാങ്ങാൻ, കറുത്തിരുണ്ട അവന്റെ മനസ്സിനോട് ഒരിറ്റു വിഷത്തിനായ് യാചിക്കാൻ.. ഉല്ലാസയാത്രക്കാലത്ത് തന്നെ വേണ്ടതെല്ലാം കവർന്നെടുത്ത് എത്ര പണത്തിനാണാവോ കാലിച്ചന്തയിൽ വിറ്റുകളഞ്ഞത്. ചൂണ്ടൽകൊളുത്തിൽ എത്രയിരകളാണാവോ ചളിയിലെറിയപ്പെട്ടത്. മുമ്പൊരിക്കൽ എന്റെ മഷിപ്പേന നിലത്തുകുത്തി മുനയൊടിച്ചു കൊണ്ടവൻ പറഞ്ഞു- ‘എടീ പെണ്ണേ, ആരെങ്കിലുമിപ്പോൾ ഈ പഴഞ്ചൻ പേനകളുപയോഗിക്കോ? നിനക്കൊരു കൂട് അടിപൊളി പേനകൾ ഞാൻ തരാം. മഷി നിറക്കേണ്ട, കൈയും പേജും മഷിപരന്ന് വൃത്തികേടാവില്ല. വെരി ഈസി യൂസ് ആന്റ് ത്രോ…’ മാരുതിവാനിൽ ഗെയ്‌റ്റിനടുത്ത് കൊണ്ടുവന്ന് തളളിയപ്പോൾ ആരുമുണ്ടായിരുന്നില്ല എവിടെയും. നേരം പുലരുന്നതേ ഉണ്ടായിരുന്നുളളൂ. തെരുവിന്റെ രണ്ടോരങ്ങളിലും പൂട്ടിയ ഗെയ്‌റ്റുകളും ഉയരം കൂടിയ മതിലുകളും. എട്ടുമണിയെങ്കിലുമാവാതെ ഒരു ഗെയ്‌റ്റും തുറക്കലുണ്ടാവില്ല. ഒന്നെഴുന്നേൽക്കാൻ പോലും വയ്യാത്തത്രയും വേദന. ജീവൻ നിലനിർത്തി പരുന്ത് കൊത്തിക്കൊത്തി വികൃതമാക്കിയ കോഴിക്കുഞ്ഞിനെപ്പോലെ ബാക്കിവച്ചതെന്തിന്? അതിനുമാത്രം കാരുണ്യം ആ മൃഗമുഖങ്ങളിലേതിനെങ്കിലുമുണ്ടായിരുന്നോ?‘
മോളെപ്പോലെ സ്വപ്‌നങ്ങൾ വേട്ടയാടുന്ന സുഖക്കേട് തുടങ്ങിയിട്ടുണ്ട് എനിക്കും. എല്ലാ കൊടുങ്കാറ്റുകളും അടിച്ചുപറത്തിക്കൊണ്ടുവരുന്ന കൂറ്റൻ കല്ലുകൾ മേലാസകലം മുറിവുണ്ടാക്കുമ്പോൾ ഓർത്തുപോകും. നന്നായൊന്നുറങ്ങിയെങ്കിൽ! കണ്ണടയ്‌ക്കുമ്പോഴേക്കും കോടതിക്കൂടുകളാണ്. കൂട്ടിൽ കയറിനിൽക്കുന്ന എന്നെയും മകളെയും നോക്കി അലറിച്ചിരിക്കുന്ന മുഖംമൂടികൾ, യക്ഷിക്കൂട്ടങ്ങൾ. പേടികൊണ്ട് എന്നെ കെട്ടിപ്പിടിച്ച് മോൾ ചുരുങ്ങിച്ചുരുങ്ങി ഗർഭപാത്രത്തിലേക്കുതന്നെ തിരിച്ചു പോയേക്കുമോയെന്നു ഞാൻ ഭയന്നു. പിന്നെ തിരിച്ചു നടക്കുമ്പോൾ മുഖംമൂടികൾ പിന്നാലെത്തന്നെ. അവരാണാദ്യത്തെ കല്ലെറിഞ്ഞത്. പിന്നെ രണ്ടുഭാഗത്തും നിൽക്കുന്ന ആളുകളിൽ നിന്ന് കല്ലുകളുടെ ശരവർഷങ്ങൾ. തുപ്പലുകളുടെ അഭിഷേകം. ഓടിയോടി ഞാനും മകളും ഒരു കുറ്റിക്കാട്ടിലെത്തി. അവിടെ രണ്ടു കുഴികളിൽ വെളുപ്പും കറുപ്പുമായ ദ്രാവകങ്ങൾ. ’അമ്മേ നോക്ക് വെളുത്ത പാലും കറുത്ത പാലും! പെട്ടെന്ന് എവിടുന്നോ പറന്നുവന്ന കാക്കകൾ കറുത്ത പാൽ തെറിപ്പിച്ച് കളിക്കാൻ തുടങ്ങി. വെളുത്ത പാൽ മലിനമാകുന്നത് ഒട്ടും ഗൗനിക്കാതെ. അവ അടിയിലെക്കൂളിയിട്ടു, പൊങ്ങിയവയുടെ ചുണ്ടിലെല്ലാം മഞ്ഞുപോലെ വെളുത്ത അപ്പക്കഷ്‌ണങ്ങൾ കണ്ട് ഞങ്ങൾ അമ്പരന്നു. ‘അമ്മേ ഇത്രനേരം കറുത്തപാലിൽ കിടന്നിട്ടും ആ അപ്പത്തിന്റെ നിറം ഒരൽപ്പം പോലും മാറിയില്ലല്ലോ.’ മോൾ നിഷ്‌കളങ്കയായ് ചിരിച്ചു, എന്റെ അടിവയറ്റിൽ മുഖം പൂഴ്‌ത്തി വളരെ പതുക്കെ പറഞ്ഞു. ‘ഒന്നൂടെ ചെറ്യെ കുട്ടിയായാൽ എനിക്കാമ്മേടെ വയറ്റിനുളളിലേക്ക് പോവാനായിരുന്നു ഇഷ്‌ടം. ആരും പിന്നെ ദ്രോഹിക്കാൻ വരില്ലല്ലോ…’
മനോരോഗ ചികിത്സാകേന്ദ്രത്തിന്റെ മഞ്ഞച്ചുമരുകളും കരണ്ടടിപ്പിക്കുമ്പോഴുളള അലർച്ചകളും നുരയും പതയുമെല്ലാം സ്വപ്‌നമായിരിക്കട്ടെയെന്ന് വ്യാമോഹിക്കയാണ് ഞങ്ങൾ. കിനാവുകളും യാഥാർത്ഥ്യങ്ങളും കെട്ടുപിണഞ്ഞ് കൂടിക്കുഴയുന്നു. പരസ്പരം തൊട്ടുനോക്കും ഇടയ്‌ക്ക് ഞങ്ങൾ ജീവിക്കുന്നുണ്ടിപ്പോഴുമെന്നോർത്ത് ആശ്ചര്യപ്പെടും. കൊടുങ്കാറ്റിൽ പെട്ടുപോയ കരിയിലക്കും മണ്ണാങ്കട്ടയ്‌ക്കും ഇത്രയേറെ ആയുസ്സോ! ചുമരിൽനിന്ന് ഒഴുകിയിറങ്ങുന്ന മഞ്ഞവെളിച്ചത്തിൽ, മുറ്റത്ത് പടിയിറങ്ങിപ്പോകുന്ന കനവുകൾ. ദൂരയാത്രയ്‌ക്കുളള മാറാപ്പുകളുമായി വണ്ടിപിടിക്കാനോടുന്ന കിനാവുകളുടെ വലുതും ചെറുതുമായ രൂപങ്ങൾ…!
Generated from archived content: story1_may18.html Author: sherifa_m