കടം

കടം വാങ്ങുമ്പോഴൊന്നും ഓർത്തതല്ല കുപ്പുസ്വാമി ഈ ദുരിതം. കണ്ണെത്താദേശമൊക്കെയും അന്ന്‌ കാൽകീഴിലായിരുന്നത്‌ കൊണ്ട്‌ ജനങ്ങളുടെ മുറുമുറുപ്പ്‌ വകവക്കേണ്ടിയിരുന്നില്ല. കടം തന്നവർ വെറ്റില മുറുക്കി ചുവന്ന വായിലെ തുപ്പൽ തെറിപ്പിച്ചുകൊണ്ട്‌ ചിരിച്ചു. ‘കുപ്പുസ്വാമീ നിങ്ങടെ നാട്‌, നിങ്ങടെ ആൾക്കാർ നന്നായാ നിങ്ങക്ക്‌ ഗുണം. ഞങ്ങളിങ്ങനെ കടം കൊടുക്കണത്‌ എല്ലാടേം നന്നാവട്ടേന്ന്‌ കരുതീട്ടന്നെ. പിന്നെ തിരിച്ചടക്കുമ്പോ ഇത്തിരി പലിശ അതിപ്പോ ബാങ്കിലായാലും വേണല്ലോ’. ഉണ്ണാനും ഉടുക്കാനും ഇല്ലാതിരുന്ന ജനത്തിന്‌ ജീവിതത്തിന്റെ പച്ചപ്പിലേക്ക്‌ ചാടാനൊത്തത്‌ ആ കടം കൊണ്ടുതന്നെയായിരുന്നു. ‘ കുപ്പുസ്വാമീ, വെറുതെ ഒന്നും കൊടുക്കണത്‌ നമ്മക്ക്‌ പറ്റില്ല. കോണകമുടുത്ത്‌ നടക്ക്‌ണ ഈ കാലിപ്പിള്ളേർ പഠിച്ചിട്ടെന്തുനേട്ടം. ചെമ്മീൻ ചാട്യ ഏതുവരെ ചാടും“ അതോണ്ട്‌ നിങ്ങടെ ഈ ഓലഷെഡുകളുണ്ടല്ലോ, പള്ളികൂടങ്ങള്‌ പൊളിച്ചുകള ആദ്യം. പണം തരാതെ നമ്മളൊന്നും കൊടുക്കുന്നില്ല. അക്ഷരം പഠിക്കണെങ്കി ഫീസ്‌ തരട്ടെ എല്ലാരും. നല്ല സ്‌കൂളുകള്‌ കൂണുപോലല്ലേ പൊങ്ങണത്‌. ബിസിനസാടോ എല്ലാം. പിന്നെ ഞങ്ങടെ നാട്ടിലുണ്ടാക്കണ സാധനങ്ങളൊക്കെ ഞങ്ങളങ്ങോട്ട്‌ ഇറക്കിക്കൊണ്ടിരിക്കും. ആൾക്കാര്‌ടെ കണ്ണീപൊടിയിടാൻ ആദ്യൊക്കെ വിലകുറച്ചാവിൽക്കാ. കൃഷി അവതാളത്തിലായി കർഷകർ ആത്മഹത്യ ചെയ്‌തു എന്നൊന്നും പരാതിപറഞ്ഞേക്കരുത്‌. പിന്നെ എല്ലാത്തരം വിത്തുകൾക്കും ഞങ്ങൾ നല്ല വില തരും. പലിശ അടച്ചു തീരാത്ത പക്ഷം കൃത്യം പത്താം കൊല്ലം ഈ നാട്‌ ഞങ്ങളുടേതായിരിക്കും. ഞങ്ങൾ ഇവിടെ കൂറ്റൻ ഫാക്‌ടറികളുണ്ടാക്കും. അതിലെല്ലാം തൊഴിലെടുക്കുന്നത്‌ ഞങ്ങളുടെ ആൾക്കാർ മാത്രമായിരിക്കും.

നശിച്ച കരാറുകൾ! തന്നെ ശപിക്കുന്നവരുടെ ശബ്‌ദം എവിടുന്നൊക്കെയോ തന്റെ ഹൃദയഭിത്തിയിൽ അലക്കുന്നു. പാപത്തിന്റെ ശമ്പളം ബാങ്കിലെമ്പാടും കുമിഞ്ഞും കിടപ്പുണ്ട്‌. ഒന്നുകൊണ്ടുമില്ല കാര്യം. നാടവർ ജപ്‌തി ചെയ്‌തു. ബാങ്കുകൾ അവരുടെ അനുവാദമില്ലാതെ പണം നൽകില്ല. സ്വന്തമായിരുന്ന ഫാക്‌ടറികളും കടകളുമെല്ലാം അവരുടെ ആളുകൾ നോക്കി നടത്തുന്നു. ഈശ്വരാ എന്തു വലിയ പിഴ! അനേകായിരം ആളുകളുടെ ചോര കൂട്ടിക്കുഴച്ചുണ്ടാക്കിയ ഈ നാട്‌! ഇതിങ്ങനെ കഴുകൻ കൊക്കിലേക്കെറിയാൻ തനിക്കെങ്ങനെ വന്നു ധൈര്യം?

ദൂരെ നിന്ന്‌ പ്രതിഷേധക്കാർ കടലു പോലെ ഇരമ്പി ’ആദ്യം കുപ്പുസ്വാമി അയാളെ അരിഞ്ഞിട്ട്‌ ബാക്കി‘ മുദ്രവാക്യങ്ങൾ അലറി നിലവിളിച്ചു. ഭയലേശമന്യേ അയാൾ പൂമുഖത്ത്‌ ചമ്രം പടിഞ്ഞു. കഴുത്തിനു പിന്നിൽ ആയുധങ്ങളുടെ ലോഹത്തണ്ടുപ്പതിയുന്നത്‌ കാത്ത്‌ കണ്ണടച്ചു.

Generated from archived content: story1_july6_11.html Author: sherifa_m

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here