മെല്‍ക്വിയാഡിസിന്റെ പ്രളയപുസ്തകം

മലമടക്കിലൂടേ ഇഴഞ്ഞുകയറുകയാണ് കാര്‍. പേരറിയാ കാട്ടുമരങ്ങള്‍ കൈ നീട്ടി നില്‍ക്കുന്നു. കീഴ്ക്കാം തൂക്കായ പാറകളില്‍ പിടിച്ചുകയറി വള്ളിക്കുടിലില്‍ ഒളിച്ചു അവളും മഞ്ഞും. കാട്ടു പൂക്കള്‍ ചിരിച്ചു.

ജാലകച്ചില്ലു തുറക്കാനായ് അവള്‍ ബട്ടണ്‍ അമര്‍ത്തി നോക്കി.

‘’ഏയ് തുറക്കില്ല ലോക്കാ അത്’‘ ചിരിച്ചുകൊണ്ട് ഗ്ലാസ്സ് താഴ്ത്തി ഡ്രൈവര്‍.

സിഗരറ്റ് കറ വിണ ചുണ്ടുള്ളവന്‍, കൂമ്പിയ കണ്ണുള്ളവന്‍.

തണുപ്പും കാറ്റും ഇരച്ചു കയറി വരികയാണ്. ഹാന്‍ഡ് ബാഗില്‍ നിന്നും സ്വെറ്റര്‍ എടുത്തിട്ട് അവള്‍ കണ്ണടച്ചിരുന്നു. എന്നും ഭയപ്പെടുത്തിയിരുന്നു ചുരം. ആഴമറിയാ കൊക്കകള്‍. ആകാശം മുട്ടും കരിമ്പാറക്കെട്ടുകള്‍. ഇപ്പോള്‍ കൂടെ ഈ മനുഷ്യനും. അപരിചിതന്‍ കൊമ്പന്‍ മീശക്കാരന്‍.

ഓര്‍ഡര്‍ കിട്ടിയത് കഴിഞ്ഞ ആഴ്ചയാണ്. ഡാമിനെക്കുറിച്ച് പഠിക്കുന്ന വിദഗ്ദ്ധ കമ്മറ്റിയില്‍ ഒരാളായി നിയമിച്ചു കൊണ്ട്. അവിശ്വസനീയം! തനിക്കെന്തു യോഗ്യത ! എഞ്ചിനീയറിംഗ് കഴിഞ്ഞതേയുള്ളു നിയമനം ഐ ഐ ടി പ്രഗത്ഭരോടൊപ്പം. അബദ്ധം പറ്റിയതാവും അവര്‍ക്ക്. നിയമനങ്ങളും യോഗ്യതയും തമ്മില്‍ അല്ലെങ്കിലുമെന്തു ബന്ധം?എന്തുമാകട്ടെ പോവുക തന്നെ.

‘ ഇസബല്ല എം. എസ് ഡാം സ്പെഷ്യലിസ്റ്റ്’ അനിയത്തി കിലുകിലാ ചിരിച്ചു. ‘ മംഗലത്ത് സെബസ്ത്യാനോസിന്റെ പുന്നാരമോള്‍ ഡാം പരിശോധിക്കാന്‍ പോണു’ ‘ ഒന്നു നിര്‍ത്തു പെണ്ണേ ചിരി ‘ സ്നേഹം പുരട്ടി ശകാരിച്ചു കുഞ്ഞന്നാമ്മ. ഡ്രസ്സ് തേച്ചു മടക്കി ബാഗിലാക്കുകയായിരുന്നു അവളുടെ അമ്മച്ചി. ‘ പുണ്യാളന്റെ അനുഗ്രഹം അമ്പ് എഴുന്നുള്ളിക്കണുണ്ട് മൊടങ്ങാതെ എല്ലാ പെരുന്നാളിനും. ന്നാലും തന്യേ പോവാനോ ഇത്രേം ദൂരം?’

കണ്ണ് തുടച്ച് അമ്മച്ചി വീണ്ടും നേര്‍ച്ച നേര്‍ന്നു.

തുലാ മാസം പോയതറിയാതെ മേഘങ്ങള്‍ വിങ്ങി നിന്നു മാനത്ത്.

‘ കടമെടുത്ത് ഇനിയും കൃഷിയിറക്കാന്‍ വയ്യ. ഒക്കേത്തിനും വെലയില്ലാത്ത മുടിഞ്ഞ കാലം’ ഉമ്മറത്തെ ചാരു കസേരയില്‍ കിടന്ന് ആരോടെന്നില്ലാതെ അപ്പച്ചന്‍ സങ്കടം പറഞ്ഞു .

അതെ വലിയ വിഷമം തന്നെ. ഇസബല്ലയുടെ പഠനത്തിന് എടുത്ത ലോണ്‍ തിരിച്ചടച്ചിട്ടില്ല. അതിനിടയില്‍ അനിയത്തിയുടെ നഴ്സിംഗ് പഠനവും. അവള്‍ക്കറിയാം വീടുറങ്ങുമ്പോഴും അപ്പച്ചന്‍ ഉറങ്ങാറില്ലെന്ന് . വേണം തനിക്കൊരു ജോലി . കടല്‍ തീരത്തെ മണല്‍ത്തരികള്‍ പോലെ വര്‍ധിപ്പിക്കുമെന്ന് പണ്ട് അബ്രഹാം പിതാവിനോട് ദൈവം പറഞ്ഞത്. എഞ്ചിനീയര്‍മാരെക്കുറിച്ചാവും! പെരുകയല്ലേ കര നിറഞ്ഞ് കടല്‍ നിറഞ്ഞ് ആകാശം നിറഞ്ഞ് അങ്ങനെ ദൈവത്തിനെന്താ സൃഷ്ടിച്ചാല്‍ പോരെ! ജോലി കൊടുക്കേണ്ട ചുമതലയൊന്നും മൂപ്പര്‍ക്കില്ലല്ലോ.

ഡാമിന്റെ ചരിത്രം, ഭൂമിശാസ്ത്രം, ഭൂകമ്പ നിര്‍മ്മിതികള്‍… ഉറക്കം തൂങ്ങിയിരുന്നു അക്ഷരക്കൂട്ടങ്ങള്‍ . ജലനിരപ്പിന്റേയും ചോര്‍ച്ചയുടേയും കണക്കുകളിലൂടെ അട്ടകള്‍ ഇഴഞ്ഞു വരികയാണ്. ഏട്ടിലെ പശു പുല്ലുതിന്നുമോ? അയല്‍പക്കത്തെ റിട്ടയര്‍ഡ് എഞ്ചിനീയര്‍ കളിയാക്കി. വലിയൊരു തമാശയല്ലേ ഈ ജീവിതം തന്നെ! തണുപ്പേറി വരികയാണ്. താഴ്വാരം ചുറ്റി കാടുകള്‍ ചുറ്റി അരിച്ചു വരികയാണ് ഇരുട്ട്. മുന്നിലെ പാത മരവിച്ചു കിടക്കുന്നു. പിന്നിലോ , ആഴങ്ങളിലേക്ക് വളഞ്ഞു പുളഞ്ഞു പോകുന്ന നിഗൂഢത. പെട്ടന്ന് ഒരു കയറ്റത്തില്‍ കിതച്ചു നിരങ്ങി വണ്ടി നിശ്ചലമായി. ബോണറ്റില്‍ നിന്നും പുകയും ചൂടും പൊന്തുവാന്‍ തുടങ്ങി.

‘ അയ്യോ പറ്റിച്ചു! ഇനിയും പോണല്ലോ എട്ടു പത്തു കിലോ മീറ്റര്‍’ ഡ്രൈവറുടെ പരിഭ്രമം കണ്ട് ഇസബല്ല പേടിച്ചു. നിനയാത്ത നേരത്ത് ഓരോന്ന്…. അയാള്‍ പാടുപെട്ട് വണ്ടി തള്ളി നീക്കുകയാണ് ഒരു ഓരത്തേക്ക്. കിതക്കുകയാണ് അയാളും ഇരുട്ടും. നൂറ്റാണ്ടുകളുടെ കഥ പറയുന്ന ഭീമന്‍ മരം നോക്കി നിന്നു. പടര്‍ന്നു പന്തലിച്ച ചില്ലകളില്‍ നിന്ന് പെയ്തു തുടങ്ങി ഭയം. അനര്‍ഹമായത് തേടി പോന്നിട്ടല്ലേ … വേണ്ടിയിരുന്നില്ല ഈ യാത്ര. ഇസബല്ല തളര്‍ന്നിരുന്നു . ഒരു തരി നിലാവിനായി കൊതിച്ചു പോയി അവള്‍.

മരത്തില്‍ ചാരി നിന്ന് സിഗരറ്റ് പുകയ്ക്കുകയാണ് കൊമ്പന്‍ മീശക്കാരന്‍.

‘ മാഡം മുന്നിലൊരു വെളിച്ചം. പോയ് നോക്കിയാലോ’.

പതറിയിരുന്നു അയാളുടെ സ്വരം. മുഖഭാവം വ്യക്തമല്ല.

ശരിയാണ്. മുന്നിലെ ഹെയര്‍പിന്‍ വളവിനരികില്‍ മുനിഞ്ഞു കത്തുന്ന വെളിച്ചം കാണാം .ഒരു കുടില്‍ പോലെ എന്തോ ഒന്ന്. അവള്‍ കൂടെ നടന്നു. മിണ്ടാതെ. ദൈവമേ എന്ത് തരക്കാ‍രനാവും ഇയാള്‍ ? കോടാനു കോടി ബലാത്സംഗ വാര്‍ത്തകളുമായി വാര്‍ത്താ വായനക്കാരന്‍ ഇരുളില്‍ നിന്ന് എത്തി നോക്കി. എങ്ങു നിന്നോ ഒലിച്ചു വരികയാണ് മുഖമില്ലാത്ത അനാ‍ഥശവങ്ങള്‍ . സമയവും സ്ഥലവും നോക്കാതെ പോന്നിട്ടല്ലേ . മുളം കൂട്ടത്തില്‍ കാറ്റ് കലമ്പി.

മുളവാതില്‍ തുറന്ന് അമ്മൂമ്മ പുറത്തു വന്നു. കൂനിക്കൂടി ഇറങ്ങി വന്നു.

വെള്ള കയറിയ മുടിക്കെട്ട്. കാതില്‍ വലിയ കുണുക്കുകള്‍. വെളുത്ത ചട്ടയും മുണ്ടും വേഷം.

മുറുക്കിച്ചുവന്ന ചുണ്ടുകള്‍.

പിന്നില്‍ ചത്ത് കിടന്നു പുല്ലു മേഞ്ഞ കുടില്‍.

ഓട്ടു വിളക്ക് ചിരിച്ചു. അമ്മൂമ്മ ചിരിച്ചു ഒരു സ്ത്രീയുടെ പുഞ്ചിരിയില്‍ ഇത്രയും സാന്ത്വനമുണ്ടെന്ന് അറിഞ്ഞിരുന്നില്ല. ഒരു നുറുങ്ങു വെട്ടത്തോട് ഇത്രയും സ്നേഹം തോന്നിയിട്ടില്ല ഇന്നോളവും!

ഉറക്കെ കരയണമെന്നു തോന്നി അവള്‍ക്ക്.

അമ്മൂമ്മേ… വണ്ടി കേടായി.

ഒന്നും മിണ്ടുന്നില്ല അമ്മൂമ്മ. ഒന്നും ചോദിക്കുന്നില്ല. ഇടതു കൈപ്പടം കണ്ണില്‍ മേല്‍ വച്ച് മാറി മാറി നോക്കുകയാണ് രണ്ടാളേയും.

‘താഴ്വാരത്തോളം പോയ് വരാം ഒരു മെക്കാനിക്കിനെ കിട്ടുമോന്നു നോക്കട്ടെ ഒറ്റ വണ്ടിയുമില്ല താഴേക്ക്. അസമയമല്ലേ!’

ആരേയോ പ്രാകിക്കൊണ്ട് അയാള്‍ തിടുക്കത്തില്‍ നടന്ന് വളവു തിരിഞ്ഞ് അപ്രത്യക്ഷനായി.

മെലിഞ്ഞുണങ്ങിയ കൈ നീട്ടി അമ്മൂമ്മ അവളെ തൊട്ടു സൂക്ഷിച്ചു നോക്കുകയാണ് കണ്ണുകളിലേക്ക്. ഏതോ ജന്മാന്തര ബന്ധം വായിച്ചെടുക്കുവാന്‍ പാടുപെടുന്ന പോലെ. വലതു കയ്യിലെ വിളക്കില്‍ ഉരുമ്മി നിന്നു കാറ്റ്.

കൈ പിടിച്ച് അകത്തേക്ക് നടന്നു. അമ്മൂമ്മ മെല്ലെ മെല്ലെ വെട്ടം അണയാതെ.

മുളം ചെറ്റ ഒച്ച വെക്കാതെ അടഞ്ഞു.

മുറിക്കുള്ളില്‍ കനപ്പു മണം ശ്വാസം മുട്ടിക്കീടക്കുന്നു. മുത്തശ്ശിയുടെ മണം. ധന്വന്തരം കുഴമ്പിന്റെ മണം. ഈ കാട്ടില്‍ അമ്മൂമ്മ തനിയെ?

ഒരു ട്രക്ക് വലിയ ഇരമ്പലോടെ ചുരം കയറി പോയി. വിറക്കുന്നുണ്ടായിരുന്നു അവള്‍.

ഒരു കോപ്പ കട്ടന്‍ കാപ്പി പകര്‍ന്ന് കൊടുത്ത് അടുപ്പിനരികിലേക്ക് ചേര്‍ന്നിരിക്കുമ്പോള്‍ അമ്മൂമ്മ എന്തോ ചോദിച്ചു മനസിലായില്ല ഒന്നുമവള്‍ക്ക്. അറിയാത്ത ദേശം അറിയാത്ത മുത്തശി . ഇസബല്ല അമ്മയെ ഓര്‍ത്തു കണ്ണടച്ച് പുണ്യവാളനെ ഓര്‍ത്തു.

ചുള്ളിക്കമ്പുകള്‍ തീയില്‍ ഇടുകയാണ് അമ്മൂമ്മ.

‘ അടുത്തിരിക്ക് പിള്ളേ .. കൊടും തണുപ്പ വൃശ്ചികമല്ലേ’.

ഹാവൂ… മുത്തശ്ശിയുടെ ശബ്ദം.

‘ പേടി മാറിയോ ഇപ്പം. നേരോം കാലോം നോക്കാതേ ഇറങ്ങിതിരിക്കുവാ പെണ്‍കുട്ട്യോള്‍?’

പുതച്ചിരുന്ന കരിമ്പടം അഴിച്ച് അവളെ പുതപ്പിച്ച് അമ്മൂമ്മ ഇരുട്ടില്‍ നോക്കിയിരുന്നു,..

മുറുക്കാന്‍ ചെല്ലത്തില്‍ നിന്ന് അടക്കയെടുത്ത് ഇടിക്കുകയാണ് അമ്മൂമ്മ . മലകള്‍ കുലുങ്ങി കുണുക്കുകള്‍ കുലുങ്ങിയാടി. ഏതോ കാട്ടുപക്ഷികള്‍ ചിറകടിച്ചു പറന്നു. വെറ്റിലയില്‍ പൊതിഞ്ഞ് നൂറും തേച്ച് അവള്‍ക്കു നീട്ടി. അമ്മൂമ്മ പറയുകയാണ്.

‘പൊകല വെച്ചിട്ടില്ല കഴിച്ചോ ചൂടാകും’

അവള്‍ വേണ്ടെന്ന് തലയാട്ടി.

ചാണകം മെഴുകിയ നിലത്ത് കാലു നീട്ടിയിരുന്ന് മുറുക്കുകയാണ് അമ്മൂമ്മ . ഇളകിയാടുന്നുണ്ട് മുന്നിലെ രണ്ടു പല്ലുകള്‍ അസ്വസ്ഥത തോന്നി അവള്‍ക്ക്.

കോളാമ്പിയില്‍ നീട്ടിത്തുപ്പി പതിയെ നിവര്‍ന്ന് ഇരുട്ടുറങ്ങുന്ന മൂലയില്‍ എന്തോ പരതുകയാണ് അമ്മൂമ്മ.

‘ നീയെങ്കിലും വന്നല്ലോ സന്തോഷമായി എത്ര രാത്രി വിളക്കണക്കാതെ… വന്നില്ല അവന്‍ മെല്‍ക്വിയാഡിസ്.’

…മെല്‍ക്വിയാഡിസ്. വിചിത്രമായ പേര്‍! കേട്ടിട്ടുണ്ടല്ലോ!

പുസ്തകത്താളില്‍ ഒരു ജലാശയം തെളിഞ്ഞു. അടിത്തട്ട് കാണും വിധം നിര്‍മ്മമായ് ഒഴുകുന്ന നദി. നദിക്കരയില്‍ ഏകാന്തമായ ഒരു പട്ടണം. കണ്ണാടി ഭിത്തികളുള്ള പട്ടണം അയസ്കാന്തവും ദൂരദര്‍ശിനിയും കൊണ്ട് അവിടേക്ക് വന്നവന്‍ മെല്‍ക്വിയാഡിസ്. ശാസ്ത്രം കൊണ്ടു വന്നവന്‍.

‘ അതെ മോള്‍ ഓര്‍ത്തുകൊണ്ടിരുന്ന ആളു തന്നെ മക്കൊണ്ടയില്‍ എത്തിയ ജിപ്സി’

ചിന്തകളും വായിക്കുന്നുവോ ! ആരായിരിക്കും ഇവര്‍? മലമുകളിലെ ദേവതയോ?

പഴകിയ ഒരു ട്രങ്ക് പെട്ടിയില്‍ നിന്ന് അതിലും പഴയൊരു കവണിത്തുണി വലിച്ചെടുക്കുകയാണവര്‍.

പൊതിഞ്ഞു സൂക്ഷിച്ചിരുന്ന കടലാസുകള്‍ പുറത്തെടുത്ത് മിഴിയടച്ചിരിക്കുകയാണ് നിശ്ശബ്ദമായ ഒരു പ്രാര്‍ത്ഥന പോലെ.

ഉയരുകയായി അപ്പോള്‍ ആയിരം വര്‍ഷത്തെ പൊടിയുടെ ഗന്ധം….

കുടിലു നിറയെ … കാടു നിറയെ.

പരന്നൊഴുകിയ അപരിചിത ഗന്ധങ്ങള്‍ അവള്‍ക്ക് ചുറ്റും പെയ്തുകൊണ്ടിരുന്നു. അമ്മൂമ്മ ഒരു തൂവാല നീട്ടി. ഏലക്കാ മണമുള്ള തൂവാല.. .

‘ മൂക്ക് മൂടിക്കോ … വല്ലാത്ത പൊടിയാ…’

അവള്‍ക്ക് ചുമക്കാന്‍ തുടങ്ങി. ചുമച്ചു ചുമച്ച് കണ്ണ് നീറഞ്ഞു.

ഡ്രൈവര്‍ ഒന്നെത്തിയെങ്കില്‍… ഒരെത്തും പിടിയും കിട്ടാത്ത കടം കഥപോലരമ്മൂമ്മ…!

പതിയെ ഗന്ധം മറയുവാന്‍ തുടങ്ങി. പിന്നെ കാഴ്ച. ശബ്ദം…

എല്ലാമെല്ലാം ഇല്ലാതാവുന്നു!

പുസ്തകച്ചുരുള്‍ നീട്ടി അമ്മൂമ്മ പറയുകയാണ്.

‘ മെല്‍ക്വിയാഡിസിന്റെ ചുരുളുകളാ തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പത് വര്‍ഷത്തെ ചരിത്രം വായിച്ചു നോക്ക്’ എല്ലാമറിയുന്നവള്‍ അമ്മൂമ്മ.

ഇല്ല വായിക്കില്ല ഞാന്‍. വായന തീരുമ്പോള്‍ കൊടുങ്കാറ്റടിക്കും. പൊടി ഉയര്‍ന്നു പൊങ്ങും. മലകള്‍ക്കിടയിലൂടെ വെള്ളം കുതിച്ചു പായും.. താഴ്വാരം മൂടും. പട്ടണം മൂടും. ഗ്രാമങ്ങള്‍ മൂടും. പ്രളയം മഹാപ്രളയം!

മാക്കൊണ്ടയുടെ അന്ത്യം ഓര്‍ക്കുകയായിരുന്നു ഇസബല്ല.

പെട്ടിയില്‍ നിന്നും അമ്മൂമ്മ മറ്റെന്തോ കൂടി എടുക്കുകയാണ്. പുതിയൊരു ഭാഷ സംസാരിക്കുകയാണ് ഇന്നോളം കേള്‍ക്കാത്ത ഭാഷ…

‘ നിനക്കുള്ളതാ ഈ ദൂരദര്‍ശിനി’.

കൂട്ടാവും നിനക്കിത് കാണാക്കയങ്ങളില്‍ … കാലത്തിന്റെ തിരിവുകളില്‍ കടന്നു പോകൂ … വെള്ളത്തിനടിയിലേക്ക് … പര്‍വതങ്ങള്‍ക്കുള്ളിലേക്ക്..’ മണ്ണിന്റെ ഹൃദയത്തിലേക്ക് ‘

തെറ്റിച്ചില്ലേ നമ്മള്‍ അവളുടെ പ്രാക്തന താളം ?

ജട കുലുക്കി ഉടല്‍ കിലുക്കി ആടുകയാണവള്‍ ഉന്മാദനൃത്തം

എന്നിട്ടും ദുരയടങ്ങുന്നില്ലല്ലോ ആര്‍ക്കും! കോട്ടകള്‍ തീര്‍ക്കുകയാണ് പിന്നെയുമവര്‍. കോട്ടക്കുള്ളില്‍ നിറയെ പടക്കോപ്പുകള്‍ . അതിര്‍ത്തികള്‍ മാറ്റി വരക്കാന്‍ സ്നേഹിക്കുന്നവരില്‍ വിഷം വിതക്കാന്‍. എത്ര ഭയങ്കര നാശമാണത് ! പ്രളയത്തേക്കാള്‍ ഭീകര നാശം!

ഉണ്ടായിരുന്നു ലോകത്തിലേക്കും സുന്ദരമായ പുഴയോരങ്ങള്‍.

എന്റെ കുഞ്ഞുങ്ങള്‍ക്ക് കുളിച്ചു മദിക്കാന്‍ എന്റെ മീനുകള്‍ക്ക് പെറ്റ് പെരുകുവാന്‍.

ഉണ്ടായിരുന്നു കാടുകള്‍.

എന്റെ കിളികള്‍ക്ക് കൂടു വയ്ക്കാന്‍. എന്റെ മക്കള്‍ക്ക് തേങ്കുടം വെക്കാന്‍.

പണ്ട് പണ്ട് ഒരു സായിപ്പിനെ കണ്ടിട്ടുണ്ട് ഞാന്‍. ആനയും കടുവയുമിറങ്ങുന്ന കാടിനുള്ളില്‍ വെച്ച് സ്വത്തെല്ലാം വിറ്റ് ഡാം കെട്ടുവാന്‍ അവന്‍ വന്നു. ദാഹിക്കുന്നവര്‍ക്ക് വെള്ളമെത്തിക്കാന്‍ കടല്‍ കടന്ന് അവന്‍ വന്നു….

ഇന്നോ?

മുങ്ങി മരിക്കാന്‍ പോകുന്നവരെ നോക്കി വെള്ളത്തിനു വില പറയുന്നവരേയും കണ്ടു. അമ്മൂമ്മ പിന്നേയും പറഞ്ഞുകൊണ്ടേയിരുന്നു.

വാക്കുകളില്‍ കണ്ണുനീര്‍ പൊടിഞ്ഞുകൊണ്ടിരുന്നു….

ഒടുവില്‍ ആകാശത്തിന്റെ ചരിവില്‍ ചുവപ്പ് പരന്നിറങ്ങി.

കഥകളുടെ രാവ് അവസാനിക്കുകയാണ് ഭീതിയുടെ കെട്ടഴിയുകയാണ്.

‘പൊക്കോ .. കോഴി കൂവും മുന്നേ വന്ന വഴിയേ വെക്കം മടങ്ങി പൊയ്ക്കോ…’

എന്തിനാണ് അമ്മൂമ്മ തന്നെ തിരികെ വിടുന്നത്! തനിയെ , ഈ തണുത്ത പ്രഭാതത്തില്‍?

അമ്മൂമ്മയോടവള്‍ക്ക് സ്നേഹം തോന്നിത്തുടങ്ങുകയായിരുന്നു.

വിട പറയുമ്പോള്‍ അമ്മൂമ്മയുടെ കണ്ണിലും കണ്ടു മഞ്ഞുതുള്ളികളുടെ തടാകം. നിര്‍മ്മലമായ ആ തടാകത്തില്‍ സ്വയം കണ്ടെത്തുകയായിരുന്നു ഇസബല്ല.

വളവു കഴിഞ്ഞപ്പോള്‍ തിരിഞ്ഞു നോക്കി മുത്തശ്ശിയെ ഒരിക്കല്‍ കൂടി കാണാന്‍.

ഇളകിയാടുന്ന കുണുക്കുകള്‍ കാണാന്‍. ഒരു രാത്രി അഭയമേകിയ കുടിലുകാണാന്‍.

എവിടെയാ കുടില്‍? എവിടെ മുത്തശ്ശി?

മറവിയില്‍ മുങ്ങി മരിക്കുന്ന ജനതയെ കുറിച്ച് പറഞ്ഞവള്‍. വെളിച്ചം തെളിച്ചവള്‍.

ഇല്ല. ആരുമില്ല. എങ്ങും മൂടല്‍ മഞ്ഞു മാത്രം.

മുന്നും പിന്നും കാണാതെ കൊക്കയും കുന്നും കാണാതെ , മൂടല്‍ മഞ്ഞ്.

ഇരു ദിക്കുകളിലേക്ക് വഴി പിരിയുന്ന കവലയില്‍ ഇസബല്ല സംശയിച്ചു നിന്നു.

ഏതാണ് വീട്ടിലേക്കുള്ള വഴി?

താഴെ നിന്ന് മഞ്ഞ ലൈറ്റിട്ട കാര്‍ കിതച്ചെത്തി നിര്‍ത്തി. വാതില്‍ തുറന്നു ഡ്രൈവര്‍.

‘അല്ല… ഈ മഞ്ഞിലിറങ്ങി നടന്നോ വാ കേറ് എത്ര തേടി ! നോക്കിയിട്ട് കണ്ടേയില്ല മൂന്നാം വളവിലെ കുടില്‍’ .

കയ്യിലെ പുസ്തകച്ചുരുള്‍ അമര്‍ത്തിപ്പിടിച്ചു അവള്‍.

മുത്തശ്ശിയെ ഇനിയൊരിക്കലും … കരച്ചില്‍ വന്നു അവള്‍ക്ക്.

വീട്ടിലേക്ക് തന്നെ മടങ്ങണമെന്ന് പറയാന്‍ തീരുമാനമെടുത്തപ്പോഴും കാര്‍ കുന്നില്‍ മുകളിലെ ഗസ്റ്റ് ഹൗസിനു മുന്നില്‍ എത്തിക്കഴിഞ്ഞിരുന്നു. വാകമരച്ചോട്ടില്‍ കുറച്ചു പേര്‍ ഒരുമിച്ചു കൂടിയിരുന്നു. കിഴവനായ ഗ്രൂപ്പ് ലീഡര്‍ കൈ പിടിച്ചു കുലുക്കി. പരുപരുത്ത കയ്യില്‍ ഞെരിഞ്ഞു പോയി അവളുടെ പാവം കൈത്തലം.

കട്ടിക്കണ്ണടയില്‍ നിന്നും അയാളുടെ കുഴിഞ്ഞ കണ്ണുകള്‍ എത്തി നോക്കി.

‘ ഈ മഞ്ഞില്‍ തന്നേപ്പോലൊരു സുന്ദരി കൂടെയുള്ളത് ഭാഗ്യം മഹാഭാഗ്യം ‘

തമാശ സ്വയം ആസ്വദിച്ച് അയാള്‍ ചിരിച്ചു. കോട്ടും സൂട്ടുമിട്ട ചെറുപ്പക്കാരനും കൂടെ ചിരിച്ചു. സിഗരറ്റ് പുകച്ചു കൊണ്ട് തന്നെ നിരീക്ഷിക്കുകയായിരുന്നു അയാളെന്ന് അവള്‍ അറിഞ്ഞില്ല. ദരിദ്രനായ അപ്പച്ചന്റെ ദരിദ്രയായ മകള്‍ ബട്ടണ്‍ പോയ സ്വറ്റെറിനുള്ളില്‍ ചൂളി നിന്നു.

സ്ഥലം തെറ്റിയോ ഡ്രൈവര്‍ക്ക് ? അപരിചിതരുടെ മുന്നില്‍ നിന്നും രക്ഷപ്പെടാന്‍ വെമ്പുകയായിരുന്നു മനസ്സപ്പോള്‍.

അനുവാദത്തിനു കാക്കാതെ കടലാസുകള്‍ തട്ടിപ്പറിക്കുകയായിരുന്നു ചെറുപ്പക്കാരന്‍. തിരക്കിട്ട് താളുകള്‍ മറിക്കുകയാണ് അയാള്‍. തിളങ്ങുന്നുണ്ട് വലിയ കണ്ണുകള്‍.

ചുവന്ന ടൈ യഥാസ്ഥാനത്താക്കി മൊബൈലില്‍ ആരോടോ സല്ലപിക്കുകയാണ്.

‘ കരാര്‍ ഉറപ്പിച്ചോളു ആയിരമോ പതിനായിരമോ വര്‍ഷം നിങ്ങള്‍ തീരുമാനിക്കുന്നു. ഞങ്ങള്‍ അനുസരിക്കുന്നു. നിങ്ങള്‍ ബട്ടണമര്‍ത്തുമ്പോള്‍ ചലിക്കുന്ന പാവകള്‍ ഞങ്ങള്‍’

അയാള്‍ പൊട്ടിച്ചിരിച്ചു. മലമടക്കുകള്‍ കൂടെ ചിരിച്ചു.

വാകമരക്കൊമ്പുകള്‍ അനങ്ങിയില്ല കിളികളൊന്നു പോലും ചിലക്കുന്നില്ല.

തനിച്ചായിരുന്നു ഇസബല്ല. ഡ്രൈവര്‍ പോയ്ക്കഴിഞ്ഞിരുന്നു.

‘ എനിക്കു പോണം …. ‘ പരിഭ്രമം ചിതറി വീണ് കരിയിലകള്‍ പറന്നു.

ഇതാരുടെ സ്വരം? സ്വന്തം ശബ്ദം പോലും അപരിചിതമായിരുന്നു ഇസബല്ലക്ക്.

കിഴവന്‍ ചോദ്യ രൂപത്തില്‍ അവളെ നോക്കി.

‘ എനിക്കു പോണം. വഴി തെറ്റി വന്നതാ നിങ്ങള്‍ ഉദ്ദേശിച്ച ആളല്ല ഞാന്‍’

‘ പേടിക്കേണ്ട ‘ പുകഞ്ഞു തീരാരായ കുറ്റി വലിച്ചെറിഞ്ഞ് മാര്‍ദ്ദവം പുരട്ടി പറയുകയാണ് ചെറുപ്പക്കാരന്‍.

‘ വഴി തെറ്റിയിട്ടില്ല കൂടെയുണ്ടായിരുന്നു ഞങ്ങള്‍. പിന്നാലെയുണ്ടയിരുന്നു എന്നും കൊയ്തു കഴിഞ്ഞ പാടങ്ങളില്‍, ഒറ്റപ്പെട്ട ഇടവഴികളില്‍, ഉറക്കം മൂടിയ ക്ലാസ്സ് മുറികളില്‍, ഡ്രസ്സിംഗ് റൂമുകളില്‍ .. ഇരുളടഞ്ഞ റെയില്‍വേഫ്ലാറ്റ് ഫോമില്‍ നിഗൂഢമായ ചുരം വഴികളില്‍ …’

അയാള്‍ പറഞ്ഞു കൊണ്ടേയിരുന്നു. ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല ഇസബല്ല.

കേള്‍ക്കാനവള്‍ക്ക് ശക്തിയുണ്ടായിരുന്നില്ല.

‘ ഇല്ല അറിയില്ല ഞാന്‍ നിങ്ങളെ’

കത്തുന്ന മെഴുകുതിരികള്‍ക്ക് മുന്നില്‍ അമ്മച്ചി പ്രാര്‍ത്ഥിക്കുന്നുണ്ട്. അപ്പച്ചന്‍ ഉമ്മറത്തിരിപ്പുണ്ട്. അവളുടെ വരവും കാത്ത്. പുതിയ പുതിയ സ്വപ്നങ്ങള്‍ കണ്ട് കൂട്ടുന്നുണ്ട് അനിയത്തി .അയലത്തെ വലിയ ടി വി സ്ക്രീനില്‍ നേതാക്കള്‍ തമ്മിലടിക്കുന്നുണ്ട് . ഡാം തകരുന്ന നാള്‍ വരെ നീളുമോ , പഠനവും ചര്‍ച്ചയുമെന്ന് പരിഭ്രാന്തരാവുന്നുണ്ട ജനം. നന്മ പുലരാന്‍ കാത്തിരിക്കുന്നുണ്ട് സന്മനസുള്ളവര്‍. അതിര്‍ത്തിക്കിരുപുറവും.

ഇസബല്ല ഓടുകയായിരുന്നു. തിരിഞ്ഞു നോക്കാതെ.

മരവിച്ച പീഠഭൂമികളിലൂടെ … ചതുപ്പുകളിലൂടെ.

വരണ്ടു കീറിയ തരിശു നിലങ്ങളിലൂടെ.

ഡാമുകളെക്കുറിച്ച് പിന്നീടും ലോകമെമ്പാടും പഠനങ്ങള്‍ നടന്നു. ജലമെത്തിയ ഇടങ്ങളില്‍ തോട്ടങ്ങള്‍ തഴച്ചു വളര്‍ന്നു. കാടുകള്‍ വിട്ട ചേരികളില്‍ കുടിയേറിയ കുട്ടികള്‍ ദാഹിച്ചു മരിച്ചു കൊണ്ടിരുന്നു. കഥകളും കവിതകളും പിറന്നു അവരേക്കുറിച്ച്. മുങ്ങി പോയ മണ്ണീനേയും മനസ്സിനേയും മറന്ന് ആളുകള്‍ പിന്നേയും വോട്ടു ചെയ്തുകൊണ്ടുമിരുന്നു.

അന്നൊരിക്കല്‍ താഴ്വാരത്തില്‍ കളിച്ചു നടന്ന കുട്ടികള്‍ക്ക് ഒരു അത്ഭുത വസ്തു കിട്ടി.

പൊടിയില്‍ മൂടി നിറം മങ്ങിയ ഒരു ദൂരദര്‍ശിനി……

———————————————————————–

സൂചന – മാര്‍ക്വിസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളിലെ മാക്കൊണ്ട നഗരം. മറവിയില്‍ മുങ്ങിയ നഗരം

മെല്‍ക്വിയാസ് എന്ന ജിപ്സി നല്‍കുന്ന രേഖകള്‍ അറിലിയാനോ വായിച്ചു തീരുമ്പോള്‍ പ്രളയം പട്ടണത്തെ മൂടുന്നു.

ബെന്നി ക്വിക് – സ്വന്തം സ്വത്തു വിറ്റു മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മിച്ച ഇംഗ്ലീഷ് എഞ്ചിനീയര്‍.

Generated from archived content: story3_mar20_12.html Author: sheela_tomy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here